2014, നവംബർ 20, വ്യാഴാഴ്‌ച

ഉമാ ഭാരതി

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജല നിരപ്പ് ക്രമാതീതമായി ഉയരുന്ന പ്രശ്നം ചർച്ച ചെയ്യാനായി കേന്ദ്ര ജല വിഭവ വകുപ്പ് മന്ത്രി ഒരു യോഗം വിളിച്ചിരിയ്ക്കുന്നു. കേരളത്തിൻറെയും തമിഴ് നാട്ടിൻറെയും പ്രതിനിധികളെ ക്ഷണിച്ചിരിയ്ക്കുന്ന യോഗത്തിൽ  കേന്ദ്ര ജല കമ്മീഷനെയും ഉൾപ്പെടുത്താൻ തീരുമാനിച്ചു എന്ന് ശ്രീമതി ഉമാ ഭാരതി പറഞ്ഞു. ഈ  ശനിയാഴ്ച ഡൽഹിയിൽ ആണ് മീറ്റിംഗ് വിളിച്ചിരിയ്ക്കുന്നത്.

ഒരു ഫെഡറൽ ഭരണ സംവിധാനത്തിൽ കേന്ദ്ര സർക്കാർ എങ്ങിനെ പെരുമാറണം എന്നതിൻറെ ഉദാഹരണം ആണ് ഈ കണ്ടത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജല നിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. 141.8 അടിയായി. ഈ വർഷം മേയ് മാസം സുപ്രീം കോടതി ഉയർത്തിയ പരിധിയായ 142 അടി എത്താൻ വെറും 4 ഇഞ്ച്‌ മാത്രം മതി. തമിഴ് നാട് വെള്ളം കൊണ്ട് പോകുന്നത് പൂർണമായും നിർത്തി വച്ചിരിയ്ക്കുകയാണ്. സുപ്രീം കോടതി പറഞ്ഞ 142 അടി ജലം നിറയ്ക്കും എന്ന ധാർഷ്ട്യത്തോടെയുള്ള വെല്ലു വിളിയുമായി. ഏതു നിമിഷവും ഈ നാലിഞ്ച് കവിയാം. ഒരു ദുരന്തം ഉണ്ടായാൽ നാല് ജില്ലകൾ പൂർണമായും കടലിൽ പതിയ്ക്കുന്ന കേരളം ആകട്ടെ, ഭരണാധികാരികൾ   നിസംഗരായി നിൽക്കുന്ന ദയനീയ അവസ്ഥയിലും ആണ്. ഈ സാഹചര്യത്തിൽ ഉത്തരവാദിത്വപ്പെട്ട കേന്ദ്ര ഭരണ കൂടം ചെയ്യേണ്ട കാര്യങ്ങൾ, അതായത് ഒരു ദുരന്തം ഒഴിവാക്കാനും   ജനങ്ങളെ രക്ഷിയ്ക്കാനും,  ആണ് കേന്ദ്ര സർക്കാർ ഇവിടെ ചെയ്തിരിയ്ക്കുന്നത്.

എന്നാൽ ലക്ഷക്കണക്കിന്‌ മനുഷ്യരുടെ ജീവൻ അപകടത്തിലാക്കുന്ന തമിഴ് നാടിൻറെ പ്രവൃത്തികൾക്ക്‌ എതിരെ പ്രതികരിയ്ക്കുകയും നടപടി എടുക്കുകയും ചെയ്യാനുള്ള പ്രാഥമിക ഉത്തരവാദിത്വം ഉള്ള കേരള സർക്കാർ ആകട്ടെ എന്നത്തെയും പോലെ ഒന്നും ചെയ്യാതെ നിഷ്ക്രിയമായി നിൽക്കുകയാണ്. ജല നിരപ്പ് ഉയർന്നതോട് കൂടി  അണക്കെട്ടിലെ ചോർച്ച വൻ തോതിൽ വർദ്ധിച്ചു. ഇപ്പോഴും എല്ലാ ഭാഗങ്ങളിൽ നിന്നും വെള്ളം ചോർന്നു കൊണ്ടിരിയ്ക്കുന്നു. ചോർന്നു പോകുന്ന ജലത്തോടൊപ്പം അണ കെട്ടാൻ ഉപയോഗിച്ച സുർക്കിയും മറ്റും ഒലിച്ചു  പോയ്ക്കൊണ്ടിരിയ്ക്കുന്നു. ഇതൊന്നും സർക്കാരോ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥരോ കണ്ടു പിടിച്ചതല്ല. വാർത്താ മാധ്യമങ്ങൾ അവരുടെ റിപ്പോർട്ടർമാരെ അയച്ച് ഫോട്ടോയും വീഡിയോയും എടുത്തതാണ്. അത് കൊണ്ട് ജനങ്ങൾ ഇതൊക്കെ അറിയുന്നു. ജല നിരപ്പ് ഉയർന്നപ്പോൾ തേക്കടി കടുവാ സങ്കേതത്തിൽ ഉൾപ്പെട്ട 800 ഹെക്ടർ വനം വെള്ളത്തിനടിയിലായി. ജന്തു സസ്യ ജാലങ്ങൾ ഇവിടങ്ങളിൽ നശിച്ചു കൊണ്ടിരിയ്ക്കുന്നു.  അണക്കെട്ടിനാകട്ടെ ഓരോ ദിവസവും ഓരോ മിനിട്ടും ബലക്ഷയം സംഭവിച്ചു കൊണ്ടിരിയ്ക്കുന്നു.

