Sunday, September 21, 2014

പുനരധിവാസം

മുഖ്യ മന്ത്രിയും, ധനം കടം വാങ്ങൽ മന്ത്രിയും, മദ്യ മന്ത്രിയും ഒരേ സ്വരത്തിൽ പറയുന്നു കേരളത്തിന്‌ മദ്യപന്മാരുടെ പണം വേണ്ട അല്ലാതെ തന്നെ തന്നെ മുന്നോട്ടു പോകാം എന്ന്. സുധീരനും  പറയുന്നു. എല്ലാവരും അതാണ്‌ പറയുന്നത്. എന്നിട്ടിതാ മദ്യത്തിന് വീണ്ടും നികുതി ഉയർത്തിയിരിയ്ക്കുന്നു. മദ്യത്തിന് 115 ശതമാനത്തിൽ നിന്നും 135 ആണ് ആക്കിയത്. കൂടെ 5 ശതമാനം  സെസ്സും കൂടി. അങ്ങിനെ 1130 കോടി അധിക വരുമാനം.ബീയറും വൈനും 50 ൽ നിന്നും 70 ശതമാനം ആക്കി. മറ്റൊരു 100 കോടി അധിക വരുമാനം.  മദ്യപന്മാരുടെ പണം വേണ്ടെങ്കിൽ പിന്നെന്തിനു നികുതി കൂട്ടി  എന്ന ചോദ്യം ആരോട് ചോദിയ്ക്കും? ആര് മറുപടി പറയും?

ബാറുകൾ അടയ്ക്കുമ്പോൾ ബാർ തൊഴിലാളികളെ പുനരധി വസിപ്പിയ്ക്കുന്നതാണ് സർക്കാരിന്റെ മുന്നിലുള്ള ഏറ്റവും വലിയ പ്രശ്നം എന്ന് സർക്കാർ തന്നെ പറയുന്നു. മദ്യ നയത്തിൽ പ്രതി പക്ഷത്തിനുള്ള പ്രധാന പരസ്യ എതിർപ്പും പുനരധിവാസം തന്നെയാണ്. കാരണം പ്രതിപക്ഷം ഒരു തൊഴിലാളി പാർട്ടി എന്നാണല്ലോ അവകാശപ്പെടുന്നത്. മദ്യ നയത്തിൽ പുനരധിവാസത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല എന്നതാണ് പ്രതിപക്ഷം ഉൾപ്പടെയുള്ളവർ മദ്യ നയത്തിനെ പറ്റി പരസ്യമായി പറയുന്ന ഏക കുറ്റവും. എല്ലാ ബാറുകളും പൂട്ടുമ്പോൾ ഏതാണ്ട് 15000 ആളുകൾ തൊഴിൽ രഹിതർ ആകും എന്നാണു ഉദ്ദേശ കണക്ക്. ഇവരെയെല്ലാം സർക്കാർ പുനരധിവസിപ്പിയ്ക്കണം അത്രേ.

