Friday, March 13, 2015

ബഡ്ജറ്റ്

ഇതാണോ ബഡ്ജറ്റ് ? ഇങ്ങിനെയാണോ ബഡ്ജറ്റ് അവതരിപ്പിക്കുന്നത്‌? ഇങ്ങിനെയാണോ ബഡ്ജറ്റ് അവതരിപ്പിക്കേണ്ടത്?  ജനാധിപത്യ   വ്യവസ്ഥകളെ നോക്കു കുത്തികൾ ആക്കി ക്കൊണ്ട് അവയ്ക്ക് വെറും പുല്ലു വില പോലും നൽകാതെയുള്ള  ബഡ്ജറ്റ് അവതരണം അല്ലേ ഇന്ന് കേരള നിയമ സഭയിൽ നടന്നത്?

നിയമ സഭയുടെ പൂർണ ഉത്തരവാദിത്വം സ്പീക്കർക്ക് ആണ്. ഭരണ ഘടനയുടെ ആർട്ടിക്കിൾ 178 അനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന സ്പീക്കർക്ക്  നിയമ സഭ സമ്മേളനം  ശാന്തമായി നടത്തി ക്കൊണ്ടു പോകാനുള്ള ഉത്തരവാദിത്വം ആണ് ഉള്ളത്. നിയമ സഭയുടെ നടത്തിപ്പിനുള്ള നിയമങ്ങൾ അനുസരിച്ച് നിയമ സഭയുടെ ഓരോ ദിവസത്തെയും യോഗം  ആരംഭിക്കുന്നതും അവസാനിക്കുന്നതും എല്ലാം തീരുമാനിക്കുന്നത് സ്പീക്കർ ആണ്. ആർക്കൊക്കെ സംസാരിക്കാൻ അനുവാദം നൽകണം എന്ന് തീരുമാനിക്കുന്നതും എത്ര നേരം വേണം എന്ന് തീരുമാനിക്കുന്നതും തുടങ്ങി സഭ നടത്തിപ്പിന്റെ മുഴുവൻ ഉത്തരവാദിത്വം ഭരണ ഘടന അനുസരിച്ച് സ്പീക്കറിൽ നിക്ഷിപ്തമാണ്. സഭയിൽ സ്പീക്കറെ അനുസരിക്കാനും സ്പീക്കറുടെ റൂളിംഗ് അനുസരിച്ച് പെരുമാറാനും എല്ലാ അംഗങ്ങളും ബാധ്യസ്ഥരാണ്.മുഖ്യ മന്ത്രിയും മന്ത്രിമാരും ഉൾപ്പടെ എല്ലാവരും. പ്രതി പക്ഷമോ മറ്റോ കൊണ്ട് വരുന്ന പ്രമേയങ്ങൾ നിരസിക്കാനും സ്പീക്കർക്ക് അധികാരമുണ്ട്‌.അതായത് സ്പീക്കർ ആണ് സഭയുടെ അവസാന വാക്ക്.

ഇത്രയും അധികാരം ഉള്ള സ്പീക്കർ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കാരൻ ആണ് എങ്കിലും സ്പീക്കർ സ്ഥാനത്ത് എത്തിയാൽ പൂർണമായും നിഷ്പക്ഷമായിട്ടാണ് പ്രവർത്തിക്കേണ്ടത്.ഭരണ പക്ഷവും പ്രതി  പക്ഷവും എന്ന വേർ തിരിവില്ലാതെ നിയമ പ്രകാരം മാത്രമാണ്  പ്രവർത്തിക്കേണ്ടത്. പിന്നെ എന്തിന് എല്ലാ സഭയിലും ഭരണ കക്ഷിക്കാരൻ മാത്രം എക്കാലവും സ്പീക്കർ ആകുന്നു എന്നത് ഒരു ചോദ്യം ആണ്. ഭരണ പക്ഷത്തിനു ഭൂരി പക്ഷം ഉള്ളത് കൊണ്ട് എന്ന് പറയാമെങ്കിലും ആ ഭൂരി പക്ഷം ഉപയോഗിച്ച് ഒരു പ്രതിപക്ഷ ക്കാരനെ എന്തു കൊണ്ട് ചരിത്രത്തിൽ ഇന്നേ വരെ സ്പീക്കർ ആകിയിട്ടില്ല എന്നത് ഭരണ പക്ഷത്തിനു അനുകൂലമായി സ്പീക്കർ നിൽക്കും എന്ന് വായിക്കാമോ? അത് ഭരണ ഘടനാ വിരുദ്ധം ആകില്ലേ?

