2014, ഏപ്രിൽ 25, വെള്ളിയാഴ്‌ച

സരിത-കമ്മീഷൻ

കോണ്‍ഗ്രസ്സും മാർക്സിസ്റ്റും തമ്മിലുള്ള അവിശുദ്ധ ബന്ധം ഒന്നു  കൂടി അടിവരയിട്ട്  ഉറപ്പിക്കുന്നതാണ് സരിതയുടെ സോളാർ കേസിൻറെ അന്വേഷണം.   മുഖ്യ മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും മുഖ്യ മന്ത്രിയുടെ ഓഫീസും ഉൾപ്പെട്ട,  ഉമ്മൻ ചാണ്ടി നേരിട്ട് ഇട പെട്ടിട്ടുണ്ട് എന്നും അദേഹത്തിന് അതിൽ പങ്കും പൂർണ ഉത്തരവാദിത്വവും ഉണ്ടെന്ന് കേരളത്തിലെ ജനങ്ങൾ വിശ്വസിക്കുന്ന സരിത കേസ്   എങ്ങിനെ ഒതുങ്ങി എന്ന് എല്ലാവർക്കും അറിയാമല്ലോ.  സി.ബി.ഐ. അന്വേഷണം പോരാ ജുഡിഷ്യൽ അന്വേഷണം തന്നെ വേണമെന്ന് പ്രതിപക്ഷമായ മാർക്സിസ്റ്റുകാർ   വാശി പിടിച്ചപ്പോൾ തന്നെ കാര്യം ജനങ്ങൾക്ക്‌ മനസ്സിലായി. ഇതൊരു വിലപേശൽ കച്ചവടം ആണെന്നും തമ്മിലുള്ള ഒത്തുകളി ആണെന്നും. ഇങ്ങിനെ എത്രയെത്ര അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകൾ പൊടി പിടിച്ച് സെക്രട്ടറിയെറ്റിന്റെ ഇരുണ്ട മൂലകളിൽ കിടക്കുന്നു.  

അങ്ങിനെ നിലവിൽ വന്ന റിട്ടയേർഡ്‌ ജഡ്ജി  ശിവരാജൻ കമ്മീഷൻ ഒരു നോക്കു കുത്തിയായി നിൽക്കുകയാണ്.  ഏതാണ്ട് രണ്ടു മാസം തികയാൻ പോകുന്നു കമ്മീഷൻ വന്നിട്ട്. പൊതു ജനങ്ങൾക്കും താൽപ്പര്യമുള്ള ആർക്കും തെളിവ് കൊടുക്കാൻ വേണ്ടിയുള്ള കമ്മീഷൻ എന്ന് ശ്രീ ശിവരാജൻ പറയുന്ന കമ്മീഷനെ  ഇന്ന് വരെ ഒരു പൂച്ച ക്കുഞ്ഞു പോലും തെളിവുകളുമായി  സമീപിച്ചിട്ടില്ല. അതിലും വിചിത്രവും രസകരവും ആയിട്ടുള്ളത് ജനങ്ങളിൽ നിന്നും അഭിപ്രായങ്ങളും തെളിവുകളും ക്ഷണിച്ചു കൊണ്ട്  നിയമ പരമായി കമ്മീഷൻ പുറപ്പെടുവിക്കേണ്ട നോട്ടിഫിക്കേഷൻ ഇന്ന് വരെ പുറപ്പെടുവിച്ചിട്ടില്ല എന്നുള്ളതാണ്. പിന്നെ എങ്ങിനെ ജനങ്ങൾ തെളിവ് കൊടുക്കും? മുഖ്യ മന്ത്രിക്ക് എതിരെ സമരം നയിച്ച, സെക്രട്ടറിയെറ്റ്‌ ഉപരോധം ഉൾപ്പടെ, മാർക്സിസ്റ്റ് പാർട്ടി പോലും തെളിവ് കൊടുത്തിട്ടില്ല. കാസർഗോഡ്‌ സ്ഥാനാർഥി ആയതിനാലാണ് തെളിവ് കൊടുക്കാൻ സമയം കിട്ടാത്തത് എന്ന് ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രൻ പറയുന്നു.മജിസ്ട്രേറ്റ് എം.വി.രാജുവിന് എതിരെ കൊടുത്ത പരാതിയും മറ്റു തെളിവുകളും ഒരാഴ്ചയ്ക്കകം ഹാജരാക്കും എന്ന് അദേഹം പറയുന്നു. മാർക്സിസ്റ്റ് പാർട്ടി  തെളിവ്  കൊടുക്കുമോ എന്ന് പോലും പറയുന്നില്ല. ഒരാഴ്ചയ്ക്കകം ഈ കമ്മീഷൻറെ കാലാവധി തീരുകയാണ്. 

 മറ്റു അന്വേഷണം ഒന്നും വേണ്ട ജുഡിഷ്യൽ അന്വേഷണം മതി എന്ന്  മാർക്സിസ്റ്റുകാർ   വാശി പിടിച്ചതിന്റെ അർത്ഥം ഇപ്പോൾ   മനസ്സിലായിക്കാണുമല്ലോ.  ഉമ്മൻ ചാണ്ടിയേയും മറ്റു മന്ത്രിമാരെയും രക്ഷപ്പെടുത്തുക എന്നതായിരുന്നു മാർക്സിസ്റ്റ്ൻറെ ഉദ്ദേശം. പകരം ലാവലിൻ, ടി.പി. കൊലപാതകം തുടങ്ങിയ പലതിൽ നിന്നും പിണറായിയെയും കൂട്ടരെയും  രക്ഷപ്പെടുത്തുക. പക്ഷെ ഇതിങ്ങിനെ അവസാനിക്കും എന്ന് തോന്നുന്നില്ല. കോണ്‍ഗ്രസ്സ്കാരി ഷാനിമോൾ ഉസ്മാൻ തന്നെ കെ.സി.വേണുഗോപാലിന്റെ സരിത ബന്ധം പാർട്ടി കമ്മീഷൻ അന്വേഷിക്കണം എന്ന് കെ.പി.സി.സി. യോഗത്തിൽ പറയുകയുണ്ടായി. വേണുഗോപാലുമായും പഴയ മന്ത്രി ഗണേഷും ആയി സരിതയ്ക്ക് ബന്ധം ഉണ്ടായിരുന്നു എന്നു പറഞ്ഞ് സോളാറിന്റെ മാനേജർ രാജശേഖരൻ രംഗത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസ്സും മാർക്സിസ്റ്റും കൂടി ജനങ്ങളെ വഞ്ചിക്കുകയാണ്, കേരളത്തിലെ രാഷ്ട്രീയം മലീമസമാക്കുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