2014 സെപ്റ്റംബർ 15, തിങ്കളാഴ്‌ച

ലവണ തൈലം

അമിത വണ്ണം കുറയ്ക്കുക എന്നത് തടിയുള്ളവരെ സംബന്ധിച്ചിടത്തോളം ഒരു എടുത്താൽ പൊങ്ങാത്ത പ്രശ്നമാണ്. ശരീരം അനങ്ങാതെ എളുപ്പ വഴിയിൽ എങ്ങിനെയെങ്കിലും    തടി ഒന്ന് കുറഞ്ഞു കിട്ടാനാണ്‌ എല്ലാ  തടിയന്മാരും തടിച്ചികളും  ശ്രമിയ്ക്കുന്നത്.  ആറും എട്ടും പായ്ക്കുകളും ആയി  സിനിമാ നടന്മാരും, 35-24-35 അളവുകളും ആയി സിനിമാ നടി കളും വരുമ്പോൾ ഉണ്ടാകുന്ന വിഷമവും എന്നാൽ വ്യായാമം എടുക്കാനുള്ള മടിയും  മുതലെടുക്കാൻ  ദിവ്യൗഷധങ്ങ ളും    അത്ഭുത   വിദ്യകളുമായി കുറെ കമ്പനികളും ആളുകളും രംഗത്ത് ഇറങ്ങിയിട്ടുണ്ട്. എന്തെല്ലാം മരുന്നുകളും ഉപകരണങ്ങളും ആണ് എളുപ്പ വഴിയിൽ തടി കുറയ്ക്കാൻ  ഇറങ്ങിയത്‌.

 ലവണ തൈലം ആണ് അടുത്ത കാലത്ത് ഏറ്റവും കൂടുതൽ കാശുണ്ടാക്കിയത്. വയറിൽ പുരട്ടിയാൽ അര മണിക്കൂറിനകം വയറു കുറയും അത്രേ!    ധന്വന്തരി, ചരകൻ, ശുശ്രുതൻ  തുടങ്ങിയ  നമ്മുടെ ആയുർവേദ ആചാര്യന്മാരെ കടത്തി വെട്ടി നടത്തിയ ഒരു കണ്ടു പിടിത്തം. അൽപ്പം മാംസള ശരീരമുള്ള  ഒരു സ്ത്രീ സുഹൃത്ത്  ഒരിയ്ക്കൽ പറയുകയുണ്ടായി  "തട്ടിപ്പ്  ആണെന്നറിയാം. എങ്കിലും ഒരു കുപ്പി ഒന്ന് ട്രൈ ചെയ്തു നോക്കണം". പോരേ? ഇങ്ങിനെ കേരളത്തിലെ സ്ഥൂല ശരീരർ എല്ലാം ഓരോ കുപ്പി വാങ്ങിയാൽ മതിയല്ലോ കമ്പനി കോടികൾ ഉണ്ടാക്കാൻ.

പിന്നെ കുറെ ഉപകരണങ്ങൾ ആണ്. ബെൽറ്റുകൾ, ആവി കുളി യന്ത്രം അങ്ങിനെ പലതും. ഈ ഉപകരണങ്ങളുടെയെല്ലാം പൊതുവായുള്ള പ്രത്യേകത ഒന്നിനും ശരീരം ഒട്ടും അനങ്ങണ്ട എന്നതാണ്. തടിയന്മാർക്ക് പൊതുവായുള്ള ദൌർബല്യവും അത് തന്നെ. ശരീരം അനങ്ങരുത് എന്നത്. 

അടുത്തത് അകത്തു കഴിയ്ക്കാനുള്ള  കുറെ മരുന്നുകൾ ആണ്. ആദ്യമായി വർഷങ്ങൾക്കു മുൻപ് മുംബയിലും ഡൽഹിയിലും തടി കുറയ്ക്കുന്ന ഒരു ജിംനേഷ്യം കമ്പനി തുടങ്ങി, അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത ഒരു മരുന്ന് ആണ് ഇവർ കൊടുക്കുന്നത്. എന്താണെന്ന് പറയില്ല. ഇത് കഴിച്ചാൽ വിശപ്പ്‌ തോന്നുകില്ല. സാധനം എന്താണെന്ന് അറിയാമോ? മരുന്ന് ചേർത്ത ഒരു തരം ആഹാരം. ഇത് പെട്ടെന്നൊന്നും ദഹിയ്ക്കില്ല. അത് കൊണ്ട് വിശപ്പ്‌ തോന്നുകില്ല. ചില മരുന്നുകൾ ആഹാരം ഒഴിവാക്കാൻ തലച്ചോറിന് നിർദ്ദേശം നൽകുന്നവയാണ്. സിബുട്രാമിൻ അത്തരത്തിലുള്ള ഒരു മരുന്നാണ്. അങ്ങിനെ ആഹാരം കുറയ്ക്കും. തടി കുറയും. ആഹാരം കുറയുന്നത് കൊണ്ട് മറ്റു മാരകമായ അസുഖങ്ങൾ വരും എന്ന് ആരും ശ്രദ്ധിക്കാറില്ല.

ഇതാ അമിത വണ്ണം കുറയ്ക്കാൻ ഏതോ ഗുളിക കഴിച്ച സീത എന്ന  30 വയസ്സുകാരി   യുവതി രണ്ടു ദിവസം മുൻപ് മധ്യപ്രദേശിൽ മരിച്ചു. എന്താണ് സംഭവിച്ചതെന്ന് ഡോക്ടർ മാർക്കും മനസ്സിലായില്ല. ചിന്ത് വാഡ   ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു രണ്ടു മണിക്കൂറിനകം മരണം സംഭവിച്ചു. രണ്ടാഴ്ചയായി വണ്ണം കുറയ്ക്കാൻ ഏതോ ഗുളിക കഴിയ്ക്കുന്നു എന്ന് ഭർത്താവ് പറഞ്ഞപ്പോഴാണ് എല്ലാവരും കാര്യം അറിയുന്നത്. 
ചിന്ത് വാഡയിലും അടുത്തു കിടക്കുന്ന മഹാരാഷ്ട്രയിലെ നാഗ്പുരിലും ഈ മരുന്നു കച്ചവടം വളരെ വ്യാപകമാണ്. ഏറ്റവും കൂടുതൽ വ്യാജ മരുന്നുണ്ടാക്കുന്ന ഇൻഡോർ ഇതിനു  വളരെ അടുത്താണ്. 

തടിയന്മാരെ,തടിച്ചികളെ. തടി കുറയ്ക്കാൻ എളുപ്പ വഴി ഒന്നുമില്ല. ശരിയായി വ്യായാമം ചെയ്യുക. ഒപ്പം ആഹാരം നിയന്ത്രിച്ച്‌ ശരീരത്തിന് ആവശ്യമുള്ളത് മാത്രം കഴിയ്ക്കുക. 

അമേരിക്കക്കാരും യൂറോപ്പ്കാരും ഗുണമില്ലഎന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ജങ്ക് ഫുഡ് ഒഴിവാക്കിയത്. പക്ഷെ ബുദ്ധിമാൻമാരായ അവർ പണമുണ്ടാക്കാനായി  മൂന്നാം രാജ്യങ്ങളിൽ കൊണ്ടു തള്ളുന്ന ഈ  ചവർ  -(പിറ്റ്സ,ലെയ്സ് തുടങ്ങിയവ), അമേരിക്കൻ ആയതു കൊണ്ട് അമൃത്‌ ആണെന്ന് കരുതി കഴിയ്ക്കുന്ന വിവരം ഇല്ലാത്ത  പൊങ്ങച്ചക്കാർ ഒരു കൂട്ടർ. ഇതാണ് ഫാഷൻ എന്ന് കരുതി കഴിയ്ക്കുന്ന പുതു തലമുറ  മണ്ടന്മാർ മറ്റൊരു കൂട്ടർ. ഏതായാലും ഈ രണ്ടു മണ്ടന്മാരും ഈ ചവർ കഴിച്ച് അനാവശ്യ കലോറി ശരീരത്തിൽ വലിച്ചു കയറ്റുന്നു. തടി കുറയ്ക്കാനുള്ള മരുന്നും വിൽക്കുന്നത് അമേരിക്കക്കാരൻ തന്നെ. മണ്ടന്മാരെ,   ഇനിയെങ്കിലും   നല്ല നാടൻ ഭക്ഷണം കഴിയ്ക്കൂ. ആരോഗ്യത്തോടെ ജീവിയ്ക്കൂ.

2014 സെപ്റ്റംബർ 13, ശനിയാഴ്‌ച

മമ്മൂട്ടി

"പ്രതിഫലം ലക്ഷങ്ങളും  കോടികളും ആണല്ലോ, ഈ കിട്ടുന്ന കാശൊക്കെ  എന്ത് ചെയ്യുന്നു" എന്ന് ഒരാൾ  ചോദിച്ചപ്പോൾ വളരെ ഭംഗിയായി നർമത്തിൽ കുതിർന്ന   മറുപടി നൽകി ആ മനുഷ്യനെ  സിനിമാ നടൻ  മമ്മൂട്ടി ഇളിഭ്യനാക്കിയ  കഥ സിനിമാ സംവിധായകൻ സത്യൻ അന്തിക്കാട് ഹാസ്യ രൂപേണ അവതരിപ്പിയ്ക്കുക   ഉണ്ടായി. ഈ ആഴ്ചത്തെ മാതൃഭൂമിയുടെ തിരുവനന്തപുരം   നഗരം സിനിമാ സ്പെഷ്യൽ ചിത്രഭൂമിയിൽ ആണ് 'തന്നെക്കാൾ കഴിവുള്ളവരെ മാനസികമായി തളർത്തുന്ന മലയാളികളുടെ ദുശ്ശീലങ്ങൾ' പലതും സത്യൻ അന്തിക്കാട് എഴുതിയത്. മലയാള സിനിമാ രംഗത്ത് ഉള്ള പലരുടെയും ഇത്തരത്തിലുള്ള അനുഭവങ്ങൾ ആ ലേഖനത്തിൽ വിവരിയ്ക്കുന്നുണ്ട്.

ഇതേ ലക്കം ചിത്ര ഭൂമിയിൽ തന്നെ റിയാലിറ്റി ഷോകളിൽ ജഡ്ജ്മാരായി ഇരിയ്ക്കുന്ന അജ്ഞരും അൽപ്പജ്ഞാനികളും ആയ കുറേപ്പേർ വെറുതെ വാങ്ങുന്ന പണത്തെ പറ്റി ഒരു ലേഖനം ഉണ്ട്. ഇങ്ങിനെ വെറുതെ കിട്ടുന്ന പണം നോക്കു കൂലി എന്നാണു ലേഖകൻ വിശേഷിപ്പിയ്ക്കുന്നത്. "പാവങ്ങളുടെ അധ്വാനത്തെ മുതലെടുത്ത്‌ വീട്ടിലേയ്ക്ക് കോടികൾ കൊണ്ട് പോകുന്നവർ ഒന്ന് മനസ്സ് വച്ചാൽ എത്ര പേർ രക്ഷപ്പെട്ടേനെ" എന്ന് പറഞ്ഞാണ് ആ ലേഖനം അവസാനിപ്പിയ്ക്കുന്നത്.  ഇത് മമ്മൂട്ടിക്കും ബാധകമല്ലേ?

പണം എന്ത് ചെയ്യും എന്ന ചോദ്യത്തിന് മമ്മൂട്ടി പറഞ്ഞ മറുപടി എന്ന് സത്യൻ അന്തിക്കാട് എഴുതിയത് ഇതാ. "കോടികളും  ലക്ഷങ്ങളും എണ്ണി അലമാരിയിൽ വയ്ക്കും. എന്നിട്ട് പഴയ പത്രക്കടലാസ് കച്ചവടക്കാർക്ക് തൂക്കി വിറ്റ്  അരിമേടിക്കാൻ പൈസ കണ്ടെത്തും" എന്ന്. കേൾക്കാനും ആസ്വദിക്കാനും പറ്റിയ തമാശ.

 മമ്മൂട്ടിയുടെ തറ പ്പടങ്ങൾക്ക് പോലും അൻപതും നൂറും മുടക്കി പോയിരുന്നു കയ്യടിയ്ക്കുന്ന പാവങ്ങളുടെ പണം അല്ലേ അലമാരിയിൽ അടുക്കുന്നതും തൂക്കി വിയ്ക്കുന്നതും ഒക്കെ. വിവരം ഉള്ളവർ ആരും ഇത്തരം സിനിമകൾ കാണാൻ പോകാറില്ല. പാവങ്ങൾ ആണ് ഈ സിനിമ എന്ന മാന്ത്രിക ലോകം കാണാൻ ആർത്തി പൂണ്ട് പോകുന്നത്. അപ്പോൾ ഈ പണം എല്ലാം എന്ത് ചെയ്യുന്നു എന്ന് ആ പാവങ്ങൾക്ക് അറിയാനുള്ള ഒരു ജിജ്ഞാസ തെറ്റാണോ? ഇങ്ങിനെ ഉണ്ടാക്കുന്ന കോടികൾ ലോകം മുഴുവൻ ചുറ്റാനും ആർഭാട ജീവിതം നയിക്കാനും മറ്റു അനാശാസ്യങ്ങൾ കാണിക്കാനും അല്ലേ ഉപയോഗിയ്ക്കുന്നത്?   ഈ  കോടികളിൽ ഒരംശം എങ്കിലും പാവപ്പെട്ട വരെ സഹായിക്കാനും ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്താനും ഇവർക്ക് ഉപയോഗിച്ച് കൂടെ?

സ്വാഭാവികമായി  ഈ സിനിമാക്കാർ ചോദിയ്ക്കുന്ന ഒരു ചോദ്യം ഉണ്ട്. പണം ഇല്ലാതെ പൊട്ടി പൊളിഞ്ഞു നിൽക്കുമ്പോൾ ആരും കാണില്ലല്ലോ എന്ന്. എങ്ങിനെ പൊളിഞ്ഞു എന്നുള്ളത് ഒന്ന് ആലോചിച്ചു നോക്കൂ. ജനങ്ങൾ തന്ന പണം ആഡംബര ത്തിന് അടിച്ചു പൊളിച്ചു കളഞ്ഞ് ദീവാളി കുളിച്ചതല്ലേ? അല്ലെങ്കിൽ വീണ്ടും പണക്കാരനാകാൻ വേണ്ടി പണം മുടക്കി പൊളിഞ്ഞതല്ലേ ?

2014 സെപ്റ്റംബർ 11, വ്യാഴാഴ്‌ച

സിനിമാ നടിമാർ

തെലുഗു നടി ശ്വേത പ്രസാദ് ബസു അനാശാസ്യ പ്രവർത്തനത്തിന് പിടിയിലായി.  

തെലുഗിലെ മറ്റൊരു പ്രമുഖ നടിയായ ദിവ്യശ്രീ യും ഇതേ കുറ്റത്തിന് അറസ്റ്റിലായി.

തെലുഗ് നടിമാരിൽ പലരും അനാശാസ്യത്തിനു പോകുന്നു എന്ന് ശ്വേത നൽകിയ തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് ദിവ്യയെ പിടി കൂടിയത്.രണ്ടു നടിമാരും ബാല താരങ്ങളായി രംഗത്ത് വന്നവരാണ്. ഇനിയും ഇത് പോലെ പലരും പിടിയിൽ ആകുമായിരിക്കാം.

അനാശാസ്യ പ്രവർത്തനങ്ങൾ സിനിമാ  നടിമാരെ സംബന്ധിച്ചിടത്തോളം  ഒരു പുതിയ കാര്യം ഒന്നുമല്ല എന്നാണ് പറയുന്നത്. തെലുഗിൽ മാത്രമല്ല എല്ലായിടത്തും ഈ പരിപാടി ഉണ്ട്. ഒന്ന് അഡ്ജസ്റ്റ് ചെയ്‌താൽ ചാൻസ് തരാം എന്ന് മലയാളത്തിലെ ഒരു പ്രമുഖ സംവിധായകൻ പറഞ്ഞതായി നടി അഞ്ജലി രണ്ടു ദിവസം മുൻപ് പറയുകയുണ്ടായി.

 ഗ്ലാമറും മേനിയഴകും മാദകത്വവും   പോയാൽ ആരും തിരിഞ്ഞു നോക്കില്ല എന്ന്  നടിമാർക്ക് അറിയാം.  അത് കൊണ്ട് സാഹചര്യം അനുകൂലമാകുമ്പോൾ പത്തു കാശ് ഉണ്ടാക്കുന്നതിൽ എന്താണ് തെറ്റ് എന്നാണ്   ഇവരുടെ ചോദ്യം.  ശരിയല്ലേ?പണ്ടൊക്കെ കുറെ വർഷങ്ങൾ നായിക ആയി സിനിമയിൽ നിൽക്കുമായിരുന്നു. ഇപ്പോഴാകട്ടെ ഒന്നോ രണ്ടോ പടം കഴിഞ്ഞാൽ നമ്മുടെ കെഴവൻ നായകന്മാർ പുതിയ നായികാ പെണ്‍ കുട്ടികളെ തേടി പോകും. പഴയ നായിക ഔട്ട്‌. പിന്നെ ചാൻസ് കിട്ടാറുമില്ല. അഭിനയം ഒന്നും ഇന്നത്തെ സിനിമയ്ക്ക് ആവശ്യമില്ല.  നടിമാർക്ക് അതൊട്ടില്ലാ താനും.  നടന്മാരുടെ കൂടെ അൽപ്പം ശരീര പ്രദർശനവും നടത്തി ആടിപ്പാടി നടന്നാൽ മതി. ഒരു ഹീറോയിൻ ആകാം.  

സിനിമാക്കാരുടെ വിദേശ  പ്രോഗ്രാം പര്യടനങ്ങൾ ആണ്  മലയാള  നടിമാർക്ക്  തുറന്നു കൊടുക്കാൻ  സുവർണാവസരം തുറന്നു കൊടുക്കുന്നത്.  തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയിൽ ഒരു ഡാൻസ്  പ്രോഗ്രാം  നടത്തുന്നത് ഓർക്കുന്നുണ്ടാകുമല്ലോ. അത് പോലെ തന്നെ. ഗൾഫ് ആണിവരുടെ പ്രധാന സന്ദർശക സ്ഥലം. പെട്ടെന്ന് പോയി വരാം, പിന്നെ നാട്ടിലെ സിനിമക്കാര്യങ്ങളിൽ താൽപ്പര്യമുള്ള പ്രവാസികൾ. അമേരിക്കയും യൂറോപ്പും വല്ലപ്പോഴും വന്നു വീഴുന്ന അവസരങ്ങൾ. രണ്ടു കാര്യങ്ങൾ ആണ് വിദേശത്ത് നടികൾക്ക്   അനുകൂലമാകുന്നത്. 

ഒന്നാമത്തേത്  നാട് അല്ല എന്നത്. നടി എങ്ങോട്ട് തിരിയുന്നു, ആരുടെ കൂടെ പോകുന്നു എന്നെല്ലാം അന്വേഷിച്ച് തുപ്പലും ഇറക്കി  ഇരിയ്ക്കുന്ന വായു നോക്കികൾ കേരളത്തിലെ പോലെ അവിടെ ഇല്ല. അതെല്ലാം പൊടിപ്പും തൊങ്ങലും വച്ച് എഴുതുന്ന പത്ര പ്രവർത്തകരും  നടികളുടെ രതി വിലാസ ഗോസിപ്പുകൾ വായിച്ചു  നിർവൃതി അടയുന്ന വികല മനസ്സുകളും അവിടെ കുറവാണ്.

രണ്ടാമത്   എക്സ്ചേഞ്ച് റേറ്റ്. വിദേശ കറൻസിയുടെ കൂടിയ മൂല്യം. കണക്കുകൾ എല്ലാം അവിടത്തെ കറൻസിയിൽ ആയിരിക്കുമല്ലോ.  അപ്പോൾ പണം വാങ്ങുന്നതും അവിടത്തെ കറൻസിയിൽ ആണ്. ഇവിടെ അൻപതിനായിരം രൂപ  റേറ്റ് അവിടെത്തുമ്പോൾ പതിനായിരം ദിർഹം (2  ലക്ഷം രൂപ) അല്ലെങ്കിൽ അയ്യായിരം  ഡോളർ ( 3  ലക്ഷം രൂപ)  അല്ലെങ്കിൽ അയ്യായിരം യൂറോ ( 4  ലക്ഷം രൂപ) ആയി  മാറും. ഒരേ ജോലി  ആണ് ചെയ്യുന്നത് പക്ഷേ കൂലി വ്യത്യാസപ്പെട്ടത് നോക്കൂ.മലയാളികൾ വിദേശങ്ങളിൽ ജോലിയ്ക്ക് പോകുന്നതും അത് കൊണ്ടാണല്ലോ. (അൻപതിനായിരം ഒരു ഉദാഹരണം പറഞ്ഞതാണ് , റേറ്റ് കൂടിയും കുറഞ്ഞും ഇരിയ്ക്കും  എന്ന് ഏവർക്കും അറിയാമല്ലോ.) അവിടെ മലയാളികളും അവിടത്തെ കറൻസിയിൽ തന്നെയാണ് ചിന്തിയ്ക്കുന്നതും കണക്കു കൂട്ടുന്നതും ചിലവാക്കുന്നതും. ഇത്രയൊക്കെ ചിലവാക്കാൻ കഴിവുള്ള കോടീശ്വരൻമാരായ മലയാളികൾ വിദേശത്ത് ധാരാളം ഉണ്ട്. ഒരു മാസത്തെ പ്രോഗ്രാം കഴിഞ്ഞു വരുമ്പോൾ, ഒരു പതിനഞ്ചു ദിവസം മറ്റേ പരിപാടിയ്ക്ക് പോയാൽ, എത്രയാണ് വരുമാനം എന്ന് ആലോചിച്ചു നോക്കൂ. പേര് ദോഷവും ഉണ്ടാകില്ല. സിനിമ മാത്രമല്ല സീരിയൽ തുടങ്ങി തൊലി വെളുപ്പുള്ള എല്ലാവർക്കും ഇങ്ങിനെ വിദേശത്ത് സ്കോപ് ഉണ്ട്.

2014 സെപ്റ്റംബർ 10, ബുധനാഴ്‌ച

എഴുത്തച്ഛൻ

തുഞ്ചത്ത് എഴുത്തച്ഛൻ ആരാണെന്ന് മലയാളിയ്ക്ക് പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. ആധുനിക മലയാളത്തിന്റെ പിതാവിനെ പുതു തലമുറയ്ക്ക് അത്ര പരിചയം കാണില്ല. വല്ല പി.എസ്.സി. പരീക്ഷയുടെ ചോദ്യ ക്കടലാസിൽ കാണുന്ന ഒരാളായിരിക്കാം അവർക്ക് എഴുത്തച്ഛൻ. സ്വന്തം പൈതൃകത്തെ കുറിച്ച് അറിയാത്ത, അതിനെ  വില മതിയ്ക്കാത്ത അവരെ വിടാം.

"ശ്രീരാമ നാമം പാടി വന്ന പൈങ്കിളി പെണ്ണേ 
ശ്രീരാമ ചരിതം നീ ചൊല്ലിടൂ മടിയാതെ"

എന്ന് പറഞ്ഞ്  

ശാരിക പൈതലിലൂടെ അധ്യാത്മ രാമായണം ചൊല്ലിത്തന്ന എഴുത്തച്ഛൻ ഏതു ജാതി ആണെന്ന് ചൊല്ലി തർക്കം മുറുകുകയാണ്. എൻ.എസ്.എസ്. അവകാശപ്പെടുന്നത് എഴുത്തച്ഛൻ നായർ ആണെന്നും എൻ.എസ്.എസ്. ൻറെ സ്വന്തം ആണെന്നും ആണ്. അങ്ങിനെ വിട്ടു കൊടുക്കാൻ പാടുണ്ടോ? എഴുത്തച്ഛൻ ഗ്രൂപ്പ് പറയുന്നത് നായരല്ല എഴുത്തച്ഛൻ എന്ന ജാതി തന്നെ ആണെന്നാണ്‌. പേര് തന്നെ നോക്കൂ. ഏതായാലും മറ്റു ജാതിക്കാരാരും അവകാശ വാദവുമായി ഇത് വരെ രംഗത്ത് വന്നിട്ടില്ല. ഭാഗ്യം.

ഇനി എഴുത്തച്ഛൻ നായർ ആണെന്നിരിയ്ക്കട്ടെ.  എൻ.എസ്.എസ് നു എന്ത് ഗുണം ആണ് കിട്ടാൻ പോകുന്നത്? മറിച്ച് ആ മഹാൻ എഴുത്തച്ഛൻ ജാതി ആണെന്നിരിയ്ക്കട്ടെ. എഴുത്തച്ഛൻ ജാതിക്കാർക്ക് എന്ത് ഗുണം ആണ് കിട്ടാൻ പോകുന്നത്? ആന പ്പുറത്തിരുന്ന തഴമ്പ് അപ്പൂപ്പൻറെ ചന്തിയിൽ ഉണ്ടെന്നു വച്ച് ചെറു മകന് എന്ത് ഗുണം?

ജാതിയുടെ പേരിൽ വഴക്ക് കൂടുന്ന ഈ നായരും എഴുത്തച്ഛനും തുഞ്ചത്ത് എഴുത്തച്ഛൻ എഴുതിയത് എന്തെങ്കിലും വായിച്ചിട്ടുണ്ടോ?എഴുത്തച്ഛൻറെ പേരിൽ ഒരു മലയാള സർവകലാശാല തുടങ്ങിയിട്ടുണ്ട്.  ഇവരുടെ കുട്ടികളെ അവിടെ പഠിപ്പിക്കുകയോ ആ സർവകലാശാല വളരാനുള്ള എന്തെങ്കിലും കാര്യം ചെയ്തു കൂടെ ഇവർക്ക്? ജാതി പറഞ്ഞ് തമ്മിൽ തല്ലാതെ?

2014 സെപ്റ്റംബർ 8, തിങ്കളാഴ്‌ച

ഓണ കുർബാന

ഓണക്കോടി ധരിച്ച പുരോഹിതർ. പരമ്പരാഗത ഓണ വസ്ത്രങ്ങൾ ധരിച്ച് ചന്ദനക്കുറിയും ഇട്ട  വിശ്വാസികൾ. വാഴ ക്കുലകളും പച്ചക്കറികളും അച്ചന്മാർക്ക് കാഴ്ച വയ്ക്കുന്നു. സീറോ മലബാർ സഭയുടെ ഏറണാകുളം അങ്കമാലി അതിരൂപതയിലെ വാഴക്കാല സെന്റ്‌ ജോസഫ് പള്ളിയിലെ ഓണ കുർബാനയുടെ രംഗമാണിത്. പൂർണമായും കേരളീയമായ കുർബാന. 

കേരളത്തിൻറെ ഉത്സവമാണ് ഓണം. വിളവെടുപ്പ് ഉത്സവം. പഞ്ഞ കർക്കിടകം കഴിഞ്ഞ് മഴ മാറി തെളിഞ്ഞ മാനവും  നിറഞ്ഞ പത്തായങ്ങളും വിളഞ്ഞ കായ് കറികളും വിടർന്ന പൂക്കളും  കൊണ്ട് സമൃദ്ധമായ ചിങ്ങമാസം ആഹ്ലാദി ക്കാനുള്ളതാണ്. ഒരു വർഷം മുഴുവൻ പാടത്തും പറമ്പിലും കൈക്കോട്ടും കലപ്പയുമായി അധ്വാനിച്ച മനുഷ്യന് സന്തോഷിക്കാനുള്ള അവസരം.  അതാണ്‌ ഓണം. ഭാരതീയ സംസ്കാരം അനുസരിച്ച് ഉള്ള കുറെ കഥകളും മിത്തുകളും അനുഷ്ടാനങ്ങളും ആചാരങ്ങളും  ഓണം എന്ന ഉത്സവത്തിൽ കടന്നു വരികയുണ്ടായി. 

കേരളത്തിൻറെ വസന്ത കാലമാണ്  ചിങ്ങ മാസം.എങ്ങും പൂത്തു നിൽക്കുന്ന ചെടികൾ. തുമ്പയും,തെറ്റിയും,പിച്ചിയും അങ്ങിനെ നൂറു നൂറു   പൂക്കൾ. അവ അത്ത പ്പൂക്കളം ആയി വീട്ടു മുറ്റം അലങ്കരിച്ചു. ഒരു വർഷം നീണ്ട അധ്വാനത്തിന്റെ ഫലം കൃഷിക്കാരുമായി പങ്കു വയ്ക്കുന്ന ഉടമസ്ഥൻ. അങ്ങിനെ ഓണത്തിന് ജോലിക്കാർക്കെല്ലാം പുതു വസ്ത്രങ്ങളും നെല്ല്, തേങ്ങ എണ്ണ എന്നിവയും പണവും നൽകി. പകരം താൻ നനച്ചു വളർത്തിയ  വാഴയിൽ നിന്നുമൊരു കുലകാഴ്ച വച്ചു . പുതു വസ്ത്രങ്ങളും സദ്യയും കഴിച്ചു എല്ലാവരും ഓണം ആഘോഷിച്ചു.

അതാണ്‌ എല്ലാവരും ഓണം ആഘോഷിക്കുന്നത്. കേരളത്തിലും മലയാളി ഉള്ള ലോകത്തിൻറെ എല്ലാ സ്ഥലത്തും ഓണം ആഘോഷിയ്ക്കുന്നത് അതിനാലാണ്. അങ്ങിനെയുള്ള ഓണത്തിനിടയിൽ  മതം എന്ന പുട്ടു കച്ചവടം നടത്തുന്നവർ മാനസിക വൈകല്യം ഉള്ളവർ ആണ്. മനുഷ്യരെ തമ്മിൽ അടിപ്പിയ്ക്കുന്നവർ. അതിൽ നിന്നും മുതലെടുക്കുന്നവർ. 

കാലം മാറി.  മതാചാരങ്ങൾ വരെ മറ്റുള്ളവരും ആഘോഷിയ്ക്കുന്നു.  ക്രിസ്തുമസ് അങ്ങിനെ ഒരുത്സവം ആയല്ലോ. കേരളത്തിലുള്ള എല്ലാവരും കേക്ക് മുറിയ്ക്കുന്നു. അത് പോലെ പെരുന്നാളിന് ഇഫ്താർ വിരുന്നുകളിൽ പങ്കെടുത്ത് സ്വാദിഷ്ടമായ വിഭവങ്ങൾ എല്ലാവരും ആസ്വദിക്കുന്നു. ക്രിസ്തുമസിനു ഒരു കേക്കും കോഴിക്കറിയും അയലത്ത് കൊടുക്കുന്നു. പെരുനാളിന് പത്തിരിയും മട്ടണ്‍ ബിരിയാണിയും  അയൽ വക്കക്കാരന് നൽകുന്നു. സ്നേഹം ആണ് അങ്ങിനെ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നതു.

കുറെ ക്രിസ്ത്യാനികൾ എങ്കിലും ഈ ഓണ കുർബാനയ്ക്ക് എതിരെ രംഗത്ത് വരും എന്നുള്ളത് തീർച്ചയാണ്. എന്തെങ്കിലും തർക്കവും സംവാദവും ഇല്ലെങ്കിൽ അവർക്ക് നില നിൽപ്പില്ലല്ലൊ. യേശു പറഞ്ഞത് പോലെയാണോ ക്രിസ്ത്യാനികൾ ജീവിയ്ക്കുന്നത്? കാലത്തിനും സാഹചര്യങ്ങൾക്കും അനുസരിച്ച് അവർ മാറിയില്ലേ?  ഒരുദാഹരണം. പോത്തും പന്നിയും കരിമീനും വീഞ്ഞും ഒക്കെയായി ക്രിസ്തുമസും ഈസ്റ്റരും ഒക്കെ  ആഘോഷിയ്ക്കുമ്പോൾ ലക്ഷക്കണക്കിന്‌ ക്രിസ്ത്യാനികൾ പട്ടിണി കിടക്കുന്നത് അവർ ഓർക്കാറുണ്ടോ? 

2014 സെപ്റ്റംബർ 7, ഞായറാഴ്‌ച

ഓണാശംസകൾ

മറ്റൊരു ഓണം കൂടി വരവായി. തോവാളയിൽ നിന്നും പൂക്കൾ. ആന്ധ്രായിൽ നിന്നും അരി. അങ്ങിനെ അത്തപ്പൂക്കളവും സദ്യയും അന്യ സംസ്ഥാനക്കാരുടെ ഔദാര്യം കൊണ്ട് തയാറാക്കി മലയാളികൾ ഓണം ആഘോഷിയ്ക്കുകയാണ്.

ഇനി അടുക്കളയിൽ സദ്യ വട്ടം ഒരുക്കി മെനക്കെടാൻ വയ്യാത്തവർക്കിതാ ഓണ സദ്യയും ഒരുക്കി കാത്തിരിക്കുന്നു ഹോട്ടലുകാർ.400 രൂപാ മുതൽ ഹോട്ടൽ സ്റ്റാർ അനുസരിച്ച് വില  മുകളിലോട്ട്.

മലയാളികളെ കബളിപ്പിയ്ക്കാൻ എല്ലായിടവും ഡിസ്കൌണ്ട് കച്ചവടം. ആവശ്യം   ഇല്ലാത്ത സാധനങ്ങൾ  വാങ്ങി കൂട്ടി ജനം ഓണം ആഘോഷിയ്ക്കുന്നു.

ഇതൊക്കെയാണ് ഓണം. മാറി വരുന്ന കാലത്ത് ഓണം ഇങ്ങിനെയാണ്‌ എന്ന് അഭിമാനിയ്ക്കുന്ന മലയാളി.

എല്ലാ മലയാളികൾക്കും ഓണാശംസകൾ.

2014 സെപ്റ്റംബർ 6, ശനിയാഴ്‌ച

മുഖ്യ മന്ത്രിയുടെ കൃഷി

അരി വില അനിയന്ത്രിതമായി കുതിച്ചുയരുന്നു. പച്ചക്കറി വിലയും അത് പോലെ തന്നെ. എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില സാധാരണക്കാരന് താങ്ങാവുന്നതിനും അതീതമായി അവൻറെ നടുവ് ഒടിയുകയാണ്. ഓണം വന്നതോടു കൂടി വ്യാപാരികളും ഇടനിലക്കാരും കൊള്ള ലാഭം എടുക്കുകയും കൂടി  ചെയ്യുന്നതോടെ ആത്മ ഹത്യയുടെ വക്കിൽ എത്തി നിൽക്കുകയാണ് സാധാരണക്കാരൻ. പൂഴ്ത്തി വയ്പ്പുകാരും, കരിഞ്ചന്ത ക്കാരും കൊള്ള ലാഭക്കാരും ആണ് ഇന്ന് കേരള വിപണി കയ്യടക്കിയിരിയ്ക്കുന്നത്. ഇവർക്കെതിരെയും, ഇവരുണ്ടാക്കുന്ന കൃത്രിമ  വില വർധനയ്ക്കെതിരെയും  ഒരു ചെറു വിരൽ അനക്കുക പോലും ചെയ്യാതെ നിഷ്ക്രിയമായി  നോക്കി നിൽക്കുകയാണ് കേരള സർക്കാർ.  ഇപ്പോൾ കേരളത്തിലെ മന്ത്രിമാരുടെയും  രാഷ്ട്രീയക്കാരുടെയും ഒരേ ഒരു ചിന്ത ഉമ്മൻ ചാണ്ടി വരുത്തി വച്ച വിനയിൽ നിന്നും ബാറുകളെ  എങ്ങിനെ രക്ഷപ്പെടുത്താം എന്ന് മാത്രമാണ്.  ബാർ എങ്ങിനെ തുറക്കാം എന്നുള്ളത് മാത്രമാണ് രാഷ്ട്രീയ ചർച്ചകൾ എല്ലാം.

കേരളത്തിൽ നെൽകൃഷി പൂർണമായും നശിച്ചിട്ടില്ല. 8 ലക്ഷം ഹെക്ടർ നെൽവയൽ ഉണ്ടായിരുന്ന കേരളത്തിൽ കഴിഞ്ഞ 34 വർഷത്തിനിടെ 6 ലക്ഷത്തിലേറെ ഹെക്ടർ വയൽ നഷ്ട്ടപ്പെടുകയുണ്ടായി. ദീർഘ വീക്ഷണമില്ലാത്ത    സർക്കാരുകൾ  വയൽ നികത്താൻ  ഒത്താശ ചെയ്തതു കൊണ്ടാണ് ഇന്നീ ദുസ്ഥിതി വന്നു ചേർന്നത്‌. എന്നിട്ടും കർഷകരുടെയും കൃഷിക്കാരുടെയും മണ്ണിനോടും, നെല്ലിനോടും ഉള്ള സ്നേഹം കൊണ്ട് 2 ലക്ഷത്തിലേറെ ഹെക്ടർ  സ്ഥലത്ത് ഇന്നും നെല്ല് കൃഷി ചെയ്യുന്നു. ഏതാണ്ട് 3 ലക്ഷം ചെറുകിട  നെൽ കൃഷിക്കാരാണ് ഉള്ളത്.  അങ്ങിനെ കൃഷി ചെയ്യുന്ന നെല്ല് കർഷകരിൽ നിന്നും  നേരിട്ട് സർക്കാരിന് ശേഖരിക്കാവുന്നതാണ്. പക്ഷെ അത് ചെയ്യുന്നില്ല. പകരം കേരളത്തിലെ നെല്ല് മുഴുവൻ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സ്വകാര്യ അരി മില്ലുകൾക്ക് സഹായം ചെയ്തു കൊടുക്കുകയാണ്. കുറഞ്ഞ വിലയ്ക്ക് അങ്ങിനെ മില്ലുകൾ വാങ്ങുന്ന അരിയാണ് കിലോയ്ക്ക് 45 രൂപയ്ക്ക് വിപണിയിൽ കിട്ടുന്നത്. സർക്കാർ ഊർജിതമായി നെല്ല് സംഭരണം നടത്തുകയാണെങ്കിൽ കർഷകന് ന്യായ വില ലഭിയ്ക്കുന്നതിനോടൊപ്പം സാധാരണക്കാരന് കുറഞ്ഞ വിലയ്ക്ക് വിൽക്കാനും സാധിയ്ക്കും. പക്ഷേ സ്വകാര്യ കമ്പനികൾക്ക് ലാഭം ഉണ്ടാക്കിക്കൊടുത്തു അവരിൽ നിന്നും കമ്മീഷൻ പറ്റുന്ന മന്ത്രിമാരും രാഷ്ട്രീയക്കാരും ഭരിക്കുമ്പോൾ മറ്റെന്തു പ്രതീക്ഷിക്കാൻ?

കേന്ദ്ര പൂളിൽ നിന്നും കിട്ടുന്ന നല്ല അരിയും സർക്കാർ സ്വകാര്യ മില്ലുകൾക്ക് മറിച്ചു കൊടുത്ത് പകരം അവർ നൽകുന്ന  വില കുറഞ്ഞ പുഴുത്ത അരിയാണ് റേഷൻ കടകളിലൂടെ പാവം ജനങ്ങൾക്ക്‌ നൽകുന്നത്. 

കേരളത്തിൽ പച്ചക്കറി കൃഷിയും നന്നായി നടക്കുന്നു. കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുകയാണെങ്കിൽ മുൻപ് പറഞ്ഞത് പോലെ കർഷകർക്ക് ജനങ്ങൾക്കും ഒരു പോലെ ഉപകാരപ്രദമായേനെ. പക്ഷെ ഇവിടെയും സ്വകാര്യ ലോബിയെയും ഇട നിലക്കാരെയും സഹായിക്കുകയാണ് സർക്കാർ ചെയ്യുന്നത്. പാലക്കാട് കൃഷിക്കാരിൽ നിന്നും തമിഴ് നാട്ടിലെ ഇട നിലക്കാർ പച്ചക്കറി വാങ്ങി അതിർത്തി കടത്തി അവിടെ നിന്നും കൂടിയ വിലയ്ക്ക് കേരളത്തിലേയ്ക്ക് തിരിച്ചു വിൽക്കുന്ന വിചിത്രമായ പരിപാടി വരെ ഇവിടെ നടക്കുന്നു. സർക്കാർ നേരിട്ട് ശേഖരിയ്ക്കാത്തതാണ് ഇതിനു കാരണം. ഇതൊന്നും കൂടാതെ മറ്റൊരു വലിയ തട്ടിപ്പ് കൂടി സർക്കാർ ഏജൻസി ആയ ഹോർട്ടി കോർപ് ചെയ്യുന്നുണ്ട്. തമിഴ് നാട്ടിൽ നിന്നും വാങ്ങുന്ന പച്ചക്കറി അമിത വിലയ്ക്ക് കേരളത്തിൽ വിൽക്കുന്നു. അവിടെ നിന്നും ഇവിടെ എത്തിയ്ക്കുമ്പോൾ ഒരു കിലോയ്ക്ക് ഒരു രൂപ മാത്രമാണ്  ചിലവാകുന്നത്. പക്ഷേ പതിനഞ്ചും ഇരുപതും രൂപ കൂട്ടിയാണ് ഇവിടെ സാധാരണക്കാർക്ക് വിൽക്കുന്നത്. തമിഴ് നാട്ടിൽ നിന്നും ഇങ്ങിനെ കൊണ്ട് വരുന്ന പച്ചക്കറി വളരെ വില കുറച്ച് സ്വകാര്യ പഞ്ച നക്ഷത്ര ഹോട്ടലുകാർക്ക്‌ നൽകുന്നത് തെളിവ് സഹിതം ഒരു ദൃശ്യ മാധ്യമം പുറത്തു വിട്ടിരുന്നു. ചില മുടന്തൻ ന്യായങ്ങൾ പറഞ്ഞ് മുഖ്യ മന്ത്രി അതിനെ ന്യായീകരിയ്ക്കുകയും ചെയ്തിരുന്നു.

ഇതിനിടെ തൻറെ ഔദ്യോഗിക വസതിയിയുടെ പറമ്പിൽ മുഖ്യ മന്ത്രി നെൽകൃഷി ചെയ്തിരിക്കുന്നു. മുഖ്യ മന്ത്രി നെല്ല് കൊയ്യുന്ന ചിത്രങ്ങൾ പത്ര ദൃശ്യ മാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെ നൽകി മുഖ്യ മന്ത്രിയുടെ അപദാനങ്ങൾ പാടി പ്പുകഴ്തുകയുണ്ടായി. കൃഷിയോടും സ്വയം പര്യാപ്തതയോടുമുള്ള മുഖ്യ മന്ത്രിയുടെ പ്രതിബദ്ധത. അദ്ദേഹത്തിന്റെ പത്നി ആണത്രേ ഇതിനു പിന്നിൽ. കേട്ടപ്പോൾ ചിരി വന്നു പോയി. സർക്കാർ  ശമ്പളം പറ്റുന്ന   പാവപ്പെട്ട കുറെ ഉദ്യാന പാലകരും തോട്ട പ്പണിക്കാരും വിയർപ്പൊഴുക്കിയതാണിത് എന്ന് ഏത് മണ്ടനും അറിയാവുന്നതാണ്. കറ്റ കൊയ്തതിനു ശേഷം മുഖ്യ മന്ത്രി ചില ഉൽബോധനങ്ങളും നടത്തി. കൃഷിയുടെ ഗുണ ഗണങ്ങൾ.

ആറന്മുളയിൽ സ്വകാര്യ വിമാന ത്താവളത്തിന്  വേണ്ടി കൃഷി ചെയ്തു കൊണ്ടിരുന്ന ഏക്കർ കണക്കിന്  നെൽ വയൽ നികത്താൻ സഹായിച്ച   മനുഷ്യനാണ് കൃഷിയുടെ മഹത്വം പ്രസംഗിയ്ക്കുന്നത്‌. വിമാനത്താവളം നടക്കില്ല എന്ന് വന്നപ്പോൾ അതിനെ സർക്കാരിന്റെ ഭാഗമാക്കി രക്ഷിക്കാനായി അതിൻറെ പത്തു ശതമാനം ഓഹരി എടുത്ത മുഖ്യ മന്ത്രി ആണ് ഈ ചാരിത്ര പ്രസംഗം നടത്തിയത്. നികത്തിയ വയൽ പഴയ പടി ആക്കി കൃഷി യോഗ്യമാക്കാൻ ഹൈ ക്കോടതി പറഞ്ഞപ്പോഴും മുഖ്യ മന്ത്രിയുടെ  വിമാനത്താവള പ്രേമം അവസാനിച്ചില്ല. ഇനിയും അവർ പുതിയ പ്രോപോസലും ആയി വന്നാൽ ഇനിയും അനുമതി കൊടുക്കും എന്ന് പറഞ്ഞ വ്യക്തിയാണ് ഒരു സെന്റ് ഭൂമിയിലെ നെൽക്കതിർ കൊയ്ത് കാർഷിക വിപ്ലവം നടത്താൻ ആഹ്വാനം നടത്തിയത്. കേരളത്തിലെ വയലും തണ്ണീർ ത്തടങ്ങളും നികത്താൻ സ്വകാര്യ വ്യക്തികളെ അനുവദിയ്ക്കുന്ന നിയമം കൊണ്ടു വന്ന മുഖ്യ മന്ത്രിയാണ് ഈ കൃഷി പ്രേമം കാണിച്ചത്. നാടിൻറെ ജീവ നാഡിയായ പശ്ചിമ ഘട്ടത്തെ രക്ഷിക്കാനുള്ള ഗാട്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കരുത് എന്ന് മുറവിളി കൂട്ടിയ ആളാണ്‌.ഗാഡ്ഗിലിൽ വെള്ളം ചേർത്ത കസ്തുരി രംഗൻ റിപ്പോർട്ട് പോലും മാറ്റാൻ വേല വയ്ച്ച ആളാണ്‌ കൃഷിയുടെ നേട്ടങ്ങൾ നിരത്തുന്നത്.

എത്ര നാൾ ഇങ്ങിനെ കേരള ജന്നതയെ വിഡ്ഢികൾ ആക്കാൻ ഇദ്ദേഹത്തിനു കഴിയും?  അത് പോകട്ടെ, ഇനി എത്ര നാൾ കേരള ജനത  ഇങ്ങിനെ സ്വയം  വിഡ്ഢി വേഷം കെട്ടും? ടുണീഷ്യയിൽ നടന്ന മുല്ലപ്പൂ വിപ്ലവം പോലെ  ഒരു വിപ്ലവം  കേരളത്തിൽ നടക്കേണ്ടി ഇരിക്കുന്നു. കൃഷി ഭൂമി നശിപ്പിക്കാതിരിയ്ക്കാൻ   വേണ്ടി. കൃഷി ചെയ്യാൻ ഭൂമിയ്ക്ക് വേണ്ടി.  കൃഷിചെയ്യാനുള്ള അവകാശങ്ങൾക്ക് വേണ്ടി. ഒരു  "നെൽക്കതിർ വിപ്ലവം". അതിൻറെ സമയം അതിക്രമിച്ചു കഴിഞ്ഞു.ഇറങ്ങാം നമുക്ക്.