Saturday, October 8, 2016

എം.ഡി. നിയമനം

"എനക്ക് അറിയില്ല ". എന്ത് ചോദിച്ചാലും ഈ ഉത്തരം പറയുന്ന ഒരു മുഖ്യ മന്ത്രി ആണ് കേരളത്തിന് കിട്ടിയത്.ഒന്നും അറിഞ്ഞു കൂടാത്ത മുഖ്യ മന്ത്രി. ജിഷ വധ ക്കേസ്സായാലും,സൗമ്യ വധക്കേസിന്റ് സുപ്രീം കോടതിയിലെ വാദം ആയാലും, സ്വാശ്രയ മെഡിക്കൽ കോളേജ് സീറ്റ് കച്ചവടം ആയാലും മുഖ്യ മന്ത്രി പറയുന്ന മറുപടി ഇത് തന്നെ.  "അറിയില്ല ".

ഏറ്റവും അവസാനം അറിഞ്ഞു കൂടാ എന്ന് മുഖ്യ മന്ത്രി  പറഞ്ഞത് വ്യവസായ വകുപ്പിലെ പ്രധാനപ്പെട്ട ഒരു നിയമനത്തെ കുറിച്ചാണ്. കെ.എസ്.ഐ.ഇ. യിൽ മാനേജിങ് ഡയറക്ടർ ആയി   വ്യവസായ മന്ത്രി  ഇ.പി. ജയരാജന്റെ ഭാര്യാ സഹോദരിയുടെ മകനെ  (പി.കെ. ശ്രീമതി എം.പി. യുടെ മകൻ കഴിഞ്ഞ തവണ   മന്ത്രിയായിരുന്ന  ശ്രീമതി തന്റെ മരുമകളെ സ്വന്തം അരിവെപ്പുകാരിയായി എടുത്തു പിന്നെ പേർസണൽ സ്റ്റാഫിൽ ആക്കി പെൻഷനും വാങ്ങി കൊടുത്തു.)  നിയമിച്ച വിവരം ആണ്. ഇത്രയും പ്രധാനപ്പെട്ട ഒരു പൊതു മേഖലാ സ്ഥാപനത്തിന്റെ മുഖ്യ അധികാരി ആയി നടത്തിയ നിയമനം അദ്ദേഹം അറിഞ്ഞില്ല.   വ്യവസായ മന്ത്രിയുടെ ജ്യേഷ്ടന്റെ മകന്റെ ഭാര്യയെ കേരളാ ക്ലെയ്‌സ് ആൻഡ് സിറാമിക്സ് എന്ന പൊതു മേഖല സ്ഥാപനത്തിന്റെ ജനറൽ മാനേജർ ആയി നിയമിച്ചതും മുഖ്യ മന്ത്രി അറിഞ്ഞു കാണില്ല.കിൻഫ്രാ വീഡിയോ പാർക്കിന്റെയും, കിൻഫ്ര അപ്പാരൽ പാർക്കിന്റെയും മാനേജിങ് ഡയറക്ടർമാർ ആയി നിയമിച്ചതും പാർട്ടി സഘാക്കളുടെ ബന്ധുക്കളെയാണ്. യാതൊരു യോഗ്യതയും ഇല്ലാത്തവരെയാണ് ഈ നിയമനങ്ങളിലൂടെ പൊതു മേഖല സ്ഥാപനങ്ങളുടെ തലപ്പത്തു എത്തിച്ചത്. സ്വജന പക്ഷപാതത്തിന്റെ ഉത്തമ ഉദാഹരണങ്ങൾ ആണ് ഇവയെല്ലാം. ഇനിയും പലതും പുറത്തു വരാനുമുണ്ട്.

