2017, ഓഗസ്റ്റ് 31, വ്യാഴാഴ്‌ച

സ്വാശ്രയ MBBS



ദേ MBBS പഠിക്കാൻ വന്നിരിക്കുന്ന ആൾക്കാരെ നോക്കൂ. കാൽക്കാശിന് വകയില്ലാത്തവർ.  

എന്തിനാണ് പണമില്ലാത്തവർ  പഠിക്കുന്നത്? അവർ  എന്തിനു ഡോക്ടർ ആകണം? അവർ  എന്തെങ്കിലും കൂലിപ്പണി എടുത്തു ജീവിക്കട്ടെ. അവരുടെ മാതാപിതാക്കൾ പാവങ്ങളായി പിറന്നു, പാവങ്ങളായി ജീവിച്ചു. പിന്നെ എന്തിനാണ്  അവരുടെ മക്കൾ മറ്റൊരു തലത്തിലേയ്ക്ക് ഉയരണം എന്ന് ആഗ്രഹിക്കുന്നത്? അത് അത്യാഗ്രഹമല്ലേ കുട്ടികളേ? മറ്റെന്തെല്ലാം തൊഴിലുകൾ നിങ്ങളെ കാത്തു നിൽക്കുന്നു? പൂട്ടിയിരുന്ന 300 ബാറുകളും തുറന്നു. അവിടൊക്കെ മദ്യം വിളമ്പാനും മറ്റും ആള് വേണം. അതിനു പ്ലസ് 2 കഴിഞ്ഞ പട്ടിണിപ്പാവങ്ങളായ  നിങ്ങളെയൊക്കെ ആണ് വേണ്ടത്. 

കാശുള്ളവർ ഡോക്ടർ ആകട്ടെ മക്കളേ. അവർക്ക അതൊരു  ഭൂഷണവും ആകും. തങ്ങളുടെ മക്കൾ ഡോക്ടർ എന്ന് പറയുന്നത് ആ പണക്കാർക്ക് ഒരു അഭിമാനമല്ലേ? ഒരു കോടീശ്വരന്റെ മകൻ ഹോട്ടൽ ജോലിക്കാരൻ എന്ന് പറയാൻ കഴിയുമോ? അവൻ ഡോക്ടർ എന്ന് പറയുന്നതല്ലേ ഒരു ഗമ.

  55 ലക്ഷം ഫീസ്. മറ്റൊരു 10 ലക്ഷം 5 വർഷത്തേയ്ക്ക്. 65 ലക്ഷം എവിടെ നിന്നും നിങ്ങൾ കൊടുക്കും? പി.ജി. ക്കു പിന്നെയും ഒന്നോ രണ്ടോ കോടി മുടക്കേണ്ടി വരും. ബാങ്ക് വായ്പ എടുത്താൽ എങ്ങിനെ തിരിച്ചടയ്ക്കും?പിന്നെ ജപ്തി വരും. അന്ന് നിങ്ങളും കുടുംബവും  വഴിയാധാരമാകും.  അത് കൊണ്ട് ഞങ്ങളുടെ ഈ തീരുമാനം നിങ്ങളുടെ നന്മയ്ക്കു വേണ്ടിയാണ് എന്ന് മനസിലാക്കുക, പണമില്ലാത്ത കുട്ടികളേ. ഡോക്ടർ ആവുക എന്നത് മറന്നു കളയൂ. ഇത് പാവപ്പെട്ടവർക്ക് വേണ്ടിയുള്ള സർക്കാരാണ്.

ഒരു മെഡിക്കൽ കോളേജ് ഉണ്ടാക്കുക എന്ന് പറഞ്ഞാൽ അനേകം കോടികൾ ആണ് വേണ്ടത്. അത് മുഴുവൻ രോഗികളിൽ നിന്നും മാത്രം പിരിച്ചെടുത്താൽ വർഷം കുറെ ആകും. വിദ്യാർത്ഥികളിൽ നിന്നും കൂടി ഫീസും കോഴയും ഒക്കെ ആകുമ്പോൾ നല്ല ലാഭം കിട്ടും. മെഡിക്കൽ കോളേജ് മുതലാളിമാർ എന്ന് പറയുന്നെങ്കിലും അവരും പാവങ്ങളാ. നാടിനു വേണ്ടി ആശുപത്രി ഉണ്ടാക്കിയ മഹാ മനസ്ക്കർ. അവരെയും നമ്മൾ നോക്കണ്ടേ കുട്ടികളേ. 


വിദ്യാഭ്യാസത്തിനു വേണ്ടി കൊതിക്കുന്ന  ഒരു തലമുറയെ എങ്ങിനെ  വഞ്ചിക്കാം എന്ന്,  അവരുടെ വിജ്ഞാന ദാഹത്തെ എങ്ങിനെ അടിച്ചമർത്താം എന്ന് പിണറായി സർക്കാർ ഒരിക്കൽ കൂടി കാണിച്ചു തന്നു. മെഡിക്കൽ വിദ്യാഭ്യാസം പാവപ്പെട്ടവന് എങ്ങിനെ  അപ്രാപ്യം ആക്കാം എന്ന് കൂടി അവർ കാണിച്ചു തന്നു.

മുകളിലെ ചിത്രത്തിൽ ഒന്ന് സൂക്ഷിച്ചു നോക്കൂ. ആ അമ്മയുടെ മുഖത്തെ ദൈന്യ ഭാവം. എവിടന്നോ ഒപ്പിച്ചെടുത്ത 5 ലക്ഷം രൂപയും കൊണ്ടായിരിക്കും മെഡിസിന് പഠിക്കാൻ  ഉള്ള ആഗ്രഹവുമായി ആ പാവങ്ങൾ വന്നത്. ഓരോ തവണയും ആ പടത്തിൽ നോക്കുമ്പോൾ ആ അമ്മയുടെ മുഖത്ത് നോക്കുമ്പോൾ കണ്ണ് നിറയുന്നു. ആരോഗ്യ മന്ത്രി ഒരു സ്ത്രീയല്ലേ? അവർക്ക് ഈ ചിത്രം കണ്ടിട്ട് ഒന്നും തോന്നുന്നില്ലേ?

3 അഭിപ്രായങ്ങൾ:

  1. എല്ലാം ശരിയായി സർ. നാട്ടിൽ ഇപ്പോൾ ഏത്തപ്പഴത്തിന് നല്ല വിലയാണ് എല്ലാം എസ്.എഫ്.ഐ കുട്ടിസകാക്കളുടെ വായിൽ തിരുകിയിരിക്കുകയാണ്.അഹങ്കാരം പിടിച്ച ഒരു ആരോഗ്യ മന്ത്രിയുടെ വിവരക്കേട് വേറെ ഒരു വശത്ത്.. അനുഭവിയ്ക്കുക തന്നെ

    മറുപടിഇല്ലാതാക്കൂ
  2. വിദ്യാഭ്യാസത്തിനു വേണ്ടി കൊതിക്കുന്ന ഒരു തലമുറയെ എങ്ങിനെ വഞ്ചിക്കാം എന്ന്, അവരുടെ വിജ്ഞാന ദാഹത്തെ എങ്ങിനെ അടിച്ചമർത്താം എന്ന് പിണറായി സർക്കാർ ഒരിക്കൽ കൂടി കാണിച്ചു തന്നു. മെഡിക്കൽ വിദ്യാഭ്യാസം പാവപ്പെട്ടവന് എങ്ങിനെ അപ്രാപ്യം ആക്കാം എന്ന് കൂടി അവർ കാണിച്ചു തന്നു.

    മറുപടിഇല്ലാതാക്കൂ