Tuesday, April 26, 2016

ചൂട്

നാട് വെന്തു ഉരുകുകയാണ്. പകൽ ചൂട് കേരളത്തിൽ  എല്ലായിടത്തും 40 ഡിഗ്രി ആയിക്കഴിഞ്ഞു.  സൂര്യഘാതത്തിൽ  മനുഷ്യർ മരിക്കുന്നു. കന്നുകാലികളും വളർത്തു മൃഗങ്ങളും മരിച്ചു വീഴുന്നു. നദികളും ജലാശയങ്ങളും വറ്റി വരണ്ടു. കിണറുകളും കുളങ്ങളും വറ്റി.  കുടിക്കാൻ വെള്ളമില്ല. കൃഷിവിളകൾ എല്ലാം കരിഞ്ഞു കഴിഞ്ഞു. ഇത്രയും രൂക്ഷമായ ഒരു വരൾച്ച ഇത് വരെ കണ്ടിട്ടില്ല. ഇത്രയും ചൂടും അനുഭവിച്ചിട്ടില്ല. ഓരോ വർഷവും ചൂട് കൂടിക്കൂടി വരുന്നു. അടുത്ത മഴ വരുന്നത് വരെ, ഒരു മാസം കൂടി, ഈ കടുത്ത ചൂടിൽ ഉരുകാൻ വിധിക്കപ്പെട്ടവരാണ് കേരള ജനത. അതിനിടയിൽ ചൂടിൽ, വെള്ളം കിട്ടാതെ മരിക്കുമോ എന്ന് അറിഞ്ഞു കൂടാ.

 വർഷ കാലത്ത് മാത്രമല്ല വർഷം മുഴുവനും നിറഞ്ഞൊഴുകുന്ന പുഴകൾ. പൊട്ടിച്ചിരിച്ചു പായുന്ന  അരുവികൾ, തോടുകൾ. നിറഞ്ഞ നീല  ജലാശയങ്ങൾ. പരിശുദ്ധമായ ജലം ലഭിക്കുന്ന വീട്ടു മുറ്റത്തെ ഉറവ വറ്റാത്ത കിണറുകൾ.

ഇതായിരുന്നു കേരളം. ജല സമൃദ്ധി നിറഞ്ഞ കേരളം. വരൾച്ച കണ്ടിട്ടില്ലാത്ത കേരളം. എന്നും എവിടെയും ധാരാളമായി ജലം.  കുടിക്കാനും കുളിക്കാനും കൃഷിയ്ക്കും ഇഷ്ട്ടം പോലെ വെള്ളം. 44 നദികൾ ആണ് കേരളത്തിൽ ഉള്ളത്. 
 സസ്യ ശ്യാമള കോമള ധരണി ആയിരുന്നു കേരളം. പച്ചപ്പട്ടു വിരിച്ച  വയലേലകൾ. തലയുയർത്തി നിൽക്കുന്ന കേര വൃക്ഷങ്ങൾ. നിബിഡമായ കാട്.

നല്ല കാലാവസ്ഥ.  കുംഭം മീന മാസങ്ങളിലെ ചൂട് പോലും അത്ര കടുത്തതല്ല. അതായിരുന്നു  1956 ൽ കേരളം പിറവി എടുക്കുമ്പോൾ ഉള്ള സ്ഥിതി.

ആ കേരളം എങ്ങിനെ ഈ  സ്ഥിതിയിൽ എത്തി?

കാടായ കാടെല്ലാം വെട്ടി നശിപ്പിച്ചു. വനം കയ്യേറി. മരങ്ങളെല്ലാം മുറിച്ചു കളഞ്ഞു . നെൽവയലുകൾ എല്ലാം നികത്തി. കുളങ്ങളും ജലാശയങ്ങളും നികത്തി. കായലുകൾ നികത്തി.   നദികളെല്ലാം മണലൂറ്റി നശിപ്പിച്ചു.  മഴ കുറഞ്ഞു. ഭൂമിയിൽ വീഴുന്ന മഴവെള്ളം കെട്ടിക്കിടക്കാതായി. മണ്ണിൽ താഴ്ന്നു പോകാതായി. ഭൂഗർഭ ജലത്തിൻറെ അളവ് കുറഞ്ഞു. അങ്ങിനെ ജല ക്ഷാമം രൂക്ഷമായി. ചൂട് അതി ഭയങ്കരമായി വർദ്ധിച്ചു.

