2013, ഫെബ്രുവരി 18, തിങ്കളാഴ്‌ച

ATTUKAL PONGALA

ആറ്റുകാല്‍ ക്ഷേത്രത്തിന്‍റെ ശ്രീകോവില്‍ മുഴുവന്‍ സ്വര്‍ണം പൂശാന്‍ പോകുന്നു. ഇനി ദേവിയെ തൊഴാന്‍ പോകുന്ന ഭക്തര്‍ക്ക്‌ സ്വര്‍ണ തകിടുകള്‍ പതിച്ച പുറം ചുമരുകള്‍ കണ്ടു ആത്മ നിര്‍വൃതി അടയാം. എന്താണ് ഈ സ്വര്‍ണം പൊതിയുന്നത് കൊണ്ടുള്ള പ്രയോജനം?

അമ്പലങ്ങളിലും പള്ളികളി ലും സ്വര്‍ണ കൊടിമരങ്ങളും വമ്പന്‍ മിനാരങ്ങളും പണിഞ്ഞ് ആര്‍ഭാടത്തിനായി ധാരാളം പണം പാഴാക്കി കളയുന്നത് ഇന്നത്തെ ഫാഷന്‍ ആയി മാറിയിരിക്കുന്നു. തങ്ങളുടെ മതം മുന്നില്‍ എത്തണം എന്ന മത്സര ബുദ്ധി വിശ്വാസികളുടെ മനസ്സില്‍ കുത്തി വച്ച് സ്വ സമുദായത്തില്‍ സ്വീകാര്യതയും ഉണ്ടാക്കുന്നു, മത നേതാക്കന്മാര്‍.

പൊങ്കാല സമയത്ത് ഏതാണ്ട് 35 ലക്ഷം സ്ത്രീകള്‍ ആറ്റുകാലില്‍ എത്തുന്നു. മറ്റു ദിവസങ്ങളിലും അനേകം പേര്‍ എത്തുന്നു. ദേവിയെ ദര്‍ശിക്കാന്‍ ആണവര്‍ വരുന്നത്. അല്ലാതെ സ്വര്‍ണത്തിന്‍റെ തിളക്കം കാണാനല്ല. 50 കിലോഗ്രാം സ്വര്‍ണം ആണ് ഇതിനു വേണ്ടി വരുന്നത്. ഇത്രയും സ്വര്‍ണം ഭിത്തികളില്‍ പതിച്ച് പാഴാക്കി കളയുന്നത് ഒട്ടും ശരി അല്ല. 15 കോടി രൂപ യില്‍ അധികം  ആകും ഇതിന്റെ വില. ഈ പണം ഏതെങ്കിലും ജീവ കാരുണ്യ പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കുക.

ക്ഷേത്രത്തിനു ചുറ്റും ഇനിയും നികത്താത്ത വയല്‍ ധാരാളം ഉണ്ട്.അത് വാങ്ങി നെല്‍കൃഷി ചെയ്യുക.ദൈവത്തിന്‍റെ  പേരില്‍ വിശക്കുന്നവന് ഒരു നേരം ആഹാരം കൊടുക്കാമല്ലോ.ഒരു ആശുപത്രി തുടങ്ങി അഗതികള്‍ക്ക് സൌജന്യ ചികിത്സയും മരുന്നും നല്‍കുക.അങ്ങിനെ പലതും.  ദേവി സംപ്രീത ആയിക്കൊള്ളും.ഭക്തരുടെ പണം ദൈവത്തിന്‍റെ പേരില്‍ അര്‍പ്പിക്കുന്നത്,സ്വര്‍ണം പൂശി ആര്‍ക്കും പ്രയോജനം ഇല്ലാതെ പാഴാക്കി കളയരുത്.ഒരു തരി പ്പൊന്നിനു  പോലും  ഗതി ഇല്ലാത്ത ലക്ഷക്കണക്കിന്‌ ഭക്തകള്‍ സ്വര്‍ണ ശ്രീകോവിലില്‍ നോക്കി, ദേവിയെ സാക്ഷി നിര്‍ത്തി,ക്ഷേത്ര ഭരണാധികാരികളെ,ഈ അഹങ്കാരത്തിന് നിങ്ങളെ ശപിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