Wednesday, August 14, 2013

ഹരിത രാഷ്ട്രീയം

അടുത്ത കാലത്ത് മലയാളത്തിൽ ഉരുത്തിരിഞ്ഞു വന്ന ഒരു പ്രയോഗം ആണ് ഹരിത രാഷ്ട്രീയം.അങ്ങിനെ ഹരിത എം.എൽ.എ.മാരും  ഉണ്ടായി. എന്താണിതിനു അർത്ഥം? ഹരിത ലോകത്തിനു വേണ്ടി പോരാടുന്നവർ എന്നാണോ? അതോ പരിസ്ഥിതി വാദികൾ എന്നാണോ അതോ പ്രകൃതി സ്നേഹികൾ ആയ രാഷ്ട്രീയക്കാർ എന്നാണോ?

ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ കൂടെ നിൽക്കുമ്പോൾ സ്വതന്ത്രമായി ചിന്തിക്കാനോ അഥവാ ചിന്തിച്ചാൽ ത്തന്നെ അത് പരസ്യമായി പ്രകടിപ്പിക്കാനോ ഒരാൾക്കും കഴിയില്ല എന്നതാണ് സത്യം.ആ പാർട്ടിയുടെ ഔദാര്യത്തിൽ ഏതെങ്കിലും പദവി ലഭിച്ചിട്ടുണ്ട് എങ്കിൽ അവർക്ക് വാ തുറക്കാനേ കഴിയില്ല. കാരണം നിയന്ത്രണം അവർക്ക് മേൽ കൂടുതൽ ശക്തമായിരിക്കും. കൂടംകുളം ഉൾപ്പടെയുള്ള ആണവ നിലയങ്ങൾ മനുഷ്യ രാശിക്കും ഭാവി തലമുറക്കും ദോഷകരം ആണെന്നും പ്രപഞ്ചത്തിനു തന്നെ നാശം ആണെന്നും അറിയാമെങ്കിലും ഏതെങ്കിലും ഒരു കോണ്‍ഗ്രസ്സ് നേതാവിനോ, പാർട്ടി എം.എൽ.എ. ക്കോ എം.പി. ക്കോ എതിരഭിപ്രായം പറയാൻ കഴിയുമോ? ഇല്ല. കാരണം  ഭാരതമാകെ ആണവ നിലയങ്ങൾ സ്ഥാപിക്കാൻ  കോടികൾ കമ്മീഷൻ വാങ്ങി കരാർ എടുത്തു കഴിഞ്ഞു അവരുടെ കോണ്‍ഗ്രസ്സ് പാർട്ടി.

പാർട്ടിയെ  നിയന്ത്രിക്കുന്ന ഒരാളോ (കോണ്‍ഗ്രസ്സ് പാർട്ടി) കുറെ ആളുകളോ പാർട്ടി യുടെയും അതു വഴി അവരുടെയും നില നിൽപ്പിനു വേണ്ടി എടുക്കുന്ന നിലപാടിനൊപ്പം പോകാൻ കൂടെ നില്ക്കുന്നവരെല്ലാം തയ്യാറായിരിക്കുന്നു. അതിനു എതിര് നിൽക്കുന്നവരുടെ   സ്ഥാനം പടിക്ക് പുറത്തായിരിക്കും. അട്ടപ്പാടിയിലെ ശിശു മരണങ്ങളുടെ കാരണം കൊടുക്കുന്ന സമ്പുഷ്ടമായ ഭക്ഷണം അവർ കഴിക്കാത്തത് കൊണ്ടാണെന്ന് മുഖ്യ മന്ത്രി പറഞ്ഞപ്പോൾ ഒരു പടി കൂടെ കടന്ന് അവർ മദ്യപിക്കുന്നത് കൊണ്ടാണിത് സംഭവിക്കുന്നത്‌ എന്ന് ഒരു മന്ത്രി പറഞ്ഞില്ലേ ? ഇതാണ് യജമാന സ്‌നേഹം. പാർടി സ്നേഹം.

ഗാട്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ ഈ ഹരിതക്കാർ എല്ലാം തള്ളിപ്പറഞ്ഞില്ലേ? കാരണം മണലൂറ്റ്കാരുടെയും,  വനം കൊള്ളക്കാരുടെയും,  ഭൂ മാഫിയയുടെയും മരണ മണി ആയിരിക്കും ഈ റിപ്പോർട്ട്‌ നടപ്പാക്കിയാൽ മുഴങ്ങുന്നത്. രാഷ്ട്രീയ ക്കാരുടെ വരുമാന സ്രോതസ്സായിരിക്കും അടയുന്നത്.       

