2014, നവംബർ 11, ചൊവ്വാഴ്ച

ചുംബന സമരം

പരസ്യമായി ലൈംഗിക ചേഷ്ടകൾ കാണിയ്ക്കാനും ലൈംഗിക കേളികൾ നടത്താനും ഉള്ള സ്വാതന്ത്ര്യത്തിനായി കേരളത്തിലെ, ആണും പെണ്ണും ഉൾപ്പെട്ട   ഒരു കൂട്ടം ചെറുപ്പക്കാർ ഇറങ്ങി ത്തിരിച്ചിരിയ്ക്കുന്നു.  അത് നേടിയെടുക്കാനുള്ള അവരുടെ സമരത്തിൻറെ ആദ്യ പടിയായിരുന്നു കൊച്ചിയിലെ  തെരുവീഥിയിൽ നടന്ന പരസ്യ ചുംബന പ്രകടനം. തുടർന്നുള്ള മഹാരാജാസ് കോളേജ് അംഗണത്തിൽ നടന്ന   പരസ്യ ആലിംഗന പ്രകടനവും. ചെറുപ്പക്കാരുടെ  ഈ സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികൾ രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും കേൾക്കുകയുണ്ടായി. ഹൈദരാബാദിൽ പരസ്യ ചുംബനം , പിന്നെ തലസ്ഥാനമായ ഡൽഹിയിലും. പത്രങ്ങളും ദൃശ്യ  മാധ്യമങ്ങളും ഈ സമരത്തിന്‌ വലിയ പ്രാധാന്യം  നൽകി. വാർത്തകളും ദൃശ്യങ്ങളും സമര പങ്കാളികളുടെ അഭിമുഖവും  എല്ലാം വളരെ പ്രാധാന്യത്തോടെ  കേരള,ദേശീയ മാധ്യമങ്ങൾ തങ്ങളുടെ പത്രങ്ങളിലും ചാനലുകളിലും അവതരിപ്പിച്ചു. 

ഇതൊരു പ്രതിഷേധ സമരം ആയിരുന്നു. കോഴിക്കോട് ഒരു ഹോട്ടലിൻറെ വാഹന പാർക്കിംഗ് സ്ഥലത്തും വെളിച്ചം കുറഞ്ഞ മറ്റു  ഭാഗങ്ങളിലും അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ കുറെ   വീഡിയോ ദൃശ്യങ്ങൾ ഒരു പ്രാദേശിക ചാനൽ പ്രക്ഷേപണം ചെയ്തു. അതിനെ തുടർന്ന് കുറെ ആളുകൾ ഇതിനെതിരെ  ആ ഹോട്ടലിനു മുൻപിൽ  പ്രകടനം നടത്തുകയും ചെയ്തു.   ഇത്തരം അനാശാസ്യ   പ്രവൃത്തികൾ തുടരാൻ ഇനി അനുവദിയ്ക്കുകയില്ല എന്നും അവർ പ്രഖ്യാപിച്ചു. ഇതായിരുന്നു സ്വാതന്ത്ര്യ ദാഹികളായ  കുറെ ചെറുപ്പക്കാരെ പ്രകോപിപ്പിച്ചത്. ഇതിനെതിരെ, അതായത് ഇത്തരം  സദാചാര സംരക്ഷണ സംരംഭകർക്ക്  എതിരെ ആയിരുന്നു  ചെറുപ്പക്കാരുടെ  പ്രതിഷേധ സമരം.

