2013, ഓഗസ്റ്റ് 6, ചൊവ്വാഴ്ച

Kalyan Jewellers

എന്തൊരു ബഹളം ആയിരുന്നു? മലയാളത്തിലെ ചാനൽ ആയ ചാനൽ ഒക്കെ ഒരു മഹാ സംഭവം പോലെ വീണ്ടും വീണ്ടും കാണിച്ചു. ഷൂട്ടിങ്ങിന്റെ  വീഡിയോ ക്ലിപ്പിംഗ് സഹിതം. പത്രങ്ങളും പ്രധാന വാർത്തയായി പല ദിവസം കൊടുത്തു.12 വർഷത്തിനു ശേഷം മഞ്ജു വാരിയർ അഭിനയിക്കുന്നു. മഞ്ജു  വാരിയരുടെ തിരിച്ചു വരവ്.കൂടെ മറ്റാരുമല്ല സാക്ഷാൽ അമിതാഭ് ബച്ചൻ. ഏത് സിനിമ? മലയാളി അന്തം വിട്ടു.  അപ്പോഴാണ്‌ അറിയുന്നത് സിനിമ അല്ല. ഒരു പരസ്യ ചിത്രം. ഒരു സ്വർണക്കടയുടെ പരസ്യം!

പരസ്യം TV യിൽ വന്നു തുടങ്ങിയപ്പോഴല്ലേ  കാര്യം മനസ്സിലായത്‌.. . സത്യം പറഞ്ഞാൽ  ഒരു കൂതറ പരസ്യ ചിത്രം. ആരാണ് ഇതിന്റെ concept എന്ന് അത്ഭുത പ്പെടും. യാതൊരു സെൻസും ഇല്ലാത്ത യാരോ ഒരാൾ . ഒരു പെണ്ണ് (നമ്മുടെ മഞ്ജു) കാമുകനും ഒത്ത് ഒളിച്ചോടുന്നു.തന്തപ്പടിക്ക് ഒട്ടും ഇഷ്ടമായില്ല.  അയാൾ (അമിതാഭ് ബച്ചൻ) മോളെ മൈൻഡ് ചെയ്യാതെ പിണങ്ങിക്കഴിയുന്നു. ഇടയ്ക്കിടെ പഴയ കാര്യങ്ങൾ അച്ഛനും മകളും ഫ്ലാഷ് ബാക്കിൽ ഓർക്കുന്നു. മകൾക്ക് പ്രസവ വേദന. ഭർത്താവ് സ്ഥലത്തില്ല.അച്ഛൻ വരുന്നു. ആശുപത്രിയിൽ  കൊണ്ടു പോകുന്നു. മോള് പ്രസവിക്കുന്നു. കുഞ്ഞു ജനിച്ച സന്തോഷത്തിൽ  അച്ഛൻ മകളും  മരുമകനുമായി  ഒത്തു തീർപ്പ് ആകുന്നു. ജനാർദ്ദനൻ  സിനിമയിൽ പറയുന്നത് പോലെ എല്ലാം "കൊമ്പ്ലിമെൻറ്" ആയി. സംവിധായകൻ സ്വർണ ക്കടക്കാരനോടും എല്ലാം കൂടെ ചേർത്ത് വാങ്ങി കൊമ്പ്ലിമെൻറ് ആകുന്നു. 

സ്വർണ ക്കടയുമായി എന്ത് ബന്ധം ആണ് ഈ പരസ്യത്തിനുള്ളതെന്നു മനസ്സിലാകുന്നില്ല. അങ്ങിനെ പറഞ്ഞാൽ സ്വർണക്കടക്ക് എന്നല്ല ഒന്നിനും പറ്റാത്ത ഒരു പരസ്യം. അവസാനം ഒരു ചോദ്യവും. വിശ്വാസം അതല്ലേ എല്ലാം എന്ന്. പയ്യൻ അടിച്ചോണ്ടു പോയിട്ട് തിരിച്ചു കൊണ്ടു വന്ന് വിശ്വാസം കാത്തു എന്നോ? അതോ അവൻ ഒരു കുഞ്ഞിനെ ജനിപ്പിച്ചു വിശ്വാസം കാത്തു എന്നോ? അതോ ഇതൊക്കെ ഒരു വിശ്വാസം അല്ലേ അല്ലാതെന്താ എന്നോ?

സ്വർണക്കടക്കാരന് ഒരു വിശ്വാസം ഉണ്ടായിരുന്നു സംവിധായകനിൽ. വിശ്വാസം അതല്ലേ  എല്ലാം.

അമിതാഭ് ബച്ചനും   മഞ്ജു  വാരിയർക്കുമായി കോടികൾ അനവധി ചിലവായിക്കാണും. ഷൂട്ടിനു  വീണ്ടും  കോടികൾ. ഇതെല്ലാം സ്വർണം വാങ്ങാൻ  പോകുന്ന പാവം ജനങ്ങൾ  അല്ലെ കൊടുക്കേണ്ടത്. അല്ലെങ്കിൽ ത്തന്നെ 25 ശതമാനം പണി ക്കൂലി ആയും പണിക്കുറവായും "price tag" ൽ അടിച്ച് നമ്മുടെ കൈയ്യിൽ നിന്നും വാങ്ങുന്നുണ്ടല്ലോ. അതായത് 1 ലക്ഷം രൂപക്ക് സ്വർണം വാങ്ങുമ്പോൾ 75,000 രൂപയുടെ സ്വർണം മാത്രമേ കിട്ടുന്നുള്ളൂ. ബാക്കി അവരുടെ ലാഭം ആണ്.  ഇനി ഈ കോടികൾ കൂടി വരുമ്പോൾ നമുക്ക് സ്വർണം കുറച്ചു കൂടി കുറയും. വിശ്വാസം അതല്ലേ  എല്ലാം.

ഈ പരസ്യം കൊണ്ട് ഒരു ഗുണം ഉണ്ടായി. counterproductive. ഇങ്ങിനെ പെണ്‍ കുട്ടികൾ പ്രേമിച്ചു ഇറങ്ങിപ്പോയാൽ ഒരു തരി സ്വർണത്തിന്റെ ചെലവ് പോലും മാതാ പിതാക്കൾക്ക് ഉണ്ടാവുകയില്ല എന്ന സന്ദേശം. കല്ല്യാണത്തിന്  എന്തിനാണ് സ്വർണം  എന്ന മറ്റൊരു  നല്ല സന്ദേശവും കൂടി. 

വിവാഹത്തിന് സ്വർണം  അണിയണം എന്ന ഒരു അന്ധവിശ്വാസം അതല്ലേ എല്ലാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