Saturday, August 22, 2015

ഓണാഘോഷം
ആദരാഞ്ജലികൾ.
 അകാലത്തിൽ പൊലിഞ്ഞ തെസ്നിക്ക് 


ഒരു ഓണാഘോഷത്തിന്റെ രക്ത സാക്ഷിയാണ് തെസ്നി എന്ന  പാവം പെണ്‍ കുട്ടി. എൻജിനീയറിംഗ് വിദ്യാർത്ഥിനി. തിരുവനന്തപുരത്ത് പഠിക്കാനായി  നിലമ്പൂർ നിന്നും എത്തിയ കുട്ടി.  അമിതമായ ഓണാഘോഷം ആണ് ഈ ജീവൻ എടുത്തത്‌.

എന്തായിരുന്നു ഓണാഘോഷം? ഒരു ലോറി വാടകയ്ക്ക് എടുത്ത് അതിൽ നിറയെ കുട്ടികളെയും കയറ്റി കോളേജ് കാമ്പസിൽ കയറ്റി ചുറ്റിയടിക്കുക.  രണ്ടു ജീപ്പ്  നിറയെ ആളെ കയറ്റി മുന്നിൽ പായുന്നു.  ജീപ്പിൻറെ ബോണറ്റിൽ വരെ വിദ്യാർത്ഥികളെ കയറ്റി ഇരുത്തുന്നു. ഈ ഘോഷയാത്ര കാമ്പസ് കറങ്ങുന്നു. അതിലൊരു ജീപ്പ് ആണ് തെസ്നിയുടെ മരണത്തിനു കാരണമായത്‌. ഇതെന്തു ഓണാഘോഷം? അത്തപ്പൂ ഇട്ടു ഓണം ആഘോഷിക്കാറുണ്ട്. ഊഞ്ഞാൽ കാണും. കൈകൊട്ടിക്കളി തുടങ്ങിയ കളികൾ. പാട്ടുകൾ. പിന്നെ സദ്യ. ഇതൊക്കയാണ്   സാധാരണ ഓണാഘോഷം. ലോറിയിലും ജീപ്പിലും കുട്ടികളെ കുത്തി നിറച്ച് കോളേജ് കാമ്പസിൽ അമിത വേഗത്തിൽ ഓടിക്കുന്നത് എന്ത് ഓണാഘോഷം ആണ്?

കോളേജിൽ ഒരു പ്രിൻസിപ്പാൾ ഉണ്ട്. ഉണ്ട് എന്നാണു വയ്പ്പ്. ഇതൊന്നും അങ്ങേരു കണ്ടിട്ടില്ല. ഹോസ്റ്റൽ കാർക്ക് ഓണം ആഘോഷിക്കാൻ അനുവാദം നൽകിയത് ഈ   പ്രിൻസിപ്പാൾ ആണ്. ലോറി-ജീപ്പ് ഘോഷയാത്രയ്ക്ക് ആണോ അനുവാദം നൽകിയത്? ജീപ്പും ലോറിയും കാമ്പസിൽ കടന്നപ്പോൾ സെക്യുരിറ്റി തടഞ്ഞു എന്ന് പറയുന്നു. അയാൾ പ്രിൻസിപ്പാളിനെ ഈ വിവരം അറിയിച്ചു കാണുമല്ലോ.എന്നിട്ട് എന്ത് കൊണ്ട് ഈ   പ്രിൻസിപ്പാൾ നടപടി എടുത്തില്ല. പേടിച്ചിട്ടാണോ? വിവരം അറിഞ്ഞ ഉടൻ കുട്ടികളെ തടയുകയോ അത് കഴിഞ്ഞില്ലെങ്കിൽ നിയമം ലംഘിച്ചതിന് പോലീസിൽ അറിയിപ്പിക്കുകയോ    ചെയ്യാതിരുന്നത് എന്ത് കൊണ്ട്? അങ്ങിനെ ചെയ്തിരുന്നുവെങ്കിൽ ഈ അപകടം ഒഴിവാക്കാമായിരുന്നു. ആ പെണ്‍ കുട്ടിയുടെ ജീവൻ രക്ഷപ്പെടുത്താമായിരുന്നു. ഇക്കാര്യങ്ങളൊക്കെ വിശദീകരിക്കാൻ പ്രിൻസിപ്പാൾ ബാധ്യസ്ഥനാണ്.  കുട്ടികൾ ചെയ്തു എന്ന് പറഞ്ഞു രക്ഷപ്പെടാൻ അദ്ദേഹത്തിന് കഴിയില്ല.ഈ ജീപ്പുകൾ സ്ഥിരം കോളേജ് കാമ്പസിൽ കിടക്കുന്നവയാണ് എന്നാണ് കുട്ടികളൊക്കെ പറയുന്നത്. അത് ഇത് വരെ പ്രിൻസിപ്പാൾ അറിഞ്ഞില്ലേ? കോളേജ് ക്യാമ്പസിൽ കിടക്കുന്ന ജീപ്പിനെ കുറിച്ചോ അവിടെ നടക്കുന്ന കാര്യങ്ങളെ കുറിച്ചോ അറിയാത്ത ഇദ്ദേഹം എന്തൊരു പ്രിൻസിപ്പാൾ ആണ്? എന്തിനാണ് ആ പദവിയിൽ ഇരിക്കുന്നത്?

