2014 ഏപ്രിൽ 8, ചൊവ്വാഴ്ച

കൈരളി പീപ്പിൾ "ദൃശ്യ തെളിവ്"

"മല പോലെ വന്നത് എലി പോലെ പോയി" എന്ന് പറഞ്ഞാൽ അത് ആ പഴഞ്ചൊല്ലിന് അപമാനം ആണ്. എലി പോലെയല്ല "കൃമി" പോലെയാണ് കൈരളി പീപ്പിൾ ചാനലിൻറെ ലോകത്തെ ഞെട്ടിക്കുന്ന "എക്സ്ക്ലൂസീവ്" വാർത്ത വന്നത്. കള്ളക്കടത്തുകാരൻ ഫയാസിന്റെ ഉന്നത തല രാഷ്ട്രീയ ബന്ധം വെളിപ്പെടുത്തുന്ന "ദൃശ്യ തെളിവുകൾ"  പുറത്തു വിടുന്നു എന്ന് പറഞ്ഞ് ജനങ്ങളെയാകെ കൈരളി പീപ്പിൾ വിഡ്ഢികളാക്കിയത്. ഒരു മണിക്കൂറിലേറെ നീണ്ടു നിന്ന ചർച്ചകൾക്കൊടുവിൽ അതാ വരുന്നു "ദൃശ്യ തെളിവുകൾ".   ഫയാസ് രമേശ്‌ ചെന്നിത്തലയുമായി നിൽക്കുന്ന ഒരു ഫോട്ടോ! കഴിഞ്ഞു. ഒരു തീപ്പൊരി പോലും ഉണ്ടാക്കാത്ത നനഞ്ഞ ഓല പടക്കം.

സാധാരണ എന്തെങ്കിലും സംഭവിച്ചതിനു ശേഷം ആണ് അതിനെ പറ്റി ചർച്ച ചെയ്യുന്നത്. ഇത് തല തിരിച്ച് തുടങ്ങി. ആദ്യം ചർച്ച. എന്തിനെ പറ്റി?   വരാൻ പോകുന്ന ഒരു സംഭവത്തെ കുറിച്ച്. എങ്ങിനെയുണ്ട് ചാനലിന്റെ ബുദ്ധി? എന്താണ് വരാൻ പോകുന്നത് എന്ന് ചർച്ചയിൽ പങ്കെടുക്കുന്ന ആർക്കും അറിഞ്ഞു കൂടാ. എന്നിട്ടും 1 മണിക്കൂർ നീണ്ട ചർച്ച. ചാനൽ ചർച്ചകളുടെ അർത്ഥം ഇപ്പോൾ ജനങ്ങൾക്ക്‌ കൂടുതൽ വ്യക്തമായി കാണുമല്ലോ. സെബാസ്റ്റ്യൻ പോൾ, ഭാസുരേന്ദ്ര ബാബു തുടങ്ങിയവർ  കണ്ണും അടച്ച് ചർച്ചയിൽ പങ്കെടുത്തത് മനസ്സിലാക്കാം. അവർ ചാനലിന്റെ പാർട്ടിക്കാരാണ്.  പാർട്ടി പറഞ്ഞാൽ ഒരു മണിക്കൂർ അല്ല 2 മണിക്കൂർ ആയാലും വന്നിരുന്നേ പറ്റൂ. പക്ഷേ ഇല്ലാത്ത ഒരു കാര്യത്തെ പറ്റി ചർച്ച ചെയ്യാൻ കോണ്‍ഗ്രസ് പാർട്ടിക്കാരൻ ആയ ശരശ്ചന്ദ്ര പ്രസാദ് എന്തിന് വന്നൂ എന്നുള്ളതാണ് മനസ്സിലാകാത്തത്.  വന്നതിനു ശേഷമാണ് ചാനലിന്റെ കളി മനസ്സിലായത്‌ എങ്കിൽ "എക്സ്ക്ലൂസീവ്  സാധനം" കാണിച്ചതിന് ശേഷം ചർച്ച ആകാം എന്ന് പറഞ്ഞ് എണീറ്റ്‌ പോവുക ആയിരുന്നു വേണ്ടത്. കോണ്‍ഗ്രസ്സ് പാർട്ടി അദ്ദേഹത്തെ പറ്റിക്കുക ആയിരിക്കും  ചെയ്തത്. പിന്നെ ചാനലുകളിൽ എങ്ങും ഒരു ചാൻസും കിട്ടാതെ നടക്കുന്ന അദ്ദേഹം കിട്ടിയ അവസരം ഒന്ന് "ഷൈൻ" ചെയ്യാം എന്ന് വിചാരിച്ചും കാണും. 