പക്ഷെ ഇതൊന്നും നമ്മുടെ ഭരണാധികാരികളുടെ ശ്രദ്ധയിൽ വരുന്നില്ല, അവരൊന്നും കാണുന്നില്ല. മുഖ്യ മന്ത്രി ആകെ ചെയ്തത് ഒരു സർവ കക്ഷി യോഗം വിളിച്ചു കൂട്ടിയതാണ്. എന്നാണെന്നോ?അടുത്ത ബുധനാഴ്ച. അതായത് നവംബർ 26 ന്. അന്ന് മുല്ലപെരിയാർ അണക്കെട്ട് അവിടെ കാണുമോ എന്ന് പോലും അറിയില്ല.അതാണ്‌ നമ്മുടെ മുഖ്യ മന്ത്രി. മുഖ്യ മന്ത്രിയ്ക്ക് അന്വേഷിയ്ക്കാൻ മറ്റു ധാരാളം കാര്യങ്ങൾ ഉണ്ട്.  ടൈറ്റാനിയം കേസ്,സരിത കേസ്,പ്ലസ് 2 കേസ്, മദ്യ നയം കേസ്, മാണി ബാർ  കോഴക്കേസ്, മാണി പമ്പ്  കോഴക്കേസ്, അങ്ങിനെ സ്വന്തവും സ്വന്തം മന്ത്രിമാരുടെയും കേസുകൾ. പിന്നെ സ്വന്തം ഉദ്യോഗസ്ഥരുടെ കേസുകൾ. പേർസണൽ സ്റ്റാഫ് കേസ്, ചീഫ് സെക്രട്ടറി അഴിമതി കേസ്,രാഹുൽ നായർ-മനോജ്‌ എബ്രഹാം-ശ്രീലേഖ അഴിമതി കേസ്,  ടി.ഓ. സൂരജ്‌  - മുസ്ലിം ലീഗ് അഴിമതി കേസ്. അങ്ങിനെ ഓരോ നിമിഷവും ഓരോ കേസ് വരുന്നു, വളരെ തിരക്കാണ് അദ്ദേഹം. ജല മന്ത്രി ജോസഫിന്  ആകട്ടെ   1 കോടി അഴിമതി ക്കേസിൽ കുടുങ്ങിയ  മാണിയെ എങ്ങിനെ ഊരാ കുടുക്കിൽ ആക്കാം എന്ന് ആലോചിയ്ക്കാനല്ലാതെ മറ്റൊന്നിനും സമയമില്ല.

തുടക്കം മുതൽ വീഴ്ച മാത്രമായിരുന്നു മുല്ലപ്പെരിയാർ പ്രശ്നത്തിൽ കേരളത്തിന്‌ സംഭവിച്ചത്. കുറെ മനപൂർവം ആണെന്ന് ആരോപണം ഉണ്ട്. ശരിയായ രേഖകൾ നൽകാതെ,തെറ്റായ വിവരങ്ങൾ നൽകി, ശരിയായി കേരളത്തിൻറെ ഭാഗം അവതരിപ്പിയ്ക്കാതിരുന്നത് തമിഴ് നാടിൻറെ കയ്യിൽ നിന്നും വൻ തോതിൽ പണം വാങ്ങിയിട്ടാണ് എന്നും ആരോപണം ഉണ്ട്. ഇത്തരത്തിൽ ഉള്ള  കേരള നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും തമിഴ് നാട്ടിലുള്ള സ്വത്തു വിവരവും ആസ്തിയും വെളിപ്പെടുത്തും എന്ന് പണ്ട് ജയലളിത വെല്ലു വിളിച്ചപ്പോൾ ഇവരുടെ ശബ്ദം കേൾക്കാതായി എന്നും വാർത്തയുണ്ട്.

