Saturday, August 17, 2013

BJP

അഴിമതി ആരോപണ൦ നേരിടുന്ന ഒരു ഭരണാധികാരിയെ അധികാരത്തിൽ നിന്നും നിഷ്ക്കാസിതനാക്കാൻ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ നടന്ന ബഹുജന സമരമായ സെക്രട്ടറിയറ്റ് ഉപരോധ൦ ലക്ഷ്യം കാണുന്നതിനു മുൻപ് തിടുക്കത്തിൽ പിൻ  വലിച്ചത് ഇടതു മുന്നണിയെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്. കക്ഷി രാഷ്ട്രീയങ്ങൾക്കു അതീതമായി കേരളമാകെ വ്യാപിച്ച സമരം അവസാനിപ്പിച്ചതിനെ പ്പറ്റിയുള്ള ആരോപണ പ്രത്യാരോപണങ്ങൾ  തുടരുകയാണ്. തെരഞ്ഞെടുപ്പു പരാജയത്തെ തുടർന്ന് വന്ന പല സംഭവങ്ങളും മാർക്സിസ്റ്റ് പാർടിയെ ജനങ്ങളിൽ നിന്നും പൂർണമായി അകറ്റി.അതിനെ അതിജീവിക്കാൻ  കെട്ടിപ്പടുത്തു കൊണ്ടു വന്ന അഴിമതി വിരുദ്ധ സമരം ഇപ്പോൾ ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്തിരിക്കുന്നു.സമരം ഒരു ഒത്തു കളി ആയിരുന്നുവെന്നും അത്  ഒരു പരാജയം ആയിരുന്നു എന്നു  വരെ ആളുകൾ പറഞ്ഞു തുടങ്ങി.

 ഐക്യ മുന്നണി ആകട്ടെ ഇടതിന്റെ ഈ വീഴ്ച മുതലെടുക്കാൻ പറ്റാത്ത അവസ്ഥയിലും ആണ്. അവരുടെ സ്ഥിതി മുമ്പുള്ളതിനേക്കാൾ പരിതാപകരം ആണ്. മുഖ്യ മന്ത്രി സംശയത്തിൻറെ നിഴലിൽ ആണ്.അദ്ദേഹം പറയുന്നത് ആരും വിശ്വസിക്കുന്നില്ല. അദ്ദേഹത്തെ പ്രതിരോധിക്കാൻ TV ചാനലുകളിൽ വരുന്നവരുടെ മുഖത്തു വരെ  ആത്മവിശ്വാസം ഇല്ലായ്മ പ്രതിഫലിക്കുന്നു. കോണ്‍ഗ്രസ് പാർട്ടിക്കകത്ത്  ഗ്രൂപ്പ് വൈരവും തമ്മിലടിയും അഭംഗുരം തുടരുന്നു. അതിനിയും മൂർഛിക്കാനുള്ള  സാധ്യതകൾ ആണ് തെളിഞ്ഞു കാണുന്നത്. ഘടക കക്ഷികൾ ക്കാകട്ടെ കിട്ടുന്ന അവസരത്തിൽ കിട്ടുന്നിടത്തോളം വാരിക്കെട്ടാനുള്ള ആർത്തിയും. കോണ്‍ഗ്രസ്സിനു  അവരുമായുള്ള  അഭിപ്രായ വ്യത്യാസങ്ങളും വഴക്കും മറു വശത്ത്. ചീഫ് വിപ്പിനെ യൂത്ത്കോണ്‍ഗ്രസ് വഴിയിൽ തടയുന്ന ഘട്ടം വരെ കാര്യങ്ങൾ എത്തി. രണ്ടു മുന്നണികളിലും ജനങ്ങൾക്കുള്ള വിശ്വാസവും പ്രതീക്ഷയും പൂർണമായും നഷ്ടപ്പെട്ടു കഴിഞ്ഞു.

ഇവിടെയാണ്‌ ഭാരതീയ ജനതാ പാർട്ടിയുടെ പ്രസക്തി വർധിക്കുന്നത്. ഇടതോ വലതോ അല്ലാതെ മറ്റൊരു വഴി കാണാതെ ഉഴറുകയായിരുന്നു എന്നും കേരള ജനത.അതാണ്‌ ഓരോ അഞ്ച് വർഷം കൂടുമ്പോഴും ഓരോ മുന്നണികളും  മാറി മാറി കേരളം ഭരിച്ചത്. ഇന്ന് ജനങ്ങൾ അസംതൃപ്തർ  ആണ്. ഇരു മുന്നണികളേയും ജനം   ഒരു പോലെ വെറുക്കുന്നു. അവരുടെ  ഒത്തു കളികളിൽ നിരാശരായി ഒരു ബദലിനു വേണ്ടിയാണ് ജനം  നോക്കുന്നത്. എന്നും ഇടതിനെയും വലതിനെയും പിന്തുണച്ചിരുന്ന രണ്ട് പ്രബല സമുദായ സംഘടനകളും ഇന്ന് രണ്ടു കൂട്ടരെയും  തള്ളിപ്പറഞ്ഞിരിക്കുന്നു. അവരും ആഗ്രഹിക്കുന്നത് ഒരു മാറ്റം ആണ്. ജനങ്ങളുടെ ആഗ്രഹത്തിന് ഒത്ത് ഉയരാനുള്ള ബാധ്യത ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ  ഭാരതീയ ജനതാ പാർട്ടിക്കുണ്ട്. അതവരുടെ കടമയും ഉത്തരവാദിത്വവും ആണ്. 

തെരഞ്ഞെടുപ്പ് സർവേകളിലും അവലോകനങ്ങളിലും എല്ലാം തെളിയുന്നത് അടുത്ത പൊതു തെരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ ഭാരതീയ ജനതാ പാർട്ടി അധികാരത്തിൽ വരും എന്നാണ്. ആ ഭരണത്തിൽ കേരളത്തിന്‌ ഇനിയെങ്കിലും പ്രാതിനിധ്യം വേണ്ടേ? അതിന് അനുയോജ്യമായ സമയം ഇതാണ്.

No comments:

Post a Comment