ആരാണ് ഇതിനു ഉത്തരവാദികൾ? കേരള പ്പിറവി യ്ക്ക് ശേഷം കേരളം ഭരിച്ച സർക്കാരുകൾ ആണ് ഇതിനുത്തരവാദികൾ.  1957 മുതൽ കഴിഞ്ഞ 58 വർഷം കേരളം  ഭരിച്ചവർ.  കേരളം നശിപ്പിച്ചതിന് പൂർണ ഉത്തരവാദികൾ അവരാണ്. ഇടതു മുന്നണിയും കോൺഗ്രസ്സ് മുന്നണിയും. കമ്മ്യുണിസ്റ്റ് മുന്നണി 29 വർഷം കേരളം ഭരിച്ചു. കോൺഗ്രസ്സ് മുന്നണിയും 29 വർഷം കേരളം ഭരിച്ചു. അവരാണ് ഈ നാട് മുടിച്ചത്. അതിന് മാർക്സിസ്റ്റ് പാർട്ടിയും കോൺഗ്രസ്സ് പാർട്ടിയും തുല്യ ഉത്തരവാദികൾ ആണ്.

 മാർക്സിസ്റ്റ് പാർട്ടിയും കോൺഗ്രസ്സ് പാർട്ടിയും ഇത് തുടരും എന്ന് തന്നെയാണ്. തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു തൊട്ട് മുൻപ് ആയിരക്കണക്കിന് ഏക്കർ,മെത്രാൻ കായൽ ഉൾപ്പടെ  നെൽവയലും മറ്റും സ്വകാര്യ വ്യക്തികൾക്ക് പതിച്ചു കൊടുത്തത് ഉമ്മൻ ചാണ്ടി സർക്കാർ ആണല്ലോ. തീരുമാനങ്ങൾ പലതും പിൻ വലിച്ചത്  വിവാദം ആയതു കൊണ്ടാണെന്ന് ചാണ്ടി പറയുകയും ചെയ്തു. അതായത് തിരിച്ചു വന്നാൽ ആ ഭൂമിയൊക്കെ വീണ്ടും നശിപ്പിക്കും എന്ന്. അത് പോലെ തന്നെയാണ് മാർക്സിസ്റ്റ് കാരും. ആറന്മുള നിലം നികത്തി വിമാന ത്താവളത്തിന് തത്വത്തിൽ അനുമതി നൽകിയത് മാർക്സിസ്റ്റ് പാർട്ടി സർക്കാർ  ആണ്.

ഇത്രയും ഗുരുതരമായ ഒരു പ്രശ്നമായിട്ടും അത് ഒന്ന് ചർച്ച ചെയ്യാൻ ഇരു മുന്നണികളും തയ്യാറാവാത്തത് അവരുടെ ചെയ്തികളുടെ ഫലം ആണിതെന്ന് അവർക്ക് വ്യക്തമായി അറിയാവുന്നത് കൊണ്ടാണ്. 

ഇതൊക്കെയാണ് നമ്മൾ ചർച്ച ചെയ്യേണ്ടത്. ഇതൊക്കെയാണ് ഈ തെരഞ്ഞെടുപ്പിൽ പ്രതി ഫലിക്കേണ്ട കാര്യങ്ങൾ. 

10 comments:

 1. ദീപസ്തംഭ മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന തത്വമല്ലേ ഇവർക്ക്‌ വലുത്‌.ഒരു മല സ്വന്തമായി കൈയേറിയ നേതാവ്‌ തന്നെയുണ്ട്‌ ഇത്തവണ ഇലക്ഷനു നിൽക്കാൻ.ആരേയും കുറച്ച്‌ കാണാൻ പറ്റത്തില്ല.

  ReplyDelete
  Replies
  1. അതെ സുധീ എല്ലാം സ്വന്തം ആക്കുന്നു. ഒരു തുള്ളി വെള്ളം അതിനു പകരം വയ്ക്കാൻ ഈ സ്വത്തിനും പണത്തിനും ആകുമോ?

   Delete
 2. ചൂട് കഠിനമായ ചൂട്

  ReplyDelete
  Replies
  1. ഇനിയെങ്കിലും നമ്മൾ മനസ്സിലാക്കുമോ?