കേരള നിയമ സഭയിൽ 13 തീയതി തന്നെ ബഡ്ജറ്റ് അവതരിപ്പിക്കും എന്ന് 
ധന മന്ത്രി കെ.എം. മാണി പറയുന്നു. മുഖ്യ മന്ത്രി ഉമ്മൻ  ചാണ്ടി ഏറ്റു പറയുന്നു. എല്ലാ മന്ത്രിമാരും ഭരണ കക്ഷി എം.എൽ.എ. മാരും ഏറ്റു പറയുന്നു. കോഴ വാങ്ങി എന്ന കേസിൽ പ്രതി ആയിരിക്കുന്ന  കെ.എം. മാണി യെ ഒരു കാരണ വശാലും നിയമ സഭയിൽ ബഡ്ജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ല എന്ന് പ്രതി പക്ഷവും ഉറച്ചു നിൽക്കുന്നു. ഇതാണ്‌ അവസ്ഥ.
ഓരോരുത്തരും പുതിയ സമര തന്ത്രങ്ങളും ഉപായങ്ങളും ആസൂത്രണം ചെയ്യുന്നു. സഭയിൽ മാണിയെ പ്രവേശിക്കാൻ അനുവദിക്കില്ല എന്ന് പറഞ്ഞ് സമരക്കാർ നിയമ സഭ വളയാൻ ഒരുങ്ങുന്നു.

ഇനിയാണ് കേരള നിയമസഭയുടെ അധ്യക്ഷൻ ആയ  ബഹുമാനപ്പെട്ട  സ്പീക്കറുടെ, ചുമതലയും ഉത്തരവാദിത്വവും പ്രാവർത്തികം ആക്കേണ്ട സന്ദർഭം വരുന്നത്. ഇവിടെയാണ്‌ സാധാരണ ജനങ്ങൾ സ്പീക്കറുടെ നേരേ പ്രതീക്ഷയോടെ നോക്കുന്നത്. ആ അദ്ധ്യക്ഷനിൽ നിന്നും ചില ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ പ്രതീക്ഷിക്കുന്നത്.

12 ആം തീയതി സഭ പിരിഞ്ഞതിനു ശേഷം പ്രതിപക്ഷ നിയമ  സഭാംഗങ്ങൾ സഭ  വിടാതെ അവിടെ തുടരുന്നു. അത് കണ്ട് ഭരണ കക്ഷി അംഗങ്ങളും, മുഖ്യ മന്ത്രിയും, ധന മന്ത്രിയും   മന്ത്രി മാരും ഉൾപ്പടെ,നിയമ സഭയിൽ രാത്രി മുഴുവൻ  കഴിയുന്നു. എല്ലാവരും  രാത്രി നിയമ സഭയിൽ   കഴിയുന്നത്‌  അനുവദനീയമാണോ?  ആരാണ് അതിന് അനുമതി നൽകിയത്?  അങ്ങിനെ അനുമതി നൽകാൻ എന്താണ് കാരണം? ഏത് നിയമം അനുസരിച്ചാണ്? അനുമതി നൽകിയില്ല  എന്നാണെങ്കിൽ ബലാൽക്കാരം ആയി അവർ  സഭ കയ്യേറിയത് ആണോ? അങ്ങിനെ യെങ്കിൽ  അവരെ എന്തു കൊണ്ട് ഒഴിപ്പിച്ചില്ല?  അതോ ഇതൊന്നും സ്പീക്കർ അറിഞ്ഞില്ല എന്നാണോ?

രാവിലെ സ്പീക്കർ സഭയിൽ എത്തുന്നതിനു മുൻപ് തന്നെ സഭ പ്രക്ഷുബ്ധമായിരുന്നു.പ്രതി പക്ഷ - ഭരണ പക്ഷ   എം.എൽ.എ. മാർ യഥാക്രമം,  തടയാനും തടയുന്നതിനെ തടയാനും തയ്യാറായി നിൽക്കുന്ന രംഗം ആയിരുന്നു.  നിയമ സഭയുടെ ക്യാമറയിൽ സ്പീക്കർ ഇതു കണ്ട്  കാണുമല്ലോ. കെ.എം. മാണി ഏതോ രഹസ്യ വഴിയിലൂടെ അകത്തു കടക്കുകയും ചെയ്തു. അവിടത്തെ സ്ഥിതി നിയന്ത്രണാതീതം ആയിരുന്നു എന്നത് സ്പീക്കർ കണ്ടു കാണുമല്ലോ. ഇത്രയും കലുഷിതമായ അന്തരീക്ഷത്തിൽ നിയമ സഭ പിരിച്ചു വിടാഞ്ഞത് എന്താണ്? പല സന്ദർഭങ്ങളിലും ഇങ്ങിനെയുള്ള സമയത്ത് തൽക്കാലമൊ അന്നത്തെയ്ക്കോ സഭ പിരിച്ചു വിട്ട കീഴ്വഴക്കം ഇതേ നിയമ സഭയിൽ നൂറു കണക്കിന് ഉണ്ടായിട്ടുണ്ടല്ലോ.

 സ്പീക്കർക്ക് അദ്ദേഹത്തിൻറെ മുറിയിൽ നിന്നും ഡയസിൽ എത്താൻ കഴിഞ്ഞില്ലല്ലോ. അവിടെ എത്താതെ എങ്ങിനെയാണ് സഭ വിളിച്ചു കൂട്ടുന്നത്‌?  സാധാരണ സ്പീക്കർ സ്പീക്കറുടെ കസേരയിൽ ഇരിക്കുന്നു. അംഗങ്ങൾ ആദര സൂചകമായി എഴുനേൽക്കുന്നു. സഭായോഗം  തുടങ്ങുന്നു. ഈ സഭയുടെ ഇന്ന് വരെയുള്ള കീഴ് വഴക്കം അതായിരുന്നല്ലോ. അതിൽ നിന്നും എന്തു കൊണ്ട് വ്യത്യസ്ഥമായി ഈ ഒരു ദിവസം മാത്രം?

