2016, മേയ് 25, ബുധനാഴ്‌ച

ആതുര ശുശ്രൂഷ

കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയിരിക്കുന്നു. ആദ്യമായി ഒരു സർക്കാർ ആശുപത്രിയിൽ. ഇത്രയും പരിമിതികൾക്ക്‌ ഉള്ളിൽ നിന്നും ഇത്രയും മഹത്തായ ഒരു സേവനം നടത്തിയ ഡോക്ടർമാർക്കും അവരുടെ  കൂടെ പ്രവർത്തിച്ച എല്ലാവർക്കും  എത്ര അഭിനന്ദനം നൽകിയാലും മതിയാകില്ല. 

സർക്കാർ ആശുപത്രികളെ പട്ടിണി പ്പാവങ്ങളുടെ ആശുപത്രികളാക്കി അവിടെ സൌകര്യങ്ങൾ ഒന്നും ചെയ്ത് കൊടുക്കാതെ സ്വയം സ്വകാര്യ ആശുപത്രികളിൽ  അഭയം തേടുന്ന, വിദേശ രാജ്യങ്ങളിൽ വരെ പോകുന്ന ഭരണ  വർഗത്തിന്റെ കണ്ണ് തുറപ്പിക്കാൻ കൂടി ഇത് ഉപകരിക്കും. 5 കോടി രൂപയിൽ അധികം ആണ് കഴിഞ്ഞ ഭരണ കാലത്ത് കേരള മന്ത്രിമാരും  എം.എൽ.എ. മാരും അവരുടെ ചികിത്സക്കായി ഖജനാവിൽ നിന്നും ചിലവാക്കിയത്.  എല്ലാം സ്വകാര്യ ആശുപത്രികളിൽ നൽകാൻ. ജന പതിനിധികളുടെ ജീവൻ അല്ലേ? ജനങ്ങളുടെതിനേക്കാൾ വില കാണുമല്ലോ.

 6 മാസം മുൻപാണ് കോട്ടയം മെഡിക്കൽ കോളേജിൽ, സർക്കാർ ആശുപത്രിയിലെ ആദ്യത്തെ  ഹൃദയ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. സ്ഥല സൌകര്യങ്ങൾ ഇല്ല, ഉപകരണങ്ങൾ ഇല്ല തുടങ്ങി ഇല്ലായ്മകളുടെ നടുവിൽ നിന്നാണ് ഈ ഡോക്ടർ മാർ ഈ അത്ഭുതങ്ങൾ കാട്ടുന്നത്. നമ്മുടെ സർക്കാർ ആശുപത്രികളിൽ മിടുക്കരായ ഡോക്ടർ മാർ ഉണ്ട്. സൌകര്യങ്ങൾ നൽകാതെ  അവരുടെ കഴിവുകൾ മുരടിപ്പിച്ചു കളയുകയാണ് ഇന്നേ വരെയുള്ള ഭരണാധികാരികൾ ചെയ്യുന്നത്. മരുന്ന് വാങ്ങുമ്പോഴും ഉപകരണങ്ങൾ വാങ്ങുമ്പോഴും  കിട്ടുന്ന കോഴയും സ്ഥലം മാറ്റത്തിലും മറ്റും കിട്ടുന്ന കൈക്കൂലിയും മാത്രമാണ് ആരോഗ്യ മന്ത്രിയുടെ ലക്ഷ്യം. അതാണ്‌ സർക്കാർ  ആശുപത്രികൾ ഇങ്ങിനെ അധപതിക്കുന്നതിന്റെ കാരണം. പൊതു  ആതുര ശുശ്രൂഷാലയങ്ങളെ  മനപൂർവം രോഗ ഗ്രസ്ഥമാക്കുകയാണ് സർക്കാർ ചെയ്യുന്നത്. സ്വകാര്യ ആശുപത്രികൾ വളരാനായി.

 പ്രാഥമിക  ആരോഗ്യ കേന്ദ്രങ്ങളിലും മറ്റും ഒരു ഡോക്ടർ ഓ.പി.യിൽ 200 ൽ  അധികം രോഗികളെ ആണ് നോക്കുന്നത്. ഒരു രോഗിയെ നോക്കാൻ ഒരു മിനിട്ട് പോലും കിട്ടുന്നില്ല. ഒരു മിനിട്ടിനുള്ളിൽ രോഗ നിർണയവും മരുന്ന് കുറിക്കലും! ജനം എന്ന കഴുതയ്ക്ക് അത് മതിയല്ലോ.

