2014, ഏപ്രിൽ 10, വ്യാഴാഴ്‌ച

വർഗീയ ഭീകരത

മൊബൈൽ ഫോണിൽ കൂടിയാണ് 'മറുനാടൻ മലയാളി'എന്ന വാർത്താ "പോർട്ടൽ" വന്നു കയറിയത്. വായിച്ചപ്പോൾ വലിയ കുഴപ്പം ഇല്ല  എന്ന് തോന്നി. മലയാളത്തിലെ മുഖ്യ ധാരാ പത്രങ്ങൾ എല്ലാം അവരുടെ താൽപ്പര്യത്തിനു അനുസരിച്ച് തമസ്കരിക്കുന്ന വാർത്തകൾ പലതും പ്രാധാന്യം നൽകി ഈ വാർത്താ പത്രം നൽകുന്നത് കൊണ്ട് ഇടയ്ക്കിടെ ഫോണ്‍ നോക്കാൻ തുടങ്ങി. മറ്റു മറ്റു പത്രങ്ങൾ  അവരുടെ രക്ഷാധികാരികളുടെ  തെറ്റായ ചെയ്തികളുടെ വാർത്തകൾ അകത്തെ പേജുകളിൽ ഇട്ട് ആരും കാണാതെ ആക്കുമ്പോൾ  അവ മുൻ പേജിൽ ഇവർ നൽകുന്നു.  കൂടുതലും വാർത്തകൾ ടെലിവിഷൻ ചാനലുകൾ നൽകുന്നതിന്റെ പതിപ്പുകൾ ആണ്. കുറെ മറ്റു പത്രങ്ങളിൽ നിന്നും ഉള്ളത്. എന്നാലും കുഴപ്പമില്ല.നമുക്ക് വാർത്ത കിട്ടുമല്ലോ.

അടുത്തിടെ അവരുടെ പത്രം, ഇസ്ലാമിക വിരുദ്ധം ആണെന്നും ക്രൈസ്തവ ഭീകരത പ്രചരിപ്പിക്കാൻ ഉള്ള ഒരു മാഫിയ സംഘം ആണെന്നും, അവർ തന്നെ എഡിറ്റോറിയലിൽ പറയുന്നു. വായനക്കാരുടെ അഭിപ്രായവും ആരാഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ "പെയ്ഡ് ന്യൂസ്‌" സമ്പ്രദായം പോലെ കൂടുതൽ വായനക്കാരെ കിട്ടാൻ അവർ തന്നെ കണ്ടു പിടിച്ച ഒരു വഴി ആണോ ഇത് എന്നറിഞ്ഞു കൂടാ. അങ്ങിനെ   എങ്കിൽ ഇത് വളരെ അപകടകരമാണ്. കാരണം  ഫത്ത്വാ ഇറക്കുന്നവരെയും ഇടയ ലേഖനം ഇറക്കുന്നവരുടെയും മത ഭീകരത നമ്മൾ കണ്ടു കൊണ്ടേ ഇരിക്കുന്നു. മുസ്ലീം,ക്രൈസ്തവ, വർഗീയത, ഭീകരത എന്നീ വാക്കുകൾ മതി ആലോചന ഇല്ലാത്ത മത ഭീകരർക്ക്‌ ആക്രമണം അഴിച്ചു വിടാൻ. ഒരു വാക്ക് എഴുതിയതിന് കൈ വെട്ടിയവരും അതിൻറെ മറവിൽ ജോലിയിൽ നിന്നും പിരിച്ചു വിട്ടവരും നമ്മുടെ നാട്ടിൽ ഉണ്ട്.

ഏതായാലും മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും മതത്തിൽ നിന്നും വിട്ടൊരു കളി പാടാണ്. മാമോദീസ മുക്കാനും/ സുന്നത്തിനും, വിവാഹത്തിനും, പിന്നെ മരിക്കുമ്പോഴും ഇവർക്ക് മത മേധാവികളുടെയും പള്ളിയുടെയും സഹായം ആവശ്യമാണ്‌. ഒരു എ.ടി. കൊവൂരോ, ഒരു ഇടമറുകോ ഉണ്ടായിട്ടില്ല എന്നല്ല. അതവിടെ അവസാനിക്കുന്നു. ദൈവത്തിലും  മതത്തിലും  വിശ്വസിക്കാതെ, അവരുടെ രീതികൾ അനുവർത്തിക്കാതെ  ജനിച്ചു, ജീവിച്ച് മരിക്കാൻ ഇവർക്ക് കഴിയില്ല. പിന്നെ പ്രാർത്ഥനാ രീതികൾ.  സ്വയം പ്രാർത്ഥന പറ്റില്ല. മറ്റുള്ളവർ എഴുതി വച്ചത് മറ്റുള്ളവർ പാടുന്നത് കേട്ട് കൂട്ടം കൂടി പ്രാർത്ഥന നടത്തുക. പ്രാർത്ഥനയിലും ഒരു സ്വകാര്യത ഇല്ലായ്മ. നേരിട്ട് കാര്യങ്ങൾ ദൈവത്തോട് പറയാൻ പറ്റാതിരിക്കുക. (മിനിമം  കാര്യം ദൈവത്തോട് പറയാൻ പറ്റില്ല). ഇതെല്ലാം കൂടുതൽ കൂടുതൽ അന്ധ വിശ്വാസം വളർത്തുന്നു. 

അങ്ങിനെ 'മറുനാടൻ മലയാളി' യുടെ നടത്തിപ്പു കാരിലും ഈ രോഗം ബാധിച്ചിരിക്കാം. അത് പോലെ ഇതിൻറെ വായനക്കാരിലും ഇത് ബാധിച്ചിരിക്കാം.

2 അഭിപ്രായങ്ങൾ: