Monday, September 15, 2014

ലവണ തൈലം

അമിത വണ്ണം കുറയ്ക്കുക എന്നത് തടിയുള്ളവരെ സംബന്ധിച്ചിടത്തോളം ഒരു എടുത്താൽ പൊങ്ങാത്ത പ്രശ്നമാണ്. ശരീരം അനങ്ങാതെ എളുപ്പ വഴിയിൽ എങ്ങിനെയെങ്കിലും    തടി ഒന്ന് കുറഞ്ഞു കിട്ടാനാണ്‌ എല്ലാ  തടിയന്മാരും തടിച്ചികളും  ശ്രമിയ്ക്കുന്നത്.  ആറും എട്ടും പായ്ക്കുകളും ആയി  സിനിമാ നടന്മാരും, 35-24-35 അളവുകളും ആയി സിനിമാ നടി കളും വരുമ്പോൾ ഉണ്ടാകുന്ന വിഷമവും എന്നാൽ വ്യായാമം എടുക്കാനുള്ള മടിയും  മുതലെടുക്കാൻ  ദിവ്യൗഷധങ്ങ ളും    അത്ഭുത   വിദ്യകളുമായി കുറെ കമ്പനികളും ആളുകളും രംഗത്ത് ഇറങ്ങിയിട്ടുണ്ട്. എന്തെല്ലാം മരുന്നുകളും ഉപകരണങ്ങളും ആണ് എളുപ്പ വഴിയിൽ തടി കുറയ്ക്കാൻ  ഇറങ്ങിയത്‌.

 ലവണ തൈലം ആണ് അടുത്ത കാലത്ത് ഏറ്റവും കൂടുതൽ കാശുണ്ടാക്കിയത്. വയറിൽ പുരട്ടിയാൽ അര മണിക്കൂറിനകം വയറു കുറയും അത്രേ!    ധന്വന്തരി, ചരകൻ, ശുശ്രുതൻ  തുടങ്ങിയ  നമ്മുടെ ആയുർവേദ ആചാര്യന്മാരെ കടത്തി വെട്ടി നടത്തിയ ഒരു കണ്ടു പിടിത്തം. അൽപ്പം മാംസള ശരീരമുള്ള  ഒരു സ്ത്രീ സുഹൃത്ത്  ഒരിയ്ക്കൽ പറയുകയുണ്ടായി  "തട്ടിപ്പ്  ആണെന്നറിയാം. എങ്കിലും ഒരു കുപ്പി ഒന്ന് ട്രൈ ചെയ്തു നോക്കണം". പോരേ? ഇങ്ങിനെ കേരളത്തിലെ സ്ഥൂല ശരീരർ എല്ലാം ഓരോ കുപ്പി വാങ്ങിയാൽ മതിയല്ലോ കമ്പനി കോടികൾ ഉണ്ടാക്കാൻ.

പിന്നെ കുറെ ഉപകരണങ്ങൾ ആണ്. ബെൽറ്റുകൾ, ആവി കുളി യന്ത്രം അങ്ങിനെ പലതും. ഈ ഉപകരണങ്ങളുടെയെല്ലാം പൊതുവായുള്ള പ്രത്യേകത ഒന്നിനും ശരീരം ഒട്ടും അനങ്ങണ്ട എന്നതാണ്. തടിയന്മാർക്ക് പൊതുവായുള്ള ദൌർബല്യവും അത് തന്നെ. ശരീരം അനങ്ങരുത് എന്നത്. 

അടുത്തത് അകത്തു കഴിയ്ക്കാനുള്ള  കുറെ മരുന്നുകൾ ആണ്. ആദ്യമായി വർഷങ്ങൾക്കു മുൻപ് മുംബയിലും ഡൽഹിയിലും തടി കുറയ്ക്കുന്ന ഒരു ജിംനേഷ്യം കമ്പനി തുടങ്ങി, അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത ഒരു മരുന്ന് ആണ് ഇവർ കൊടുക്കുന്നത്. എന്താണെന്ന് പറയില്ല. ഇത് കഴിച്ചാൽ വിശപ്പ്‌ തോന്നുകില്ല. സാധനം എന്താണെന്ന് അറിയാമോ? മരുന്ന് ചേർത്ത ഒരു തരം ആഹാരം. ഇത് പെട്ടെന്നൊന്നും ദഹിയ്ക്കില്ല. അത് കൊണ്ട് വിശപ്പ്‌ തോന്നുകില്ല. ചില മരുന്നുകൾ ആഹാരം ഒഴിവാക്കാൻ തലച്ചോറിന് നിർദ്ദേശം നൽകുന്നവയാണ്. സിബുട്രാമിൻ അത്തരത്തിലുള്ള ഒരു മരുന്നാണ്. അങ്ങിനെ ആഹാരം കുറയ്ക്കും. തടി കുറയും. ആഹാരം കുറയുന്നത് കൊണ്ട് മറ്റു മാരകമായ അസുഖങ്ങൾ വരും എന്ന് ആരും ശ്രദ്ധിക്കാറില്ല.

ഇതാ അമിത വണ്ണം കുറയ്ക്കാൻ ഏതോ ഗുളിക കഴിച്ച സീത എന്ന  30 വയസ്സുകാരി   യുവതി രണ്ടു ദിവസം മുൻപ് മധ്യപ്രദേശിൽ മരിച്ചു. എന്താണ് സംഭവിച്ചതെന്ന് ഡോക്ടർ മാർക്കും മനസ്സിലായില്ല. ചിന്ത് വാഡ   ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു രണ്ടു മണിക്കൂറിനകം മരണം സംഭവിച്ചു. രണ്ടാഴ്ചയായി വണ്ണം കുറയ്ക്കാൻ ഏതോ ഗുളിക കഴിയ്ക്കുന്നു എന്ന് ഭർത്താവ് പറഞ്ഞപ്പോഴാണ് എല്ലാവരും കാര്യം അറിയുന്നത്. 
ചിന്ത് വാഡയിലും അടുത്തു കിടക്കുന്ന മഹാരാഷ്ട്രയിലെ നാഗ്പുരിലും ഈ മരുന്നു കച്ചവടം വളരെ വ്യാപകമാണ്. ഏറ്റവും കൂടുതൽ വ്യാജ മരുന്നുണ്ടാക്കുന്ന ഇൻഡോർ ഇതിനു  വളരെ അടുത്താണ്. 

തടിയന്മാരെ,തടിച്ചികളെ. തടി കുറയ്ക്കാൻ എളുപ്പ വഴി ഒന്നുമില്ല. ശരിയായി വ്യായാമം ചെയ്യുക. ഒപ്പം ആഹാരം നിയന്ത്രിച്ച്‌ ശരീരത്തിന് ആവശ്യമുള്ളത് മാത്രം കഴിയ്ക്കുക. 

അമേരിക്കക്കാരും യൂറോപ്പ്കാരും ഗുണമില്ലഎന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ജങ്ക് ഫുഡ് ഒഴിവാക്കിയത്. പക്ഷെ ബുദ്ധിമാൻമാരായ അവർ പണമുണ്ടാക്കാനായി  മൂന്നാം രാജ്യങ്ങളിൽ കൊണ്ടു തള്ളുന്ന ഈ  ചവർ  -(പിറ്റ്സ,ലെയ്സ് തുടങ്ങിയവ), അമേരിക്കൻ ആയതു കൊണ്ട് അമൃത്‌ ആണെന്ന് കരുതി കഴിയ്ക്കുന്ന വിവരം ഇല്ലാത്ത  പൊങ്ങച്ചക്കാർ ഒരു കൂട്ടർ. ഇതാണ് ഫാഷൻ എന്ന് കരുതി കഴിയ്ക്കുന്ന പുതു തലമുറ  മണ്ടന്മാർ മറ്റൊരു കൂട്ടർ. ഏതായാലും ഈ രണ്ടു മണ്ടന്മാരും ഈ ചവർ കഴിച്ച് അനാവശ്യ കലോറി ശരീരത്തിൽ വലിച്ചു കയറ്റുന്നു. തടി കുറയ്ക്കാനുള്ള മരുന്നും വിൽക്കുന്നത് അമേരിക്കക്കാരൻ തന്നെ. മണ്ടന്മാരെ,   ഇനിയെങ്കിലും   നല്ല നാടൻ ഭക്ഷണം കഴിയ്ക്കൂ. ആരോഗ്യത്തോടെ ജീവിയ്ക്കൂ.

No comments:

Post a Comment