ഡയസിൽ എത്താതെ എവിടെ നിന്നോ ബട്ജറ്റ് അവതരിപ്പിക്കാൻ വിളിച്ചു പറഞ്ഞ് അനുവാദം കൊടുക്കുകയും, വിളിച്ചു പറഞ്ഞത് കേട്ട് കാണുമോ എന്ന സംശയത്തിൽ കൈകൊണ്ട് അവതരിപ്പിച്ചോ എന്ന് ആംഗ്യം കാട്ടുകയും ചെയ്തു എന്നാണല്ലോ സ്പീക്കർ പറയുന്നത്. അതിനർത്ഥം സ്ഥിതി നിയന്ത്രണ വിധേയം ആയിരുന്നില്ല എന്നും സഭയുടെ നാഥന് സ്വന്തം ഇരിപ്പിടത്തിൽ പോലും എത്താൻ കഴിയാത്ത വിധം സംഘർഷാവസ്ഥ നിലവിലുണ്ടായിരുന്നു എന്നുമാണല്ലോ. അങ്ങിനെ ഉള്ള അവസരത്തിൽ എന്തിന് ബട്ജറ്റ്  അവതരണത്തിന് അനുമതി   നൽകി എന്നത് ജനങ്ങളോട് പറയാൻ സ്പീക്കർ ബാധ്യസ്ഥനല്ലേ?

ബട്ജറ്റ് എന്നത് സംസ്ഥാനത്തിന്റെ ഒരു വർഷത്തെ ഭാവി നിശ്ചയിക്കുന്ന ഒരു പ്രമാണം ആണ്. സംസ്ഥാനത്തെ ജനങ്ങൾ നൽകേണ്ട നികുതി നിശ്ചയിക്കുന്ന രേഖ ആണ്. ഇത്രയും വലിയ ഒരു രേഖ ആണ് ആൾ ക്കൂട്ടത്തിന് ഇടയിൽ നിന്നും മുഴങ്ങുന്ന ആരവങ്ങൾക്കിടെ  ആർക്കും കേൾക്കാനാകാതെ രണ്ടോ മൂന്നോ വരി വായിച്ച് കെ. എം.മാണി ബട്ജറ്റ് അവതരിപ്പിച്ചു എന്ന് വിജയ ഭേരി മുഴക്കിയത്.  ജനങ്ങൾക്ക്‌ വേണ്ടിയുള്ള ഈ ബട്ജറ്റ് ആണ് ഇങ്ങിനെ അവതരിപ്പിച്ച് ഭരണ കക്ഷി വിജയം ആഘോഷിക്കുന്നത്.

അങ്ങിനെയൊക്കെ ഉള്ള വളരെ പ്രധാന പ്പെട്ട ഒരു സംഭവത്തിനു ആണ് ആൾ ക്കൂട്ടത്തിൽ നിന്ന് ആംഗ്യം കാട്ടി അനുമതി നൽകി എന്ന് വിജയാഹ്ലാദത്തോടെ സ്പീക്കർ പറയുന്നത്.

 ഉമ്മൻ ചാണ്ടിക്കും കൂട്ടർക്കും 13 തീയതിയിലെ ബട്ജറ്റ് അവതരണം ഒരുഅഭിമാന  പ്രശ്നം ആയിരിക്കാം. പക്ഷെ സ്പീക്കർക്ക് അങ്ങിനെ ആയിക്കൂടല്ലോ..

6 comments:

 1. പൊതുജനമാണോ ,,അതോ പൊതുജനം തിരഞ്ഞടുത്ത ഇവരാണോ കഴുത ?? --- നല്ല പ്രതികരണം

  ReplyDelete
  Replies
  1. ആകെ ഒരു കണ്‍ഫ്യുഷൻ ഫൈസൽ ബാബു

   Delete
 2. നിയമസഭയോ...???? അംഗനവാടിയാണത്..
  ഒരു വര്‍ഷം പറഞ്ഞുചിരിച്ചാലും തോരാത്ത കോമഡി സീനുകളല്ലേ അരങ്ങേറിയത്.. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഓര്‍ത്ത് ലജ്ജിക്കുന്നു...

  ReplyDelete
  Replies
  1. ദിവ്യ, ലജ്ജിച്ചാൽ മാത്രം പോരാ. ഇവരെ ഇനി ഒരു കാരണവശാലും നിയമസഭയിൽ എത്തിയ്ക്കില്ല എന്ന് നമ്മൾ,ജനങ്ങൾ തീരുമാനിക്കണം.

   Delete
 3. നിയമം ഇല്ലാത്ത സഭാധികാരിയും കൂട്ടാളികളും

  ReplyDelete
  Replies
  1. നാട് കുട്ടി ച്ചോറാക്കും

   Delete