അന്യ സംസ്ഥാനങ്ങളിൽ നിന്നും കുടിയേറിയ തൊഴിലാളികൾ കേരളത്തിൽ ഏതാണ്ട് 25 ലക്ഷം ആണ്. ഓരോ വർഷവും  17,500 കോടി രൂപയാണ് ഇവർ സ്വന്തം നാട്ടിലേയ്ക്ക് അയയ്ക്കുന്നത്.അത് പോട്ടെ.  ഇത്രയും മലയാളികൾ ഗൾഫിൽ നിന്നും 75,000 കോടി ആണ് കേരളത്തിലേയ്ക്ക് അയയ്ക്കുന്നത്. അതും അന്യ സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ചെയ്യുന്ന അതേ പണിയൊക്കെ തന്നെ ചെയ്ത്. കേരളത്തിലുള്ള   ഈ 25 ലക്ഷം അന്യ സംസ്ഥാന തൊഴിലാളികളിൽ  60 ശതമാനം പേര് കെട്ടിട നിർമാണ മേഖലയിൽ ആണ് തൊഴിലെടുക്കുന്നത്‌. ബാക്കിയുള്ള   15 ലക്ഷം പേർ  മറ്റെല്ലാ മേഖലകളിലും ആയി ജോലി എടുക്കുന്നു.  ഹോട്ടലുകളിൽ ഉൾപ്പടെ.എങ്ങിനെ കണക്കാക്കി നോക്കിയാലും  കുറഞ്ഞത്‌  2 ലക്ഷം ആളുകൾ എങ്കിലും കേരളത്തിലെ  ഹോട്ടലുകളിൽ ജോലി നോക്കുന്നുണ്ടാകും.   ജോലി ചെയ്യാൻ  നമ്മുടെ നാട്ടുകാർ   ഇല്ലാത്തത്  കൊണ്ടാണല്ലോ മറ്റു സംസ്ഥാനങ്ങളിൽ നിന്നും തൊഴിലാളികൾ ഇവിടെ  വരുന്നത്. അപ്പോൾ ബാറുകൾ പൂട്ടുന്നത് മൂലം തൊഴിൽ രഹിതർ ആകുന്ന തൊഴിലാളികൾക്ക് മറ്റു ഹോട്ടലുകളിൽ ജോലി നേടാമല്ലോ. അവരുടെ എണ്ണം ആകട്ടെ വെറും 15000 മാത്രം. ജോലി സാധ്യത ആകട്ടെ അതിൻറെ പതിന്മടങ്ങും. അധ്യാപകരെ പുനരധിവസിപ്പിയ്ക്കുന്നതിനു അധ്യാപക ജോലി തന്നെ വേണം. അത് പോലെ ഡോക്ടർമാർക്കും. പക്ഷേ ഇവരുടെ കാര്യം അത് പോലല്ലല്ലോ. ബാർ ഹോട്ടലിലെ തൊഴിലാളികൾക്ക് ബാർ ഇല്ലാത്ത ഹോട്ടലുകളിലും ജോലി ചെയ്യാമല്ലോ. മദ്യ നിരോധനത്തിന് എതിരെ പുനരധിവാസം എന്ന നാടകം അവസാനിപ്പിയ്ക്കാമല്ലൊ.

ബാറുകൾ പൂട്ടുന്നതിന് മുൻപ് സന്തോഷ മണിയ്ക്കൂറുകൾ (ഹാപ്പി അവേർസ്) അവസാനമായി ആസ്വദി യ്ക്കാനായി തിരുവനന്തപുരത്ത് ഒരു 3 സ്റ്റാർ ബാറിൽ കയറി. അവിടെ ടോയിലറ്റ് വൃത്തിയാക്കുന്ന ഒരു പയ്യൻ. ലോഹ്യം ചോദിച്ചു. പയ്യൻ  ഏതോ ഒരു സ്വകാര്യസ്ഥാപനത്തിൽ ഹോട്ടൽ മാനേജ്മെൻന്റ് ഡിപ്ലോമ പഠിയ്ക്കുന്നു. ഈ ഹോട്ടലിൽ പാർട്ട്- ടൈം ജോലി. ശമ്പളം 4000 രൂപ  ഒപ്പം   സൗജന്യ  ഭക്ഷണവും താമസവും. നാട് തലശ്ശേരി. അച്ഛൻ ഓട്ടോ ഓടിയ്ക്കുന്നു. ചേച്ചി എഞ്ചിനീയറിംഗ്-സിവിൽ-ഇപ്പോൾ പാസ്സായി. . ശമ്പളത്തിൽ നിന്നും  3000 രൂപ  പഠിയ്ക്കുന്നതിനുള്ള ഫീസ്‌. കൊടുക്കുന്നു. അവിടെ പോകാനും വരാനും ബസ് കൂലിയും  മറ്റു ചിലവും കഴിഞ്ഞ് 250 രൂപ വീട്ടിൽ അയച്ചു കൊടുക്കുന്നു. കണ്ണു നിറഞ്ഞു പോയി. മേശപ്പുറത്ത് ഓർഡർ ചെയ്ത  160 രൂപയുടെ പെഗ്ഗും 90 രൂപയുടെ ഓംലെറ്റും ഇരിയ്ക്കുന്നു. 

2 comments:

  1. നല്ല നിരീക്ഷണം അവസാനം വളരെ സത്യസന്ധമായി

    ReplyDelete
  2. ബൈജു,കാശുണ്ടെന്ന് വച്ച് എന്ത് അനാവശ്യ ചിലവാണ്‌ നാം ചെയ്യുന്നത്.

    ReplyDelete