2013, ജൂലൈ 6, ശനിയാഴ്‌ച

President's Rule in Kerala


സരിത ഫോണ്‍ വിളിച്ച മന്ത്രിമാർ, എം.എൽ .എ.മാർ ,കെ. പി. സി. സി. പ്രസിഡന്റ്‌,മറ്റ് കോണ്‍ഗ്രസ് നേതാക്കൾ എന്നിവരുടെ പേര് വിവരം എങ്ങിനെ പുറത്തായി എന്നറിയാനാണ് ഉമ്മൻ ചാണ്ടിക്ക്  ധൃതി. അതിനാണ്  മുഖ്യ മന്ത്രി ഉടൻ അന്വേഷണം പ്രഖ്യാപിച്ചത്. അല്ലാതെ സോളാർ തട്ടിപ്പ് എങ്ങിനെ പുറത്തു കൊണ്ട് വരാം എന്നതല്ല മുഖ്യൻറെ പ്രശ്നം. ഫോണ്‍ വിളി കിട്ടിയവരും വിളിച്ചവരും ആയ എല്ലാവരും, തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പടെ, പറയുന്നത് ഫോണ്‍ ചെയ്യുന്നതിൽ എന്താണ് തെറ്റെന്നാണ്. ഉമ്മൻ ചാണ്ടിതുടക്കത്തിൽ പറഞ്ഞ അതെ വാദ ഗതി. അങ്ങിനെയെങ്കിൽ അവരുടെ പേര് വിവരം പുറത്തു വന്നാലെന്ത്?

എല്ലാം സുതാര്യം ആണെങ്കിൽ സരിതയും ആയി ബന്ധം ഉള്ളവരുടെ പേരും സുതാര്യം ആക്കിക്കൂടെ? 

ലോകം മുഴുവൻ ചാരവൃത്തി നടത്തി രഹസ്യം പിടിച്ചെടുത്ത അമേരിക്കയുടെ പ്രവൃത്തി പോലെ അത്ര ഗുരുതരമായ ഒന്നുമല്ലല്ലോ . ആ രഹസ്യം വരെ പുറത്തു വന്നിരിക്കുന്നു.അതു പുറത്താക്കിയ സ്നോടന് പോലും ഇക്വ ഡോറും ബോളീവിയ യും അഭയം നൽകാൻ തയ്യാറായിരിക്കുന്നു. അതിലും വലുതൊന്നും അല്ലല്ലോ ഈ സരിത ഫോണ്‍ വിളികൾ.

കേരളത്തിൽ പ്രശ്നം ആകെ ഗുരുതരം ആയിരിക്കുകയാണ്. ഭരണം തുടങ്ങിയ അന്ന് മുതൽ പ്രശ്നങ്ങൾ  ആണ്. ലീഗിന്റെ അഞ്ചാം മന്ത്രി വിവാദം,  ഗണേഷ് കുമാറിന്റെ കുടുംബ കലഹവും വിവാഹ മോചനവും, പി.സി.ജോർജിന്റെ ഗൌരി അമ്മയെയും മറ്റും ചീത്ത വിളിയും തുടങ്ങി കോണ്‍ഗ്രസ് മന്ത്രിമാരുടെയും എം.എൽ .എ.മാരുടേയും കെ. പി. സി. സി. പ്രസിഡണ്ടി ന്റെയും പേരുകൾ  ഉൾപ്പെട്ട സോളാർ തട്ടിപ്പ് വരെ എത്തി നിൽക്കുന്നു ഈ നാണക്കേട്‌. കഴിഞ്ഞ രണ്ടു വർഷം ആയി ഈ സർക്കാരിനു ഭരിക്കാൻ സമയം ഇല്ല. തമ്മിൽ തല്ലാനും തമ്മിലുള്ള വഴക്ക് പറഞ്ഞു തീർക്കാനും മാത്രമേ സമയം ഉള്ളൂ. ജനങ്ങൾക്ക്‌ ഉപകാരപ്രദമായ ഒന്നും ചെയ്യാതിരിക്കുകയാണ് ഈ രണ്ടു വർഷവും.

പക്ഷെ കുറെ ജന ദ്രോഹ കാര്യങ്ങൾ ചെയ്യാൻ ഇതിനിടയിലും സമയം കണ്ടെത്തിയി ട്ടുണ്ട് . ഗാട്ഗിൽ റിപ്പോർട്ട്‌ തള്ളിക്കളയുക,നെല്ലിയാമ്പതിയിൽ സർക്കാർ വന  ഭൂമി പണക്കാർക്ക് നൽകുക, നെൽവയൽ നികത്തി ആറന്മുളയിൽ വിമാന താവളം നിർമിക്കാൻ സ്വകാര്യ വ്യക്തിയുടെ കൂടെ ചേരുക  തുടങ്ങി യുള്ള കാര്യങ്ങൾ.

ഇനിയും ഇത്തരത്തിലുള്ള ഭരണം തുടർന്ന് പോകുന്നതിൽ അർത്ഥമില്ല .തമ്മിലടിക്കാനല്ലാതെ ഇവർക്ക്  ഭരിക്കാൻ  കഴിയില്ല. സ്വയം ഒഴിഞ്ഞു പോകാനുള്ള ആർജവം ആരും കാണിക്കുകയും ഇല്ല. ചക്കര ക്കുടത്തിൽ കയ്യിട്ടു കൊണ്ടിരിക്കുക രസകരം ആയ കാര്യം അല്ലെ? ഇടതു മുന്നണി ആണെങ്കിൽ ഒരു കെട്ടുറപ്പും ഐക്യവും ഇല്ലാതെ ഇരിക്കുകയാണ്.എം.എൽ. എ. യുടെ ബലാത്സംഗ വിവാദങ്ങൾ അവരെയും കുഴക്കിയിരിക്കുകയാണ്.

ഇതിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ഒരേ ഒരു മാർഗമേ ഉള്ളൂ. ഗവർണർ നിയമ സഭ പിരിച്ചു വിടുക. എന്നിട്ട് രാഷ്ട്രപതി ഭരണം   ഏർപ്പെടുത്തുക. അടുത്ത് തന്നെ പാർലമെന്റ് തിരഞ്ഞെടുപ്പ് വരികയാണല്ലോ. അതിനോടൊപ്പം നിയമ സഭാ തിരഞ്ഞെടുപ്പും നടത്താം.ഈ കള്ള നാണയങ്ങളെ ഒഴിവാക്കി പുതിയവരെ തെരഞ്ഞെടുക്കാമല്ലോ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