Monday, September 8, 2014

ഓണ കുർബാന

ഓണക്കോടി ധരിച്ച പുരോഹിതർ. പരമ്പരാഗത ഓണ വസ്ത്രങ്ങൾ ധരിച്ച് ചന്ദനക്കുറിയും ഇട്ട  വിശ്വാസികൾ. വാഴ ക്കുലകളും പച്ചക്കറികളും അച്ചന്മാർക്ക് കാഴ്ച വയ്ക്കുന്നു. സീറോ മലബാർ സഭയുടെ ഏറണാകുളം അങ്കമാലി അതിരൂപതയിലെ വാഴക്കാല സെന്റ്‌ ജോസഫ് പള്ളിയിലെ ഓണ കുർബാനയുടെ രംഗമാണിത്. പൂർണമായും കേരളീയമായ കുർബാന. 

കേരളത്തിൻറെ ഉത്സവമാണ് ഓണം. വിളവെടുപ്പ് ഉത്സവം. പഞ്ഞ കർക്കിടകം കഴിഞ്ഞ് മഴ മാറി തെളിഞ്ഞ മാനവും  നിറഞ്ഞ പത്തായങ്ങളും വിളഞ്ഞ കായ് കറികളും വിടർന്ന പൂക്കളും  കൊണ്ട് സമൃദ്ധമായ ചിങ്ങമാസം ആഹ്ലാദി ക്കാനുള്ളതാണ്. ഒരു വർഷം മുഴുവൻ പാടത്തും പറമ്പിലും കൈക്കോട്ടും കലപ്പയുമായി അധ്വാനിച്ച മനുഷ്യന് സന്തോഷിക്കാനുള്ള അവസരം.  അതാണ്‌ ഓണം. ഭാരതീയ സംസ്കാരം അനുസരിച്ച് ഉള്ള കുറെ കഥകളും മിത്തുകളും അനുഷ്ടാനങ്ങളും ആചാരങ്ങളും  ഓണം എന്ന ഉത്സവത്തിൽ കടന്നു വരികയുണ്ടായി. 

കേരളത്തിൻറെ വസന്ത കാലമാണ്  ചിങ്ങ മാസം.എങ്ങും പൂത്തു നിൽക്കുന്ന ചെടികൾ. തുമ്പയും,തെറ്റിയും,പിച്ചിയും അങ്ങിനെ നൂറു നൂറു   പൂക്കൾ. അവ അത്ത പ്പൂക്കളം ആയി വീട്ടു മുറ്റം അലങ്കരിച്ചു. ഒരു വർഷം നീണ്ട അധ്വാനത്തിന്റെ ഫലം കൃഷിക്കാരുമായി പങ്കു വയ്ക്കുന്ന ഉടമസ്ഥൻ. അങ്ങിനെ ഓണത്തിന് ജോലിക്കാർക്കെല്ലാം പുതു വസ്ത്രങ്ങളും നെല്ല്, തേങ്ങ എണ്ണ എന്നിവയും പണവും നൽകി. പകരം താൻ നനച്ചു വളർത്തിയ  വാഴയിൽ നിന്നുമൊരു കുലകാഴ്ച വച്ചു . പുതു വസ്ത്രങ്ങളും സദ്യയും കഴിച്ചു എല്ലാവരും ഓണം ആഘോഷിച്ചു.

അതാണ്‌ എല്ലാവരും ഓണം ആഘോഷിക്കുന്നത്. കേരളത്തിലും മലയാളി ഉള്ള ലോകത്തിൻറെ എല്ലാ സ്ഥലത്തും ഓണം ആഘോഷിയ്ക്കുന്നത് അതിനാലാണ്. അങ്ങിനെയുള്ള ഓണത്തിനിടയിൽ  മതം എന്ന പുട്ടു കച്ചവടം നടത്തുന്നവർ മാനസിക വൈകല്യം ഉള്ളവർ ആണ്. മനുഷ്യരെ തമ്മിൽ അടിപ്പിയ്ക്കുന്നവർ. അതിൽ നിന്നും മുതലെടുക്കുന്നവർ. 

കാലം മാറി.  മതാചാരങ്ങൾ വരെ മറ്റുള്ളവരും ആഘോഷിയ്ക്കുന്നു.  ക്രിസ്തുമസ് അങ്ങിനെ ഒരുത്സവം ആയല്ലോ. കേരളത്തിലുള്ള എല്ലാവരും കേക്ക് മുറിയ്ക്കുന്നു. അത് പോലെ പെരുന്നാളിന് ഇഫ്താർ വിരുന്നുകളിൽ പങ്കെടുത്ത് സ്വാദിഷ്ടമായ വിഭവങ്ങൾ എല്ലാവരും ആസ്വദിക്കുന്നു. ക്രിസ്തുമസിനു ഒരു കേക്കും കോഴിക്കറിയും അയലത്ത് കൊടുക്കുന്നു. പെരുനാളിന് പത്തിരിയും മട്ടണ്‍ ബിരിയാണിയും  അയൽ വക്കക്കാരന് നൽകുന്നു. സ്നേഹം ആണ് അങ്ങിനെ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നതു.

കുറെ ക്രിസ്ത്യാനികൾ എങ്കിലും ഈ ഓണ കുർബാനയ്ക്ക് എതിരെ രംഗത്ത് വരും എന്നുള്ളത് തീർച്ചയാണ്. എന്തെങ്കിലും തർക്കവും സംവാദവും ഇല്ലെങ്കിൽ അവർക്ക് നില നിൽപ്പില്ലല്ലൊ. യേശു പറഞ്ഞത് പോലെയാണോ ക്രിസ്ത്യാനികൾ ജീവിയ്ക്കുന്നത്? കാലത്തിനും സാഹചര്യങ്ങൾക്കും അനുസരിച്ച് അവർ മാറിയില്ലേ?  ഒരുദാഹരണം. പോത്തും പന്നിയും കരിമീനും വീഞ്ഞും ഒക്കെയായി ക്രിസ്തുമസും ഈസ്റ്റരും ഒക്കെ  ആഘോഷിയ്ക്കുമ്പോൾ ലക്ഷക്കണക്കിന്‌ ക്രിസ്ത്യാനികൾ പട്ടിണി കിടക്കുന്നത് അവർ ഓർക്കാറുണ്ടോ? 

No comments:

Post a Comment