2014, നവംബർ 29, ശനിയാഴ്‌ച

റിയൽ എസ്റ്റെറ്റ്

ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന  നൂറു കണക്കിന് ഫ്ലാറ്റ് സമുച്ചയങ്ങൾ ദിവസം പ്രതി നമ്മുടെ ചുറ്റുപാടും  പൊങ്ങി വരുന്നത്  അത്ഭുതത്തോടെയാണ്‌ നാം നോക്കുന്നത്. ഈ കൊച്ചു കേരളത്തിൽ ഇത്രയും ഫ്ലാറ്റുകൾക്ക് ആവശ്യക്കാർ  ഉണ്ടോ എന്നതാണ് നമ്മുടെ ന്യായമായ  സംശയം. 11 ലക്ഷത്തിലേറെ വീടുകൾ ആണ് ആൾ താമസമില്ലാതെ കേരളത്തിൽ ഒഴിഞ്ഞു കിടക്കുന്നത്. ഒന്നും രണ്ടും അല്ല 11 ലക്ഷം. 2011 സെൻസസ് അനുസരിച്ചുള്ള കണക്കുകൾ ആണിത്. അവിടെയാണ് ഇങ്ങിനെ പുതിയ  ഫ്ലാറ്റുകൾ വന്നു  കൊണ്ടിരിയ്ക്കുന്നത്.  എന്തിനാണിത്രയും   ഫ്ലാറ്റുകൾ? അവിടെയാണ് കള്ളപ്പണത്തിന്റെ കളികൾ പുറത്തു വരുന്നത്. കള്ളപ്പണം നിക്ഷേപിയ്ക്കാനുള്ള  ഒരു എളുപ്പ വഴി മാത്രമാണീ ഫ്ലാറ്റുകൾ. ഇതിൽ ഭൂരി പക്ഷം ഫ്ലാറ്റുകളും കാലി ആയി കിടക്കുകയാണ്. കാരണം  താമസത്തിന് വേണ്ടി വാങ്ങിയത്  അല്ലല്ലോ. കള്ളപ്പണം വെളുപ്പിച്ചെടുക്കാൻ വേണ്ടി  ആണ് ഈ ഫ്ലാറ്റുകൾ വാങ്ങി ഇടുന്നത്. ഇത് ഇവിടെ മാത്രമല്ല നമ്മുടെ രാജ്യത്താകമാനം നടക്കുന്ന ഒരു പ്രക്രിയ ആണ്. സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വദ്രയുടെ റിയൽ എസ്റ്റെറ്റ് ബിസിനസ്സ് നാം കണ്ടതാണല്ലോ.

കോബ്ര പോസ്റ്റ്‌ ഭാരതത്തിൽ ആകമാനം നടത്തിയ അന്വേഷണാത്മക പത്ര പ്രവർത്തനത്തിൽ ആണ് കള്ളപ്പണം വെളുപ്പിയ്ക്കാൻ നിർമാണ മേഖലയെ ഉപയോഗിച്ചതിൻറെ  ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. തല ചായ്ക്കാൻ ഇടമില്ലാതെ അലയുന്നവർ നമ്മുടെ രാജ്യത്ത് 8 കോടി ആൾക്കാർ ആണ്. അവർ ഞെട്ടൽ പോലുള്ള മൃദുല വികാരങ്ങളിൽ നിന്ന് എന്നേ മുക്തി നേടിക്കഴിഞ്ഞു.കാലിത്തൊഴുത്തു പോലുള്ള ചേരികളിൽ കഴിയുന്നത്‌ 17 കോടി. ചുറ്റുപാടും ഉള്ള അംബര ചുംബികൾ കണ്ടു കഴിയുന്നത് കൊണ്ട് അവരും ഞെട്ടാറില്ല. പിന്നെ ഞെട്ടിയത് ബാങ്കിൽ നിന്നും കടമെടുത്ത് ഒരു കൂര വയ്ക്കുന്ന സാധാരണക്കാർ.

