Monday, October 24, 2016

ആദിവാസി


"നാലെണ്ണം മരണപ്പെട്ടിട്ടുണ്ട്......ഒന്ന് അബോർഷൻ ആണ്.  ..മറ്റൊന്നിന് വാൽവിന്റെ തകരാർ..."

''നാല്  പട്ടി ചത്തിട്ടുണ്ട്'' എന്ന് പറയുന്ന ലാഘവത്തോടെ ആണ് ഈ പറയുന്നത്. പക്ഷേ പട്ടിയേയോ പന്നിയെയോ കുറിച്ചല്ല ഈ പറയുന്നത്. മനുഷ്യരെ കുറിച്ച് തന്നെയാണ്. പറഞ്ഞത്  സാധാരണക്കാരൻ അല്ല. ഭരണഘടനാ പദവിയിൽ ഇരിക്കുന്ന കേരളത്തിലെ ഒരു മന്ത്രി. പറഞ്ഞ സ്ഥലമോ? നിയമ സഭ.  

അട്ടപ്പാടിയിലെ ശിശു മരണത്തെ കുറിച്ചാണ് പറഞ്ഞത്. പിറന്നു വീണ നാല് പിഞ്ചു കുഞ്ഞുങ്ങളെ ആണ് "നാലെണ്ണം" എന്ന് വിശേഷിപ്പിച്ചത്. മനുഷ്യ കുഞ്ഞുങ്ങൾ ആണെങ്കിലും ആദിവാസികൾ അല്ലേ? പിന്നെന്തിനു മാന്യമായി പറയണം?

 മനുഷ്യർ  ആണെങ്കിലും വോട്ട് ബാങ്ക് ആല്ലാത്തതു കൊണ്ട് ആദിവാസികളെ ക്കുറിച്ചു  ഇങ്ങിനെയൊക്കെ പറഞ്ഞാൽ മതി. ആദിവാസികളുടെ നാടായ കാട് മുഴുവൻ നമ്മൾ കയ്യേറി. ഇങ്ങു നാട്ടിൽ അവനു സൗകര്യം ഒരുക്കാനും തയ്യാറല്ല. അങ്ങിനെ കാടും നാടും ഇല്ലാതെ സ്വന്തം ഭൂമിയിൽ തന്നെ അന്യനായി നിൽക്കുന്ന ഒരു കൂട്ടം മനുഷ്യരാണ് ആദിവാസികൾ. അവർ സംഘടിതരല്ല. പരാതികളും പരിവേദനങ്ങളും പറയാൻ ശക്തരല്ല.സർവോപരി അവർ വോട്ട് ബാങ്ക് അല്ല.

 ജനാധിപത്യ ഭരണ കൂടങ്ങൾ വന്ന കാലം മുതൽ ഇവിടെ പട്ടിക ജാതി പട്ടിക വർഗ വകുപ്പും മന്ത്രിയും ഉണ്ട്. ആ വിഭാഗത്തിൽ നിന്നുമുള്ള ഒരാളെ തന്നെ മന്ത്രിയാക്കാൻ ഇടതും വലതും മുന്നണികൾ ശ്രദ്ധിക്കാറുണ്ട്. മന്ത്രിയായി ക്കഴിഞ്ഞാൽ താൻ ഏത് ജാതി/ വർഗ്ഗത്തിൽ നിന്നാണ് വന്നത് എന്നും അവർക്കു വേണ്ടി എന്തെങ്കിലും ചെയ്യാനാണ് മന്ത്രി ആയത് എന്നും സൗകര്യ പൂർവം  മറക്കുന്ന ആളുകൾ.

അധിക്ഷേപം മന്ത്രി അവിടെയും നിർത്തിയില്ല. അദ്ദേഹം തുടർന്നു...

 "നാലെണ്ണം മരണപ്പെട്ടിട്ടുണ്ട്. അത് പോഷകാഹാരക്കുറവ് കൊണ്ടല്ല. ഒന്ന്  അബോർഷനാണ്.അബോർഷനെന്നു   പറഞ്ഞാൽ  നിങ്ങളുടെ കാലത്തു ഗർഭിണിയായത്.ഇപ്പോഴാണ് ഡെലിവറി ആയത്. അതിനു ഞാൻ ഉത്തരവാദി അല്ല.മറ്റൊന്നിനു വാൽവിന്റെ  തകരാറ്.   അത് ഗർഭിണിയായതും നിങ്ങളുടെ കാലത്താണ്.ഇപ്പോഴാണ് പ്രസവിച്ചത്. അതിനും ഞാൻ ഉത്തരവാദിയല്ല."

