2014, നവംബർ 1, ശനിയാഴ്‌ച

മദ്യ നയവും കോടതിയും

സർക്കാർ  ഇച്ഛിച്ചതും കോടതി കൽപ്പിച്ചതും ബാർ തുറക്കൽ. ജനാധിപത്യ വ്യവസ്ഥയിലൂടെ അധികാരത്തിലേറിയ ഒരു സർക്കാർ,തങ്ങളുടെ സ്ഥാപിത  താൽപ്പര്യങ്ങൾക്ക് വേണ്ടി  ഭരണ വ്യവസ്ഥയെ എങ്ങിനെ 'മാനിപ്പുലേറ്റ് ' ചെയ്തു എന്നതിൻറെ ഉത്തമോദാഹരണം ആണ് കേരള സർക്കാർ കൊണ്ട് വന്ന മദ്യ നയം. കോടതികളുടെ പരിശോധനയിൽ തള്ളിപ്പോകും എന്ന് വ്യക്തമായ ധാരണയോടു കൂടിയാണ് ഈ മദ്യ നയം ഉണ്ടാക്കിയതും അത് നിയമം ആക്കിയതും. എന്ത് കൊണ്ടാണ് കോടതികൾ ഇത് തള്ളാൻ  ഇത്രയും സമയം എടുത്തു എന്നത് മാത്രമാണ് ഇത്രയും നാൾ  ഈ മദ്യ നയത്തിന്റെ നിർമാതാക്കൾ അത്ഭുതപ്പെട്ടു കൊണ്ടിരുന്നത്.  

കോണ്‍ഗ്രസ് പാർട്ടിയ്ക്കുള്ളിലെ തമ്മിലടിയും ഗ്രൂപ്പ് വഴക്കും ആണ് ഈ മദ്യ നയത്തിൻറെ പിറകിൽ. ഒരു ഗാന്ധിയൻ പ്രതിച്ഛായയ്ക്ക് വേണ്ടി ബാറുകൾ തുറക്കേണ്ട എന്ന നിലപാട് എടുത്തു കൊണ്ട് കെ.പി.സി.സി. പ്രസിഡന്റ് സുധീരൻ രംഗത്ത് വന്നതാണ് തുടക്കം. മുഖ്യ മന്ത്രിയെ ഒന്ന് ഒതുക്കാം എന്നുള്ള ഉദ്ദേശവും ഇതിനു പിറകിലുണ്ട്. മദ്യ നിരോധനത്തിന്റെ കുത്തക മൊത്ത വ്യാപാരികൾ ആയ  കോണ്‍ഗ്രസ്സ് പാർട്ടിയ്ക്കുള്ളിൽ  ബാറുകൾ പൂട്ടുന്നതിനായി ആവശ്യമുള്ള പിന്തുണ കിട്ടാതെ വന്നപ്പോഴാണ് സുധീരൻ മറ്റു ഘടക കക്ഷികളെ കൂട്ട് പിടിച്ച് മുഖ്യ മന്ത്രിയെ വെട്ടിലാക്കിയത്. പ്ലസ് ടു കേസിൽ കോഴ ആരോപണം നേരിടുന്ന മുസ്ലിം ലീഗും അച്ചന്മാരുടെ സമ്മർദ്ദത്തിൽ ആയ മാണി കോണ്‍ഗ്രസ്സും മറ്റു മാർഗങ്ങൾ ഇല്ലാതെ സുധീരൻറെ പിറകെ അണി നിരക്കേണ്ടി വന്നു. ബാർ തുറക്കാൻ വേണ്ടി കോടികൾ കോഴ വാങ്ങിയെന്ന ആരോപണം മദ്യ മന്ത്രിയ്ക്കും മറ്റുമെതിരെ ഉയർന്നു വന്നു. അങ്ങിനെ ബാർ തുറക്കാൻ മറ്റു മാർഗങ്ങൾ ഒന്നുമില്ലാതെ മദ്യ മന്ത്രിയും മുഖ്യ മന്ത്രിയും രാത്രി മുഴുവൻ  കൂടിയിരിരുന്ന് ആലോചിച്ച് ഉണ്ടാക്കിയതാണ് കേരളത്തിൻറെ ഈ മദ്യ നയം. എന്നിട്ട് ഇരു ചെവിയറിയാതെ അത് കൊണ്ട് പോയി .യു.ഡി.എഫ്.യോഗത്തിൽ അവതരിപ്പിച്ച്  ഒരു ഊരാ കുടുക്കിൽ സുധീരൻ ഉൾപ്പടെ എല്ലാവരെയും അകപ്പെടുത്തി.


