2016, ഫെബ്രുവരി 16, ചൊവ്വാഴ്ച

സുവർണ കാലം

ഉമ്മൻ ചാണ്ടിയുടെ കഴിഞ്ഞ അഞ്ചു വർഷ ഭരണം കേരളത്തിന്റെ സുവർണ കാലഘട്ടം ആണത്രേ.

ഇത് കേട്ട് ചിരിക്കണോ കരയണോ എന്നറിയാതെ സ്വന്തം വിധിയെ പഴിച്ചു വിഷണ്ണരായി നിൽക്കുകയാണ് ജനം.   രാജ്യത്ത്  ഉണ്ടായ  സർവതോന്മുഖമായ വികസനവും പുരോഗതിയും ജനങ്ങളുടെ മാനസിക സന്തോഷവും ഒക്കെക്കൂടി   കണക്കിലെടുത്താണ് സുവർണ കാലം എന്ന  വിശേഷണം ആ കാലഘട്ടത്തിനു നൽകുന്നത്.  ഭരണാധികാരിയുടെ കഴിവും പ്രാഗത്ഭ്യവും ഭരണ പാടവവും സർവോപരി ജീവ ജാലങ്ങൾക്ക് നന്മ ചെയ്യണമെന്നുള്ള മഹത്തായ ആഗ്രഹവും ആണ് സുവർണ കാലം എന്ന് പറയുന്ന  സദ്‌ ഭരണത്തിന്റെ പിന്നിൽ വരുന്ന ശക്തി.

അത്തരമൊരു മഹാനായ ഭരണാധികാരി ആയാണ് ഉമ്മൻ ചാണ്ടിയെ  അവതരിപ്പിച്ചിരിക്കുന്നത്. ഇത് പറയാൻ ചരിത്രകാരന്മാർ ആരും ഇല്ല.   ഉമ്മൻ ചാണ്ടി തന്നെ   സ്വയം ആ ജോലി ഏറ്റെടുത്തതാണ്, തന്റെ ഭരണ കാലം സുവർണ കാലം ആയിരുന്നുവെന്ന് പറയാൻ. 

എന്തൊക്കെ പറഞ്ഞാലും അഴിമതിയ്ക്കു  ഇതൊരു സുവർണ കാലഘട്ടം തന്നെ ആയിരുന്നു എന്നതിൽ പ്രതിപക്ഷത്തിന് പോലും ഒരു എതിരഭിപ്രായം ഉണ്ടാവാൻ വഴിയില്ല. മുഖ്യ മന്ത്രി തൊട്ട് താഴോട്ടു മിയ്ക്കവാറും എല്ലാ മന്ത്രിമാരുടെയും  പേരിൽ നല്ല യമണ്ടൻ  അഴിമതി ആരോപണങ്ങൾ  വന്നു കഴിഞ്ഞു. കോടികളുടെ.  ബട്ജറ്റ് വിറ്റു കാശുണ്ടാക്കുന്നു. ബാറുകൾ അടച്ചും തുറന്നും കാശുണ്ടാക്കുന്നു. കോടികൾ കൈക്കലാക്കുന്നു. അധ്യാപകരുടെയും ഡോക്ടർമാരുടേയും സ്ഥലം മാറ്റത്തിന് വരെ കോഴ വാങ്ങുന്ന മന്ത്രിമാർ.  ഒരു മന്ത്രി, മാണി, അഴിമതി ആരോപണത്തിൽ മുങ്ങി  രാജി വച്ചു കഴിഞ്ഞു. അടുത്ത  മന്ത്രി ബാബു രാജിയും പോക്കറ്റിലിട്ടു നടക്കുകയാണ്. ഏതു നിമിഷവും അത് സംഭവിക്കാം. ഇതു പോക്കറ്റിലാ രാജി എന്ന് കണ്ടു പിടിക്കുകയെ വേണ്ടൂ. ഇനി അത് ചാണ്ടിയുടെ പോക്കറ്റിൽ ആണോ എന്നും സംശയമുണ്ട്‌.  രമേശ്‌ ചെന്നിത്തലയ്ക്കും ശിവകുമാറിനും   പണം കൊടുത്തു എന്ന് ബാർ ഉടമകൾ പറഞ്ഞു കഴിഞ്ഞു. ഇനിയും മന്ത്രിമാരുടെ പേരുകൾ പുറത്തു വരും എന്നാണു പറയുന്നത്. മുഖ്യ മന്ത്രി പറഞ്ഞിട്ടാണ് ഇവർക്കൊക്കെ കോഴ നൽകിയത് എന്നാണു കൊടുത്ത ആൾ പറയുന്നത്. മുഖ്യ മന്ത്രിയ്ക്ക് എത്ര എത്തി എന്നതിന്റെ കണക്ക് പുറത്തു വന്നിട്ടില്ല. 