ഓപ്പറേഷൻ ബ്ലാക്ക് നിന്ജ എന്ന പേരിൽ അവർ നടത്തിയ അന്വേഷണങ്ങളും ഒളി ക്യാമറയും 35 റിയൽ എസ്റ്റെറ്റ് കമ്പനികളുടെ കള്ളത്തരമാണ് പുറത്തു  കൊണ്ട് വന്നത്. ഒരു പ്രമുഖ രാഷ്ട്രീയക്കാരന് കള്ളപ്പണം മുടക്കാൻ വേണ്ടി എന്ന വ്യാജേന ഇടനിലക്കാരൻ വേഷം കെട്ടിയാണ് കോബ്ര പോസ്റ്റ്‌ പ്രതിനിധി കുറെ റിയൽ എസ്റ്റെറ്റ് ബിസിനസ് കാരെ സമീപിച്ചത്. 18 മാസം നീണ്ടു നിന്നു ഈ ഓപ്പറേഷൻ പൂർത്തിയാക്കാൻ. 10 മുതൽ 90 ശതമാനം വരെ കള്ളപ്പണം വാങ്ങാൻ കമ്പനികൾ തയ്യാറാണ്. 100 കോടി വരെ കള്ളപ്പണം ഇങ്ങിനെ നിക്ഷേപിയ്ക്കാം എന്ന് അവർ പറയുന്നു. ബാങ്കുകളിൽ കൂടി വരെ കള്ളപ്പണ ഇടപാട് നടത്താം എന്ന് കൊൽക്കൊത്തയിലെ വേദിക് റിയാൽട്ടി  കമ്പനി മേധാവി സുമൻ ബാനർജി പറഞ്ഞു. പണം വന്നു കഴിഞ്ഞാൽ ഉടൻ അത് പിൻ വലിച്ച് അക്കൌണ്ടും ക്ലോസ് ചെയ്യും.  ഇങ്ങിനെ പല കള്ളത്തരങ്ങൾ ആണ് റിയൽ എസ്റ്റെറ്റ് മേഖലയിൽ നടക്കുന്നത്.

ഇത് ഡൽഹിയിലും മുംബൈയിലും മാത്രമല്ല. കേരളത്തിലും വൻ തോതിൽ ഈ കള്ളപ്പണം വെളുപ്പിയ്ക്കൾ നടക്കുന്നുണ്ട്. കോബ്ര പോസ്റ്റ്‌ കണ്ടു പിടിച്ച 3 ഫ്ലാറ്റ് കമ്പനികൾ കേരളത്തിൽ ഉള്ളതാണ്. കമ്പനി No. 1. കൊച്ചിയിലെ ആസ്റ്റൻ റിയൽടെർസ് പ്രൈവറ്റ് ലിമിറ്റഡ്.   കൂനമ്മാവ്(വെനിസിയാനൊ), രാജഗിരി (കാമ്പസ് കോർട്ട്),  പനങ്ങാട്(നൗട്ടിക്ക) , കാഞ്ഞിരപ്പള്ളി, തെങ്ങോട്, എന്നിവിടങ്ങളിൽ ആഡംബര ഫ്ലാറ്റുകൾ,വാട്ടർ ഫ്രണ്ട് ഫ്ലാറ്റുകൾ,  വില്ലകൾ എന്നിവ ഉള്ള കമ്പനി. അതിന്റെ  എം.ഡി. സിറാജ് മേത്തർ പറയുന്നത് 10 ശതമാനം വരെ കള്ളപ്പണം സ്വീകരിയ്ക്കും എന്നാണ്. കമ്പനി No. 2.നാഷണൽ ബിൽഡേർസ്, കൊച്ചി മുംബൈ. എം.സി. സണ്ണി ആണ് ചെയർമാൻ & മാനേജിംഗ് ഡയരക്ടർ. കൊച്ചി വെണ്ണലയിലെ എമ്പ്രസ് ഗാർഡൻ, ഇടപ്പള്ളിയിലെ നാഷണൽ പേൾ സ്റ്റാർ എന്നിവ ഇവരുടേതാണ്. അതിൻറെ മാർക്കറ്റിംഗ് ഹെഡ് ടോണി കുര്യൻ പറയുന്നത് 40 ശതമാനം വരെ ബ്ലാക്ക് വാങ്ങും എന്നാണ്.   എമ്പ്രസ്സ് ഗാർഡൻ പരസ്യത്തിൽ 75 ലക്ഷം മുതൽ 2.1 കോടി വരെയാണ് ഫ്ലാറ്റിൻറെ വില കാണിച്ചിരിയ്ക്കുന്നത്.   അതായത് സ്ക്വയർ ഫീറ്റിന് 5000-6000  രൂപ. പക്ഷേ വില കുറച്ചാണ് രെജിസ്ടർ ചെയ്യുന്നത്. മിനിമം വില, ചതുരശ്ര അടി 800 രൂപ മാത്രം കാണിയ്ക്കും എന്നാണ് ടോണി കുര്യൻ പറയുന്നത്. കമ്പനി No. 3.ട്രാവൻകൂർ  ബിൽഡേർസ്,   (p ) ലിമിറ്റഡ  കൊച്ചി.  വെണ്ണലയിലെ ഓപ്പസ് ഹൈവേ,  സ്വിസ് ഗാർഡൻ ക്ലബ് വില്ല, തിരുവനന്തപുരത്ത് സാൻറോക്ക് ഫ്ലാറ്റും വില്ലകളും തുടങ്ങി ധാരാളം നിർമാണങ്ങൾ. അതിൻറെ എം.ഡി. A. M . അനാസ് പറയുന്നത് 20 % ബ്ലാക്ക് വാങ്ങാൻ റെഡി ആണെന്നാണ്‌. 


