Monday, July 17, 2017

ഒരു അന്തി ചർച്ച

"നമസ്കാരം.  എല്ലാ പ്രേക്ഷകർക്കും നാറും  ടിവിയുടെ  'സൂപ്പർ തറ ടൈമിലേയ്ക്ക്' സ്വാഗതം. ഞാൻ  നാണു .ഇന്ന് സൂപ്പർ തറ ടൈം ചർച്ച ചെയ്യുന്നത് മെമ്മറി കാർഡ് അമേരിക്കയിലോ, തുടങ്ങി പത്തു ചോദ്യങ്ങൾ.   ചർച്ചയിൽ പങ്കെടുക്കുന്നത് രാഷ്ട്രീയ നേതാവ്  തള്ള്  തങ്കപ്പൻ, മഹിളാ നേതാവ് സുന്ദരി , ചെയർപേഴ്സൺ  മേരി,  അഭിഭാഷകൻ കുറുക്കൻ കുഴി  കറിയാ, കോളേജ് ചെയർമാൻ സെയ്താലി, സിനിമാ സംവിധായകൻ  രാജൻ  പൊട്ടക്കുഴി എന്നിവരാണ്. മുതിർന്ന മാധ്യമ പ്രവർത്തകനായ ജോസഫ് വളഞ്ഞ വഴി,  റിട്ടയേർഡ് പോലീസുദ്യോഗസ്ഥൻ   കെ.പി.  ഈശാ പോശാ  എന്നിവർ ചർച്ചയിൽ ടെലിഫോൺ വഴി പങ്കെടുക്കാം എന്നറിയിച്ചിട്ടുണ്ട്. ഒരു  ഇടവേള."

"എടേ നാണൂ മൂന്നാലു ദിവസമായി നീയൊക്കെ എല്ലാ ചാനലും കൂടിയിട്ട് അലക്കി,  മറുപടി പറഞ്ഞു ഞങ്ങള് മടുത്തു ഇനി ഒന്നും പറയാനില്ലാത്ത അവസ്ഥയിലാ ഇപ്പഴെല്ലാരും. പുതിയ വിവരങ്ങൾ ഒന്നും പുറത്തു വരുന്നതുമില്ല. അത് കൊണ്ട് ഇനി എന്ത് പറയാനാ. ഞങ്ങൾ പോട്ടോടെ കുഴലൂത്തേ"

" പൊന്നു സാറന്മാരെ അവനെ ഒരു  വശത്താക്കണം എന്നാണു ഞങ്ങളുടെ മാനേജ്‌മെന്റിന്റെ ഉദ്ദേശം. അതിനു ഞങ്ങൾക്ക്  സമ്മാനം,കമ്മീഷൻ  ഒക്കെ തരുന്നുണ്ട്. അതിനു നിങ്ങളെല്ലാവരും ഒന്ന് സഹകരിക്കണം. നിങ്ങൾക്കും മൈലേജ് കിട്ടുമല്ലോ. പ്ലീസ്. ഇടവേള കഴിഞ്ഞു. പ്ലീസ്. പോകല്ലേ. 

"സ്വാഗതം. ആദ്യമായി ശ്രീ തള്ള് തങ്കപ്പൻ,  മെമ്മറി കാർഡ് പൊലീസിന് കിട്ടുമോ? അങ്ങയുടെ പാർട്ടി എന്താണ് പറയുന്നത്?"