ഒരു സംസ്ഥാനത്തെ ജനങ്ങളെയാകെ ബാധിയ്ക്കുന്ന ഒരു നിയമം ആണ് ഉമ്മൻ ചാണ്ടി സർക്കാർ ഇത്രയും  ലാഘവത്തോടെ ഉണ്ടാക്കിയത്. മുഖ്യ മന്ത്രിയും മദ്യ മന്ത്രിയും അവരുടെ അതി വിശ്വസ്തരായ ഒന്നോ  രണ്ടോ പേരും കൂടി ഉണ്ടാക്കിയത് എന്നത് വളരെ വിചിത്രവും പരിഹാസ്യവും ആയ ഒന്നാണ്. ഒരു ജനതയെ എങ്ങിനെ വിഡ്ഢികൾ ആക്കാം, ഭരണ ഘടനയെ എങ്ങിനെ കുൽസിതമായി ഉപയോഗിയ്ക്കാം എന്നുള്ളതിന്റെ ഉദാഹരണമാണ് ഈ പ്രവൃത്തി. ഒരു നിയമം കൊണ്ട് വരുമ്പോൾ അത് ജനങ്ങളെ എങ്ങിനെ ബാധിയ്ക്കുന്നു എന്ന് നോക്കേണ്ടിയിരിയ്ക്കുന്നു. താൻ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ നയം ആണ് മുഖ്യ മന്ത്രി നടപ്പിലാക്കുന്നത്. അപ്പോൾ ആ പാർട്ടിയിൽ വിശദ മായ ചർച്ച വേണ്ടിയിരുന്നു. അതുണ്ടായില്ല. ഒരു കാര്യം നിയമം ആകുമ്പോൾ അതെങ്ങിനെ പഴുതുകൾ ഇല്ലാതെ ഉണ്ടാക്കാം എന്ന് തീരുമാനിയ്ക്കേണ്ടത്  നിയമ വിദഗ്ധർ ആണ്. അല്ലാതെ നിയമ വിജ്ഞാനം ഇല്ലാത്ത മുഖ്യ മന്ത്രിയും മദ്യ മന്ത്രിയും കൂടിയിരുന്നല്ല.   സെക്രട്ടറിയെറ്റിൽ ഒരു നിയമ വകുപ്പുണ്ട്.  അവരാണ് നയം എങ്ങിനെ കുറ്റമറ്റ നിയമം ആക്കാനുള്ള വഴികൾ കണ്ടെത്തേണ്ടത്‌. അങ്ങിനെയുള്ള ശരിയായ രീതികൾ ഒന്നും പാലിയ്ക്കാതെയാണ് മുഖ്യ മന്ത്രി ഈ നിയമം പ്രഖ്യാപിച്ചത്. അപ്പോൾ അതിൻറെ പാളിച്ചകളും ആ നിയമത്തിൽ ഉണ്ടാകും.


ഇതൊന്നും അറിയാത്തവർ ആണ് മുഖ്യ മന്ത്രിയും മദ്യ മന്ത്രിയും എന്ന് ജനങ്ങൾ ധരിയ്ക്കേണ്ട. നല്ല വിവരം ഉള്ളവർ ആണവർ. അത് കൊണ്ടാണ് രാത്രി രണ്ടു പേരും കൂടി ഇതയും വലിയ ഒരു  നിയമം ഒരു തുണ്ട് കടലാസിൽ തയ്യാറാക്കിയത്. ഇത്  നിയമത്തിൻറെ സൂക്ഷ്മ പരിശോധനയെ അതിജീവിയ്ക്കില്ല എന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു.  എല്ലാവർക്കും അറിയാമായിരുന്നു. അത് തന്നെ ആയിരുന്നു അവർക്ക് വേണ്ടതും. തൽക്കാലം ഈ സ്ഥിതിയിൽ നിന്നും ഒന്ന് രക്ഷപ്പെടുക, കുറെ നാൾ  ജനങ്ങളെ വിഡ്ഢികൾ ആക്കുക എന്ന് മാത്രമായിരുന്നു നിയമം കൊണ്ട് വന്നതിന്റെ ഉദ്ദേശം. ഏതായാലും അത് നടന്നു. ഇനി കോടതിയെ പഴി പറഞ്ഞു രക്ഷപ്പെടാമല്ലോ.


എല്ലാവർക്കും ഈ വിധി ആശ്വാസമായി. സുധീരനെ ആരും കുറ്റം പറയില്ല. മദ്യ നിരോധനത്തിന്റെ മുൻ നിര പോരാളി. മുഖ്യ മന്ത്രിയാകട്ടെ ഒരു പടി കൂടി കടന്ന്  പൂർണ മദ്യ നിരോധനത്തിന് വേണ്ടി ഒരു രാത്രി കൊണ്ട് നിയമം കൊണ്ട് വന്ന ആൾ. മദ്യ മന്ത്രി ആകട്ടെ 'പ്രയോഗികതാ വാദം' വെടിഞ്ഞ് ഈ നിയമത്തിനു വേണ്ടി മുഖ്യ മന്ത്രിയോടൊപ്പം ഉറക്കമൊഴിഞ്ഞ ആൾ.ഇതിൽ നിന്നും കിട്ടുന്ന വരുമാനം ഇല്ലാതെ കേരള ഭരണം നടത്താമെന്ന് കാലിയായ ഖജനാവിന് മുകളിൽ കയറി നിന്ന് പ്രഖ്യാപിച്ച ധന മന്ത്രി. തങ്ങൾക്കു ഹറാം ആയത് അംഗീകരിയ്ക്കില്ല എന്ന് ധൈര്യ പൂർവ്വം പറഞ്ഞ മുസ്ലിം ലീഗ് മന്ത്രി. എല്ലാവരും ഈ നിയമത്തിൻറെ ക്രെഡിറ്റ്‌ എടുക്കുന്നു. ഇപ്പോൾ  ഒരു ചോദ്യവും ചോദിയ്ക്കുന്നു. ബഹുമാനപ്പെട്ട കോടതി പറഞ്ഞാൽ ഞങ്ങൾ എന്ത് ചെയ്യും? പ്രതികൂലമായ തീരുമാനങ്ങളും പരാമർശങ്ങളും വരുമ്പോൾ കോടതിയെ കടന്നാക്രമിയ്ക്കുന്ന മാന്യ മഹാന്മാരാണ് ഈ വിധിയിൽ കോടതിയ്ക്ക് മുന്നിൽ വിനീധ വിധേയർ ആയി നിൽക്കുന്നത്.


