2014, ഏപ്രിൽ 14, തിങ്കളാഴ്‌ച

വിദേശ മലയാളി

പണ്ട്  'അസ്തിത്വ വാദം'   എന്നെല്ലാം പറഞ്ഞ് സാർത്രിനെയും,കാഫ്ക്കയെയും കാമുവിനെയും കൂട്ട് പിടിച്ചു കുറെ മലയാളി ചെറുപ്പക്കാർ നടന്നിരുന്നു. ജീവിതത്തിൻറെ അർത്ഥ  ശൂന്യതയെ പറ്റി പ്രസംഗിച്ചു  'അസ്തിത്വ ദുഃഖം ' പേറി  നടന്ന ഈ കൂട്ടർ കുറെ ക്കാലം കഴിഞ്ഞപ്പോൾ താടിയും മുടിയും കളഞ്ഞ്‌ സാധാരണ മനുഷ്യരായി.

അത് പോലെ ഒരു ദുഖവും പേറി നടക്കുന്നവരാണ് വിദേശ മലയാളികളിൽ ചിലർ. രണ്ട് വ്യത്യസ്ത സംസ്കാരങ്ങളുടെ ഇടയിൽ പെട്ട് ഏത് സ്വീകരിക്കണം എന്നറിയാതെ ആശയ ക്കുഴപ്പത്തിൽ പ്പെട്ടുഴറുന്നവരാണ്  ഈ മറുനാടൻ മലയാളികൾ.    പാശ്ചാത്യ രാജ്യങ്ങളിൽ സ്ഥിര താമസമാക്കിയവർ ആണ് ഇതിൽ പെടുന്നവർ. കേരളത്തിന്‌ പുറത്തു മറ്റു സംസ്ഥാനങ്ങളിൽ സ്ഥിര താമസമാക്കിയ  മലയാളിക്ക്,  ആചാര രീതികൾ വ്യത്യസ്ത മാണെങ്കിലും  ഭാരത സംസ്കാരം എന്ന ഒരു പൊതുവായ അംശം ഉള്ളതിനാൽ അവിടെ തുടരുന്നതിന് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല. ഗൾഫ് രാജ്യങ്ങളിൽ താമസം ആക്കിയവർക്കു, അതൊരു സ്ഥിരം വാസം അല്ലാത്തതിനാൽ അവിടത്തെ സംസ്കാരം സ്വീകരിക്കേണ്ട ആവശ്യം വരുന്നുമില്ല. എന്നായാലും തിരിച്ചു കേരളത്തിൽ വരും എന്നുള്ളത് കൊണ്ട് അവർക്ക് കേരളീയ സംസ്കാരം തുടരാം.

അപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറുന്ന മലയാളികളിൽ കുറെ ആളുകളാണ് പ്രശ്നത്തിൽ.  കുറെ ആളുകൾ സംസ്കാരത്തിനൊന്നും വലിയ പ്രാധാന്യം കൊടുക്കാതെ സ്വന്തം നില നിൽപ്പിന് മാത്രം  പ്രാധാന്യം കൊടുത്തു കൊണ്ട് അവിടെ സുഖമായി ജീവിക്കുന്നു.  കുറെ ആളുകൾ  ആകട്ടെ  അവർ ജനിച്ചു വളർന്ന സംസ്കാരത്തെ കൈ വിടാൻ മനസ്സില്ലാതെ  നിൽക്കുന്നു. അവർ വളർന്ന സംസ്‌കാരം   അടുത്ത തലമുറയ്ക്ക് പകർന്നു നൽകാൻ അവർക്കാഗ്രഹമുണ്ട്. പക്ഷേ അവിടത്തെ സാഹചര്യത്തിൽ അത് സാധ്യമല്ലാതെ പോകുന്നു. അമേരിക്ക, ക്യാനഡ, ആസ്ട്രേലിയ  തുടങ്ങിയ രാജ്യങ്ങളിൽ കുടിയേറി പാർത്തവർ ആണീ വിഷമ വൃത്തത്തിൽ. അവർക്ക് നാട്ടിലേക്ക് ഒരു തിരിച്ചു വരവ് അസാധ്യമാണ്. അവരുടെ അടുത്ത തലമുറകളെല്ലാം ഇനി നാട്ടിലേക്കൊരു തിരിച്ചു പോക്കില്ലാതെ ആ രാജ്യങ്ങൾ സ്വന്തം രാജ്യങ്ങളാക്കി അവിടത്തെ പൌരന്മാർ ആയി ജീവിക്കും.