അഭിപ്രായം പറയാൻ ചിലരെ "ടെലിഫോണ്‍  ലൈനിൽ" കിട്ടുകയും ചെയ്തു. ഇതിനു തയ്യാറായി നിന്ന മാർക്സിസ്റ്റ് കാർ. ഇന്നലെ വരെ അങ്ങോട്ടും ഇങ്ങോട്ടും തെറി വിളിച്ച, ഇന്ന് പാർട്ടിക്ക്  "ആദരണീയനായ", പുത്തൻ കൂറ് കാണിക്കാൻ ബാധ്യസ്ഥനായ,  ബെർലിൻ കുഞ്ഞനന്തൻ നായർ.  പിന്നീട് കാര്യങ്ങൾ എല്ലാം അറിയുന്ന സാക്ഷാൽ കോടിയേരി. കുറെയേറെ പറഞ്ഞിട്ടും  ഉദ്ദേശിച്ച  കാര്യത്തിലേക്ക് എത്താത്തതിനാൽ അവതാരകൻ ചോദിക്കേണ്ടി വന്നു. "ചെന്നിത്തല രാജി വയ്ക്കണം അല്ലേ?"  കോടിയേരി സമ്മതിച്ചു.

പാർട്ടി ചാനൽ ആയാലും പാർട്ടിക്ക് വേണ്ടി ആയാലും വാർത്തകളും "എക്സ്ക്ലൂസീവ് കളും "  അവതരിപ്പിക്കുന്നതിന് ഒരു രീതി ഉണ്ട്. അവതരണം ഇഫക്റ്റീവ് ആകാൻ മാർഗങ്ങൾ ഉണ്ട്. ഇവിടെ അവതാരകൻ അതിൽ ദയനീയമായി പരാജയപ്പെട്ടു. അവതാരാകന്റെ "ഓവർ എന്തൂസിയാസം" ആണ് കുഴപ്പം ചെയ്തത്.    ചാനലും  പാർട്ടിയും ജനങ്ങളുടെ മുന്നിൽ അപഹാസ്യമാവുകയാണ് ചെയ്തത്. ഇത്രയും വിളംബരങ്ങളും അവകാശ വാദങ്ങളും നടത്താതെ, ചർച്ചയും ഒഴിവാക്കി, ആ ഫോട്ടോയും ഗൾഫുകാരൻറെ അഭിമുഖവും മാത്രം കാണിച്ചു വിട്ടിരുന്നുവെങ്കിൽ ഇതിൽ കൂടുതൽ ആഘാതം ഉണ്ടാക്കാൻ കഴിഞ്ഞേനെ. ഇതിൻറെ ദുരൂഹതകളും, അർത്ഥ വ്യാപ്തിയും മറ്റെല്ലാ കാര്യങ്ങളും ജനങ്ങൾ സ്വയം ചിന്തിച്ച് ചെന്നിത്തലയെ അവർ ന്യായമായും സംശയിച്ചേനെ. 

ശശി തരൂർ

" ഞാനൊരു മാന്യനാണെന്ന് നിങ്ങൾ എല്ലാവരോടും പറയണം".  ഒരു സ്ഥാനാർഥി കുറെ പെന്തക്കോസ്ത് സഭാ പാസ്റ്റർമാരൊട് പറയുകയാണ്‌."സുനന്ദയുടെ മരണത്തിൽ ഞാൻ നിരപരാധിയാണെന്ന് നിങ്ങളുടെ യോഗത്തിൽ പറയണം".

തിരുവനന്തപുരത്ത് തൻറെ താമസ സ്ഥലത്ത് വിളിച്ചു ചേർത്ത പാസ്റ്റർമാരുടെ യോഗത്തിൽ ശശി തരൂർ പറഞ്ഞ കാര്യങ്ങൾ ആണിവ.

അത് കഴിഞ്ഞ് ഭക്ഷണവും കൊടുത്താണ് അവരെ വിട്ടത്.

പലർക്കും പണവും കൊടുത്തു എന്ന് അതിൽ പങ്കെടുത്ത ഒരു പാസ്റ്റർ പറഞ്ഞു.

റിപ്പോർട്ടർ ചാനൽ പുറത്തു വിട്ട വീഡിയോ യിൽ ഇതെല്ലാം വിശദമായി കാണിക്കുന്നുണ്ട്.

ശശി തരൂർ പരാജയ ഭീതിയാൽ എത്ര മാത്രം താഴ്ന്നു എന്ന് തെളിയിക്കുന്നതാണീ വീഡിയോ ദൃശ്യങ്ങൾ. 