" എന്റെ നാണൂ. കാർഡിന് വേണ്ടി അമേരിക്കയിൽ പോകണം. ദാസനും വിജയനും പോയത് പോലെ. നമ്മുടെ പോലീസ്  ശക്തരാണ്. ഗൂഡാലോചന ഇല്ലെന്നു ആദ്യം  പറഞ്ഞിട്ട് അവസാനം ഗൂഡാലോചനയിൽ കൊണ്ടെത്തിച്ചില്ലേ? 1942 ൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ ചൈന അമേരിക്കയെ തോൽപ്പിച്ചത് അറിയില്ലേ?  അത് പോലെ അമേരിക്കയെ യുദ്ധത്തിൽ കീഴടക്കി നമ്മുടെ പോലീസ് അത് പിടിച്ചെടുക്കും''
  
 ''ശ്രീമതി  സുന്ദരി എന്താണ് പറയാനുളളത്? ''
ശ്രീ നാണൂ,  സ്ത്രീ സമൂഹത്തിനാകെ അപമാനം വരുത്തി വച്ച ആ കശ്മലന്റെ  കാർഡ് എവിടെ ഉണ്ടെങ്കിലും പിടിച്ചെടുത്തു  കീറിക്കളയണം എന്നാണ്  എനിക്ക് പറയാനുളളതു. സ്വന്തം നാട്ടിലെ എം.എൽ.എ.യെ പ്പോലെയല്ല അന്യ സ്ഥലത്തുള്ള  ഭരണ പക്ഷ എം.എൽ.എ.മാർ. അവരെ ചോദ്യം ചെയ്യണം.

 ശ്രീമതി  മേരി എന്ത് പറയുന്നു?  

''ചൈന, റഷ്യ, തുടങ്ങിയ ലോക  കമ്മ്യുണിസ്റ്റ് രാജ്യങ്ങളിൽ, പാലസ്തീനിൽ, ബൊളീവിയയിൽ,ക്യൂബയിൽ എന്തിനു ത്രിപുരയിൽ പോലും സ്ത്രീകൾ സ്വാതന്ത്ര്യം അനുഭവിക്കുമ്പോൾ  അടിച്ചമർത്തലാണ് ട്രംപിന്റെയും മോദിയുടെയും  കീഴിൽ അമേരിക്കയിൽ നടക്കുന്നത്.  ഗ്രീൻ കാർഡ്  കൊടുക്കാത്ത കുത്തക മുതലാളിത്ത രാജ്യമായ  അമേരിക്കയെ  തള്ളിപറയണം...


അഡ്വേക്കേറ്ശ്രീ  കുറുക്കൻ കുഴി  കറിയാ, എന്താണിതിന്റെ നിയമ വശങ്ങൾ?.

നാണൂ  ഇവിടെ നടക്കുന്ന ചർച്ചകൾ യൂസ്‌ലെസ്സ്. സെക്ഷൻ 120 A പറയുന്നത് ഒരു ക്രിമിനൽ കോൺസ്പിറസി ആണ് 120 ബി അതിനുള്ള പണിഷ്മെന്റ്റും. മെമ്മറി കാർഡ് 120 A യിൽ വരുമോ 120 B യിൽ ആണോ എന്നുള്ളതാണ് ബഹു കോടതി നോക്കേണ്ടത്. ഇത് സബ്‌ജൂഡീസാണ്.

കോളേജ് ചെയർമാൻ ഡോക്ടർ  സൈതാലി, അങ്ങ് എന്ത് പറയുന്നു? 

നാണൂ  ഇവിടെ ഫാസിസം ആണ് നടക്കുന്നത്. മത ന്യുന പക്ഷത്തെ കോളേജ് നടത്താനോ , ആശുപത്രി നടത്താനോ  കോഴ വാങ്ങാനോ അനുവദിക്കാത്ത, ബീഫ് കഴിക്കാൻ അനുവദിക്കാത്ത  കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് മനോഭാവത്തിന് ഒരു ഉദാഹരമാണ് ഈ മെമ്മറി കാർഡ്.