ഇവിടന്നു പോയവർ അവരുടെ ജന്മ നാടിൻറെ സംസ്കാരം പുതു തലമുറയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതാണ് പ്രശ്നം.  അവരെ മലയാളികളുമായി മാത്രം വിവാഹം നടത്തുക തുടങ്ങിയവ. പുതിയ നാട് ജന്മ ദേശം ആയി സ്വീകരിക്കാൻ തയാറായി പോയവരാണവർ. അവിടത്തെ ജീവിത രീതികളിലും സുഖ സൌകര്യങ്ങളിലും   ആകൃഷ്ടരായി പോയവർ.    പിന്നെ എന്തിന് രണ്ടു സംസ്കാരത്തിൽ കാലു ചവുട്ടി നിൽക്കണം? . 

തങ്ങളുടെ രക്ഷ കർത്താക്കളുടെ ഈ 'ഡബിൾ കൾച്ചർ' ആദ്യ തലമുറയ്ക്ക് മാത്രം അനുഭവിച്ചാൽ മതി. അടുത്ത തലമുറ ആകുമ്പോഴേക്കും കേരള സംസ്കാരവും, ആചാരങ്ങളും എല്ലാം അവരുടെ വിചാരങ്ങളിൽ നിന്നും വികാരങ്ങളിൽ നിന്നും എല്ലാം അപ്രത്യക്ഷമാകും. പിന്നെ അവിടത്തെ പോലെ ജീവിക്കാം.

അപ്പോഴും ഈ പാവപ്പെട്ട കുടിയേറ്റക്കാർ നേരിടുന്ന ഒരു യഥാർത്ഥ പ്രശ്നം ഉണ്ട്. ഒരു അന്യതാ ബോധം. ലോകം ഒരു തറവാട് എന്നൊക്കെ പറയുന്നുണ്ടെങ്കിലും അതൊക്കെ എത്ര കണ്ട് പ്രായോഗികമാകുമെന്ന്     കണ്ടറിയണം.   ഈ അന്യ നാട്ടുകാരെ  തങ്ങളുടെ നാട്ടുകാരായി  അവിടത്തുകാർ എത്ര കണ്ട് സ്വീകരിക്കും എന്നുള്ളതാണ് മറ്റൊരു പ്രശ്നം. അവർ വിവാഹം കഴിക്കാൻ തയ്യാറായാൽ  രണ്ടോ മൂന്നോ തലമുറ കഴിയുമ്പോൾ നാടിൻറെ ബന്ധം   " ഇന്ത്യൻ വംശജ/വംശജൻ'  എന്ന ലേബലിൽ അവസാനിക്കുകയും അവർ പൂർണമായി ആ നാട്ടുകാർ ആവുകയും ചെയ്യും. ഇല്ലെങ്കിൽ  അവരെന്നും അന്യരാണ്. വിവാഹത്തിനു ഒരു ഇണയെ കണ്ടെത്തുന്നത് വിദേശ  മലയാളികളുടെ ഇടയിൽ നിന്ന് തന്നെയാകും. ഇവിടത്തെ ജാതി ചിലപ്പോൾ നിർബന്ധം ആക്കിയില്ല എന്ന് വരാം.    അപ്പോൾ ഇവിടന്നു പോയവർ എല്ലാം ആ രാജ്യത്തെ, പലയിടങ്ങളിൽ ചിതറി കിടക്കുന്ന, ഒരു കുടിയേറ്റ കോളനി ആയി മാറും. ഭാഷയും ആചാരവുമെല്ലാം അവിടത്തെ സാഹചര്യത്തിന് അനുസൃതമായി മാറും, ഒരു പരിധി വരെ. എങ്കിലും കേരളീയ സംസ്കാരം എന്ന ഒരു തന്തു (ത്രെഡ്) അവർക്കിടയിൽ അദൃശ്യമായി അവരെ ബന്ധിക്കുന്നു.  അതിൽ നിന്നും അവർക്കൊരു മുക്തിയില്ല. എത്ര തലമുറ കഴിഞ്ഞാലും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