2012, ഡിസംബർ 28, വെള്ളിയാഴ്‌ച

Karunya Benevolent Fund- to Pvt. Hospitals

അധ്വാനിക്കാതെ പണം ഉണ്ടാക്കാനുള്ള മനുഷ്യന്റെ ആര്‍ത്തി മുതലെടുത്താണ് ലോട്ടറി ഉണ്ടായതും നില നില്‍ക്കുന്നതും.സമ്മാനത്തുക നല്‍കിയിട്ടും അവശേഷിക്കുന്ന കോടികള്‍ ഇതൊരു ലാഭകരം ആയ ബിസിനെസ്സ് ആക്കുകയും എളുപ്പ വഴിയില്‍ പണം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തന്നെ ലോട്ടറി തുടങ്ങുകയും ചെയ്തു.

കേരള സര്‍ക്കാര്‍ "കാരുണ്യ ലോട്ടറി" തുടങ്ങിയത് അതിന്റെ ലാഭം പാവപ്പെട്ട രോഗികള്‍ ക്ക് കാന്‍സര്‍,ഹൃദയo,കിഡ്നി,തുടങ്ങി മാരക രോഗങ്ങളുടെ  ചികിത്സക്ക് ഉപയോഗിക്കും എന്ന് പറഞ്ഞാണ്. ലോട്ടറി പരസ്യങ്ങളില്‍ മന്ത്രി തന്നെ നേരിട്ട് പ്രത്യക്ഷ പ്പെടുകയും ഈ പ്രഖ്യാപനം നടത്തുകയും ലോട്ടറി ടിക്കറ്റ് വാങ്ങാന്‍ ജനങ്ങളെ ആഹ്വാനം നടത്തുകയും ചെയ്യുന്നു. കുറെ കാരുണ്യ ലോട്ടറികള്‍ കഴിഞ്ഞു. എത്ര കോടികള്‍ ഇതില്‍ നിന്നും കിട്ടി എന്നോ ചികിത്സക്കായി എത്ര കോടികള്‍ ഉപയോഗിച്ചു  എന്നോ ഉള്ള കണക്കുകള്‍ ഇതേ വരെ പുറത്തു വിട്ടിട്ടില്ല.

ഇപ്പോള്‍ "കാരുണ്യ ചികിത്സാ പദ്ധതി" സ്വകാര്യ ആശുപത്രികളിലേക്കും വ്യാപിപ്പിചിരിക്കുകയാണ്. അര്‍ഹരായവര്‍ക്ക് അവിടത്തെ  ചികിത്സാ ചെലവ് സര്‍ക്കാര്‍ നല്‍കും എന്ന്. സ്വകാര്യ ആശുപത്രികള്‍ എല്ലാം ചികിത്സക്കായി അമിത തുകയാണ് ഈടാക്കുന്നത് എന്ന് എല്ലാവര്ക്കും അറിയാം. അത്തരം ചികിത്സക്കുള്ള പണം ആണ് 'കാരുണ്യ; നല്‍കുന്നത്  ഇവിടെ പാവപ്പെട്ട രോഗികള്‍ അല്ല സ്വകാര്യ ആശുപത്രികള്‍ ആണ് "കാരുണ്യ"യുടെ ഗുണ ഭോക്താക്കള്‍ ആകുന്നത്. രോഗികളെ അന്യാ യമായി  ചൂഷണം ചെയ്തു കാശുണ്ടാക്കുന്ന (നഴ് മാര്‍ക്ക് മാന്യമായ ശമ്പളം പോലും നല്‍കാത്ത ) സ്വകാര്യ ആശുപത്രികളോട് സര്‍ക്കാര്‍ കാണിക്കുന്ന കാരുണ്യം ആണിത്. 

സര്‍ക്കാരിന്‍റെ  മെഡിക്കല്‍ കോളേജ്, ജനറല്‍,ജില്ലാ,താലൂക്ക് ,ആശുപത്രികളും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും സൌകര്യങ്ങള്‍ ഒന്നും ഇല്ലാതെ പരിതാപകരം ആയ നിലയില്‍ ആണ്. സര്‍ക്കാരിന്‍റെ  കയ്യില്‍ പണം ഇല്ല എന്നതാണ് കാരണം ആയി പറയുന്നത്. ഈ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ജനങ്ങള്‍ക്ക്‌ ആവശ്യം ആയ ചികിത്സ കിട്ടുന്നില്ല അത് കൊണ്ടു മാത്രം ആണ് അവര്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നത്. അപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളുടെ ഈ സ്ഥിതി മാറ്റി ജനങ്ങള്‍ക്ക്‌ ആവശ്യമായ ചികിത്സ നല്‍കാന്‍ ഉള്ള സൗകര്യം ഒരുക്കാന്‍ അല്ലെ ഈ പണം ഉപയോഗിക്കേണ്ടത്? അല്ലാതെ സ്വകാര്യ 5 സ്റ്റാര്‍ ഹോസ്പിറ്റല്‍ കള്‍ക്ക് കൊള്ള  ലാഭം വര്‍ധിപ്പിക്കാന്‍  വേണ്ടിയല്ല.

സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാന്‍ ഈ പണം ഉപയോഗിക്കാത്തത് എന്താണ്? അവിടങ്ങളില്‍ സ്കാനിംഗ്,  ഡയാലിസിസ്, ലാബ്, ഫാര്‍മസി, ഓപറേഷന്‍ റൂം തുടങ്ങി എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. പൊതു മേഖലാ സ്ഥാപനമായ HLL ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനം ആണ്. എല്ലാ ഉപകരണങ്ങളും അടിസ്ഥാന  സൌകര്യങ്ങളും സജ്ജമാക്കാനും അത് നടത്തി ക്കൊണ്ടു പോകാനും HLL നെ ഏല്‍പ്പിക്കണം.  നടത്തിപ്പ് അവരെ ഏല്‍പ്പിചില്ലെങ്കില്‍ സര്‍ക്കാര്‍ ജോലിക്കാര്‍ അത് നശിപ്പിക്കും. അതിന്  ഉദാഹരണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ്  ആശുപത്രിയില്‍ കാണുന്നുണ്ടല്ലോ. ആശുപത്രി അധികാരികളുടെ മേല്‍ നോട്ടം മാത്രം മതി.   

അങ്ങിനെ കാരുണ്യ ലോട്ടറിയിലൂടെ പൊതു ഖജനാവില്‍ എത്തുന്ന പാവപ്പെട്ടവന്റെ പണം സ്വകാര്യ ആശുപത്രികള്‍ തടിച്ചു കൊഴുക്കാന്‍ ഉപയോഗിക്കാതെ സര്‍ക്കാര്‍ ആശുപത്രികളുടെ വികസനത്തിലൂടെ തിരികെ പാവപ്പെട്ടവന് സേവനം ആയി നല്‍കണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