എന്താണ് മുഖ്യ മന്ത്രി ഇങ്ങിനെ ഒന്നും അറിയാതെ പോകുന്നത്? കേരളത്തിലെ കുഞ്ഞു കുട്ടിയടക്കം എല്ലാവരും അറിഞ്ഞ കാര്യം പോലും  മുഖ്യ മന്ത്രി അറിയാറില്ല. മുഖ്യ മന്ത്രി എന്നതു കൂടാതെ കേരളത്തിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ ചാർജ് കൂടി ഉള്ള ആളാണ് ഈ മുഖ്യ മന്ത്രി.  ലോക് നാഥ് ബെഹ്‌റയ്‌ക്കു കീഴിലുള്ള സുസജ്ജമായ പോലീസ് സേന ആഭ്യന്തര മന്ത്രിയുടെ കീഴിലാണ്. ഒരു വിരൽ ഞൊടിച്ചാൽ കേരളത്തിലെ എല്ലാ വിവരങ്ങളും പോലീസ്  ഇന്റലിജൻസ് സംവിധാനത്തിലൂടെ മുഖ്യ മന്ത്രിയ്ക്ക് കിട്ടും. എന്നിട്ടും കേരളത്തിൽ നടക്കുന്ന പല സംഭവങ്ങളും സുപ്രധാനമായ പല തീരുമാനങ്ങളും മുഖ്യ  മന്ത്രി  അറിയുന്നില്ല. ചില കാര്യങ്ങളൊക്കെ തന്റെ ഭരണത്തിന്റെ പിടിപ്പുകേടാണെന്ന് മനസ്സിലായത് കൊണ്ടും  അത് തന്നെ പ്രതികൂലമായി ബാധിക്കും എന്ന് അറിയാവുന്നതു കൊണ്ടും ആണ് "എനക്ക് അറിയില്ല" എന്ന മറുപടി പറഞ്ഞു മുഖ്യ മന്ത്രി ഒഴിയുന്നത്. അത്  നമുക്ക് വ്യക്തമായി മനസ്സിലാക്കാൻ  കഴിയും.

പക്ഷെ പൊതു മേഖല നിയമനങ്ങൾ പോലുള്ള മറ്റു കാര്യങ്ങൾ  അറിയില്ല എന്ന് മുഖ്യ മന്ത്രി പറയുന്നത് സത്യ സന്ധമായിട്ടാണ്  എന്ന് നമ്മൾ വിശ്വസിക്കേണ്ടി ഇരിക്കുന്നു. മുഖ്യ മന്ത്രിയെ അറിയിക്കാതെ കാര്യങ്ങൾ നടക്കുന്നു എന്നർത്ഥം.  മുഖ്യ മന്ത്രിയെ ഒഴിവാക്കി സർക്കാരിൽ സ്വന്തം താൽപ്പര്യങ്ങൾ നടത്തിയെടുക്കാൻ ഉള്ള ഒരു സംഘം പാർട്ടിയിൽ ഉണ്ട് എന്ന് തന്നെയാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്.അവരാണ് ഈ കളികൾ ഒക്കെ കളിക്കുന്നത്. അവർ ശക്തി പ്രാപിച്ചു വരുന്നും ഉണ്ട്.  കെ.എസ്.ഐ.ഇ. മാനേജിങ് ഡയറക്ടർ ആയി നടത്തിയ നിയമനത്തിന്റെ തീരുമാനം എടുത്തത്  മുഖ്യ മന്ത്രി പങ്കെടുക്കാത്ത അവൈലബിൾ പോളിറ്റ് ബ്യുറോ യിൽ ആണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. ( കേരളത്തിൽ മാത്രം ഒതുങ്ങിയ ഒരു പ്രാദേശിക പാർട്ടി ആണെങ്കിലും സെറ്റ് അപ്പ് ഒക്കെ   ഗംഭീരമാണ്. പോളിറ്റ്  ബ്യുറോ, സെൻട്രൽ കമ്മിറ്റി എന്നൊക്കെ യുള്ള പേരുകൾ ഇപ്പോഴും അവർ കൊണ്ട് നടക്കുന്നു).  