2014 ഏപ്രിൽ 6, ഞായറാഴ്‌ച

റോഡപകടം

അതിദാരുണമായ മറ്റൊരു റോഡപകടം കൂടി. 5 പേരാണ് മരിച്ചത്.അമിത വേഗത യാണ് അപകട കാരണം. അമിത വേഗതയിൽ വന്ന ബസ് ഇടിച്ച്  കാർ പൂർണമായും തകരുകയായിരുന്നു. ബാംഗ്ലൂർ- കൊല്ലം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്, കല്ലട ട്രാവൽസ്, ആയിരുന്നു ബസ്. അമിത വേഗത എന്ന് പറഞ്ഞാൽ 140 കിലോമീറ്റർ. കൂടിയ വേഗത  മണിക്കൂറിൽ 65 കിലോമീറ്റർ എന്ന് സർക്കാർ നിശ്ചയിച്ച റോഡിൽ ആണ് ഇതെന്നോർക്കണം. നിയന്ത്രണ രേഖയുടെ ഇരട്ടിയിലും അധികം വേഗത. ഇതൊരു പുതുമയൊന്നും അല്ല. അന്തർ സംസ്ഥാന റൂട്ടുകളിൽ ഓടുന്ന എല്ലാ ബസുകളും ഇങ്ങിനെ വേഗത പരിതി ലംഘിച്ചാണ് എപ്പോഴും ഇപ്പോഴും  ഓടുന്നത്. ഇത് നിയന്ത്രിക്കേണ്ട ഉദ്യോഗസ്ഥരാകട്ടെ  ഇത് കണ്ടില്ല എന്ന് നടിക്കുന്നു. 

എല്ലായ്പ്പോഴും എന്ന പോലെ ഈ അപകടത്തിനു ശേഷവും  സ്ഥിരം പല്ലവിയുമായി മോട്ടോർ വാഹന വകുപ്പ് വന്നു. ഈ ബസുകൾ അന്യ സംസ്ഥാനങ്ങളിൽ രെജിസ്ട്രേഷൻ എടുത്തവ ആണെന്നും അതിനാൽ കേരളത്തിലെ സ്പീഡ് ഗവർണർ നിയമം ബാധകം അല്ലെന്നും, ഇവിടെ ഒന്നും ചെയ്യാൻ കഴിയില്ല എന്നും പറഞ്ഞു. ശരി, സമ്മതിച്ചു. പക്ഷെ ഇവിടത്തെ റോഡുകളിൽ വേഗത പരിധി നിശ്ചയിച്ചു കൊണ്ടുള്ള  സർക്കാർ നിയമം ഇല്ലേ? സ്പീഡ് ഗവർണർ ഉണ്ടെങ്കിലും ഇല്ലെങ്കിലും വേഗത പരിധി നിയമം അനുസരിക്കാൻ ഇതിലെ ഓടുന്ന വാഹനങ്ങൾ ബാധ്യസ്ഥരല്ലെ? അത് ലംഘിക്കുന്നവരെ ശിക്ഷിക്കണ്ടേ? അടുത്ത കാലത്തായി  നാഷണൽ  ഹൈവെകളിലും സ്റേറ്റ് ഹൈവെകളിലും  വാഹനങ്ങളുടെ അമിത വേഗത കണ്ടെത്താൻ  ഇടയ്ക്കിടെ  റോഡരുകിൽ പലയിടത്തും റഡാർ/ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. വലിയ ആഘോഷത്തോടെ മുഖ്യ മന്ത്രി തന്നെയാണ് ഉത്ഘാടനം നടത്തിയതും. നിശ്ചിത വേഗത്തിനപ്പുറം പോകുന്ന വാഹനങ്ങളുടെ നമ്പർ ക്യാമറയിൽ പതിയുകയും അവർക്ക് ഫൈൻ അടിക്കുകയും ചെയ്യും. ഇങ്ങിനെ ക്യാമറ സ്ഥാപിച്ച റോഡുകളിലൂടെയാണ്‌ 140 കിലോമീറ്റർ വേഗത്തിൽ അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ ഓടുന്നത്. അധികാരികൾ ആരും ഇത്  കാണുന്നില്ലേ? 