സിനിമാ സംവിധായകൻ ശ്രീ പൊട്ടക്കുഴി അങ്ങേയ്ക്കു എന്താണ് പറയാനുള്ളത്? 
നാണൂ എനിക്കും പറയാൻ സമയം തരണം. സിനിമാക്കാരെന്തിനാ വിദേശത്തു പോകുന്നത്? കാശുണ്ടാക്കാൻ.  ഞങ്ങളെ കൊണ്ട് പോകാറില്ല. അത് കൊണ്ട് പണവും ഉണ്ടാക്കാൻ വഴിയില്ല. അങ്ങിനെ കഷ്ട്ടപ്പെടുന്ന ഞങ്ങളെ അമേരിക്കയിൽ കൊണ്ട് പോകാൻ സർക്കാർ എങ്കിലും മുൻകൈ എടുക്കണമെന്നാണ് എന്റെ ആവശ്യം.

''റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥൻ ശ്രീ  കെ.പി. ഈശാ പോശായിലേക്ക് പോകാം അദ്ദേഹത്തിന്റെ ടെലഫോൺ അടിക്കുന്നുണ്ട്. ഹലോ പറയൂ  സാർ കാർഡിനെ കുറിച്ച്.''

''കാർഡ് എന്ന് പറയുന്നത് പോലീസിനെ സംബന്ധിച്ചിടത്തോളം നിർണായക തെളിവാണ്. അന്വേഷണം ശരിയായ ദിശയിലാണോ എന്ന്  നമുക്ക് നോക്കാം.....

''ഹലോ ഹലോ കട്ടായിപ്പോയി എന്ന് തോന്നുന്നു.''

"കട്ടായതല്ല നാണൂ . മറ്റൊരു ചാനലിൽ ചർച്ചയിൽ ആണ്ഞാൻ. വിഷയം ഇത് തന്നെ അത് കൊണ്ട് ഇവിടെ പറഞ്ഞത്  ഫോണിൽ കൂടി കേൾപ്പിച്ചതാ. ഇവിടെ ഇടവേളയായി.  ബാക്കി പിന്നെ കേൾപ്പിക്കാം."

''മുതിർന്ന മാധ്യമ പ്രവത്തകൻ ജോസഫ് വളഞ്ഞ വഴി ടെലഫോൺ ലൈനിൽ ഉണ്ട്. ശ്രീ വളഞ്ഞ വഴി കേൾക്കാമോ? ഹലോ. 

''കേൾക്കാം. അവനെന്തെങ്കിലും ചെയ്യട്ടെടാ. നിനക്കെന്തു വേണം? നിനക്ക് കാശ് കിട്ടുന്നുണ്ടല്ലോ. ഞാൻ ഇവിടെ  ബാറിലിരുന്നു രണ്ടു വീശുവാ. കൂടെ നിങ്ങടെ ന്യൂസ് ചീഫ് എഡിറ്ററും ഉണ്ട്. ഓകെ.'' 


''ശ്രീ വളഞ്ഞ വഴി യാത്രയിലാണ്. അത്ര ക്ലിയർ അല്ല.''

 ''നമുക്ക് മറ്റൊരു ഇടവേളയിലേയ്ക്ക് പോകാൻ സമയമായി.''

6 comments:

 1. വാർത്താ മാധ്യമങ്ങൾ ഇങ്ങിനെ ചൊറിഞ്ഞത് കൊണ്ടു തന്നെയല്ലേ മുങ്ങിപോകുമായിരുന്ന "സ്രാവ്" വേട്ട ആരംഭിച്ചത്? അല്ലെങ്കിൽ കിട്ടിയ "നത്തോലി' കൊണ്ടു ( നത്തോലി ഒരു ചെറിയ മീനല്ല ) ബിരിയാണി വെച്ചു ഏമ്പക്കവും വിട്ടു കാണാതായ മെമ്മറി കാര്ഡിനായി വെറുതെ കാത്തിരുന്നേനെ.

  പിന്നെ വാർത്ത മാധ്യമങ്ങളുടെ നിലവാരം.

  അബദ്ധവശാൽ പോലും ന്യൂസ് ചാനൽ വെക്കാത്ത ഒരു വിഭാഗം ആളുകളെ ടിവിക്ക് മുന്നിൽ കൊണ്ടു വരേണ്ടത് എങ്ങനെയാണെന്ന് അവർക്ക് നന്നായി അറിയാം. പുര കത്തുമ്പോൾ വാഴ വെട്ടിയാളല്ലേ റേറ്റിംഗ് കൂട്ടാൻ പറ്റുകയുള്ളു? ഇതിൽ നിന്നും എന്താണ് നമ്മൾ മനസ്സിലാക്കേണ്ടത്? ഞാനടക്കമുള്ള സാധാരണ ജനങ്ങളുടെ മാനസിക നിലവാരം ഉയർന്നിട്ടില്ലെന്നോ? അതോ വാർത്താ മധ്യമങ്ങളുടെ നിലവാരം കുറഞ്ഞെന്നോ?

  എന്തു തന്നെയായാലും പുട്ടു തിന്നവൻ വെള്ളം കുടിക്കും. അതു പ്രപഞ്ച സത്യമാണ്. ആരോക്കെ പുട്ടു തോന്നുവെന്നറിയാൻ ഞാനടക്കമുള്ള പ്രേക്ഷകർ വർത്തകൾക്കായുള്ള കാത്തിരിപ്പു തുടർന്ന് കൊണ്ടേയിരിക്കും.

  ReplyDelete
  Replies
  1. ആദ്യം പറഞ്ഞത് ശരി. അവർ നിരന്തരം ഇടപെട്ടത് കൊണ്ട് സുനിക്കപ്പുറം പോയി. ഒരു കാര്യം കൂടി നോക്കണം ഷാഹിദ്. നിഷയുടെ കേസിൽ വമ്പൻ സ്രാവല്ല തിമിംഗലം ഉണ്ടെന്നു പറഞ്ഞിട്ട് അവസാനം നെത്തോലി പോലത്തെ ഒരു ബംഗാളിയിൽ അവസാനിച്ചില്ലേ? അതെന്തു കൊണ്ട്? ആരൊക്കെയോ പിറകിൽ കളിച്ചു മാധ്യമങ്ങളും ഫലവത്തായില്ല. അഥവാ മാധ്യമങ്ങൾ വിചാരിച്ചാലും മറ്റു സമ്മർദ്ദങ്ങൾ പ്രവർത്തിച്ചാൽ കാര്യം നെത്തോലിയിൽ അവസാനിക്കും.

   മനോരമയ്ക്ക് ഒരു താൽപ്പര്യം.ചാനൽ ഒന്നിന് മറ്റൊന്ന്, റിപ്പോർട്ടറിന് മറ്റൊന്ന്. സാധാരണക്കാരുടെ നിലവാരം ഉയർന്നിട്ടുമില്ല മാധ്യമങ്ങളുടെ കുറഞ്ഞിട്ടും ഇല്ല. രണ്ടും സമരസപ്പെട്ടു പോകുന്നു.

   പുട്ടു തിന്ന എല്ലാവരും വെള്ളം കുടിക്കുന്നില്ല എന്നതാണ് അലോസരപ്പെടുത്തുന്ന സത്യം ഷാഹിദ്

   Delete
 2. ആക്ഷേപ ഹാസ്യത്തിൽ
  വാർത്തെടുത്ത പൊരിച്ചടക്കിയ
  ഒരു അസ്സൽ അന്തി ചർച്ച ...!

  ReplyDelete
  Replies
  1. ഇതൊക്കെ തന്നെയല്ലേ മുരളീ നടക്കുന്നത്?

   Delete
 3. അടിപൊളി.സാർ റൂട്ട്‌ മാറ്റിപ്പിടിക്കുന്നത്‌ കൊള്ളാം.ഒരു ബെർളിതോമസ്‌ ടച്ച്‌.ഇനി ഈ റേഞ്ചിലങ്ങ്‌ പോട്ടെ!!!!

  ReplyDelete
  Replies
  1. എല്ലാം കൂടെ പോകട്ടെ സുധീ

   Delete