ഇനിയെങ്കിലും കേരള സർക്കാരും കേരള ര്രാഷ്ട്രീയ നേതാക്കളും, ഉദ്യോഗസ്ഥരും കേരളത്തിന് വേണ്ടി എന്തെങ്കിലും നല്ല കാര്യം ചെയ്യണം. ഇപ്പോൾ ഡൽഹിയിൽ വിളിച്ചു കൂട്ടിയിരിയ്ക്കുന്ന മീറ്റിംഗ് ഇതിന് നല്ലൊരു അവസരമാണ്. വളരെ പ്രധാനപ്പെട്ടതും. ജല നിരപ്പ് 136 അടിയ്ക്ക് മുകളിലായാൽ വരുന്ന പ്രശ്നങ്ങൾ എല്ലാം രേഖകളും തെളിവുകളും സഹിതം ചൂണ്ടിക്കാണിയ്ക്കണം. അണക്കെട്ടിൻറെ ചോർച്ചയുടെ വിവിധ വീഡിയോ ദൃശ്യങ്ങൾ കാണിയ്ക്കണം. അതാണ്‌ അണക്കെട്ടിന്റെ ബലക്ഷയം കാണിയ്ക്കാൻ ഏറ്റവും ഉചിതവും   പ്രധാനപ്പെട്ടതും.  ( സ്വന്തമായി ഇല്ലാത്തതിനാൽ  ഏതെങ്കിലും ചാനലിൽ ചോദിച്ചാൽ ഫൂട്ടേജ് അവർ തരും). വെള്ളത്തിനടിയിൽ ആയ 800 ഹെക്ടർ  വനത്തിന്റെ   ഭാഗങ്ങളുടെ വീഡിയോ ദൃശ്യങ്ങളും കാണിയ്ക്കാം. ( ഒരു ചാനലും അത് ഇത് വരെ കാണിയ്ക്കാത്തത് കൊണ്ട്  തേക്കടിയിലെ  ഏതെങ്കിലും ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് ഇന്ന് പറഞ്ഞാൽ മൊബൈൽ ഫോണിൽ എങ്കിലും ചിത്രം പകർത്തി അയച്ചു തരും.) എറച്ചിപ്പലം വഴി തമിഴ് നാട് കൊണ്ട് പോകുന്ന  വെള്ളം ശേഖരിയ്ക്കാൻ അവരുടെ സംസ്ഥാനത്ത് ഒരു അണ നിർമ്മിയ്ക്കട്ടെ എന്ന് കൂടി കേരളത്തിന്‌ നിർദേശിയ്ക്കാം. ഒരു പ്രധാനപ്പെട്ട കാര്യം കൂടി. ഇതൊക്കെ അവതരിപ്പിയ്ക്കാൻ ഏതെങ്കിലും കഴിവും, വിവരവും, കേരള മണ്ണിനോട് സ്നേഹവും ഉള്ള ആൾ പോകണം. അല്ലാതെ ഏതെങ്കിലും ലല്ലു പഞ്ചുവിനെ  അയച്ച്   തലയൂരാനുള്ള കാര്യമല്ല. പണ്ട് തമിഴ് നാടിൻറെ പണവും ഔദാര്യവും കിട്ടിയ ആൾക്കാർക്കും ഇനി അതൊക്കെ മറന്ന് ധൈര്യമായി കേരളത്തിന്‌ വേണ്ടി നിൽക്കാം. കാരണം രണ്ടാണ്. വാങ്ങിയ കാശിന് പ്രത്യുപകാരം ചെയ്തു കഴിഞ്ഞു. മറ്റൊന്ന് ജയലളിതയെ  പേടിക്കേണ്ട. ഇനിയും കേരള സർക്കാർ അവസരം കളഞ്ഞു കുളിയ്ക്കില്ല എന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം.

2 അഭിപ്രായങ്ങൾ:

  1. കേരളം ഒന്നും ചെയ്തില്ലെങ്കിലും കേന്ദ്രത്തിൽ ഇപ്പോൾ ഒരു 
    പ്രവർത്തിക്കുന്ന ഗവണ്മെന്റുള്ളതു കൊണ്ട് ജനങ്ങൾക്ക് ചെറിയ 
    ഒരു പ്രതീക്ഷ വയ്ക്കാം. 

    മറുപടിഇല്ലാതാക്കൂ
  2. ആൾ രൂപൻ:നമ്മൾ ചെയ്യേണ്ടത് നമ്മൾ തന്നെ ചെയ്യണം. ഇപ്പോൾ കേന്ദ്ര സർക്കാർ അങ്ങിനെ ഒരു മീറ്റിംഗ് വിളിച്ചിട്ടില്ല എന്ന് പറയുന്നു. എന്താണ് ഈ തിരി മറിക്ക് കാരണം എന്ന് കണ്ടു പിടിയ്ക്കണം.

    മറുപടിഇല്ലാതാക്കൂ