മുഖ്യ മന്ത്രിയെ അങ്ങിനെ കുറച്ചു കാണേണ്ട. ബാർ കോഴയിൽ അദ്ദേഹത്തിന് എത്ര കിട്ടി എന്ന് പുറത്തു വന്നിട്ടില്ല.  അദ്ദേഹത്തിന്റെ സ്വന്തം അഴിമതി ആയ  സോളാർ അഴിമതിയുടെ കണക്കു വന്നിട്ടുണ്ട്. 1 കോടി 70 ലക്ഷം ചാണ്ടിയ്ക്ക് നൽകിയതായി സരിത ജുഡിഷ്യൽ കമ്മീഷന് മുൻപിൽ മൊഴി നൽകിയിട്ടുണ്ട്. കൂടാതെ മന്ത്രി  ആര്യാടൻ  മുഹമ്മദിനും ലക്ഷങ്ങൾ നൽകിയിട്ടുണ്ട് എന്ന് പറയുന്നു. ബാറിലും സോളാറിലും ആയി മുഖ്യ മന്ത്രി ഉൾപ്പടെ മൊത്തം 6 മന്ത്രിമാരുടെ പേരുകൾ ഇതേ വരെ അഴിമതിയിൽ വന്നിട്ടുണ്ട്. ഇതിന്റെ തന്നെ കൂടുതൽ  കണക്കുകൾ ഇനിയും പുറത്തു വരാനുണ്ട്. അഴിമതിയുടെ കാര്യത്തിൽ ചാണ്ടിയുടെ ഭരണം ഒരു സുവർണ കാലം തന്നെയായിരുന്നു എന്ന് നമുക്ക് സമ്മതിക്കേണ്ടി വരും.

സരിതയെ കോൺഗ്രസ്സുകാർ ആരും വിശ്വസിക്കുന്നില്ല. അവർ എന്ത് പറഞ്ഞാലും ഉടനെ കോൺഗ്രസ്സുകാർ പറയും അവർ ക്രിമിനൽ ആണ്. 38 തട്ടിപ്പ് കേസിലെ പ്രതി ആണ് എന്നൊക്കെ. ഇതേ സരിത പറഞ്ഞ, എൽ.ഡി.എഫ്. 10 കോടി ഓഫർ ചെയ്തു എന്ന പഴയ മൊഴി ചാണ്ടി അടക്കം എല്ലാ കോൺഗ്രസ്സുകാർക്കും വേദ വാക്യം ആണ്. 

ഇതിനൊപ്പം സ്ത്രീ വിഷയത്തിലും, പുറത്തു വന്ന രേഖകളും കത്തിന്റെ ഭാഗങ്ങളും സത്യമാണെങ്കിൽ, ഇതൊരു സുവർണ കാലഘട്ടം ആയിരുന്നു. മന്ത്രിമാർ,എം.എൽ.എ. മാർ, എം.പി.മാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർക്ക്  മദിരാക്ഷി വിഷയത്തിൽ തെളിഞ്ഞ കാലം.

 ഒരേ ഒരു കാര്യം കൂടി 14 മണിക്കൂർ ഒരു അഴിമതി അന്വേഷണ കമ്മീഷന് മുൻപിൽ മൊഴി നൽകിയ മുഖ്യ മന്ത്രി കേരളത്തിന്‌ അഭിമാനം അല്ലേ? ( 14 മണിക്കൂർ കള്ളം പറഞ്ഞു എന്നും എതിരാളികൾ  പറയുന്നു. അങ്ങിനെയെങ്കിൽ അത് ഗിന്നസ് റിക്കോർഡ് തന്നെ ആയിരിക്കും.)

7 അഭിപ്രായങ്ങൾ:

  1. ഉമ്മൻ ചാണ്ടി ചരിത്രത്തിൽ സുവർണ്ണലിപികളിൽ രേഖപ്പെടുത്തേണ്ട മഹാനായ നേതാവായി കണക്കാക്കണം..

    മറുപടിഇല്ലാതാക്കൂ
  2. ഉമ്മൻ ചാണ്ടിയുടെ കഴിഞ്ഞ അഞ്ചു വർഷ ഭരണം താനടക്കം കേരളത്തിലെ മന്ത്രിമാരുടെയൊക്കെ സുവർണ കാലഘട്ടം (കോഴപ്പണം കൊണ്ട് സ്വർണ്ണം വാങ്ങി കൂട്ടിയ കാലഘട്ടം )എന്നാണ് മൂ‍പ്പിലാൻ ഉദ്ദേശിച്ചത്

    മറുപടിഇല്ലാതാക്കൂ
  3. മുഖ്യ മന്ത്രി മഹാൻ തന്നെ...ആരോപണ വിധേയരായ മന്ത്രിമാരെ ഇത്രയും കാലം സംരക്ഷിച്ചല്ലോ......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പിന്നെ യുനൈസ് 14 മണിക്കൂർ ഒറ്റയിരിപ്പിൽ കള്ളം പറഞ്ഞില്ലേ .

      ഇല്ലാതാക്കൂ
  4. എന്തൊക്കെയായാലും സമ്മതിക്കണം.......

    മറുപടിഇല്ലാതാക്കൂ