ഇടയ്ക്കിടെ വാർത്ത കാണാമല്ലോ, മോട്ടോർ വാഹന വകുപ്പ് ലക്ഷക്കണക്കിന്‌ രൂപ ഫൈൻ ആയി പിരിച്ചെടുത്തു എന്ന്. ഫൈൻ പിരിച്ചെടുത്താൽ  എല്ലാം ആയോ? നഷ്ട്ടപ്പെടുന്ന ജീവനുകൾക്ക് പകരം വയ്ക്കാൻ ഈ ഫൈൻ മതിയോ? ഫൈൻ അടച്ചാൽ നഷ്ട്ടപ്പെട്ട ജീവനുകൾ തിരിച്ചു കിട്ടുമോ? അമിത വേഗത നിരുൽസ്സാഹപ്പെടുത്താനും നിയന്ത്രിക്കാനും വേണ്ടി മാത്രമാണ്  ഫൈൻ ഏർപ്പെടുത്തുന്നത്.(deterrent). അല്ലാതെ സർക്കാരിന് വരുമാനം വർധിപ്പിക്കാനല്ല എന്ന് ടാർഗറ്റ്‌ തികയ്ക്കാൻ ഓടുന്ന ഉദ്യോഗസ്ഥർ മനസ്സിലാക്കണം. ഫൈൻ കൊണ്ടും അമിത വേഗത നിയന്ത്രിക്കാൻ കഴിയുന്നില്ല എങ്കിൽ ലൈസൻസ് റദ്ദാക്കൽ, അറസ്റ്റ് തുടങ്ങിയവ   നിയമത്തിൽ ഉൾപ്പെടുത്തി സ്ഥിരം നിയമ ലംഘകർക്കെതിരെ  കർശനമായി നടപടികൾ കൈക്കൊള്ളണം. അങ്ങിനെ ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല എങ്കിൽ ബഹുമാനപ്പെട്ട  ഹൈക്കോടതി മാത്രമാണ്  ഇനി അവർക്കാശ്രയം.

2014 ഏപ്രിൽ 5, ശനിയാഴ്‌ച

മറിമായം

ക്ലാസ് ഫോട്ടോയിൽ നോക്കി അത്ഭുത പര തന്ത്രനായി നിൽക്കുകയാണ് രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മകൻ. അവന് ഒട്ടും വിശ്വസിക്കാൻ കഴിയുന്നില്ല. മൂന്നാം ക്ലാസ്സിലെ അവൻറെ ചേച്ചിയും അവളുടെ ക്ലാസ്സ് ഫോട്ടോയിലും ഇതേ അത്ഭുതം സംഭവിച്ചത് നോക്കി നിന്ന് ആലോചിക്കുകയാണ്. വർഷാവസാനം പരീക്ഷക്ക് മുൻപ് ഓരോ ക്ലാസിലും എല്ലാ കുട്ടികളെയും ഒന്നിച്ചു നിർത്തി ഗ്രൂപ്പ് ഫോട്ടോ എടുക്കാറുണ്ട്. അങ്ങിനെ ഫോട്ടോ എടുത്തപ്പോൾ ക്ലാസ് ടീച്ചർ മാത്രമേ അവരോടൊപ്പം ഉണ്ടായിരുന്നുള്ളൂ  എന്ന് രണ്ടു മക്കളും തീർത്തു പറയുന്നു. "നിങ്ങൾ ശ്രദ്ധിക്കാഞ്ഞതായിരിക്കും" .  " അല്ല"  അവർ ഒരേ സ്വരത്തിൽ പറഞ്ഞു. " ഒന്നു കൂടി ഓർത്തു നോക്കൂ" . "ഇല്ലാ  ഇല്ലാ ഇല്ലാ." അവർ അത്രയ്ക്ക് തീർച്ചയാണ്.

ഫോട്ടോയിലേക്ക്‌ നോക്കി. അതാ ഇരിക്കുന്നു മുൻ നിരയിൽ  ഒത്ത നടുക്ക് കസേരയിൽ സുസ്മേര വദനയായി  പ്രിൻസിപ്പാൾ മാഡം. ക്ലാസ് ടീച്ചർക്ക് അടുത്തായി. ഫോട്ടോ എടുക്കുമ്പോൾ ക്ലാസ് ടീച്ചർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് കുട്ടികൾ പറയുന്നു. പക്ഷേ  ഇപ്പോൾ ഫോട്ടോ കയ്യിൽ കിട്ടിയപ്പോൾ  പ്രിൻസിപ്പാളും അതിലുണ്ട്. എന്ത്  മറിമായം! " പ്രിൻസിപ്പാൾ ആ വഴി വന്നതേ ഇല്ലാ?"  ഉറപ്പാക്കാൻ ഒന്ന് കൂടി ചോദിച്ചു.  " ഇല്ലാാ ". അവർ പറയുന്നത് വിശ്വസിക്കുന്നില്ല  എന്നുള്ളതിന്റെ  ചെറിയ  ഈർഷ്യ  പ്രകടിപ്പിച്ചു അവർ പറഞ്ഞു.   " ഒന്നോർത്തു നോക്കൂ" മോൾ അൽപ്പം   ആലോചിച്ചു.  "ടീച്ചറുടെ  അടുത്തായി ഒരു കസേര ഇട്ടിരുന്നു. അതിൽ ആരെയും ഇരിക്കാൻ സമ്മതിച്ചില്ല" മോള് പറഞ്ഞു. ചില സംശയങ്ങൾ.