ഈ ചുംബന സമരവും ആലിംഗന സമരവും പ്രതീകാത്മകമായ പ്രതിഷേധങ്ങൾ ആയിരുന്നു. അതൊക്കെ പരസ്യമായി എപ്പോഴും എവിടെ വച്ചും  ചെയ്യാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട് എന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള ഒരു പ്രകടനം. കോഴിക്കോട് സംഭവം ഒരു നിമിത്തം ആയെന്നു  മാത്രം. രാത്രി കാലങ്ങളിൽ ഒന്നിച്ചു കറങ്ങി നടക്കുന്ന ആണ്‍-പെണ്‍ കളെ ചോദ്യം ചെയ്യുന്നു എന്നും അവരെ സംശയ ദൃഷ്ടി യോടെ നോക്കുന്നു എന്നും മറ്റുമുള്ള ഇവരുടെ പരാതികൾ കുറെ നാളുകളായി പോലീസുകാർക്കും മറ്റും എതിരായി ഉയർന്നിരുന്നു. കോഴിക്കോട് സംഭവം കൂടി ആയപ്പോൾ ഇവരുടെ സഹന ശക്തിയുടെ നെല്ലിപ്പലക കണ്ടു. അങ്ങിനെയാണ് പുതിയ സമര മുറകളുമായി ഈ സ്വാതന്ത്ര്യ കാംക്ഷികൾ ഇറങ്ങിയത്‌.

ഈ ചുംബന സമരത്തിന്‌ പ്രതീക്ഷിച്ച ദിക്കുകളിൽ നിന്നും അവർക്ക് പിന്തുണയും ലഭിച്ചു.  മാർക്സിസ്റ്റ് പാർട്ടിയുടെ എസ് എഫ്.ഐ. 
ഡി.വൈ.എഫ്.ഐ.  കോണ്‍ഗ്രസ്സിന്റെ യൂത്ത്, കുറെ വിധ്വംസക ശക്തികൾ, പിന്നെ കുറെ എഴുത്തുകാരും  സിനിമാക്കാരും, ബുദ്ധി ജീവികൾ  എന്ന ലേബൽ സ്വയം ഒട്ടിച്ചവർ,  തുടങ്ങി യവരിൽ നിന്നും ഈ സമരത്തിന്‌ പൂർണ പിന്തുണ ലഭിച്ചു.  ഇത് വ്യക്തി   സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ജീവന്മരണ പോരാട്ടം ആണെന്നും അതിൽ എല്ലാവരും സഹകരിയ്ക്കണം എന്നും പിന്തുണ നൽകിയ  അവർ വീട്ടിൽ കസേരയിൽ ഇരുന്ന്   ആഹ്വാനം നടത്തുകയും ചെയ്തു.

എന്ത് സ്വാതന്ത്ര്യത്തിന് വേണ്ടിയാണിവർ പോരാടുന്നത്? വീടിന്റെയോ നാല് ഭിതികൾക്കുള്ളിലെയോ  സ്വകാര്യതയ്ക്ക് പുറത്ത് തെരുവിലും, പാർക്കിലും മറ്റു പൊതു സ്ഥലങ്ങളിലും വച്ച് പരസ്യമായി   ചുംബിയ്ക്കാനും, ആലിംഗനം ചെയ്യാനും  ശരീര ഭാഗങ്ങൾ തലോടാനും ഒക്കെയാണോ ഇവർക്ക് സ്വാതന്ത്ര്യം വേണ്ടത്?  ഇത്‌ ഭാരതത്തിൻറെ സംസ്കാരമാണോ? അന്യ ദേശങ്ങളുടെ  സംസ്കാരം  കൊണ്ടു വരാനാണോ ഇവർ ശ്രമിയ്ക്കുന്നത്?  പെണ്ണിനും ആണിനും സ്വൈര വിഹാരം നടത്താൻ കഴിയില്ല എന്നതിനാണല്ലോ ഇവർ സമരം നടത്തുന്നത്. ഈ സമരത്തിൽ പരസ്യ ചുംബനം പകരാൻ ഭാര്യാ ഭർത്താക്കന്മാരും ഉണ്ടായിരുന്നതായി കേട്ടു. കല്യാണം കഴിഞ്ഞതിനു ശേഷം വീട്ടിൽ വച്ച്  ഇതേ വരെ അവർ തമ്മിൽ എത്ര തവണ ചുംബനം നടത്തി എന്ന് അവർ ഒന്നാലോചിച്ചു നോക്കുന്നത് നന്ന്. കണക്ക് പുറത്ത് പറയേണ്ട. ഈ സമരത്തിന്റെ പൊള്ളത്തരം ചൂണ്ടിക്കാണിയ്ക്കാൻ പറഞ്ഞു എന്ന് മാത്രം. ആർക്കൊക്കെ വേണ്ടിയാണിവർ സമരം ചെയ്യുന്നത്? സ്വന്തം അമ്മയും പെങ്ങളും എല്ലാം ഈ സ്വാതന്ത്ര്യം അനുഭവിയ്ക്കണം എന്നാണോ ഇവരുടെ അഭിപ്രായം? തങ്ങൾ ചെയ്യുന്നത് പോലെ സ്വന്തം സഹോദരി പരസ്യമായി മറൈൻ ഡ്രൈവിൽ ഏതെങ്കിലും ഒരു സുഹൃത്തിനെ കെട്ടിപ്പിടിച്ച് ചുംബിച്ചു നിൽക്കുന്നത് കണ്ട് സന്തോഷമായി പോകാൻ ഈ സമരക്കാരിൽ  എത്ര പേർക്ക് കഴിയും? ചാനലിലും പത്രങ്ങളിലും ചില  പ്രായമായ സാംസ്കാരികർ ഈ സ്വാതന്ത്ര്യത്തിനു വേണ്ടി  ഘോര ഘോരം വാദിച്ചല്ലോ? അവരിൽ  എത്ര പേർക്ക്  സ്വന്തം മകൾ ആരെയെങ്കിലും   ഇങ്ങിനെ ഒരു പാർക്കിൽ വച്ച്  ചെയ്യുന്നത് അംഗീകരിയ്ക്കാൻ കഴിയും? അപ്പോൾ ഇതൊരു ദ്വൈ മുഖം ആണ്‌. സമരത്തിൽ പങ്കെടുത്തവരുടെയും അതിന് പിന്തുണ നൽകിയവരുടെയും.    