   Delete
 3. //ആരാണ് ഇതിനു ഉത്തരവാദികൾ? കേരള പ്പിറവി യ്ക്ക് ശേഷം കേരളം ഭരിച്ച സർക്കാരുകൾ ആണ് ഇതിനുത്തരവാദികൾ.//
  ഗവൺമെന്റ് അനേകം കാരണങ്ങളിൽ ഒന്ന് മാത്രമാണ്. വെള്ളം പാഴാക്കുന്നതിലും മരം മുറിക്കുന്നതിലും ജലാശയങ്ങൾ മലിനമാക്കുന്നതിലും വായ്പയെടുത്ത് മാളികകൾ പണിയുന്നതിലും യാതൊരു മടിയും കാണിക്കാത്ത നമ്മളോരോരുത്തരും തെറ്റുകാരാണ്.

  ReplyDelete
  Replies
  1. വിവേക പൂർവമായി ഭരിക്കാനാണ് ഗോവിന്ദാ നമ്മൾ തെരഞ്ഞെടുത്തു വിടുന്നത്. നിലം നികത്താനും തണ്ണീർ തടങ്ങൾ നികത്താനും അവർ കൂട്ട് നിയ്ക്കാമൊ? മെത്രാൻ കായൽ നികത്താൻ അനുമതി നൽകിയതിനു ജനങ്ങൾ എങ്ങിനെ ഉത്തരവാദികൾ ആകും? കുറേപ്പേർ മാത്രം. അതിനു കൂട്ട് നിൽക്കുന്നതോ ഭരണാധികാരികളും.

   Delete
 4. ഇടതും വലതും മാറി മാറി ഭരിച്ചിട്ടും ചൂടു കൂടിയെന്നു പറയുന്നതിൽ വലിയ കഴമ്പില്ല. ഇന്ത്യ മുഴുക്കെ ഈ ചൂടുണ്ട്. അവിടെയൊക്കെ എന്ത് ഇട തും വലതും. ഇവിടെ മാത്രമല്ല ലോകം മുഴുവൻ പ്രകൃതിക്ഷോഭമുണ്ട്. നമ്മുടെ ഭൂമിയ്ക്ക് വരാൻ പോകുന്ന ഏതോ മഹാവിപത്തിന്റെ മുന്നറിയിപ്പായി ഇതിനെ കാണാൻ കഴിയണം. അതിൽ നമ്മൾ ചെയ്തു കൂട്ടിയ ദുർകർമ്മങ്ങൾ വളരെ തുഛമാണ്.
  ലോകം മുഴുവൻ കുടി വെളളക്ഷാമത്തിന്റെ പിടിയിലാണ്. നമ്മുടെ ഇടത് വലത് സർക്കാരുകർക്ക് എന്തു ചെയ്യാനാകും....?

  ReplyDelete
  Replies
  1. 44 നദികളും, വേമ്പനാട്,അഷ്ട്ടമുടി,ശാസ്താംകോട്ട തുടങ്ങിയ ഡസൻ കണക്കിന് ജലാശയങ്ങളും ഉള്ള കേരളത്തെ മറ്റു സംസ്ഥാങ്ങങ്ങളും ആയിട്ടോ ഗൾഫ് ആഫ്രിക്കൻ രാജ്യങ്ങളു മായിട്ടൊ എങ്ങിനെ താരതമ്യപ്പെടുത്തും വി.കെ. ഇവിടെ ജലക്ഷാമം നമ്മൾ ഉണ്ടാക്കിയതാണ്.

   Delete
 5. ‘സസ്യ ശ്യാമള കോമള ധരണി ആയിരുന്നു കേരളം. പച്ചപ്പട്ടു വിരിച്ച വയലേലകൾ. തലയുയർത്തി നിൽക്കുന്ന കേര വൃക്ഷങ്ങൾ. നിബിഡമായ കാട്.‘
  ഇതെല്ലാം പണ്ടത്തെ കേരളം
  പപ്പാതികാലം നാടിനെ ഭരിച്ച് കാട് വെട്ടി എല്ലാം നശ്സിപ്പിച്ചില്ലെ ഭരണ കൂടങ്ങൾ...!

  ReplyDelete
 6. കാലംമാറി, ആധുനികാനന്തരകാലഘട്ടത്തില്‍ പ്രകൃതിയുടെ കോലവും മാറ്റി.
  നമ്മളാരേ ശപിക്കണം?!!
  ആശംസകള്‍ ബിപിന്‍ സാര്‍

  ReplyDelete