ഫോട്ടോ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി. പ്രിൻസിപ്പാൾ മാഡത്തിന്റെ ഇരിപ്പിൽ എന്തോ പന്തി കേടു തോന്നുന്നു.ഇരിപ്പ് അത്ര ശരിയല്ല. മൂല ക്കുരുവിന്റെ അസ്ക്കിത ഉള്ളവർ ഇരിക്കും പോലെ. കസേരയിൽ ഉറച്ചിരിക്കുന്നില്ല.   "യൂറേക്കാാ" ..... ഉറക്കെ  വിളിച്ചു.  "ഫോട്ടോഷോപ്പ്." ഫോട്ടോഗ്രാഫറുടെ കളി  ആണ് മാഡത്തിനെ അവിടെ കൊണ്ടിരുത്തിയത്.  എല്ലാ ക്ലാസിലും  ഫോട്ടോക്ക് പ്രിൻസിപ്പാളിന് പോകാൻ വയ്യാത്തത് കൊണ്ട് കണ്ടു പിടിച്ച എളുപ്പ വിദ്യ. മുൻ നിരയിൽ നടുക്ക് ഒരു കസേര കൊണ്ടിടും. ഫോട്ടോയിൽ ആളില്ലാ കസേര. ഫോട്ടോ എടുത്തു കഴിഞ്ഞ് നേരത്തെ എടുത്തു വച്ച,   ഇരിക്കുന്ന പ്രിൻസിപ്പാളിന്റെ   ഒരു  ഫോട്ടോ   വെട്ടി ഈ കസേരയിൽ കൊണ്ടിരുത്തും. സംഭവം ക്ലീൻ. കുട്ടികളോടൊപ്പം സന്തോഷ വതിയായി ഇരിക്കുന്ന പ്രിൻസിപ്പാൾ.  അൽപ്പം ചരിഞ്ഞാണെങ്കിലും. 

മക്കളോടെന്തു പറയും?

"ശബരി ഗിരി" വാസന് ശരണം.

സൂര്യനെല്ലി

സൂര്യനെല്ലി കേസിൽ ന്യായമായ ഒരു കോടതി വിധി വന്നിരിക്കുന്നു.നീണ്ട 18 വർഷങ്ങൾക്കു ശേഷം. പ്രണയം സത്യമാണെന്ന് വിശ്വസിച്ച് കാമുകനോടൊപ്പം പോയ പാവം പെണ്‍കുട്ടിയെ ആണ് കശ്മലന്മാർ ബലാൽസംഗം ചെയ്യുകയും മറ്റുള്ള ഖലന്മാർക്കു കാഴ്ച വക്കുകയും ചെയ്തത്.

2005 ൽ വന്ന ഹൈ ക്കോടതി വിധി ആയിരുന്നു അതിലേറെ ക്രൂരം.  പണത്തിനു വേണ്ടിയായിരുന്നു ആ പെണ്‍കുട്ടി പോയതെന്നും, വേണമെങ്കിൽ രക്ഷപ്പെടാമായിരുന്നിട്ടും രക്ഷപ്പെടാൻ ആ കുട്ടി ശ്രമിച്ചില്ല എന്നും ആ വിധിയിൽ പറഞ്ഞിരുന്നു. ആ വിധിക്കെതിരെ സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. അങ്ങിനെ വന്ന വിധിയാണ് പെണ്‍  കുട്ടിക്ക് ആശ്വാസം  (ക്ഷമിക്കണം. അങ്ങിനെ ഒന്ന് ആ പാവം പെണ്‍കുട്ടിക്ക് ഒരിക്കലും ഉണ്ടാവുകയില്ലല്ലോ) ആയത്. 1996 ൽ നടന്ന സംഭവം. പെണ്‍കുട്ടിക്ക് എതിരെ  ജഡ്ജി നടത്തിയ മോശം പരാമർശങ്ങൾ എല്ലാം എടുത്തു കളഞ്ഞു.

2005 ൽ  വിധി പറഞ്ഞ ജഡ്ജി ബസന്ത് ഒരു പടി കൂടി മുന്നോട്ടു പോയി. സുപ്രീം കോടതിയെ വരെ ആക്ഷേപിച്ചു. സുപ്രീം കോടതി ഞെട്ടിയെന്നു പറയുന്നത് വെറുതെ ആണ് കാരണം ആ വിധി അവർ വായിച്ചു കാണില്ല. ഈ പാവം പെണ്‍കുട്ടിയെ 'ബാല വേശ്യ' എന്ന് വരെ ബസന്ത് അധിക്ഷേപിച്ചു. ബസന്തിന്റെ ഒരു സംഭാഷണം ക്യാമറയിൽ പകർത്തിയതാണ് ഇതെല്ലാം പുറത്ത് കൊണ്ട് വന്നത്. പ്രധാന പ്രതി ധർമ രാജന് ജീവ പര്യന്തം. മറ്റു പ്രതികൾക്കും ശിക്ഷ നൽകി.

രാജ്യ സഭ അംഗം പി.ജെ.കുര്യനും ബലാൽസംഗം ചെയ്തതായി പെണ്‍ കുട്ടി പറഞ്ഞിരുന്നു എന്ന് കേസ് ഉണ്ട്. അതിൻറെ വിധിയും കാത്തിരിക്കാം.

ഇതിലേറെ ദുരന്തം ആ പെണ്‍കുട്ടിയുടെ അവസ്ഥയാണ്. സ്വന്തമായി ഒരു പേര് ഇല്ല. ഇന്ന് അറിയപ്പെടുന്നത് മുഴുവൻ സുര്യ നെല്ലി പെണ്‍കുട്ടി എന്നാണു. ഇന്ന് ആ പെണ്‍കുട്ടി 34 വയസ്സുള്ള ഒരു സ്ത്രീ ആണ്. അധികാര സ്ഥാനങ്ങൾക്ക് വഴങ്ങാതെ കേസ് പറഞ്ഞത് കൊണ്ട് സമൂഹവും അവരെ ഭ്രഷ്ട്ട്  കൽപ്പിച്ച പോലെയാണ്. പി.ജെ. കുര്യന്റെ പേര് ഇടയ്ക്കിടെ വരുന്നത് കൊണ്ട് സർക്കാരും അവർക്കെതിരാണ്. 

2014 ഏപ്രിൽ 4, വെള്ളിയാഴ്‌ച

ഹരിഹരൻ പിള്ള ഹാപ്പി ആണ്.

ഉമ്മൻ ചാണ്ടി ഹാപ്പി ആണ്. അദ്ദേഹത്തിനെതിരായി  ഹൈക്കോടതി സിംഗിൾ ബെഞ്ച്‌ പുറപ്പെടുവിച്ച ചില പരാമർശങ്ങൾക്ക് താൽക്കാലികമായി സ്റ്റേ കിട്ടിയതിൽ ആണ് താൻ  ഹാപ്പി ആണെന്ന്  ആണ് പുള്ളിക്കാരൻ  പറഞ്ഞത്. ആ പരാമർശങ്ങൾ എന്താണെന്നോ?  

"മുഖ്യ മന്ത്രിയുടെ ഓഫീസിൽ നടന്ന കാര്യങ്ങൾക്ക് ജനങ്ങളോട്  വിശദീകരണം നൽകാൻ  മുഖ്യ മന്ത്രി ബാധ്യസ്ഥനാണ്".

ഇതിനു സ്റ്റേ കിട്ടിയതിനാണ് സന്തോഷവാനായത്. ഈ പരാമർശത്തിൽ എന്തായിരുന്നു തെറ്റ്? മുഖ്യ മന്ത്രിയുടെ   ഓഫീസിലെ കാര്യങ്ങൾ വിശദീകരിക്കേണ്ടതിന്റെ ഉത്തരവാദിത്വം   മുഖ്യ മന്ത്രിയ്ക്ക്  അല്ലേ ?  അല്ലെങ്കിൽ പിന്നെ ആരാണ്  ഇവ വിശദീകരിക്കേണ്ടത്? ജിക്കുവോ,ജോപ്പനോ,സലിം രാജോ വിശദീകരിച്ചാൽ മതിയോ?  അതോ അവിടത്തെ  കാര്യങ്ങൾക്ക് പിന്നെ മന്ത്രി കെ.സി. ജോസഫ് ആണോ മറുപടി നൽകേണ്ടത്?

ജനങ്ങളോട് കാര്യങ്ങൾ പറയാനാണ് അദ്ദേഹം ഭയപ്പെടുന്നത്. ഈ ജനാധിപത്യ വ്യവസ്ഥിതിയിൽ ഭരണ കർത്താക്കൾക്കു ജനങ്ങളോടാണ്‌ ഉത്തരവാദിത്വം ഉള്ളത്. ഒരു മുഖ്യ മന്ത്രി എന്ന  നിലയിൽ സംസ്ഥാന ഭരനതിനെ പറ്റിയും തൻറെ ഓഫീസ് നിരന്തരം ആരോപണ വിധേയം ആകുന്നതിന്റെയും, തൻറെ പേർസണൽ സ്റ്റാഫ് മൂന്ന് പേർ കേസിൽ ഉൾപ്പെട്ടതിന്റെയും കാര്യങ്ങൾ ജനങ്ങളോട് പറയാൻ കഴിയാത്തതിനാലാണ്  ആ പരാമർശങ്ങൾ നീക്കി കിട്ടാൻ   ഹൈ ക്കോടതിയിൽ അപ്പീൽ നൽകിയത്.  മുഖ്യ മന്ത്രിയെ പറ്റിയുള്ള ഇതിലും ശക്തമായ പരാമർശങ്ങൾക്ക് സ്റ്റേ നൽകാൻ കോടതി വിസമ്മതിച്ചു. അവസാനം, തൻറെ തടി രക്ഷിക്കാനും മുഖ്യ മന്ത്രിയുടെ മുഖം രക്ഷിക്കാനും എന്തെങ്കിലും ഒന്ന് ചെയ്യണം എന്ന്   അഡ്വക്കേറ്റ് ജനറൽ കരഞ്ഞു കാലു പിടിച്ചത് കൊണ്ട് ഒന്ന് രണ്ടു പരാമർശങ്ങൾ കോടതി  താൽക്കാലികമായി  സ്റ്റേ  ചെയ്തു.  

തൻറെ   ഭാഗം കേൾക്കാതെയാണ് പരാമർശങ്ങൾ നടത്തിയത് എന്നാണു  മുഖ്യ മന്ത്രിയുടെ    വാദം. മുഖ്യ മന്ത്രിയെ തൂക്കി കൊല്ലാനൊന്നും വിധിച്ചില്ലല്ലോ. കാര്യം ജനങ്ങളോട് വിശദീകരിക്കാൻ പറയുക മാത്രമല്ലേ കോടതി ചെയ്തുള്ളൂ. ഇതേ വാദം അവതരിപ്പിച്ച അഡ്വക്കേറ്റ് ജനറലിനോട് ഈ കേസിൽ അങ്ങേര് പ്രതിനിധാനം ചെയ്തിരുന്നത് മുഖ്യ മന്ത്രിയേ അല്ലേ എന്നാണു കോടതി ചോദിച്ചത്. പ്രതികൂല പരാമർശം വന്നപ്പോൾ  "ജനങ്ങളുടെ കോടതിയ്ക്ക്  മുൻപിൽ തൻറെ നിരപരാധിത്വം തെളിയിക്കും" 
എന്ന് വീരവാദം പറഞ്ഞ മുഖ്യ മന്ത്രി പേടിച്ച് ആണ് കോടതിയിൽ അപ്പീൽ പോയത്. എന്തായാലും ജനങ്ങളെ അഭിമുഖീകരിക്കാൻ പറഞ്ഞ കോടതി വിധിയിൽ നിന്നും  സ്റ്റേ കിട്ടിയല്ലോ. സന്തോഷം.

