2014, സെപ്റ്റംബർ 30, ചൊവ്വാഴ്ച

Justice Delayed is a Blessing.

പല്ല് മുഴുവൻ കൊഴിഞ്ഞു പോയിട്ടില്ല എന്ന് ഇടയ്ക്കിടെ നമ്മുടെ നീതിന്യായ ക്കോടതികൾ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്‌. പഴയ മുഖ്യ മന്ത്രി ജയലളിതയെ ജയിലിൽ ആക്കിയ വിധി അത്തരത്തിൽ ഒന്നാണ്. എന്ന് തുടങ്ങിയ കേസാണ്? 1996 ൽ. നീണ്ട 18 വർഷം. ഒരു വിധി വരാൻ. ഒരു മനുഷ്യ ജന്മത്തിന്റെ നാലിൽ ഒന്ന് ഭാഗം സമയം എടുത്തു നമ്മുടെ കോടതി വിധി പ്രസ്താവിക്കാൻ.  ഈ കാലയളവിനുള്ളിൽ കുറ്റം ചെയ്തവർ കാല യവനികയ്ക്ക് ഉള്ളിൽ മറഞ്ഞിരിയ്ക്കാം. അഴിമതി ചെയ്തവർ അന്നുണ്ടാക്കിയ പണത്തിന്റെയും സ്വത്തിന്റെയും പതിനായിരം മടങ്ങ്‌ ഉണ്ടാക്കിയിരിയ്ക്കാം. അധികാരം പിടിച്ചെടുത്തിരിയ്ക്കാം. തെരഞ്ഞെടുപ്പു കേസിൽ ആണെങ്കിൽ അയോഗ്യത കൽപ്പിയ്ക്കുമ്പൊഴേക്കും അധികാരത്തിൽ ഇരുന്നു ഭരണം നടത്തി, അഴിമതി നടത്തി എല്ലാം കഴിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞിരിയ്ക്കാം.

Justice Delayed is  Justice Denied,  നീതി  താമസിച്ചു കിട്ടുന്നതു നീതി നിഷേധിയ്ക്കുന്നതു തന്നെയാണെന്ന് പറയുന്നു. അത് സാധാരണക്കാരനെ സംബന്ധിച്ചാണ്. അവന്റെ കേസുകൾ അനാവശ്യമായി നീട്ടി അവനെ ബുധിമുട്ടിയ്ക്കുകയാണ്. പക്ഷെ ഇവിടെ നീതി താമസിപ്പിയ്ക്കുന്നത് അവന് ഗുണകരം ആകുകയാണ്. Justice Delayed is a Blessing.

കേരളാ യുനിവേർസിറ്റിയിൽ അസിസ്റ്റന്റ്‌ പരീക്ഷയുടെ ഉത്തരക്കടലാസ് നശിപ്പിച്ചിട്ട് അർഹതയുള്ളവരെ പുറത്താക്കിവേണ്ടപ്പെട്ടവർക്ക് നിയമനം നൽകിയ കേസ് വാദം പൂർത്തിയായി  1 വർഷമായി കേരള ഹൈക്കോടതിയിൽ കിടക്കുകയാണ്. കള്ളത്തരത്തിൽ കയറിയവർക്ക് ഇങ്ങിനെ കേസ് അനന്തമായി നീളുന്നത് ഗുണം ചെയ്യുകയല്ലേ ചെയ്യുന്നത്? അങ്ങിനെ പല കേസുകളും നീണ്ടു നീണ്ടു പോയി കുറ്റവാളി ജീവിതം മുഴുവൻ  ആസ്വദിച്ചിട്ടു ശിക്ഷ ലഭിയ്ക്കുന്നതു കൊണ്ട് എന്ത് അർത്ഥം ആണുള്ളത്?

ജയലളിതയുടെ കേസും ഇത് പോലെ തന്നെ. 1996 ൽ കേസ് രെജിസ്ടർ ചെയ്ത് അന്വേഷണം നടത്തി. 66.5 കോടിയുടെ അനധികൃത സ്വത്തു സമ്പാദനം. ഡിസംബറിൽ അറസ്റ്റിലുമായി ആഴ്ചകൾ കഴിഞ്ഞു മോചനം.1997 കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യുട്ട് ചെയ്യാൻ ഗവർണറുടെ അനുമതിയും കിട്ടി.2000 ത്തിൽ കേസ് വിസ്താരം കുറെ ആയി. 2001 ൽ താൻസി ഭൂമി അഴിമതിക്കേസിൽ സുപ്രീം കോടതി മുഖ്യ മന്ത്രി പദത്തിൽ നിന്നും പുറത്താക്കി.2002 ല കുറ്റ വിമുക്തയായി വീണ്ടും മുഖ്യ മന്ത്രി. ഇഴഞ്ഞു നീങ്ങുന്ന കേസ് ചെന്നൈയിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടു 2003 ൽ  ഹർജി. ആ വർഷം കേസ് ബാംഗലൊരിലേക്ക് മാറ്റുന്നു. 3 വർഷം കഴിഞ്ഞു 2006 ൽ വിചാരണ തുടങ്ങാൻ സുപ്രീം കോടതി അനുമതി ലഭിച്ചു. പിന്നെ വിചാരണ,പ്രോസിക്യൂട്ടർ മാറ്റം ജഡ്ജി മാറ്റം തുടങ്ങി നീണ്ടു നീണ്ടു 8 വർഷം നീണ്ട് അവസാനം 2014 ൽ വിധി വന്നു.

തീർന്നില്ല. ഇനിയും കിടക്കുന്നു കോടതികൾ. ഹൈക്കോടതിപിന്നെ അന്തിമമായി സുപ്രീം കോടതി.

വീണ്ടും 18 വർഷം എടുക്കുമോ കേസ് അവസാനാമായി ഒന്ന് തീർന്നുകിട്ടാൻ?

ഇത്രയും നാൾ കേസ് നടത്താൻ ജയലളിതയ്ക്ക് എത്ര ചെലവ്? സർക്കാരിന്, അതായത് പൊതു ജനങ്ങൾക്ക്‌ എത്ര ചെലവ്? നീതിയുടെ വില വല്ലാതെ വർദ്ധിയ്ക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