2014, ജനുവരി 24, വെള്ളിയാഴ്‌ച

കേരള ബഡ്ജറ്റ് -2014

പന്ത്രണ്ടാം തവണയാണ് കെ.എം.മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നത്‌ എന്നൊക്കെ യു.ഡി.എഫ്നും കേരള കോണ്‍ ഗ്രസ്സിനും പൊങ്ങച്ചം പറയാം എന്നല്ലാതെ സാധാരണക്കാരനോ സംസ്ഥാനത്തിൻറെ വളർച്ചക്കോ ഒന്നും ചെയ്യാത്ത ഒരു ബഡ്ജറ്റ് ആണ് മുൻ കാലങ്ങളിൽ എന്ന പോലെ ഇത്തവണത്തെ ബഡ്ജറ്റും. കുറെ നികുതി ഏർപ്പെടുത്തിയും വർദ്ധിപ്പിച്ചും മുന്നോട്ടു പോവുകയും പാഴ് ചെലവ് കൊണ്ട് എല്ലാ വർഷവും ധന കമ്മി വരുത്തി പോവുക എന്നതാണ് ബഡ്ജറ്റ് എന്നാണിവരുടെ ധാരണ. അതി രൂക്ഷമായിരിക്കുന്ന വിലക്കയറ്റം വീണ്ടും വർദ്ധിപ്പിക്കുന്ന ഒരു ബഡ്ജറ്റ് ആണ്  ഇതും. നേരിട്ട് നികുതി വർദ്ധിപ്പിക്കാതെ പരോക്ഷ വർദ്ധനയിലൂടെയാണ്  ഈ ബഡ്ജറ്റ് ജന ജീവിതം ദുസ്സഹമാക്കിയിരിക്കുന്നത്. വാഹന നികുതി വൻ തോതിൽ വർദ്ധിപ്പിച്ചത് ഓട്ടോ-റ്റാക്സി നിരക്കുകളിൽ വർദ്ധന ഉണ്ടാക്കും. അത് പോലെ ബസ്സുകളിൽ വരുത്തിയ നികുതി വർദ്ധന അന്യ സംസ്ഥാനത്ത് ജോലി ചെയ്യുന്ന ആയിരക്കണക്കിന് ആളുകളെ ദോഷകരമായി ബാധിക്കും. കെട്ടിട നികുതി വർദ്ധനയും ജനങ്ങളെ ദോഷകരമായി ബാധിക്കും. തുണിക്കടകൾക്ക് ഏർപ്പെടുത്തിയ വിറ്റു വരവ് നികുതി തുണിത്തരങ്ങൾക്ക് വില ക്കൂടുതൽ ഉണ്ടാക്കും. ഭക്ഷ്യ എണ്ണകൾക്കുള്ള നികുതി വില വർദ്ധനവിന് കാരണമാകും. വില വർദ്ധന പിടിച്ചു നിർത്താനായി വിപണിയിൽ ഇടപെടുന്നതിന് നാമ മാത്രമായ തുകയാണ് ഇത്തവണ വകയിരുത്തിയത്. ഇത് വിപണി വില വൻതോതിൽ വർദ്ധിക്കാൻ ഇടയാക്കും.

കാർഷിക ഉൽപ്പാദനം വർദ്ധിക്കാതെ വിലക്കയറ്റം തടയാൻ ആകില്ലെന്നുള്ള പ്രാഥമിക പാഠം പോലും മാണി ഉൾക്കൊണ്ടില്ല. കുട്ടനാട് പാക്കേജ്, വയനാട്പാക്കേജ് എന്നൊക്കെ കുറെ നാളായി നാം കേൾക്കുന്നു. അതൊന്നും നടപ്പാക്കാൻ ഇതേ വരെ ആർക്കും താൽപ്പര്യമില്ല. കഴിഞ്ഞ ബഡ്ജറ്റിൽ  കാർഷിക മേഖലയിലെ പദ്ധതികൾക്ക് വകയിരുത്തിയ തുകയുടെ ഒരു ശതമാനം പോലും ഇന്നേ വരെ ചിലഴിച്ചിട്ടില്ല  എന്ന സത്യം വെളിപ്പെടുത്തുന്നത് എല്ലാ വർഷവും കാട്ടിക്കൂട്ടുന്ന ഒരു പ്രഹസനം മാത്രമാണീ ബഡ്ജറ്റ് എന്നുള്ളതാണ്. പാരമ്പര്യ വ്യവസായങ്ങൾക്കോ കേരളത്തിന്‌ അനുയോജ്യമായ ചെറുകിട വ്യവസായങ്ങൾക്കോ ,പൊതു മേഖല വ്യവസായ സ്ഥാപനങ്ങൾക്കോ   ആവശ്യമായ  സഹായം നൽകി ഉൽപ്പാദനം വർദ്ധിപ്പിക്കാനുള്ള ഒരു ശ്രമവും ഈ ബഡ്ജറ്റിൽ ഇല്ല എന്നത് സ്വകാര്യ വ്യവസായികളുടെ താൽപ്പര്യം സംരക്ഷിക്കാൻ അല്ല എന്നെങ്ങിനെ പറയും.   സംസ്ഥാനത്തിന്റെ പൊതു കടം സർക്കാരിന്റെ കണക്കു കൂട്ടൽ അനുസരിച്ച് 1,14,121 കോടി രൂപയാണ്. ദിശാബോധം ഇല്ലാത്ത ഒരു സർക്കാരിന്റെ ജനങ്ങൾക്ക്‌ വേണ്ടിയല്ലാത്ത, സ്വകാര്യ ലോബിയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന മറ്റൊരു ബഡ്ജറ്റ്.

4 അഭിപ്രായങ്ങൾ: