2014, ഏപ്രിൽ 5, ശനിയാഴ്‌ച

മറിമായം

ക്ലാസ് ഫോട്ടോയിൽ നോക്കി അത്ഭുത പര തന്ത്രനായി നിൽക്കുകയാണ് രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മകൻ. അവന് ഒട്ടും വിശ്വസിക്കാൻ കഴിയുന്നില്ല. മൂന്നാം ക്ലാസ്സിലെ അവൻറെ ചേച്ചിയും അവളുടെ ക്ലാസ്സ് ഫോട്ടോയിലും ഇതേ അത്ഭുതം സംഭവിച്ചത് നോക്കി നിന്ന് ആലോചിക്കുകയാണ്. വർഷാവസാനം പരീക്ഷക്ക് മുൻപ് ഓരോ ക്ലാസിലും എല്ലാ കുട്ടികളെയും ഒന്നിച്ചു നിർത്തി ഗ്രൂപ്പ് ഫോട്ടോ എടുക്കാറുണ്ട്. അങ്ങിനെ ഫോട്ടോ എടുത്തപ്പോൾ ക്ലാസ് ടീച്ചർ മാത്രമേ അവരോടൊപ്പം ഉണ്ടായിരുന്നുള്ളൂ  എന്ന് രണ്ടു മക്കളും തീർത്തു പറയുന്നു. "നിങ്ങൾ ശ്രദ്ധിക്കാഞ്ഞതായിരിക്കും" .  " അല്ല"  അവർ ഒരേ സ്വരത്തിൽ പറഞ്ഞു. " ഒന്നു കൂടി ഓർത്തു നോക്കൂ" . "ഇല്ലാ  ഇല്ലാ ഇല്ലാ." അവർ അത്രയ്ക്ക് തീർച്ചയാണ്.

ഫോട്ടോയിലേക്ക്‌ നോക്കി. അതാ ഇരിക്കുന്നു മുൻ നിരയിൽ  ഒത്ത നടുക്ക് കസേരയിൽ സുസ്മേര വദനയായി  പ്രിൻസിപ്പാൾ മാഡം. ക്ലാസ് ടീച്ചർക്ക് അടുത്തായി. ഫോട്ടോ എടുക്കുമ്പോൾ ക്ലാസ് ടീച്ചർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് കുട്ടികൾ പറയുന്നു. പക്ഷേ  ഇപ്പോൾ ഫോട്ടോ കയ്യിൽ കിട്ടിയപ്പോൾ  പ്രിൻസിപ്പാളും അതിലുണ്ട്. എന്ത്  മറിമായം! " പ്രിൻസിപ്പാൾ ആ വഴി വന്നതേ ഇല്ലാ?"  ഉറപ്പാക്കാൻ ഒന്ന് കൂടി ചോദിച്ചു.  " ഇല്ലാാ ". അവർ പറയുന്നത് വിശ്വസിക്കുന്നില്ല  എന്നുള്ളതിന്റെ  ചെറിയ  ഈർഷ്യ  പ്രകടിപ്പിച്ചു അവർ പറഞ്ഞു.   " ഒന്നോർത്തു നോക്കൂ" മോൾ അൽപ്പം   ആലോചിച്ചു.  "ടീച്ചറുടെ  അടുത്തായി ഒരു കസേര ഇട്ടിരുന്നു. അതിൽ ആരെയും ഇരിക്കാൻ സമ്മതിച്ചില്ല" മോള് പറഞ്ഞു. ചില സംശയങ്ങൾ.

ഫോട്ടോ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി. പ്രിൻസിപ്പാൾ മാഡത്തിന്റെ ഇരിപ്പിൽ എന്തോ പന്തി കേടു തോന്നുന്നു.ഇരിപ്പ് അത്ര ശരിയല്ല. മൂല ക്കുരുവിന്റെ അസ്ക്കിത ഉള്ളവർ ഇരിക്കും പോലെ. കസേരയിൽ ഉറച്ചിരിക്കുന്നില്ല.   "യൂറേക്കാാ" ..... ഉറക്കെ  വിളിച്ചു.  "ഫോട്ടോഷോപ്പ്." ഫോട്ടോഗ്രാഫറുടെ കളി  ആണ് മാഡത്തിനെ അവിടെ കൊണ്ടിരുത്തിയത്.  എല്ലാ ക്ലാസിലും  ഫോട്ടോക്ക് പ്രിൻസിപ്പാളിന് പോകാൻ വയ്യാത്തത് കൊണ്ട് കണ്ടു പിടിച്ച എളുപ്പ വിദ്യ. മുൻ നിരയിൽ നടുക്ക് ഒരു കസേര കൊണ്ടിടും. ഫോട്ടോയിൽ ആളില്ലാ കസേര. ഫോട്ടോ എടുത്തു കഴിഞ്ഞ് നേരത്തെ എടുത്തു വച്ച,   ഇരിക്കുന്ന പ്രിൻസിപ്പാളിന്റെ   ഒരു  ഫോട്ടോ   വെട്ടി ഈ കസേരയിൽ കൊണ്ടിരുത്തും. സംഭവം ക്ലീൻ. കുട്ടികളോടൊപ്പം സന്തോഷ വതിയായി ഇരിക്കുന്ന പ്രിൻസിപ്പാൾ.  അൽപ്പം ചരിഞ്ഞാണെങ്കിലും. 

മക്കളോടെന്തു പറയും?

"ശബരി ഗിരി" വാസന് ശരണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