2014, സെപ്റ്റംബർ 10, ബുധനാഴ്‌ച

എഴുത്തച്ഛൻ

തുഞ്ചത്ത് എഴുത്തച്ഛൻ ആരാണെന്ന് മലയാളിയ്ക്ക് പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. ആധുനിക മലയാളത്തിന്റെ പിതാവിനെ പുതു തലമുറയ്ക്ക് അത്ര പരിചയം കാണില്ല. വല്ല പി.എസ്.സി. പരീക്ഷയുടെ ചോദ്യ ക്കടലാസിൽ കാണുന്ന ഒരാളായിരിക്കാം അവർക്ക് എഴുത്തച്ഛൻ. സ്വന്തം പൈതൃകത്തെ കുറിച്ച് അറിയാത്ത, അതിനെ  വില മതിയ്ക്കാത്ത അവരെ വിടാം.

"ശ്രീരാമ നാമം പാടി വന്ന പൈങ്കിളി പെണ്ണേ 
ശ്രീരാമ ചരിതം നീ ചൊല്ലിടൂ മടിയാതെ"

എന്ന് പറഞ്ഞ്  

ശാരിക പൈതലിലൂടെ അധ്യാത്മ രാമായണം ചൊല്ലിത്തന്ന എഴുത്തച്ഛൻ ഏതു ജാതി ആണെന്ന് ചൊല്ലി തർക്കം മുറുകുകയാണ്. എൻ.എസ്.എസ്. അവകാശപ്പെടുന്നത് എഴുത്തച്ഛൻ നായർ ആണെന്നും എൻ.എസ്.എസ്. ൻറെ സ്വന്തം ആണെന്നും ആണ്. അങ്ങിനെ വിട്ടു കൊടുക്കാൻ പാടുണ്ടോ? എഴുത്തച്ഛൻ ഗ്രൂപ്പ് പറയുന്നത് നായരല്ല എഴുത്തച്ഛൻ എന്ന ജാതി തന്നെ ആണെന്നാണ്‌. പേര് തന്നെ നോക്കൂ. ഏതായാലും മറ്റു ജാതിക്കാരാരും അവകാശ വാദവുമായി ഇത് വരെ രംഗത്ത് വന്നിട്ടില്ല. ഭാഗ്യം.

ഇനി എഴുത്തച്ഛൻ നായർ ആണെന്നിരിയ്ക്കട്ടെ.  എൻ.എസ്.എസ് നു എന്ത് ഗുണം ആണ് കിട്ടാൻ പോകുന്നത്? മറിച്ച് ആ മഹാൻ എഴുത്തച്ഛൻ ജാതി ആണെന്നിരിയ്ക്കട്ടെ. എഴുത്തച്ഛൻ ജാതിക്കാർക്ക് എന്ത് ഗുണം ആണ് കിട്ടാൻ പോകുന്നത്? ആന പ്പുറത്തിരുന്ന തഴമ്പ് അപ്പൂപ്പൻറെ ചന്തിയിൽ ഉണ്ടെന്നു വച്ച് ചെറു മകന് എന്ത് ഗുണം?

ജാതിയുടെ പേരിൽ വഴക്ക് കൂടുന്ന ഈ നായരും എഴുത്തച്ഛനും തുഞ്ചത്ത് എഴുത്തച്ഛൻ എഴുതിയത് എന്തെങ്കിലും വായിച്ചിട്ടുണ്ടോ?എഴുത്തച്ഛൻറെ പേരിൽ ഒരു മലയാള സർവകലാശാല തുടങ്ങിയിട്ടുണ്ട്.  ഇവരുടെ കുട്ടികളെ അവിടെ പഠിപ്പിക്കുകയോ ആ സർവകലാശാല വളരാനുള്ള എന്തെങ്കിലും കാര്യം ചെയ്തു കൂടെ ഇവർക്ക്? ജാതി പറഞ്ഞ് തമ്മിൽ തല്ലാതെ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