മുഖ്യ മന്ത്രിയെ ഒതുക്കുകയാണ് ഈ പാർട്ടി ഇന്നർ ഗൂപ്പിന്റെ ലക്ഷ്യം. പിണറായി വിജയനെ  മറ്റൊരു വി.എസ്. ആക്കി മാറ്റുക എന്നത്. മുഖ്യ മന്ത്രി എന്ന കസേരയിൽ ഇരുത്തിയിട്ടു മാർക്സിസ്റ് പാർട്ടി ഭരണം നടത്തുക.  പിണറായിക്കു അതിൽ പരാതി പറയാൻ കഴിയില്ല. കാരണം അദ്ദേഹം തുടങ്ങി വച്ചതാണ് ഈ കീഴ്വഴക്കം. പിണറായി പാർട്ടി സെക്രട്ടറി ആയിരുന്നപ്പോഴാണല്ലോ  വി.എസിനെ വെറും നോക്ക് കുത്തി മുഖ്യ മന്ത്രി ആയി ഇരുത്തിയിട്ട് പാർട്ടി ഭരണം നടപ്പിലാക്കിയത്. അത് തന്നെ ഇവിടെ ആവർത്തിക്കുന്നു. അതിനെ അതി ജീവിക്കാൻ മുഖ്യ മന്ത്രിയ്ക്ക് കഴിയില്ല. കാരണം മുഖ്യ മന്ത്രി ഒറ്റപ്പെട്ടു കഴിഞ്ഞു.  അഴിമതി ഭരണത്തിനായി ഒറ്റക്കെട്ടായി നിൽക്കുകയാണ് ഇന്ന് പാർട്ടി. അവരാണ് ഇന്ന് കേരളം ഭരിക്കുന്നത്.  കേരളത്തിലെ ജനങ്ങളുടെ ദുര്യോഗം എന്നല്ലാതെ എന്ത് പറയാൻ. എല്ലാം ശരിയാക്കും എന്ന് തെരഞ്ഞെടുപ്പിനു മുൻപ് പറഞ്ഞപ്പോൾ അവർ ഉദ്ദേശിച്ചതും ഇത് തന്നെ. നേതാക്കന്മാരുടെ കുടുംബം എല്ലാം ശരിയാക്കും. ജയരാജൻ,ആനത്തലവട്ടം ആനന്ദൻ, കോലിയക്കോട് കൃഷ്ണൻ നായർ,പി.കെ.ശ്രീമതി  എന്നിവരുടെ കുടുംബങ്ങളിൽ  തുടക്കം.

ഉമ്മൻ ചാണ്ടി  സർക്കാരിന്റെ അഴിമതി പറഞ്ഞാണ് ഇവർ അധികാരത്തിൽ കയറിയത്. വന്നയുടനെ അവരുടെ അവസാന കാല കടും വെട്ടു തീരുമാനങ്ങൾ ഒക്കെ പുനഃ പരിശോധിക്കുന്നു. പിന് വലിച്ചാലും തീരുമാനങ്ങൾ എടുത്തതിൽ അഴിമതി ഉണ്ടോ എന്ന് പരിശോധിക്കാൻ. അത് പോലെ പി ൻ  വലിച്ച  പിണറായി സർക്കാരിന്റെ തീരുമാനങ്ങളും അന്വേഷണ വിധേയമാക്കണം. തീരുമാനത്തിൽ അഴിമതി നടന്നോ എന്ന് അറിയാൻ.

3 comments:

 1. എന്തെങ്കിലും കാണിയ്ക്കട്ടെ.അല്ലെങ്കിലും കേരളത്തോടോ ,രാജ്യത്തോടോ ഇവറ്റകൾക്ക്‌ വലിയ പ്രതിപത്തിയൊന്നും കാണിയേല.കൊണ്ടുപോയി പുഴുങ്ങിത്തിന്നട്ടെ സംസ്ഥാനമപ്പാടെ.

  ReplyDelete
  Replies
  1. സുധീ അങ്ങിനെ പറയരുത്. അടുത്ത തലമുറ,ചിലപ്പോൾ ഈ തലമുറ തന്നെ അറബിക്കടലിൽ ആയിപ്പോകും.

   Delete
 2. മുഖ്യ മന്ത്രിയെ ഒതുക്കുകയാണ്
  ഈ പാർട്ടി ഇന്നർ ഗൂപ്പിന്റെ ലക്ഷ്യം.
  പിണറായി വിജയനെ മറ്റൊരു വി.എസ്.
  ആക്കി മാറ്റുക എന്നത്. മുഖ്യ മന്ത്രി എന്ന
  കസേരയിൽ ഇരുത്തിയിട്ടു മാർക്സിസ്റ് പാർട്ടി
  ഭരണം നടത്തുക. പിണറായിക്കു അതിൽ
  പരാതി പറയാൻ കഴിയില്ല. കാരണം അദ്ദേഹം
  തുടങ്ങി വച്ചതാണ് ഈ കീഴ്വഴക്കം...!

  ReplyDelete