Tuesday, November 15, 2011

Chief Minister's Largesse

മുഖ്യ മന്ത്രിയുടെ ജന സമ്പര്‍ക്ക പരിപാടി വലിയ വിജയം ആവുകയാണ്. പെന്തക്കോസ്ത് സുവിശേഷകന്മാര്‍  നല്‍കുന്ന രോഗ ശാന്തിയും ശുശ്രൂഷയും ഏറ്റു വാങ്ങാന്‍ പതിനായിര ക്കണക്കിന് വിശ്വാസികള്‍ തടിച്ചു കൂടുന്ന കണ്‍വെന്ഷനുകള്‍ നടക്കുന്ന തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍  സ്ടെടിയം ആയിരുന്നു വേദി. ആ പരിപാടിയില്‍ 30000 പരാതികള്‍ സമര്‍പ്പിക്കപെടുകയും അതില്‍ 20000 ത്തില്‍ ഏറെ തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തു. ഊണും ഉറക്കവും ഉപേക്ഷിച്ച്‌ ഉച്ചക്ക് അല്‍പ്പം (പാല്‍) കഞ്ഞിമാത്രം കുടിച്ച്  ശ്രീമാന്‍  ഉമ്മന്‍ ചാണ്ടി നടത്തിയ 16 മണിക്കൂര്‍ നീണ്ട യന്ജത്തില്‍ ആണ് ഇത്രയും ജനങ്ങള്‍ക്ക്‌ ആശ്വാസം അരുളിയത് . 


ഇത്രയും പരാതികള്‍ എവിടന്നു വന്നു? ഒരു സുപ്രഭാതത്തില്‍ പൊട്ടി മുളച്ചു വന്നതല്ല. കാലാ കാലങ്ങളായി പരിഹാരമാകാതെ ഫയലുകള്‍ക്കുള്ളില്‍  കെട്ടിക്കിടന്ന അപേക്ഷകള്‍ ആണിതെല്ലാം. സര്‍ക്കാര്‍ ഓഫീസുകളുടെ പല പടി വാതിലുകളിലും പല തവണ മുട്ടിയിട്ടും ഫലം ഇല്ലാതെ ചുവപ്പ് നാടയില്‍ കുരുങ്ങി ക്കിടന്നവ. സമയാ സമയങ്ങളില്‍ ഉദ്യോഗസ്ഥര്‍ നടപടി എടുത്തിരുന്നുവെങ്കില്‍ പണ്ടേ പരിഹൃതം  ആകേണ്ടവ. നിഷേധിക്കപ്പെട്ട  അവകാശങ്ങള്‍ക്ക് വേണ്ടി ആണ് പാവം ജനങ്ങള്‍, വൃദ്ധരും, രോഗികളും, ഗര്‍ഭിണികളും, കൈകുഞ്ഞെന്തിയവരും, വടി ഊന്നിയും, വീല്‍ ചെയറിലും വിശന്നു വലഞ്ഞു പൊരി വെയിലില്‍ പകലന്തിയോളം ദയാ ദാക്ഷിന്ന്യതിനായി കാത്തു നില്‍ക്കേണ്ടി വന്നത്. 

പണ്ട് മഹാരാജാക്കന്മാര്‍ പട്ടും വളയും പണക്കിഴിയും  ഇഷ്ടപ്പെട്ടവര്‍ക്ക് ദാനം നല്‍കിയത് പോലെ അല്ല ഒരു ജനകീയ മുഖ്യമന്ത്രി ആശ്വാസം നല്‍കുന്നത്. നിയമാനുസൃതമായ കാര്യങ്ങള്‍ മാതമാണ് ചെയ്യുന്നത്. അപ്പോള്‍ ജനങ്ങള്‍ക്ക്‌ നിയമപരം ആയി അവകാശപ്പെട്ടത് ഇത്തരം പരിപാടികളില്‍ക്കൂടെ അല്ലാതെ നേരായ മാര്‍ഗത്തിലൂടെ ലഭ്യമാക്കാന്‍ മുഖ്യ മന്ത്രി നടപടി എടുക്കണം. ഇതിനു മറ്റൊരു തലം കൂടി ഉണ്ട്. ഇത്രയും അപേക്ഷകള്‍ ഉദോഗസ്ഥ തലത്തില്‍ തീരുമാനം ആകാതെ കിടന്നത് എന്ത് കൊണ്ടാണ്? അഴിമതി! ഇതിനെ നിര്‍മാര്‍ജനം ചെയ്യാനുള്ള ആര്‍ജവം മുഖ്യ മന്ത്രി കാണിക്കണം. മാത്രമല്ല. ഇത്തരം ജന സമ്പര്‍ക്ക പരിപാടികള്‍ അഴിമതിക്കാര്‍ക്ക് ഒരു പ്രോത്സാഹന വും ആകും. അതിനാല്‍ ഈ തീര്‍പ്പാക്കിയ  പരാതികളില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കുക ആണ് ആദ്യം വേണ്ടത്. 

ഒരു റേഷന്‍ കാര്‍ഡ് നോ , വില്ലേജ്  ഓഫീസില്‍ നിന്നൊരു സര്‍ ടിഫികറ്റ് നോ, മരുന്ന് വാങ്ങാന്‍ നൂറു രൂപക്കോ, വിധവ പെന്‍ഷന്‍ഓ വേണ്ടി മുഖ്യ മന്ത്രിയുടെ ജന സമ്പര്‍ക്ക പരിപാടി വരുന്നത് വരെ പാവം ജനങ്ങള്‍ കാത്തിരിക്കണം എന്ന ഒരു  അവസ്ഥ കേരളത്തില്‍ ഉണ്ടാകരുത്.

No comments:

Post a Comment