കോബ്ര പോസ്റ്റ്‌ ഒരു സാമ്പിൾ 35 കമ്പനികൾ എടുത്തു എന്നു മാത്രം. എല്ലാ  ഫ്ലാറ്റ് നിർമാണ കമ്പനികൾ കള്ള പ്പണത്തിൽ ആണ് ഓടുന്നത്.  എന്ന് അധികാരികൾ ഉൾപ്പടെ എല്ലാവർക്കും അറിയാം. പക്ഷേ എന്ത് കൊണ്ട് അതിന് എതിരെ  നിയമ നടപടികൾ സ്വീകരിയ്ക്കുന്നില്ല എന്നതും എല്ലാവർക്കും അറിയാം. മിയ്ക്കവാറും കമ്പനികളും ഇവിടത്തെ രാഷ്ട്രീയക്കാരുടെ ബിനാമി  ആണ്. മന്ത്രി മാണി 1 കോടി കോഴ വാങ്ങി എന്നൊരു ആരോപണം ഉണ്ടല്ലോ. ഇങ്ങിനെ എല്ലാവരും കോഴ വാങ്ങുന്നുണ്ട്. അതെല്ലാം എവിടെ പോകുന്നു? എളുപ്പം ചിലവഴിയ്ക്കാൻ കഴിയുന്ന പതിനായിരങ്ങൾ അല്ല ഇവരുടെ വരുമാനം. അത് കോടികൾ ആണ്. റിയൽ എസ്റെറ്റിൽ ആണ് ഇത് നിക്ഷേപിയ്ക്കുന്നത്. കള്ള പ്പേരിൽ വസ്തു വാങ്ങി ക്കൂട്ടാനും ഇത് പോലെ നിർമാണ കമ്പനികളിൽ നിക്ഷേപിയ്ക്കാനും ആണ് ഈ പണം ഉപയോഗിയ്ക്കുന്നത്. പല നിർമാണ കമ്പനികളും സർക്കാർ വസ്തു കയ്യേറുമ്പോഴും,, നിയമ ലംഘങ്ങൾ നടത്തുമ്പോഴും നടപടി ഒന്നും എടുക്കാതെ സർക്കാർ മൌനം പാലിയ്ക്കുന്നത് കോഴ കൊണ്ട് മാത്രമല്ല. ഇത് പലതും രാഷ്ട്രീയക്കാരുടെ ബിനാമി ആയത് കൊണ്ടാണ്. ഇവർക്ക് തമ്മിൽ ഈ വിവരം എല്ലാം അറിയുകയും ചെയ്യാം. തിരുവനന്തപുരത്ത് പാറ്റൂരിൽ വാട്ടർ അതോറിട്ടിയുടെ ഭൂമിയും സർക്കാർ പുറമ്പോക്കും കയ്യേറി ബഹുനില ഫ്ലാറ്റ് ഉണ്ടാക്കിയത് പരസ്യമായല്ലോ. ലോക് ആയുക്ത ഭൂമിയുടെ രേഖ ആവശ്യപ്പെട്ടപ്പോൾ ഉദ്യോഗസ്ഥർ പറഞ്ഞത് എന്താണെന്നോ? അത്ആ പേപ്പർ ഒക്കെ  പൊടിഞ്ഞു പോയി എന്ന്.  അത് പോലെ തിരുവനന്തപുരത്ത് കവടിയാറിൽ  വാട്ടർ അതോറിട്ടിയുടെ ഭൂമിയും സർക്കാർ റോഡും കയ്യേറി ബഹുനില ഫ്ലാറ്റ് നിർമിച്ച ഹീര കമ്പനിയുടെ കേസ് ഇന്നും ഹൈ ക്കോടതിയിൽ കിടക്കുകയാണ്.സുപ്രീം കോടതി പറഞ്ഞിട്ടാണ് കായൽ കയ്യേറി നിർമിച്ച കാപ്പിക്കോ റിസോർട്ട്, ബന്യൻ ട്രീ റിസോർട്ട് തുടങ്ങിയ എത്രയെത്ര കെട്ടിടങ്ങൾ ആണ് പരസ്യമായ നിയമ ലംഘനം നടത്തിയത്. രാഷ്ടീയക്കാരുടെ ബിനാമി ആയതു കൊണ്ട്  ഉദ്യോഗസ്ഥരും നടപടി എടുക്കാൻ മുതിരില്ല.