ഇത് സർക്കാരിന് തിരിച്ചടി ആയെന്ന് പറയുന്നവർ കാര്യം അറിയാത്തവർ ആണ്. തിരിച്ചടി എന്ന് കേൾക്കുമ്പോൾ മന്ത്രിമാരും അവരുടെ പിണിയാളുകളും ഉള്ളിൽ ചിരിയ്ക്കുകയായിരിയ്ക്കും. സർക്കാരിനു ഒരു തിരിച്ചടിയും ഉണ്ടായില്ല. തിരിച്ചടി ഉണ്ടായത് ഇവരെ വിശ്വസിച്ച ജനങ്ങൾക്കാണ്. ഫോർ സ്റ്റാർ ബാറുകൾക്ക് കൂടി കോടതി അനുവാദം കൊടുത്തു. നിലവിലുള്ള ത്രീ സ്റ്റാർ, ടൂ സ്റ്റാർ ബാറുകൾക്ക്  ഉടനെ  ഫോർ സ്റ്റാർ ആകാം. അതിനു സർക്കാരും തടസ്സം നിൽക്കില്ല. അവയ്ക്ക് ലൈസൻസ് കൊടുക്കുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും എടുത്തു മാറ്റിയാൽ നേരിട്ട് ലൈസൻസ് കൊടുക്കാമല്ലോ. ഫൈവ് സ്റ്റാറിനു വേണ്ടി അങ്ങിനെ ഒരു നിയമ ഭേദഗതി വരുന്നുണ്ട്.അതിൽ ഫോർ സ്റ്റാർ കൂടി ആക്കും. അത്ര തന്നെ. അപ്പോൾ കാര്യങ്ങൾ എല്ലാം എളുപ്പമായി. ഇപ്പോൾ നിലവിലുള്ള ബാറുകൾ എല്ലാം ഇനി ഫോർ സ്റ്റാർ ലേബ ലിൽ തുടരും. 


ബാറുകൾ അടച്ചപ്പോൾ തന്നെ കോടികളുടെ കോഴ മന്ത്രിമാർക്കും രാഷ്ട്രീയ നേതാക്കൾക്കും എത്തി എന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഒരാൾ പരസ്യമായി മന്ത്രി കെ.എം..മാണിയ്ക്ക് ഒരു കോടി രൂപ കൊടുത്തു എന്ന് പറഞ്ഞിരിയ്ക്കുന്നു. മറ്റൊരു ഒരു കോടി രൂപ കൊടുത്തതിന്റെ തെളിവുണ്ടെന്ന് പി.സി. ജോർജ് പറഞ്ഞിരിയ്ക്കുന്നു.ഇനി എത്ര കോടികൾ ആണ് പുറത്തു വരുന്നത് എന്ന് കാത്തിരുന്നു കാണാം. ഇതെല്ലാം തെളിയിയ്ക്കുന്നത് ഈ മദ്യ നയം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വിദ്യ മാത്രം ആയിരുന്നു എന്നാണ്.

2 അഭിപ്രായങ്ങൾ:

  1. ഇതിനിടയിൽ മാഷ്‌ കാണാതെ പോയ ഒന്നുണ്ട്. ലക്ഷക്കണക്കിന്‌ മദ്യപരുടെ ഹൃദയം തകർന്നു നിൽക്കുന്ന ആ നിസ്സഹായാവസ്ഥ! ദൈവം അത് കണ്ടു. പിന്നെ ഭൂമിയിൽ പലരും പലരെയും കാണേണ്ട രീതിയിൽ കാണുന്നുമുണ്ടല്ലോ! അതിന്റെ ആകെ മൊത്തം ടോട്ടലാണ് ഈ വിധി. സിമ്പിൾ!

    മറുപടിഇല്ലാതാക്കൂ
  2. ഒരു മാസം കൂടി മദ്യപരുടെ ഹൃദയം തളിർത്തു നിൽക്കട്ടെ. കരൾ കരിഞ്ഞു കൊണ്ടും. അത് കഴിയുമ്പോൾ എല്ലാം പഴയത് പോലെ ആകും എൻറെ കൊച്ചു ഗോവിന്ദൻ.

    മറുപടിഇല്ലാതാക്കൂ