2011, മേയ് 19, വ്യാഴാഴ്‌ച

വേദന

എരിയുന്നു   ജടരത്തില്‍ അഗ്നി
പിടയുന്നു പ്രാണന്‍.
വയറു വേദന
ഒരു ശാപം പോലെ
എന്നെ പിന്‍ തുടരുന്നു    
ഏറെ നാളായ്.

രാത്രിയില്‍ ഉറങ്ങാനാകാതെ
വേദന കൊണ്ടു പുളയുമ്പോള്‍
ശാന്തമായ് ഉറങ്ങുന്നു ഭര്‍ത്താവ്
കൌമാര സ്വപ്നം കണ്ടുറങ്ങുന്നു മകള്‍.

വേദനയില്‍ തളര്‍ന്നു
ഉറങ്ങുന്നൂ ഞാനല്‍പ്പ നേരം
പുലരും മുംമ്പ്  എണീക്കുന്നു
വേദനയും കൂടെ ഉണരുന്നു.

വേദന കടിച്ചമര്‍ത്തി
പ്രാതലും ഉച്ചയൂണും തയാറാക്കി
വീട്ടു ജോലികളെല്ലാം തീര്‍ക്കുന്നു.
കാപ്പി  കഴിച്ചു ചോറ് പൊതികളുമായി
മകള്‍ പോയി സ്കൂളിലേക്ക്
ഭര്‍ത്താവ് ഓഫീസിലേക്കും.

ഇത്രയും  ഒരുക്കി, ഇനി
സ്വയം ഒരുങ്ങണം ഓഫീസിലേക്ക്.

ഒരു നിമിഷം ആലോചിച്ചു
ആര്‍ക്കു വേണ്ടി ഞാനീ കഷ്ടപ്പെടുന്നു?
ആര്‍ക്കു വേണ്ടി ഈ വേദന  സഹിക്കുന്നു?
ജീവിതം ഇങ്ങിനെ തള്ളി നീക്കുന്നു?
ഒന്നന്വേഷിച്ചോ
ഭര്‍ത്താവും മകളും?
വേദന കുറവുണ്ടോ
എന്നൊരു ഭംഗി  വാക്കെങ്കിലും?

കരച്ചില്‍ കണ്ഠ നാളത്തില്‍ കുരുങ്ങി
ഒന്നുറക്കെ കരയാന്‍ കഴിഞ്ഞെങ്കില്‍!

ആശ്വസിപ്പിക്കാനെന്നെ
കാത്തിരിപ്പൂ ഗന്ധര്‍വന്‍
ആ കരാംഗുലികള്‍ എന്‍
മേനിയില്‍ തലോടുമ്പോള്‍
ചുണ്ടുകള്‍ ഉദരത്തില്‍  
ചുംബനം നല്കീടുമ്പോള്‍
മാസ്മര ശക്തിയാലെന്‍
വേദന അലിഞ്ഞു പോം.







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