ലോകത്തെവിടെയും നിയമങ്ങൾ ഉണ്ടാക്കുന്നതും പാലിയ്ക്കേണ്ട സാമാന്യ മര്യാദകൾ നിശ്ചയിയ്ക്കുന്നതും സമൂഹത്തിൻറെ സമാധാന പരമായ നില നിൽപ്പിന് വേണ്ടിയാണ്. അക്രമങ്ങൾ തടയാനും അരാജകത്വം ഒഴിവാക്കാനും വേണ്ടി.    അവിടവിടങ്ങളിൽ  നില നിന്നിരുന്ന രീതികളുടെയും നാടിൻറെ സംസ്കാരത്തെയും അധികരിച്ചു കൊണ്ടാണ് നിയമങ്ങൾ ഉണ്ടാക്കുന്നത്. പാശ്ചാത്യ സംസ്കാരവും ഭാരതീയ സംസ്കാരവും തമ്മിൽ വലിയ അന്തരമാണുള്ളത്‌. ഭൌതിക സുഖത്തിൽ അധിഷ്ഠിതമായ സംസ്കാരവും ജീവിത രീതിയും ആണ് അവിടെ നില നിൽക്കുന്നത്. കുടുംബ ബന്ധങ്ങൾക്ക് വലിയ പ്രാധാന്യവും വിലയുമൊന്നും അവർ കൽപ്പിയ്ക്കുന്നില്ല. പ്രായമായ ഉടൻ തന്നെ  ആണും പെണ്ണും 'ഡേറ്റിംഗ്' എന്ന് വിളിയ്ക്കുന്ന  ശാരീരിക ഇടപഴകൽ   നടത്തും. അതാണവരുടെ രീതി.   ഭാരതീയ സംസ്കാരം ആകട്ടെ ആദ്ധ്യാത്മികതയിൽ വേരൂന്നി നിൽക്കുന്ന ഒന്നാണ്. കുടുംബത്തിനും ബന്ധങ്ങൾക്കും വളരെ വില കൽപ്പിയ്ക്കുന്ന ഒരു പാരമ്പര്യം ആണ് നമ്മൾ പിന്തുടരുന്നത്.  പരസ്യ ചുംബനവും ആലിംഗനവും  പാശ്ചാത്യരുടെ  സംസ്കാരമാണ്. അവർ ചെയ്യുന്നു എന്നത് കൊണ്ട് അവരെ അന്ധമായി അനുകരിച്ച്  ഭാരതീയർ അത്തരത്തിൽ പെരുമാറണം എന്നാണോ ഇവരുടെ പക്ഷം ?  ഈ സ്വാതന്ത്ര്യം  പൂർണ   അരാജകത്വം ആയിരിയ്ക്കും   ഉണ്ടാക്കാൻ പോകുന്നത്. 

