നാണമില്ലാത്തവന്റെ ആസനത്തില്‍ ആല് കുരുത്താല്‍ അതും ഒരു തണല്‍.
തിരുവനന്തപുരം നഗരം അക്ഷരാര്‍ത്ഥത്തില്‍ ചീഞ്ഞു നാറുകയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി നഗരസഭ മാലിന്യം ശേഖരിക്കല്‍ നിറുത്തി. നഗരത്തിന്റെ മാലിന്യ സംഭരണ ശാല ആയ വിളപ്പില്‍ ശാല ആ പ്രദേശത്തെ ജനങ്ങള്‍ അടച്ചു പൂട്ടി.മലിനമായ ജലവും കുടിച്ചു, പുഴുക്കള്‍ അരിക്കുന്ന ചുറ്റുപാടില്‍ ദുര്‍ഗന്ധവും ശ്വസിച്ചു വിളപ്പില്‍ ശാലക്കാര്‍ വര്‍ഷങ്ങള്‍ ആയി ജീവിക്കുന്നു. അതാണവര്‍ മറ്റു ഗത്യന്തരം ഇല്ലാതെ ഇങ്ങിനെ പ്രതികരിച്ചത്. നഗത്തിന്റെ മാലിന്യം ഗ്രാമങ്ങള്‍ ചുമക്കണം എന്നാണല്ലോ പുതിയ സാഹചര്യം.
മാലിന്യ സംസ്കരണം ഗൌരവം ആയി ഒരു ഭരണാധികാരികളും എടുത്തിട്ടില്ല എന്നതാണ് സത്യം. അപ്പപ്പോള്‍ തോന്നുന്ന, ദീര്‍ഖ വീക്ഷണം ഇല്ലാത്ത ചെപ്പിടി വിദ്യകള്‍ കൊണ്ടു പരിഹാരം കാണാന്‍ ആണവര്‍ എക്കാലവും ശ്രമിക്കുന്നത്. അന്യോന്യം പഴി ചാരി പ്രശ്നത്തില്‍ നിന്നും മാറി നില്‍ക്കും. പുതിയ ഹോട്ടലുകളും ഫ്ലാറ്റു സമുച്ചയങ്ങളും അന്ഗീകൃതവും അനധി കൃതവും ആയ അറവു ശാലകളും കൊണ്ടു നഗരം നിറയുകയാണ്. ഇവിടങ്ങളില്‍ എല്ലാം സ്വയം മാലിന്യ സംസ്കരണം നടത്തിയാല്‍ നഗരത്തില്‍ ഉണ്ടാവുന്ന മാലിന്യത്തിന്റെ 90 ശതമാനവും ഒഴിവാകും.
പക്ഷെ പണം കൊണ്ടും ബന്ധങ്ങള്‍ കൊണ്ടും പിടിപാടുള്ളവര്‍ ആണിവര്‍. അവര്‍ നിയമങ്ങള്‍ക്കു അതീതര്‍ ആണ്. അങ്ങിനെ സാധാരണക്കാര്‍ ജീര്‍ണിച്ച മാലിന്യത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെടുന്നു.
ജനങ്ങളും ഒരു പരിധി വരെ ഇത് അര്‍ഹിക്കുന്നില്ലേ? കഴിവും ആത്മാര്‍ഥതയും നോക്കി ആണോ നമ്മള്‍ ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നത്? അല്ല. രാഷ്ട്രീയവും ജാതിയും മാത്രമാണ് ജനങ്ങള്‍ നോക്കുന്നത്. അവിടെയാണ് തെറ്റ് പറ്റുന്നത്. എത്ര അനുഭവിച്ചാലും ജനങ്ങള്‍ പഠിക്കുകയും ഇല്ല. തെരഞ്ഞെടുപ്പു ആകുമ്പോള്‍ ഏതെങ്കിലും കൊടിയുടെ പുറകെ വാലും ആട്ടി പ്പോകും. അടുത്ത അഞ്ചു വര്ഷം അനുഭവിച്ചും കരഞ്ഞും വിധിയെ പഴിച്ചു കഴിഞ്ഞും കഴിച്ചു കൂടും.
മാറുവാന്‍ സമയം ആയി സുഹൃത്തുക്കളെ.