Saturday, October 15, 2016

ചിറ്റപ്പന്റെ രാജി

ഗത്യന്തരമില്ലാതെ മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടി വന്ന ജയരാജന് ഒരു ത്യാഗി, രക്തസാക്ഷി പരിവേഷം നൽകാനുള്ള തീവ്ര യത്നത്തിലാണ് മാർക്സിസ്റ് പാർട്ടി. ജയരാജന്റെ രാജി അറിയിച്ചു കൊണ്ടുള്ള കോടിയേരിയുടെ  പത്ര സമ്മേളനത്തിൽ അതിനുള്ള യജ്ഞങ്ങൾ തുടങ്ങി. തെറ്റ്  ചെയ്തത് ഏറ്റു പറഞ്ഞു, ധാർമിക മൂല്യം ഉയർത്തി പ്പിടിച്ചു ജയരാജൻ രാജി സന്നദ്ധത പാർട്ടിയെ അറിയിച്ചു എന്നൊക്കെയാണ്  കോടിയേരി പറഞ്ഞത്.  പാർട്ടിയാകട്ടെ വീണ്ടും പാർട്ടിയുടെ  വകയായി കുറച്ചു ധാർമികത കൂടി  ചേർത്ത്  ഉയർത്തിപ്പിടിച്ചു  രാജി സ്വീകരിച്ചു എന്നും  കോടിയേരി പറഞ്ഞു. ജയരാജനും പിണറായിക്കും  പാർട്ടിക്കും  ധാർമികത  ഉയർത്തി പിടിക്കാൻ 9 ദിവസം വേണ്ടി വന്നു എന്നതാണ്  അത്ഭുതം. സംഭവം പുറത്തു വന്ന ദിവസം ജയരാജൻ പറഞ്ഞത് തന്റെ ബന്ധുക്കൾ പലയിടത്തും കാണും, അതിനെന്തു വേണം എന്നാണ്. പിന്നെ 9  ദിവസം കൊണ്ടാണ് ജയരാജനും പാർട്ടിക്കും ധാർമികത വളർന്നത്.

ഇതിനിടെ കൂനിന്മേൽ കുരു എന്നത് പോലെ വിജിലൻസ് കേസും എടുത്തു. വെട്ടിലായത് വിജിലൻസ് ഡയറക്ടർ ആണ്. കേസെടുത്താൽ പിണറായി പിണങ്ങും. അത് കൊണ്ട് ഈ 9 ദിവസവും അതിന്റെ നിയമ വശങ്ങൾ ചർച്ച ചെയ്യൽ ആയിരുന്നു. ചർച്ച- ചർച്ച- ചർച്ച തന്നെ. അവസാനം പിണറായിയെ കണ്ടു കാര്യം പറഞ്ഞു. പിണറായി നോക്കിയപ്പോൾ ജയരാജനെ ഒതുക്കാൻ വിജിലൻസ് തന്നെ ഒരവസരം. അങ്ങിനെ യെസ് പറഞ്ഞു. അതോടെ ജയരാജനും പാർട്ടിയും  ധാർമികത ഉയർത്തിപ്പിടിച്ചു. ജേക്കബ് തോമസിന്റെ നീക്കം വളരെ ബുദ്ധിപരം ആയിരുന്നു. പിണറായിയുടെ അനുവാദം ഇല്ലാതെ കേസ് എടുത്താൽ എന്തെങ്കിലും കേസോ കാര്യമോ പറഞ്ഞു ജേക്കബ് തോമസിനെ ഒഴിവാക്കും. മാണിയെയും  ബാബുവിനെയും  ഒന്ന് നിരപ്പാക്കാൻ അവസരം കിട്ടാതെ പോകും. ഇത് അൽപ്പം നാണം കേട്ടെങ്കിലും കാര്യം സാധിച്ചെടുത്തല്ലോ.

മീഡിയ ആണ്  ജയരാജനെയും പാർട്ടിയെയും രാജിക്ക് നിർബ്ബന്ധിതരാക്കിയത്. സോഷ്യൽ മീഡിയ അത്  തുടങ്ങി വച്ചു. ഒന്ന് രണ്ടു ചാനൽ  അത് ഏറ്റെടുത്തു. മടി കാണിച്ച നിന്ന ചാനലുകളും ചർച്ച തുടങ്ങാൻ നിർബ്ബന്ധിതരായി. അങ്ങിനെ എല്ലാ ചാനലുകളും നിരന്തരം ഇത് വിഷയമാക്കി. ഈ 9 ദിവസവും അന്തി ചർച്ച ഈ വിഷയം ആയിരിക്കുന്നു. സംഭവം ലോകം മുഴുവൻ അറിഞ്ഞു. ചർച്ചകളിൽ മാർക്സിസ്റ് പാർട്ടിയുടെ, ഇടിച്ചു കയറി ചെന്ന് അട്ടഹാസം മുഴക്കുന്ന സ്ഥിരം കക്ഷികൾ ആരും ചെന്നില്ല. പാർട്ടിയുടെ പുറകെ നടക്കുന്ന, ഇടതു ചിന്തകൻ എന്നൊക്കെ പേര് ചാർത്തി വാങ്ങിയ ചില പാവങ്ങൾ മാത്രമാണുണ്ടായിരുന്നത്. അവരാകട്ടെ ഒന്നും  മിണ്ടാനാകാതെ ഇരുന്നു. ഏതായാലും ഇനിയും താങ്ങാൻ കഴിയില്ല എന്നൊരു നില വന്നപ്പോൾ രാജി എന്ന കാര്യം സംഭവിച്ചു. ട്രോൾ കൊണ്ടും അഭിപ്രായം കൊണ്ടും സോഷ്യൽ മീഡിയ നടത്തിയ ഒരു ഉത്സവം ആയിരുന്നു ചിറ്റപ്പന്റെ ജോലി കൊടുപ്പ്. ന്യു ജെൻ ഭാഷയിൽ പറഞ്ഞാൽ സോഷ്യൽ മീഡിയയുടെ ഒരു പൊങ്കാല.  ആറ്റുകാൽ പൊങ്കാലയെക്കാൾ ഭീമമായ പൊങ്കാല.

മീഡിയ കൊണ്ടാണ് ഇതൊക്കെ സംഭവിച്ചത് എന്ന് പറഞ്ഞാൽ അതിനെ ചോദ്യം ചെയ്യുന്നവരും  ഉണ്ടാകും. 9 ദിവസത്തെ യുദ്ധം കൊണ്ട് ഒരു മന്ത്രി രാജി വച്ച് എന്ന് പറയുകയാണെങ്കിൽ  സോളാർ, സരിത, ബാർ കോഴ ഇങ്ങിനെ ഡസൻ കണക്കിന് അഴിമതിക്കേസുകളെ  കഴിഞ്ഞ 5  വർഷം തുടർച്ചയായി ചാനലുകളും ജനവും സോഷ്യൽ മീഡിയകളും ചർച്ച ചെയ്തിട്ടും ഒരു മന്ത്രി പോലും രാജിവച്ചില്ലല്ലോ എന്നൊരു മറു ചോദ്യം ഉണ്ടാവുക സ്വാഭാവികം. അന്ന് വിജിലൻസ് എന്നാൽ ഉമ്മൻ ചാണ്ടിയുടെ ഭൃത്യന്മാർ ആയിരുന്നു. ആര്  എങ്ങിനെയൊക്കെ തലകുത്തി നിന്നാലും വിജിലൻസ് ഒരു നടപടിയും എടുക്കില്ല. അത് മാത്രമല്ല കേസൊന്നും ഇല്ല എന്നും പറയും. പോലീസും അത് പോലെ തന്നെ.  ഇവിടെ സംഭവിച്ചത് യു.ഡി.എഫ്. നേതാക്കളെ പിടിക്കാൻ ജേക്കബ് തോമസിനെ അഴിച്ചു വിട്ടു. ജയരാജന് വേണ്ടി തിരിച്ചു പിടിച്ചു കെട്ടാൻ അൽപ്പം ബുദ്ധിമുട്ട് ആയി. കോടതികളും ഇടപെടും. അങ്ങിനെ വെട്ടിലായതാണ് പിണറായി. ഏതായാലും ഒരാൾ പോയി. ഇനി പഴയ യു.ഡി.എഫ്. നിയമനങ്ങളും അന്വേഷണത്തിൽ വരുന്നു. കാത്തിരുന്നു കാണാം.

5 comments:

 1. സംഭവം പുറത്തു വന്ന ദിവസം ജയരാജൻ പറഞ്ഞത് തന്റെ ബന്ധുക്കൾ പലയിടത്തും കാണും, അതിനെന്തു വേണം എന്നാണ്. പിന്നെ 9 ദിവസം കൊണ്ടാണ് ജയരാജനും പാർട്ടിക്കും ധാർമികത വളർന്നത്.
  ഇനി ഈ പരമശുംഭനെ ഒരു സ്വാതന്ത്ര്യസമരസേനാനി കൂടിയാക്കിയാൽ എല്ലാം തികഞ്ഞു.

  ReplyDelete
  Replies
  1. എന്നിട്ടു പെൻഷനും കൊടുക്കണം. അകത്തിരിക്കുന്ന ഉണ്ടായ്ക്കു പ്രധ്യേക പെൻഷനും

   Delete
 2. വീട്ടിലും നാട്ടിലും പ്രശ്നായി... ഇനിയെന്ത് ചെയ്യോ ആവോ?

  ReplyDelete
  Replies
  1. അതൊക്കെ ശരിയാക്കി എടുക്കും മുബീ

   Delete
 3. അന്ന് വിജിലൻസ് എന്നാൽ ഉമ്മൻ
  ചാണ്ടിയുടെ ഭൃത്യന്മാർ ആയിരുന്നു. ആര് എങ്ങിനെയൊക്കെ തലകുത്തി നിന്നാലും വിജിലൻസ്
  ഒരു നടപടിയും എടുക്കില്ല. അത് മാത്രമല്ല കേസൊന്നും
  ഇല്ല എന്നും പറയും. പോലീസും അത് പോലെ തന്നെ. ഇവിടെ സംഭവിച്ചത് യു.ഡി.എഫ്. നേതാക്കളെ പിടിക്കാൻ ജേക്കബ് തോമസിനെ
  അഴിച്ചു വിട്ടു. ജയരാജന് വേണ്ടി തിരിച്ചു പിടിച്ചു കെട്ടാൻ അൽപ്പം ബുദ്ധിമുട്ട് ആയി.
  കോടതികളും ഇടപെടും. അങ്ങിനെ വെട്ടിലായതാണ് പിണറായി.

  ReplyDelete