2014 ഏപ്രിൽ 1, ചൊവ്വാഴ്ച

എ.കെ.ആന്റണി

ടി.പി. വധ ത്തിലെ ഗൂഡാലോചനയേക്കാൾ അതി ഭയങ്കരമായ ഗൂഡാലോചനയാണ്     കേസ് അന്വേഷണം അട്ടിമറിക്കാൻ   കോണ്‍ഗ്രസ്സും മാർക്സിസ്റ്റും തമ്മിൽ നടന്നത് എന്ന് ഒന്ന് കൂടി അടിവരയിട്ട് തെളിയിക്കുകയാണ് അന്വേഷണം വേണ്ട എന്നുള്ള സി.ബി.ഐ. നിലപാട്.  ടി.പി.ചന്ദ്രശേഖരൻ വധ കേസിൽ തുടക്കത്തിൽ കുറച്ചു ആരംഭ ശൂരത്വം കാണിച്ച ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ കാര്യത്തോടടുത്തപ്പോൾ ചുവടു മാറ്റി. മാർക്സിസ്റ്റ് പാർട്ടിയുടെ യുടെ ഉന്നത നേതാക്കളുടെ അറിവോടും ആശീർവാദത്തോടും കൂടിയാണീ കൊലപാതകം നടന്നതെന്ന് പറഞ്ഞ മന്ത്രി പതിയെ പിന്മാറ്റം തുടങ്ങി. മാർക്സിസ്റ്റ് പാർട്ടിയുടെ ഏറ്റവും താഴെ കിടയിലുള്ള രണ്ടു നേതാക്കളെ കുറ്റക്കാരാക്കി കേസ് അവസാനിപ്പിച്ചു. കാരണം അപ്പോഴാണ്‌ മന്ത്രിയുടെ ശാലു ബന്ധവും ഉമ്മൻ ചാണ്ടിയുടെ സരിത ബന്ധവും പുറത്തു  വന്നതും  കാര്യങ്ങൾ ഇവരുടെ രണ്ടു പേരുടെയും രാജി വരെ എത്തി ചേർന്നതും. ഇവിടെയാണ്‌  ഒത്തു തീർപ്പിനുള്ള ഗൂഡാലോചന തുടങ്ങിയത്. ഇവരുടെ സരിത, ശാലു കേസുകൾക്ക്   പകരം പിണറായി വിജയൻറെ ലാവലിനും, ടി.പി.  വധക്കേസും ഒതുക്കി തീർക്കാനുള്ള   ധാരണ ആയെന്നാണ്‌ മാധ്യമങ്ങളും ചാനലുകളും രാഷ്ട്രീയ നേതാക്കളും  പറഞ്ഞത്.  ജനങ്ങളെ കബളിപ്പിക്കാനായി, മുഖം  രക്ഷിക്കാനായി കോണ്‍ഗ്രസ് സർക്കാർ  ടി.പി. കേസ്  സി.ബി ഐ.ക്ക് വിട്ടു.  കോടതി വിധി പറഞ്ഞ കേസ് സി.ബി ഐ എടുക്കില്ല എന്ന് എല്ലാവർക്കും അറിയാം. ലോക്കൽ പോലീസ് അന്വേഷിച്ചാൽ  പൂർണ വിവരം കിട്ടുമായിരുന്ന കേസ് ആണ് അന്വേഷണം അവസാനിപ്പിച്ച് സി.ബി ഐ.ക്ക് കൊടുത്തത്. സി.ബി ഐ. തള്ളുമ്പോൾ അവരുടെ മുകളിൽ  കുറ്റം ചുമത്തി തങ്ങൾക്കു രക്ഷപ്പെടാം എന്നുള്ള തിരുവഞ്ചൂരിന്റെയും ഉമ്മൻ ചാണ്ടിയുടെയും കൂർമ ബുദ്ധി. സംഗതി അവർ വിചാരിച്ച പോലെ തന്നെ നടന്നു.

ഈ ഒത്തു തീർപ്പ് കോണ്‍ഗ്രസ് ഹൈ കമാണ്ടിന്റെ അനുഗ്രഹാശിസ്സുകളോടെ ആയിരുന്നു എന്നതിനുള്ള തെളിവാണ് ഇപ്പോൾ  എ.കെ.ആന്റണി നടത്തിയ പ്രസ്താവനയിലൂടെ പുറത്തു വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം മാർക്സിസ്റ്റ് പാർട്ടിയുടെ പിന്തുണ  കോണ്‍ഗ്രസ്സ്  സ്വീകരിക്കും എന്നാണു കേരളത്തിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനു വന്ന കേന്ദ്രത്തിലെ രണ്ടാമനായ, സോണിയയുടെ വിശ്വസ്തനായ എ.കെ.ആന്റണി പ്രഖ്യാപിച്ചത്. എന്താണിതിന്  അർത്ഥം ? സി.പി. എമ്മിന് അഹിതമായത് ഒന്നും കോണ്‍ഗ്രസ്സ് ഒരിക്കലും ചെയ്യില്ല.  അഴിമതിക്കാരായ  രണ്ടു പാർട്ടികൾ തമ്മിലുള്ള അവിഹിത ബന്ധം. പിന്നെ  കോണ്‍ഗ്രസ്സും  മാർക്സിസ്റ്റും ഇവിടെ തമ്മിൽ മത്സരിക്കുന്നതോ? അത് വെറും ഒരു കളി. ജനങ്ങളെ വിഡ്ഢികളാക്കാൻ. തമ്മിൽ ആവേശ പൂർവ്വം മത്സരിക്കുന്ന പാർട്ടികളിൽ ഒന്നിൻറെ നേതാവ് പരസ്യമായി അവർ തമ്മിലുള്ള ഒത്തു  കളി വെളിപ്പെടുത്തുന്നത് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളോടുള്ള വെല്ലു വിളി ആണ്. കോണ്‍ഗ്രസ്സിന് വോട്ട് ചെയ്താലും അവരുടെ ബദ്ധ ശത്രു എന്ന് തെറ്റിധരിച്ചു സി.പി.എമ്മിന് വോട്ട് ചെയ്താലും അത് പോകുന്നത് കോണ്‍ഗ്രസ്സിനാണ് എന്നുള്ള സത്യം ഇനിയെങ്കിലും ജനങ്ങൾ മനസ്സിലാക്കണം. ഈ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്സ് - സി.പി.എം. കൂട്ടുകെട്ടിനെ  തോൽപ്പിക്കുക എന്നതാണ് അവഹേള ത്തിനു പകരം ചോദിക്കാനായി ജനങ്ങൾ ചെയ്യേണ്ടത്.