കോബ്ര പോസ്റ്റിന്റെ വെളിപ്പെടുത്തലിനെ തുടർന്ന്  ആദായ നികുതി വകുപ്പ് നടപടികൾ ആരംഭിച്ചു കഴിഞ്ഞു. മണി ലാണ്ടറിംഗ്, വിദേശനാണ്യ നിയമ ലംഘനം ഒക്കെ കേന്ദ്ര വകുപ്പുകൾ ആണെങ്കിലും നികുതി വെട്ടിപ്പിന് (കുറഞ്ഞ വില വയ്ക്കുന്നതിന് ) കബളിപ്പിയ്ക്കുന്നതിനു തുടങ്ങി പലതിനും  സംസ്ഥാന സർക്കാരിനും നിയമ നടപടികൾ എടുക്കാവുന്നതാണ്. അതിനായി ആരൊക്കെയാണ് ബിനാമികൾ എന്നാണ് ആദ്യം നോക്കേണ്ടത്. അല്ലെങ്കിൽ നേതാക്കൾ തന്നെ കുടുക്കിലാകും.

4 അഭിപ്രായങ്ങൾ:

  1. ശ്രീ.ബിപിൻ, റിയൽ എസ്റ്റേറ്റ് മേഖലയിലെ കള്ളപ്പണനിക്ഷേപം ഊഹിക്കാവുന്നതേയുള്ളൂ. ഈ ആളിപ്പടരിൽ പെട്ട് നമുക്ക് നഷ്ടപ്പെടുന്ന പ്രകൃതിയെപ്പറ്റിയും നന്മയെപ്പറ്റിയും ആരോർക്കാൻ.അല്ലെങ്കിൽ തന്നെ അതിനൊക്കെ എന്ത് ഇൻ‌ട്രിൻസിക് വാല്യൂ ??

    മറുപടിഇല്ലാതാക്കൂ
  2. ശശി കുമാർ, ആ മൂല്യങ്ങൾ നാം വിലപ്പെട്ടതായി കാത്തു സൂക്ഷിയ്ക്കേണ്ടി ഇരിയ്ക്കുന്നു. നമുക്ക് വേണ്ടി, നല്ല നാളേയ്ക്കു വേണ്ടി, ഭാവി തലമുറകൾക്ക് വേണ്ടി. ഇല്ലെങ്കിൽ നാം വലിയ വില നൽകേണ്ടി വരും.

    മറുപടിഇല്ലാതാക്കൂ
  3. പോട്ടെ, ആളുകൾക്ക് വിവരമില്ലാഞ്ഞിട്ടാണ്. പണം സമ്പാദിക്കുകയാണ് ജീവിതലക്ഷ്യമെന്ന് അവർ ധരിച്ചുവശായിരിക്കുന്നു.

    "വിശുദ്ധർക്ക് ദാനം കൊടുക്കുന്ന പങ്കും
    തനിയ്ക്കൂണീനന്നന്നെടുക്കുന്ന പങ്കും
    കണക്കാക്കിടാം വിത്തമായ് ബാക്കിയെല്ലാം
    സ്വരൂപിച്ചു കാക്കുന്നിതാർക്കോ മുടിക്കാൻ" എന്നാണ് പണ്ഡിതമതം.

    മറുപടിഇല്ലാതാക്കൂ
  4. ആൾ രൂപൻ. ഇവർ ഇങ്ങിനെ പണം വാരിക്കൂട്ടുന്നത് സാധാരണക്കാരുടെ ജീവിതത്തെ ബാധിയ്ക്കുന്നു. അതാണ്‌ ഇവിടത്തെ പ്രശ്നം. കൽക്കരി കോഴയിൽ ലക്ഷം കോടിയാണ് വാരിക്കൂട്ടിയത്. അത് തിരിച്ചു പിടിയ്ക്കാൻ നികുതി കൂട്ടുകയും സാധനങ്ങളുടെ വില വർധിപ്പിയ്ക്കുകയും ചെയ്യും. നമ്മുടെ ജീവിതം ദുസ്സഹമാകും.

    സാധാരണ ജീവിതം നയിക്കാൻ ഉള്ള പണം പോരെ? ബാക്കിയെല്ലാം പറഞ്ഞത് പോലെ മുടിയ്ക്കാൻ.

    മറുപടിഇല്ലാതാക്കൂ