ഈ  ചുംബന സമരക്കാരും അവരെ  പിന്തുണയ്ക്കുന്നവരും നമ്മുടെ സമൂഹത്തിലെയ്ക്കൊന്നു നോക്കൂ. ഓരോ ദിവസവും എതയെത്ര ലൈംഗിക പീഡനങ്ങളും ബലാൽസംഗങ്ങളും    ആണ് നടക്കുന്നത് എന്നറിയാമോ?  അടുത്തിടെ നാദാപുരത്ത്  എൽ.കെ.ജി.യിൽ പഠിയ്ക്കുന്ന നാല്   വയസ്സുള്ള  ഒരു കൊച്ചു കുഞ്ഞാണ് പത്താം ക്ലാസ് വിദ്യാർത്ഥികളാൽ ലൈംഗിക പീഡനത്തിന് ഇരയായത്. ഇത്രയും ക്രൂരവും പൈശാചികവും ആയ പ്രവൃത്തികൾ ആണ് നമ്മുടെ നാട്ടിൽ ഓരോ ദിവസവും നടക്കുന്നത്. കേന്ദ്ര സ്ത്രീ, ശിശു വികസന മന്ത്രാലയം നടത്തിയ ഒരു പഠനം പറയുന്നത് ഞെട്ടിപ്പിയ്ക്കുന്ന കാര്യങ്ങൾ ആണ്. ഭാരതത്തിൽ 53.22%   കുട്ടികൾ ലൈംഗിക അതിക്രമത്തിന്‌ വിധേയർ ആയിട്ടുള്ളവർ ആണെന്നാണ്‌. അതിൽ കേരളവും ഒട്ടും പിന്നിലല്ല.നമ്മുടെ മാനസിക നില ആണിത് കാണിയ്ക്കുന്നത്. അത്രയ്ക്കും ലൈംഗിക  അരാജകത്വം ആണ് നാട്ടിൽ നടമാടുന്നത്. ടൂറിസം വികസിപ്പിയ്ക്കാനായി വിദേശികൾക്ക് കാഴ്ച വയ്ക്കാൻ ആയിരത്തിലേറെ സ്ത്രീകൾ ആലപ്പുഴയിൽ ഉണ്ടെന്ന് കണക്കുകൾ പറയുന്നു. പുതിയതായി ഒരു കാര്യം കൂടി പുറത്തു വന്നിരിയ്ക്കുന്നു. പുരുഷ വേശ്യ( വേശ്യൻ?) കളും നൂറു കണക്കിന് അവിടെ  ഉണ്ടെന്ന്.  അതിനിടയിൽ ആണ് നമ്മുടെ ചെറുപ്പക്കാർ പരസ്യമായി ലൈംഗിക വേഴ്ചയ്ക്ക്  വേണ്ടി സമരം ചെയ്യന്നത്. സമൂഹത്തിലെ ഈ അപചയത്തിനെതിരെ പ്രതികരിയ്ക്കാൻ ഇവർക്ക് കഴിയുന്നില്ല. ഇവരുടെ ഈ ചുംബന സ്വാതന്ത്ര്യ ആഗ്രഹം സമൂഹത്തെ കൂടുതൽ വഴി തെറ്റിയ്ക്കാൻ മാത്രമേ ഉപകരിയ്ക്കൂ എന്ന് സ്വബോധത്തോടെ ചിന്തിയ്ക്കുന്ന ആർക്കും മനസ്സിലാകും. ഇവർ നാടിനു ചെയ്യുന്ന ദ്രോഹം എന്താണെന്ന് ഈ മണ്ടന്മാർ അറിയുന്നില്ല. പക്ഷേ ഇവർക്ക് പിന്തുണ നൽകുന്നവർക്ക് അത് വ്യക്തമായി അറിയാം. നാട് നശിപ്പിയ്ക്കുക എന്ന കൃത്യമായ    ഉദ്ദേശം ആണ് അവർക്കുള്ളത്. 