ആദിവാസി സ്ത്രീകൾ ഗർഭം ധരിക്കുന്നതിനെ കുറിച്ച് എത്ര അവജ്ഞയോടും പുശ്ചത്തോടും പരിഹാസ പൂർവവും ആണ് പറയുന്നത്  നോക്കൂ. യു.ഡി.എഫ്.  കാലത്തെ ഗർഭമാണ് അത് കൊണ്ട് എൽ.ഡി.എഫ്. മന്ത്രി ഉത്തരവാദി അല്ല എന്ന്! മറ്റൊരു സമുദായത്തെ ക്കുറിച്ചാണെങ്കിൽ ഇങ്ങിനെ പരിഹസിക്കുമോ? അതും ആദിവാസി ക്ഷേമത്തിന് വേണ്ടിയുള്ള മന്ത്രി.

ഈ പരിഹാസവും ആക്ഷേപവും കേട്ട് മന്ത്രിയെ കയ്യടിച്ചു അഭിനന്ദിക്കാനും  ഡെസ്‌ക്കിലടിച്ചു പ്രോത്സാഹിപ്പിക്കാനും  ഭരണ പക്ഷത്തെ എം.എൽ.എ. മാർ.ഇത്രയും കേട്ടിട്ടും ഇത്ര നീചമായ പരിഹാസത്തിന്റെ അതിനെ ചോദ്യം ചെയ്യാനോ അതിനെതിരെ ഒരക്ഷരം പറയാനോ തയ്യാറാകാഞ്ഞ പ്രതിപക്ഷ എം.എൽ.എ. മാർ.  ഈ പരാമർശങ്ങളിൽ തെറ്റ് കാണാത്ത  അൺ പാർലമെന്ററി  എന്ന് പറയാത്ത സ്പീക്കർ.

ചാനലുകളും പത്രങ്ങളും ഒരു പരിധി വരെ ഈ വാർത്ത   തമ്സ്കരിച്ചു. സോഷ്യൽ മീഡിയ രംഗത്ത്  വന്നതിനു ശേഷമാണ് ചർച്ചകൾ തുടങ്ങിയത്.  അതിനു ശേഷം   വിശദീകരണ വുമായി  വന്ന മന്ത്രി വീണ്ടും സ്വയം ന്യായീകരണമാണ് നടത്തിയത്.'എണ്ണം അങ്ങിനെയേ പറയാൻ കഴിയൂ' എന്ന്. "നാലെണ്ണം" എന്നതിന് പകരം "നാല് കുട്ടികൾ" എന്ന് എന്ത് കൊണ്ട് പറഞ്ഞില്ല? അത് പോലെ ഗർഭത്തെ കുറിച്ച് എന്തിനാണ് അനാവശ്യ പരാമർശം നടത്തിയത്?

യു.ഡി.എഫ് ന്റെ കാലത്തെ ഗർഭം എന്ന് മന്ത്രി ആക്ഷേപിക്കുന്നുണ്ടല്ലോ. അധികാരത്തിൽ വന്നതിനു ശേഷമുള്ള  കഴിഞ്ഞ നാലു മാസക്കാലത്തെ  ഈ യു.ഡി.എഫ്. ഗർഭിണികളുടെ പോഷകാഹാരക്കാര്യമോ മറ്റു സുഖ സൗകര്യങ്ങളോ  മന്ത്രി നോക്കിയോ?  ആദിവാസി ഊരുകളിൽ താമസിച്ചു എന്നൊക്കെ പറയുന്ന മന്ത്രി അധികാരമേറ്റതിനു ശേഷം ഒരിക്കലെങ്കിലും ഏതെങ്കിലും ഒരു  ആദിവാസിയെ കണ്ടിട്ടുണ്ടോ? ആദിവാസി കോളനികളിലെ ദുരിതം ശ്രദ്ധിച്ചിട്ടുണ്ടോ? 

ആദിവാസികളുടെ സ്ഥിതി ഇന്നും മഹാ കഷ്ട്ടം തന്നെ. സ്വാതന്ത്ര്യം കിട്ടിയ അന്ന് മുതൽ ജനകീയ സർക്കാരുകൾ  അവരെ ഉദ്ധരിക്കുകയാണ്. അവർക്കു വേണ്ടി പ്രത്യേക വകുപ്പുകൾ, പദ്ധതികൾ അങ്ങിനെ ആദിവാസ ക്ഷേമം തകൃതിയായി നടക്കുന്നു. പക്ഷെ ഇന്നും  കോരന്   കഞ്ഞി കുമ്പിളിൽ തന്നെ. അട്ടപ്പാടിയിലെ ശിശു മരണവും പോഷകാഹാരക്കുറവ് കൊണ്ടുള്ള ഗർഭിണികളുടെ മരണവും ഒക്കെ കണ്ട് സൊമാലിയ പോലെ ആയെന്നുള്ള സത്യം നരേന്ദ്ര മോദി വിളിച്ചു പറഞ്ഞപ്പോൾ  ആദിവാസികൾക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കിയ   മാർക്സിസ്റ്റ് കാരുടെ, പട്ടിക ജാതി-പട്ടിക വർഗ-പിന്നോക്ക വിഭാഗ ക്ഷേമ  മന്ത്രി തന്നെ ആദിവാസി സ്ത്രീകളുടെ ഗർഭത്തെ  പരിഹസിക്കുന്നതാണ് ഇവിടെ കണ്ടത്.


