2014, ഏപ്രിൽ 13, ഞായറാഴ്‌ച

ദന്ത ഗോപുരം

സുപ്രീം കോടതി എന്ന പരമോന്നത നീതി പീഠം സാധാരണ ജനങ്ങൾക്ക്‌  അപ്രാപ്യമായ  ഒരു ദന്ത ഗോപുരം   ആണെന്നുള്ള  നഗ്ന സത്യം   ജനങ്ങൾക്ക്‌ ഏവർക്കും  അറിയാവുന്നതാണ്. ഇപ്പോഴെങ്കിലും ഒരു ന്യായാധിപൻ അത് വിളിച്ചു പറഞ്ഞത്‌ നന്നായി. ഹൈക്കോടതി ജഡ്ജി ഹാരുണ്‍ അൽ റഷീദ് ആണ് അടുത്തിടെ  അക്കാര്യം പറഞ്ഞത്. ടെലിവിഷൻ ചാനലുകളിലും പത്രങ്ങളിലും വരുന്ന ആ ന്യായാസനത്തിന്റെ ചിത്രങ്ങൾ കണ്ട് ആത്മ നിർവൃതി അടയുക എന്നതല്ലാതെ നീതി തേടി അതിന്റെ ഏഴയിലത്ത് പോകാൻ   സാധാരണക്കാരന് കഴിയില്ല. നടപടി ക്രമങ്ങളുടെ നൂലാമാലകളും അതി ഭയങ്കരമായ പണച്ചിലവും  ആണ് ന്യായം തേടി അത്യുന്നത കോടതിയിൽ     പോകുന്നതിനു    വിലങ്ങു തടിയായി  സാധാരണക്കാർക്ക് മുന്നിൽനിൽക്കുന്നത്.

അഡ്വക്കേറ്റ് -ഓണ്‍-റിക്കോർഡ്  എന്ന വക്കീൽ മുഖേനയാണ് സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യേണ്ടത്.  ഏറ്റവും കുറഞ്ഞത്‌  അഞ്ചു ലക്ഷം രൂപയെങ്കിലും ഇതിനു കൊടുക്കണം. കേസിൻറെ  സ്വഭാവവും ഗൌരവവും അനുസരിച്ചാണ് ഈ ഫീസ്‌.  അതിനനുസൃതമായി ഫീസ്‌ കൂടിക്കൊണ്ടിരിക്കും. നമ്മെ ഈ അഡ്വക്കേറ്റ് -ഓണ്‍-റിക്കോർഡിന്റെ അടുത്തെത്തിക്കാൻ നാട്ടിൽ അവരുടെ പ്രതിനിധി വക്കീലന്മാർ ഉണ്ട്. ഇത്രയും കൊടുത്തു  കഴിഞ്ഞാൽ തന്നെ കേസ് സ്വീകരിക്കുമോ (അഡ്മിറ്റ്‌) എന്ന്  ഉറപ്പില്ല. കേസ് ഒരു നല്ല വക്കീലിനെ കൊണ്ട് വാദിപ്പിക്കണം എങ്കിൽ വീണ്ടും ലക്ഷങ്ങൾ മുടക്കണം.  അവിടെ സീനിയർ അഡ്വക്കേറ്റ് എന്ന ഒരു ഗ്രൂപ്പ് ഉണ്ട്. വർഷങ്ങളായി വാദിച്ച് പേരും പെരുമയും നേടിയവർ. ഇവരിൽ പലരും വിരമിച്ച ഹൈക്കോടതി ജഡ്ജിമാർ ആണ്.  ഈ  സീനിയർ അഡ്വക്കേറ്റ് ആരെയെങ്കിലും കൊണ്ട് കേസ് വാദിക്കുവാൻ ഓരോ തവണയും പത്തോ  ഇരുപത്തഞ്ചോ   ലക്ഷങ്ങൾ ചെലവഴിക്കണം. ഇടയ്ക്കിടെ നാം കേൾക്കാറില്ലേ,  സർക്കാർ ചെല്ലും ചെലവും കൊടുക്കുന്ന വക്കീലന്മാർ ഉണ്ടെങ്കിൽ കൂടി, സർക്കാരിന്റെ  കേസുകൾ   സാൽവെ, വൈദ്യനാഥൻ, വേണുഗോപാൽ തുടങ്ങിയവർ വാദിക്കുന്നു എന്ന്? അത്രയ്ക്ക് പ്രസിദ്ധരാണവർ. സാധാരണക്കാരന് സ്വപ്നം പോലും കാണാൻ പറ്റാത്തവർ. സുപ്രീം കോടതിയിൽ വരുന്ന വ്യവഹാരങ്ങളെല്ലാം വലിയ കമ്പനികളുടെയും, ബിസിനസ് സ്ഥാപങ്ങളുടെയും, കോടീശ്വരന്മാരുടെയും,കള്ളപ്പണക്കാരുടെയും മാത്രമാണ്.കാരണം അവർക്ക് മാത്രമേ ഈ ചെലവ് താങ്ങാൻ പറ്റുകയുള്ളൂ. ഒരു മദ്യ ഷാപ്പ് അടപ്പിച്ചാൽ പിറ്റേന്ന് തന്നെ അബ്ക്കാരികൾ സുപ്രീം കോടതിയിൽ പോയി  സ്റ്റേയും ആയി വരുന്നത് നമ്മൾ കാണാറുണ്ടല്ലോ. അത്തരക്കാർക്ക് മാത്രം പോകാൻ കഴിയുന്ന കോടതി ആണിത്. ഓരോ കേസ് കഴിയുമ്പോഴും അഭിഭാഷകർ തടിച്ചു കൊഴുക്കുന്നു. സാധാരണക്കാരന്  കൂടിയാൽ ഹൈക്കോടതി വരെ വരെ പോകാൻ കഴിയുന്നു. അങ്ങിനെ അവൻറെ പരമോന്നത നീതിപീഠം  ഹൈക്കോടതി ആയി പരിണമിക്കുന്നു. അവിടെ കിട്ടുന്ന വിധി തൻറെ തലവിധി ആയി അവൻ സ്വീകരിക്കേണ്ടി വരുന്നു.