ഈ ചെറുപ്പക്കാർക്ക് ചുംബനവും ആലിംഗനവും അല്ലാതെ മറ്റ് ചിന്തകൾ ഒന്നുമില്ലേ?    ഇതിൽ കൂടുതലും വിദ്യാർത്ഥികളാണ് എന്ന് കാണാം. ഇവർക്ക് പുസ്തകം വായിയ്ക്കാനും പഠിയ്ക്കാനും ഒന്നുമില്ലേ? സമൂഹത്തിൽ നടക്കുന്ന കൊള്ളരുതായ്മകളും അനീതികളും ഒന്നും ഇവർ  കാണുന്നില്ലേ? ഭാവിയുടെ വാഗ്ദാനങ്ങൾ ആണിവർ. ഇവർക്ക് സമൂഹത്തോട് ഒരു ഉത്തരവാദിത്വം ഉണ്ട്.കേരളത്തിലെ സർവകലാശാലകളുടെ ദയനീയ അവസ്ഥ നോക്കൂ. രാഷ്ട്രീയം കുത്തി ത്തിരുകി എല്ലാം തകർന്നു കൊണ്ടിരിയ്ക്കുകയാണ്. പഠനം ഒഴിച്ചുള്ള എല്ലാം ഈ സർവകലാശാലകളിൽ ഉണ്ട്. സ്വന്തം പഠനത്തിന് എന്ത് കൊണ്ട് ഇവർ താൽപ്പര്യം എടുക്കുന്നില്ല? സാമ്പത്തിക ബുദ്ധിമുട്ടു കൊണ്ട് പഠിക്കാൻ കഴിയാത്ത അനേകം കുട്ടികൾ ഇവിടെ ഉണ്ട്. ഒരു നേരത്തെ ആഹാരം ഇല്ലാതെ കഴിയുന്നവർ അനേകം പേർ. അട്ടപ്പാടിയിൽ നോക്കൂ. അനേകം കുഞ്ഞുങ്ങളാണ് പോഷകാഹാര ക്കുറവു മൂലം മരിച്ചു കൊണ്ടിരിയ്ക്കുന്നത്.എൻഡോ സൾഫാൻറെ ദുരിതം അനുഭവിയ്ക്കുന്നവർ വേറെ. പശ്ചിമ ഘട്ടം നശിച്ച് നമ്മുടെ നില നിൽപ്പ് തന്നെ അപകടത്തിൽ ആവുകയാണ്.മയക്കു മരുന്നിനും മദ്യത്തിനും അടിമയായ ഒരു തലമുറയെ ചുറ്റുപാടും  ഇവർ കാണുന്നില്ലേ?  ഇതാണ് നമ്മുടെ സമൂഹം. ഇങ്ങിനെ എത്രയെത്ര കാര്യങ്ങൾ.   ഈ പ്രശ്നങ്ങളിൽ ഇടപെടുകയല്ലേ ഈ ചെറുപ്പക്കാർ ചെയ്യേണ്ടത്? അധികാര സ്ഥാനങ്ങളിൽ അഴിമതി വേരൂന്നി ക്കഴിഞ്ഞു. അതിനെതിരെ ഇവർക്ക് പ്രതികരിയ്ക്കാൻ ഒന്നുമില്ലേ?  ഇത്രയും ഗുരുതരമായ പ്രശ്നങ്ങൾ  കൊണ്ട് നമ്മുടെ നാട് കഷ്ട്ടപ്പെടുമ്പോൾ ആണ് ചുംബിയ്ക്കാൻ സ്വാതന്ത്ര്യം വേണമെന്ന് പറഞ്ഞ് ഈ വിഡ്ഢികൾ സമരം ചെയ്യുന്നത്. നാളെയുടെ പ്രതീക്ഷകൾ ആയ ചെറുപ്പക്കാരാണ് പരിഹാസ്യമായ കാര്യത്തിന് സമരം ചെയ്ത് സ്വയം നശിയ്ക്കുന്നതും നാട് നശിപ്പിയ്ക്കുന്നതും എന്നത് വളരെ കഷ്ട്ടമാണ്.   സമൂഹത്തിലെ യാഥാർത്ഥ്യത്തെ   അഭിമുഖീകരിയ്ക്കാതെ ആണും പെണ്ണും തമ്മിൽ കെട്ടി പ്പിടിച്ചു കൊണ്ടിരുന്നാൽ  മതിയോ ചെറുപ്പക്കാരെ?