ഈ ജീപ്പ് പണ്ടും കേസിൽ പെട്ടിട്ടുണ്ട് എന്നാണു പറയുന്നത്. മൂന്നു മാസം ഒരു പോലീസ് സ്റ്റെഷനിൽ കിടക്കുകയും ചെയ്തു. പിന്നെ ഇതെങ്ങിനെ പുറത്തിറങ്ങി? ആരാണ് പുറത്തിറക്കിയത്? ഇതൊക്കെ അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്.
 ആഭ്യന്തര മന്ത്രി സ്ഥിരം പ്രസ്താവനയുമായി രംഗത്ത് വന്നു കഴിഞ്ഞു. മുഖം നോക്കാതെ നടപടി എടുക്കും എന്ന്. ശരിയാണ് എങ്ങിനെ തെസ്നിയുടെ നിർജീവമായ മുഖത്ത് നോക്കും? എങ്ങിനെ ആ കുട്ടിയുടെ മാതാ പിതാക്കളുടെയും ബന്ധുക്കളുടെയും മുഖത്ത് നോക്കാൻ കഴിയും ? പക്ഷെ ആ ജീപ്പ് ഒന്ന് നോക്കൂ.  

8 comments:

 1. ഈ വാര്‍ത്ത കേട്ട് വളരെ വിഷമമായിപ്പോയി..
  തെസ്നിക്ക് ആദരാഞ്ജലികള്‍.!!
  ബിപിൻ സര്‍ പറഞ്ഞതു ശരിയാണ്.
  ഞങ്ങളും കുറെ ഓണാഘോഷങ്ങള്‍ കണ്ടിട്ടുമുണ്ട്, ആഘോഷിച്ചിട്ടുമുണ്ട്. അവയൊന്നും ആര്‍ക്കും യാതൊരു അപകടങ്ങളും വരുത്താത്ത ലളിതമായ കളികൾ ആയിരുന്നു.
  ഓണാഘോഷം എന്നു പറഞ്ഞാല്‍ പൂക്കളമത്സരവും, ഉറിയടി, സുന്ദരിക്ക് പൊട്ടുകുത്തല്‍, തിരുവാതിരക്കളി, ഓണസദ്യ തുടങ്ങിയവയൊക്കെയല്ലേ...????

  ReplyDelete
  Replies
  1. അതൊക്കെ പഴഞ്ചൻ . ഇത് ന്യു ജൻ കാലമാണ് ദിവ്യ

   Delete
 2. എന്ത്‌ തരം ആഘോഷമാണിതെന്ന് അതിശയിക്കുന്നു.ഇതിനൊക്കെ കൂട്ടു നിൽക്കുന്ന അധികാരികളും എല്ലാം ചേർന്ന് ഈ തലമുറയുടെ ഭാവി നശിപ്പിക്കും.

  ReplyDelete
  Replies
  1. രാഷ്ട്രീയ ക്കാർക്ക് ചുടു ചോറ് വാരിക്കാനുള്ള ചട്ടുകങ്ങളെ വളർത്തിയെടുക്കുന്നു.

   Delete
 3. ആദരാഞ്ജലികള്‍

  ReplyDelete
  Replies
  1. നമുക്ക് ദുഖിയ്ക്കാം. അത്ര തന്നെ.

   Delete
 4. ഘോഷം
  ആഘോഷം
  ചത്താഘോഷം
  കൊന്നാഘോഷം.......
  നാളെ????????????????

  ReplyDelete