ഇതിനെല്ലാം  അതീതമായി ഓരോ വ്യക്തിക്കും സ്വന്തം താൽപ്പര്യം സംരക്ഷിക്കേണ്ടി യും വരുന്നു. അവരുടെ നില നില്പ്പും രാഷ്ട്രീയ ഭാവിയും എല്ലാം പല ഘടകങ്ങളെ  ആശ്രയിച്ചാണിരിക്കുന്നത്. ആ ഘടകങ്ങൾ തങ്ങൾക്കു ഏറ്റവും അനുയോജ്യമാക്കാൻ അവർ പരിശ്രമിക്കുമ്പോൾ ജനങ്ങളുടെയും നാടിന്റെയും പല പല താൽപ്പര്യങ്ങൾ ആയിരിക്കും ക്രൂശിക്കപ്പെടുന്നത്‌... അപ്പോൾ പരിസ്ഥിതിക്ക് വിനാശ കരമായ പലതിനെയും ന്യായീകരിക്കേണ്ടി വരും, അവയെ അനുകൂലിക്കേണ്ടിയും വരും.

പരിസ്ഥിതി സംരക്ഷണത്തിന് ഇറങ്ങുന്ന രാഷ്ട്രീയക്കാരെ ഈ കാഴ്ച്ചപ്പാടിലൂടെ വേണം കാണാൻ. പാർട്ടിയുടെ നിലപാടുകൾക്കെതിരല്ലാത്ത, തന്റെ നില നിൽപ്പിനു പരുക്ക് പറ്റാതെ ഉള്ള നിലപാടുകൾ ആയിരിക്കും ഇക്കൂട്ടർ   എടുക്കുന്നത്. നെല്ലിയാമ്പതിയിൽ ഒരു കൂട്ടരെ ഒതുക്കേണ്ടത്‌ പാർട്ടിയുടെ ആവശ്യമായിരുന്നു. അതിനാൽ പാർട്ടി അവർക്ക് സ്വാതന്ത്ര്യം കൊടുത്തു. പരിസ്ഥിതി വാദം അങ്ങിനെ പാർട്ടിക്ക് സഹായമായി. ആറന്മുള വിമാനത്താവള ത്തിൽ പാർട്ടിക്ക് വ്യക്തമായ നയവും താൽപ്പര്യവും ഉണ്ടായിരുന്നു. പാർട്ടി പരിസ്ഥിതി വാദക്കാരുടെ വിഭിന്ന സ്വരത്തിന് പുല്ലു വില കൊടുത്ത് പാർടിയുടെ താല്പ്പര്യം സംരക്ഷിച്ച് സർക്കാർ അതിൽ 10 ശതമാനം ഓഹരി എടുത്തത് നമ്മൾ കണ്ടല്ലോ.

രാഷ്ട്രീയക്കാരല്ലാത്ത പരിസ്ഥിതി വാദികൾക്ക്  മാത്രമേ നാടിനെ രക്ഷിക്കാനാകൂ. കാരണം അവർക്ക് വേറെ താൽപ്പര്യങ്ങൾ ഇല്ല. ആരുടേയും മുന്നില് പഞ്ച പുച്ഛം അടക്കി നിൽക്ക ണ്ട. അവരുടെ മുന്നിൽ നാടും നാട്ടാരും അവരുടെ നന്മയും ഭാവിയും മാത്രം. അവർക്ക് പ്രശസ്തി വേണ്ട. ടെഹ്‌രി അണക്കെട്ടിനെതിരെയും വന നശീകരണത്തിന് എതിരെയും  പൊരുതിയ സുന്ദർലാൽ  ബഹുഗുണ, നർമദയെ രക്ഷിക്കാൻ ഇറങ്ങി തിരിച്ച മേധാ പട്കർ,ആറന്മുള വിമാനത്താവളതിനെതിരെ പൊരുതുന്ന കുമ്മനം രാജശേഖരൻ, പരിസ്ഥിതി സംരക്ഷണത്തിൽ നിറ സാന്നിധ്യമായ സി.ആർ. നീലകണ്ഠൻ,  ഇവരൊക്കെ പ്രശസ്തിക്കു വേണ്ടിയാണോ സ്വന്തം ജീവിതം ഉഴിഞ്ഞു  വച്ച് പ്രവർത്തിക്കുന്നത്? ഇതു  കൂടാതെ സൈലന്റ് വാലിക്കും, എൻഡോ സൾഫാനും, പെരിയാർ മലിനീകരണത്തിനും അങ്ങിനെ അനേകം പരിസ്ഥിതി നശീകരണ പ്രവർത്തികൾക്ക് എതിരെ പട പൊരുതിയ അറിയപ്പെടാത്ത അനേകായിരങ്ങൾ. ഇവരൊക്കെയാണ് ഈ നാടിനെ രക്ഷിക്കുന്നത്. പണത്തിനും പ്രശസ്തിക്കും വേണ്ടി അല്ല. ജനങ്ങളോടും ഭാവി തലമുറയോടും ഉള്ള തങ്ങളുടെ കടമ നിറവേറ്റാൻ വേണ്ടിയാണ് അവർ പട പൊരുതുന്നത്. 

No comments:

Post a Comment