2014, ഏപ്രിൽ 19, ശനിയാഴ്‌ച

തമിഴ്നാട് റെയിൽവേ

ആരവങ്ങളടങ്ങി. വാഗ്ദാന പെരുമഴ പെയ്തൊഴിഞ്ഞു.കേരളത്തിൻറെ വികസനം മുഴുവൻ തങ്ങളാണ് നടത്തിയത് എന്ന അവകാശ വാദവുമായി നിലവിലുള്ള എം.പി. മാർ. തങ്ങൾ പണ്ട് നടത്തിയതാണെന്ന് പറഞ്ഞ് പഴയ എം.പി. മാർ. കേരള സർക്കാരും കേന്ദ്ര സർക്കാരും ചേർന്നാണ് കേരള വികസനം മൊത്തം നടത്തിയത് എന്ന്  നിലവിലെ സർക്കാർ. ജയിച്ചാൽ വികസനം നടത്തിക്കൊണ്ടേ ഇരിക്കും എന്ന് എല്ലാ സ്ഥാനാർഥികളും, എല്ലാ രാഷ്ട്രീയ പാർട്ടികളും  ഒരേ സ്വരത്തിൽ. കേരളം പറുദീസ ആക്കും എന്നതിൽ ഒരു സ്ഥാനാർഥിയ്ക്കും സംശയമില്ല. വോട്ട് പെട്ടിയിലായതോടു കൂടി എല്ലാവരും മാളത്തിലേക്ക് പിൻ വലിഞ്ഞിരിക്കുകയാണ്. 

ഇതിനിടയിലാണ് തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ കീഴിലുള്ള  നേമം-ചെങ്കുളം പാത വേർ തിരിച്ച് മധുര ഡിവിഷന്റെ കീഴിൽ ആക്കാനുള്ള നീക്കം നടക്കുന്നതായി മാതൃഭുമി പത്രത്തിൽ കണ്ടത്.   തെരഞ്ഞെടുപ്പു ചൂടിൽ ഇവിടത്തെ അധികാരികൾ, അറിയേണ്ടവർ അറിയാതെ പോയി. തമിഴ് നാട്ടിലും തെരഞ്ഞെടുപ്പ് ഉണ്ട്. പക്ഷെ അതിനിടയിൽ  അവിടത്തെ ഉദ്യോഗസ്ഥർ ബുദ്ധി പൂർവ്വം  കരു നീക്കി. ഒപ്പം രാഷ്ട്രീയക്കാരുടെ പിന്തുണയും.   കേരളത്തിലെ  രാഷ്ട്രീയ നേതാക്കൾക്ക് കേരളത്തോട് ഒരു കൂറോ മമതയോ ഇല്ല. അവർക്ക് ഭാരത മെന്ന വിശാല താൽപ്പര്യം ആണുള്ളത്. ആവശ്യമില്ലാത്ത  കാര്യങ്ങൾക്കാണ്  അവർ മുൻഗണന നൽകുന്നത്. തിരുവനന്തപുരം ഡിവിഷൻ ചെറുതാകുന്നതോടെ അതിൻറെ പ്രസക്തി നഷ്ട്ടപ്പെടുകയും കേരള റെയിൽവേ സോണ്‍ എന്ന ആവശ്യം ഒരു കാലത്തും നടക്കാതെ പോവുകയും ചെയ്യും. വീണ്ടും വടക്കൻ ഭാരതീയരുടെ സാമന്തന്മാർ ആയി കേരളം കഴിയുന്ന   സ്ഥിതി തുടരും. ഇവിടെ തേനും പാലും ഒഴുക്കുമെന്ന്, ഒരാഴ്ച മുൻപ്,   തെരഞ്ഞെടുപ്പിൽ മോഹന വാഗ്ദാനങ്ങൾ നൽകിയ സ്ഥാനാർഥികൾക്കും, രാഷ്ട്രീയ പാർട്ടികൾക്കും, കേരള സർക്കാരിനും എന്തെങ്കിലും ചെയ്യാൻ കഴിയുമോ? അതോ നിങ്ങളെ കാണാൻ അടുത്ത അഞ്ചു വർഷം ഞങ്ങൾ കാത്തിരിക്കണമോ? 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