ഈ സമരം ഇത്രയും  വിപുലമാകാനും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനും കാരണം ഭാരതീയ സംസ്കാരത്തിലും പാരമ്പര്യത്തിലും വിശ്വസിയ്ക്കുന്ന ഒരു കൂട്ടം ആളുകൾ ഇതിനെ എതിർത്തു എന്നത് മാത്രമാണ്. ഹിന്ദുത്വ അജണ്ട നടപ്പാക്കലാണ് ഈ എതിർപ്പിലൂടെ ചെയ്യുന്നത് എന്ന പ്രചാരണമാണ് അരാജകത്വ, വിധ്വംസക  ശക്തികളെ ഈ ചുംബന  സമരാഭാസത്തിനു  പിന്നിൽ അണി നിരത്തിയത്. 

4 അഭിപ്രായങ്ങൾ:

  1. ഇത്തരം പ്രശ്നങ്ങളിൽ
    ഇടപെടുകയല്ലേ ഈ ചെറുപ്പക്കാർ ചെയ്യേണ്ടത് ...
    അധികാര സ്ഥാനങ്ങളിൽ അഴിമതി വേരൂന്നി ക്കഴിഞ്ഞു.അതിനെതിരെ ഇവർക്ക് പ്രതികരിയ്ക്കാൻ ഒന്നുമില്ലേ? ഇത്രയും ഗുരുതരമായ പ്രശ്നങ്ങൾ കൊണ്ട് നമ്മുടെ നാട് കഷ്ട്ടപ്പെടുമ്പോൾ ആണ് ചുംബിയ്ക്കാൻ സ്വാതന്ത്ര്യം വേണമെന്ന് പറഞ്ഞ് ഈ വിഡ്ഢികൾ സമരം ചെയ്യുന്നത്.നാളെയുടെ ചെറുപ്പക്കാരാണ് പരിഹാസ്യമായ കാര്യത്തിന് സമരം ചെയ്ത് സ്വയം നശിയ്ക്കുന്നതും നാട് നശിപ്പിയ്ക്കുന്നതും എന്നത് വളരെ കഷ്ട്ടമാണ്...

    സമൂഹത്തിലെ യാഥാർത്ഥ്യത്തെ അഭിമുഖീകരിയ്ക്കാതെ ആണും പെണ്ണും തമ്മിൽ കെട്ടി പ്പിടിച്ചു കൊണ്ടിരുന്നാൽ മതിയോ ചെറുപ്പക്കാരെ?

    മറുപടിഇല്ലാതാക്കൂ
  2. മുരളീ മുകുന്ദൻ, വരവിന് നന്ദി.

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2014, ഡിസംബർ 10 7:01 PM

    ശ്രദ്ധ കേന്ദ്രീകരിക്കേണ്ട എത്രയോ സാമൂഹിക പ്രശ്നങ്ങൾ മറന്നു കൊണ്ടാണ് ഈ സ്വാതന്ത്ര്യമോഹികൾ ഇത്തരം ചേഷ്ടകൾക്ക് ഇറങ്ങിയിരിക്കുന്നത്. ഇവരുടെ മാതാപിതാക്കൾക്ക് എങ്ങനെ ഈ പുരോഗമനവാദികളെ വളർത്താൻ (സഹിക്കാൻ) കഴിയുന്നു. തല്ലു കൊള്ളേണ്ടത് അവർക്കാണ് ഇവറ്റകൾക്ക് ജന്മം കൊടുത്തതിന്...

    മറുപടിഇല്ലാതാക്കൂ
  4. ആ സമയത്ത് അങ്ങിനെ തോന്നി. പക്ഷെ അതിൻറെ ഫലം ഇങ്ങിനെ ആയിത്തീരുമെന്നു ആ പാവം മാതാപിതാക്കൾ സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല.

    മറുപടിഇല്ലാതാക്കൂ