2014, സെപ്റ്റംബർ 13, ശനിയാഴ്‌ച

മമ്മൂട്ടി

"പ്രതിഫലം ലക്ഷങ്ങളും  കോടികളും ആണല്ലോ, ഈ കിട്ടുന്ന കാശൊക്കെ  എന്ത് ചെയ്യുന്നു" എന്ന് ഒരാൾ  ചോദിച്ചപ്പോൾ വളരെ ഭംഗിയായി നർമത്തിൽ കുതിർന്ന   മറുപടി നൽകി ആ മനുഷ്യനെ  സിനിമാ നടൻ  മമ്മൂട്ടി ഇളിഭ്യനാക്കിയ  കഥ സിനിമാ സംവിധായകൻ സത്യൻ അന്തിക്കാട് ഹാസ്യ രൂപേണ അവതരിപ്പിയ്ക്കുക   ഉണ്ടായി. ഈ ആഴ്ചത്തെ മാതൃഭൂമിയുടെ തിരുവനന്തപുരം   നഗരം സിനിമാ സ്പെഷ്യൽ ചിത്രഭൂമിയിൽ ആണ് 'തന്നെക്കാൾ കഴിവുള്ളവരെ മാനസികമായി തളർത്തുന്ന മലയാളികളുടെ ദുശ്ശീലങ്ങൾ' പലതും സത്യൻ അന്തിക്കാട് എഴുതിയത്. മലയാള സിനിമാ രംഗത്ത് ഉള്ള പലരുടെയും ഇത്തരത്തിലുള്ള അനുഭവങ്ങൾ ആ ലേഖനത്തിൽ വിവരിയ്ക്കുന്നുണ്ട്.

ഇതേ ലക്കം ചിത്ര ഭൂമിയിൽ തന്നെ റിയാലിറ്റി ഷോകളിൽ ജഡ്ജ്മാരായി ഇരിയ്ക്കുന്ന അജ്ഞരും അൽപ്പജ്ഞാനികളും ആയ കുറേപ്പേർ വെറുതെ വാങ്ങുന്ന പണത്തെ പറ്റി ഒരു ലേഖനം ഉണ്ട്. ഇങ്ങിനെ വെറുതെ കിട്ടുന്ന പണം നോക്കു കൂലി എന്നാണു ലേഖകൻ വിശേഷിപ്പിയ്ക്കുന്നത്. "പാവങ്ങളുടെ അധ്വാനത്തെ മുതലെടുത്ത്‌ വീട്ടിലേയ്ക്ക് കോടികൾ കൊണ്ട് പോകുന്നവർ ഒന്ന് മനസ്സ് വച്ചാൽ എത്ര പേർ രക്ഷപ്പെട്ടേനെ" എന്ന് പറഞ്ഞാണ് ആ ലേഖനം അവസാനിപ്പിയ്ക്കുന്നത്.  ഇത് മമ്മൂട്ടിക്കും ബാധകമല്ലേ?

പണം എന്ത് ചെയ്യും എന്ന ചോദ്യത്തിന് മമ്മൂട്ടി പറഞ്ഞ മറുപടി എന്ന് സത്യൻ അന്തിക്കാട് എഴുതിയത് ഇതാ. "കോടികളും  ലക്ഷങ്ങളും എണ്ണി അലമാരിയിൽ വയ്ക്കും. എന്നിട്ട് പഴയ പത്രക്കടലാസ് കച്ചവടക്കാർക്ക് തൂക്കി വിറ്റ്  അരിമേടിക്കാൻ പൈസ കണ്ടെത്തും" എന്ന്. കേൾക്കാനും ആസ്വദിക്കാനും പറ്റിയ തമാശ.

 മമ്മൂട്ടിയുടെ തറ പ്പടങ്ങൾക്ക് പോലും അൻപതും നൂറും മുടക്കി പോയിരുന്നു കയ്യടിയ്ക്കുന്ന പാവങ്ങളുടെ പണം അല്ലേ അലമാരിയിൽ അടുക്കുന്നതും തൂക്കി വിയ്ക്കുന്നതും ഒക്കെ. വിവരം ഉള്ളവർ ആരും ഇത്തരം സിനിമകൾ കാണാൻ പോകാറില്ല. പാവങ്ങൾ ആണ് ഈ സിനിമ എന്ന മാന്ത്രിക ലോകം കാണാൻ ആർത്തി പൂണ്ട് പോകുന്നത്. അപ്പോൾ ഈ പണം എല്ലാം എന്ത് ചെയ്യുന്നു എന്ന് ആ പാവങ്ങൾക്ക് അറിയാനുള്ള ഒരു ജിജ്ഞാസ തെറ്റാണോ? ഇങ്ങിനെ ഉണ്ടാക്കുന്ന കോടികൾ ലോകം മുഴുവൻ ചുറ്റാനും ആർഭാട ജീവിതം നയിക്കാനും മറ്റു അനാശാസ്യങ്ങൾ കാണിക്കാനും അല്ലേ ഉപയോഗിയ്ക്കുന്നത്?   ഈ  കോടികളിൽ ഒരംശം എങ്കിലും പാവപ്പെട്ട വരെ സഹായിക്കാനും ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്താനും ഇവർക്ക് ഉപയോഗിച്ച് കൂടെ?

സ്വാഭാവികമായി  ഈ സിനിമാക്കാർ ചോദിയ്ക്കുന്ന ഒരു ചോദ്യം ഉണ്ട്. പണം ഇല്ലാതെ പൊട്ടി പൊളിഞ്ഞു നിൽക്കുമ്പോൾ ആരും കാണില്ലല്ലോ എന്ന്. എങ്ങിനെ പൊളിഞ്ഞു എന്നുള്ളത് ഒന്ന് ആലോചിച്ചു നോക്കൂ. ജനങ്ങൾ തന്ന പണം ആഡംബര ത്തിന് അടിച്ചു പൊളിച്ചു കളഞ്ഞ് ദീവാളി കുളിച്ചതല്ലേ? അല്ലെങ്കിൽ വീണ്ടും പണക്കാരനാകാൻ വേണ്ടി പണം മുടക്കി പൊളിഞ്ഞതല്ലേ ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