Sunday, April 20, 2014

മദ്യ നയം

മദ്യ ഉപഭോഗം കുറയ്ക്കുകയും പടി പടിയായി പൂർണ നിരോധനത്തിൽ എത്തുകയുമാണ് ലക്ഷ്യം എന്ന് മുഖ്യ മന്ത്രിയും മദ്യ മന്ത്രിയും പൊതു വേദിയിലും ടെലിവിഷൻ ചാനലുകളിലും പ്രഖ്യാപിക്കുന്നു എങ്കിലും അതൊന്നും ആത്മാർത്ഥമായ പ്രസ്താവനകൾ അല്ലെന്നുള്ള സത്യം എവർക്കും അറിയാം. കഴിഞ്ഞ വർഷം ( 2012-13 )  സർക്കാറിന്റെ   കുത്തകക്കാരായ  ബീവറേജസ്  കോർപറേഷൻ 1480 കോടിക്ക്  വാങ്ങിയ മദ്യം  8818 കോടിക്ക് കുടിയന്മാർക്ക് വിറ്റ് 7249 കോടി രൂപ സർക്കാരിന് നികുതിയിനത്തിൽ വരുമാനം ഉണ്ടാക്കി.  ആരുടേയും പരാതിയോ പരിഭവമോ ഇല്ലാതെ ഖജനാവിന് ചുളുവിൽ ഇത്രയും കോടികൾ കിട്ടുമ്പോൾ പാവപ്പെട്ടവൻറെ കരള് കരിഞ്ഞ പണം ആണിത് എന്ന് ചിന്തിച്ച്   കിട്ടുന്ന കോടികൾ വേണ്ട എന്ന്  വയ്ക്കാൻ ഏതെങ്കിലും ഒരു ഭരണാധികാരി തയ്യാറാകുമോ? കുറെ മനുഷ്യർ കള്ള് കുടിച്ച് ചത്താലും അടുത്ത തെരഞ്ഞെടുപ്പ് ആകുമ്പോഴേക്ക് പുതിയ വോട്ടർ മാർ വരുമല്ലോ. അത് കൂടാതെ, കൊള്ള ലാഭം കൊയ്യുന്ന അബ്കാരി മുതലാളിമാരും മദ്യ നിർമാണ കമ്പനികളും ഓണത്തിനും ക്രിസ്തുമസ്സിനും, വിൽപ്പന കൂടുന്ന  മറ്റു വിശേഷ  ദിവസങ്ങളിലും നൽകുന്ന ഉപകാര സ്മരണക്കുള്ള ഉപഹാരങ്ങളും, തെരഞ്ഞെടുപ്പു സമയങ്ങളിൽ നൽകുന്ന പണക്കിഴികളും നിരസിക്കാൻ ഏത് രാഷ്ട്രീയ പാർട്ടിക്ക് കഴിയും? ബാറുകളുടെ ലൈസൻസ് പുതുക്കാനും  പുതിയവ നൽകാനും മറ്റും കേസുകൾ  കോടതിക്ക് മുൻപിൽ എത്തുമ്പോഴുള്ള പ്രകടനങ്ങളിൽ നിന്നും മദ്യ ലോബിയെ സഹായിക്കാനുള്ള  സർക്കാറിന്റെ വ്യഗ്രത പ്രകടമാണ്. പുലരുമ്പോൾ മുതൽ പാതിരാവ് വരെ കേരളത്തിൻറെ മുക്കിലും മൂലയിലും മദ്യം സുലഭമാക്കി ലക്ഷക്കണക്കിന്‌ മദ്യ പാനികളെ സൃഷ്ട്ടിച്ചു ലക്ഷക്കണക്കിന്‌ കുടുംബങ്ങളെ വഴിയാരാധമാക്കിയിട്ട്, മദ്യം  കുടിക്കരുതെന്ന് അവരെ ഉൽബോധിപ്പിക്കുന്നു എന്ന് പറയുന്നത് സർക്കാരിൻറെ കപട നാടകമാണ്. 

തെരഞ്ഞെടുപ്പ് പ്രമാണിച്ച് താമസിച്ചു പോയ ബാറുകളുടെ ലൈസൻസ്‌ പുതുക്കൽ എങ്ങിനെ വേണം എന്നതിന്   21 തിങ്കളാഴ്ച കൂടുന്ന കെ.പി.സി.സി.-സർക്കാർ ഏകോപന സമിതി  മദ്യ നയം രൂപീകരിക്കാൻ പോവുകയാണ്.  ആ സമിതിയിൽ  മദ്യം ഒഴുക്കുന്നതിനെതിരെ പ്രതികരിക്കും എന്ന ആകെ ഒരു പ്രതീക്ഷ വി.എം. സുധീരൻ ആണ്. പറയുന്നതിൽ ആത്മാർഥത ഉണ്ടെങ്കിൽ 
ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്.

1. മദ്യ വിൽപ്പനയിലൂടെ ലാഭം    ഉണ്ടാക്കുക എന്ന കാഴ്ചപ്പാട് മാറ്റുക.

2. പുതിയ ബാറുകൾ അനുവദിക്കാതിരിക്കുക 

3.  ബാറുകളുടെ സമയം  രാവിലെ 11 മുതൽ 3 വരെയും വൈകുന്നേരം 6 മുതൽ രാത്രി 10 വരെയും ആക്കുക. മദ്യ വിൽപ്പന ശാലകൾ രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെയും വൈകുന്നേരം 4 മുതൽ 8 വരെയും ആക്കുക.

4. ഹോട്ടലിൽ എവിടെയും മദ്യം വിളമ്പുന്നത് നിർത്തലാക്കി ബാറിൽ മാത്രം കൊടുക്കുക.

5.  മദ്യം വാങ്ങുന്നതിനും,കൈവശം വയ്ക്കുന്നതിനും, ഉപയോഗിക്കുന്നതിനും പെർമിറ്റ്‌ ഏർപ്പെടുത്തുക, 21 വയസ്സ് തികഞ്ഞവർക്ക്‌ മാത്രം. മുംബൈയിൽ ഇത്തരത്തിൽ പണ്ട് മുതൽക്കേ  പെർമിറ്റ്‌ സിസ്റ്റം  ഉണ്ട്. 

6. കേരളത്തിൻറെ 2 സർക്കാർ ഡിസ്റ്റിലറികളിൽ (തിരുവല്ല, പാലക്കാട്) കേരളത്തിനു ആവശ്യമായ മദ്യം നിർമിച്ചു കുറഞ്ഞ വിലക്ക് വിൽക്കുക.

7. എല്ലാ ഒന്നാം തീയതികൾക്കൊപ്പം എല്ലാ ശനിയാഴ്ചകളും ഡ്രൈ ഡേ ആക്കുക.

മദ്യപിച്ച് മദോന്മത്തരായി  അർദ്ധ ബോധത്തിലും അബോധത്തിലും കഴിയുന്ന ഒരു ഭാവി തലമുറ അല്ല നമുക്ക്  വേണ്ടത്. സമ്പൂർണ മദ്യ നിരോധനം വിഭാവനം ചെയ്ത ഗാന്ധിജിയുടെ അരുമ ശിഷ്യർ,  ഖാദർ ധാരികൾ, നയിക്കുന്ന  കോണ്‍ഗ്രസ്സ് സർക്കാർ ആണ് കേരളം ഭരിക്കുന്നത്‌. അവരിൽ നിന്നും നമുക്ക് നന്മ പ്രതീക്ഷിക്കാം.

No comments:

Post a Comment