ഇതിനൊരു മാറ്റം വരണമെങ്കിൽ ലളിതമായ നടപടിക്രമങ്ങൾ വരുകയും   പണത്തിന്റെ സ്വാധീനം കുറയുകയും വേണം.  അതിന് നടപടി എടുക്കേണ്ടത് സുപ്രീം കോടതി തന്നെയാണ്. ഇത്രയും ശക്തമായ ഒരു അഭിഭാഷക ലോബി നില നിൽക്കുന്ന അവിടെ അത്രയും ശക്തമായ നടപടി ഒരിക്കലും പ്രതീക്ഷിക്കേണ്ടതില്ല.  

ഇന്നത്തെ വ്യവസ്ഥിതിയെ കുറ്റം പറഞ്ഞ്  ഉത്തരവാദിത്വത്തിൽ നിന്നും  ഹൈക്കോടതി  ജഡ്ജിമാർ കൈ കഴുകുന്നത് ശരിയല്ല.അവരുടെ വിധി ക്ക് എതിരെയാണല്ലോ സുപ്രീം കോടതിയിൽ പോകുന്നത്. അവിടെ എങ്ങിനെയെങ്കിലും എത്തിപ്പെട്ടാൽ അനുകൂല വിധി സമ്പാദിക്കുന്നതു സാധാരണമാണ്. ഇവിടത്തെ വിധിയിൽ ഉള്ള വൈകല്യം അല്ലേ അത് കാണിക്കുന്നത്?  ഹൈ ക്കോടതിയിൽ  സത്യ സന്ധമായ, നീതിപൂർവമായ, ആത്മാർഥമായ  സമീപനം സ്വീകരിക്കുകയും മറ്റു പരിഗണനകളോ,ബാഹ്യ പ്രേരണയോ ഇല്ലാതെ സുപ്രീം കോടതിയിൽ പോലും നില നിൽക്കുന്ന നീതി പൂർവമായ വിധി പുറപ്പെടുവിക്കുകയും ചെയ്താൽ പാവങ്ങൾക്ക്, സാധാരണക്കാരായ ജനങ്ങൾക്ക്‌ അത് വളരെ ആശ്വാസം ആയിരിക്കും. പണക്കാരനൊപ്പം പാവപ്പെട്ടവനും നീതി ലഭിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