12 comments:

 1. ഈ പരമവൃത്തികെട്ട ജന്തുവിനെക്കുറിച്ച്‌ പി.സി.ജോർജ്ജ്‌ പറഞ്ഞപ്പോ അയാളോട്‌ പണ്ട്‌ ഈർഷ്യ തോന്നിയിരുന്നു.കൂടുതൽ പറഞ്ഞാൽ ഇവന്റെ ജാതിഗുണമെന്ന് പറഞ്ഞുപോകുമെന്ന് പേടിച്ചിട്ട്‌ പറയുന്നില്ല.(ജാതി പറഞ്ഞിട്ടില്ലേയ്‌!)

  ReplyDelete
 2. (അബോർഷനെന്നു പറഞ്ഞാൽ നിങ്ങളുടെ കാലത്തു ഗർഭിണിയായത്.ഇപ്പോഴാണ് ഡെലിവറി ആയത്. അതിനു ഞാൻ ഉത്തരവാദി അല്ല..)

  അറയ്ക്കുന്നു.

  ReplyDelete
  Replies
  1. ആരും ചോദിക്കാനില്ലാത്ത, ആർക്കും വേണ്ടാത്ത,കാടും നാടുമില്ലാതെ ഒരു ജനത. ഭരണ കക്ഷിക്കും വേണ്ട പ്രതിപക്ഷത്തിനും വേണ്ട. ഏഷ്യാ നെറ്റിൽ ഇപ്പോൾ വരുന്ന ആദിവാസി വികസനത്തിനുള്ള ഫണ്ട് മോഷണവും തട്ടിപ്പും കണ്ടല്ലോസുധീ.

   Delete
 3. എന്തു പറ്റി നമ്മുടെ ജന നേതാക്കള്‍ക്ക് എത്ര ലളിതമായിട്ടാണ്‌ ഇങ്ങിനെയൊക്കെ പറഞ്ഞു അവസാനിപ്പിക്കുന്നത് ..കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ :(

  ReplyDelete
  Replies
  1. വോട്ട് ബാങ്ക് അല്ലെങ്കിൽ പിന്നെന്തിനു ഗൗനിക്കണം ഫൈസൽ ബാബു

   Delete
 4. ജനാധിപത്യ ഭരണ കൂടങ്ങൾ വന്ന
  കാലം മുതൽ ഇവിടെ പട്ടിക ജാതി പട്ടിക
  വർഗ വകുപ്പും മന്ത്രിയും ഉണ്ട്. ആ വിഭാഗത്തിൽ
  നിന്നുമുള്ള ഒരാളെ തന്നെ മന്ത്രിയാക്കാൻ ഇടതും
  വലതും മുന്നണികൾ ശ്രദ്ധിക്കാറുണ്ട്. മന്ത്രിയായി ക്കഴിഞ്ഞാൽ
  താൻ ഏത് ജാതി/ വർഗ്ഗത്തിൽ നിന്നാണ് വന്നത് എന്നും
  അവർക്കു വേണ്ടി എന്തെങ്കിലും ചെയ്യാനാണ് മന്ത്രി ആയത് എന്നും
  സൗകര്യ പൂർവം മറക്കുന്ന ആളുകൾ....

  ReplyDelete
 5. ട്രോള്‍ കണ്ടപ്പോള്‍ ആദ്യം വിശ്വാസായില്ല, അതും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടു ജനങ്ങള്‍ക്ക്‌ വേണ്ടി ഭരണം നടത്തുമെന്ന പ്രതിജ്ഞയെടുത്ത മന്ത്രി പറയുന്ന വാചകങ്ങള്‍.... കഷ്ടം!

  ReplyDelete
  Replies
  1. ആദിവാസി എങ്ങിനെയെങ്കിലും കഴിഞ്ഞോളും മുബീ

   Delete
 6. ഇത്രയും സംസ്കാരശൂന്യരായ ജനപ്രതിനിധികളാലാണ് ഞാനടക്കമുള്ള കേരളീയർ ഭരിക്കപ്പെടുന്നത് എന്നതിനാൽ ഞാൻ ലജ്ജിക്കുന്നു.

  ReplyDelete
  Replies
  1. നമുക്ക് വേറെ മാർഗമില്ല ഗിരിജ

   Delete
 7. ഇവരൊക്കെ ജനങ്ങളിൽ നിന്ന് ഒത്തിരി ദൂരെയാണ്...ദന്ത ഗോപുരവാസികൾ..


  ReplyDelete
  Replies
  1. അവരെ വിറ്റും പണം ഉണ്ടാക്കുന്നവർ പുനലൂരാൻ

   Delete