 ഇത്തരം ശസ്ത്രക്രിയകൾ ചെയ്യുന്നവർക്ക് പുതിയ ടെക്നോളജി മനസ്സിലാക്കാനും പഠിക്കാനും  പരിശീലനം (updation)   ആവശ്യമാണ്. അതിനുള്ള സൌകര്യവും നമ്മുടെ സർക്കാർ ചെയ്തു കൊടുക്കുന്നില്ല. ആധുനിക സൌകര്യങ്ങൾ ഉള്ള ഭാരതത്തിലെ പ്രമുഖ ആശുപത്രികളിലും വിദേശ ആശുപത്രികളിലും ഇവരെ അയക്കേണ്ടത് അത്യാവശ്യമാണ്.നമ്മുടെ ഡോക്ടർ മാരുടെ അനുഭവ/ പരിചയ ക്കുറവു പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിലുണ്ടായ  പൊള്ളലിനു ചികിത്സ നൽകുമ്പോൾ നാം കണ്ടതാണ്. ഇടയ്ക്കിടെ ഹ്രസ്വ കാല പഠനങ്ങൾക്ക് ഡോക്ടർ മാരെ അയയ്ക്കെണ്ടതിന്റെ ആവശ്യകത യിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. നമ്മുടെ ഡോക്ടർ മാർ ഈ സാഹചര്യത്തിലും സ്തുത്യർഹമായ സേവനം നൽകുമ്പോൾ അവർക്ക് ആവശ്യമായ സൌകര്യവും പരിശീലനവും നൽകാൻ സർക്കാർ തയ്യാറാകുമോ? അങ്ങിനെ ചെയ്‌താൽ ഭരണാധികാരികളുടെ പ്രീയപ്പെട്ട സ്വകാര്യ ആശുപത്രികൾ അന്ത്യ ശ്വാസം വലിക്കുമല്ലോ.

10 അഭിപ്രായങ്ങൾ:

  1. ജനപ്രതിനിധികളുടെ ചികിത്സ സർക്കാർ ആശുപത്രിയിൽ തന്നെ നടത്തണം എന്നൊരു ഉപാധി വെച്ചാൽ സംഗതി നടക്കും. പക്ഷേ, പൂച്ചയ്ക്ക് ആര് മണി കെട്ടും?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത് വിലയുള്ള ജീവനാ കൊച്ചു ഗോവിന്ദാ, പോലുള്ള പുഴുക്കളുടെതല്ല.

      ഇല്ലാതാക്കൂ
  2. സർക്കാരാശുപത്രികൾക്കും വേണം ബൈപ്പാസ്‌ സർജ്ജറി!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബൈ പാസ്സ് അല്ല സുധീ മാറ്റി വയ്ക്കൽ തന്നെയാ വേണ്ടത്.

      ഇല്ലാതാക്കൂ
  3. മുകളിൽ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. ജനപ്രതിനിധികൾ ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കെങ്കിലും സർക്കാർ സ്ഥാപനങ്ങളെ മാത്രമേ ആശ്രയിക്കാവൂ എന്ന നിയമം വരണം. അപ്പോൾ എല്ലാം തനിയേ ഹൈ ടെക് ആയിക്കോളും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇതൊക്കെ പറയാൻ അല്ലാതെ നമുക്ക് എന്ത് ചെയ്യാൻ കഴിയും ഗിരിജ ?

      ഇല്ലാതാക്കൂ
  4. തികച്ചും സന്ദര്‍ഭോചിതമായ പോസ്റ്റ്.
    ആശംസകള്‍ ബിപിന്‍ സാര്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അവർക്കെപ്പോഴും ഒരു പ്രിവിലേജ് വേണം. അത് കൊണ്ട് നടപ്പാക്കാൻ അവർ തയ്യാറാകില്ല.

      ഇല്ലാതാക്കൂ
  5. നമ്മുടെ സർക്കാർ ആശുപത്രികളിൽ
    മിടുക്കരായ ഡോക്ടർ മാർ ഉണ്ട്. സൌകര്യങ്ങൾ
    നൽകാതെ അവരുടെ കഴിവുകൾ മുരടിപ്പിച്ചു കളയുകയാണ്
    ഇന്നേ വരെയുള്ള ഭരണാധികാരികൾ ചെയ്യുന്നത്.
    മരുന്ന് വാങ്ങുമ്പോഴും ഉപകരണങ്ങൾ
    വാങ്ങുമ്പോഴും കിട്ടുന്ന കോഴയും സ്ഥലം
    മാറ്റത്തിലും മറ്റും കിട്ടുന്ന കൈക്കൂലിയും മാത്രമാണ്
    ആരോഗ്യ മന്ത്രിയുടെ ലക്ഷ്യം. അതാണ്‌ സർക്കാർ ആശുപത്രികൾ ഇങ്ങിനെ അധപതിക്കുന്നതിന്റെ കാരണം...!

    മറുപടിഇല്ലാതാക്കൂ