Sunday, May 8, 2016

നിർഭയ കേരളം

ജിഷയുടെ ദാരുണമായ കൊലപാതകം നടന്നിട്ട് ദിവസങ്ങൾ 10 കഴിഞ്ഞു. പ്രതിയെ കുറിച്ച് പോലീസിനു ഒരു തുമ്പും ഇല്ല.  തെളിവുകൾ നശിക്കാനും പ്രതികൾ രക്ഷപ്പെടാനും ആവശ്യമുള്ള സമയം നൽകിയതിനു ശേഷമാണ് പോലീസ് തങ്ങളുടെ അന്വേഷണം ആരംഭിച്ചത് എന്നത് നമ്മുടെ പോലീസിനും പോലീസ് മന്ത്രിയ്ക്കും അഭിമാനിക്കാൻ വകയുള്ളതാണ്.   സംഭവം  മൂടി വയ്ക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതു കൊണ്ടാണ് അന്വേഷണം തുടങ്ങിയത്. അതാണ്‌ ഇപ്പോഴും ഇരുട്ടിൽ തപ്പുന്നത്.( തപ്പുന്നു എന്ന് പറയുന്നു. എന്താണാവോ അവർ ചെയ്യുന്നത്). 

"നിർഭയ കേരളം സുരക്ഷിത കേരളം" എന്ന ഒരു പദ്ധതി വലിയ ആരവത്തോടെ തുടങ്ങിയത് ഓർമ്മയുണ്ടോ? 2014 ൽ  നമ്മുടെ രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രിയായി  ആയി കയറിയ സമയത്ത് കാണിച്ച ആരംഭ ശൂരത്വം. കേരളത്തിലെ സ്ത്രീകളുടെ നേർക്ക്‌ വർദ്ധിച്ചു വരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ആയിരുന്നു ഈ സംരംഭം. 24 മണിക്കൂറും സ്ത്രീകൾക്ക് സുരക്ഷ ഒരുക്കാൻ വേണ്ടിയുള്ളത്. ആദ്യ പടി എന്ന നിലയിൽ   99  സന്നദ്ധ സേവകരെ തെരഞ്ഞെടുത്തു എറണാകുളത്ത് ആയിരുന്നു തുടക്കം.

ഉദ്ഘാടനത്തോടെ അവസാനിച്ചു 'നിർഭയ കേരളം' സംരംഭം. ആഭ്യന്തര വകുപ്പിൻറെ നിരുത്തരവാദിത്വ പരമായ നിലപാടാണ് ഇത് നശിക്കാൻ കാരണം. ഇത് തുടരാൻ അവർ ഒരു നടപടിയും എടുത്തില്ല. അധികൃതരുടെ അനാസ്ഥ. അതൊന്നു കൊണ്ട് മാത്രം ഇത് ഉദ്ഘാടനത്തിന് അപ്പുറം പോയില്ല.

ഫണ്ട് കിട്ടാത്തത് കൊണ്ടാണ് ഇത് നിലച്ചു പോയത് എന്ന് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ പറയുന്നു. ഇത്രയും കോടികൾ വലിച്ചെറിയുന്ന സർക്കാരിനു ഇതിനു മാത്രം ഫണ്ടില്ല അത്രേ. കഷ്ട്ടം. കുറെ പെണ്ണുങ്ങൾ ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്‌താൽ എന്താണ്? കേരളത്തിൽ പെണ്ണുങ്ങൾ ധാരാളം ഉണ്ടല്ലോ. അത് കൊണ്ട് ഉമ്മൻ ചാണ്ടിയ്ക്കും രമേശ്‌ ചെന്നിത്തലയ്ക്കും ഒന്നും സംഭവിക്കാൻ പോകുന്നില്ലല്ലോ. അവർക്ക് മുഖ്യം "തുടരണം" "വളരണം" എന്ന് മാത്രമാണല്ലോ. സ്വന്തം കാര്യം "ശരിയാക്കാൻ" പാട് പെടുന്ന മറ്റൊരു കൂട്ടർ. 

 'നിർഭയ കേരളം' എന്ന  സാധനം ഇപ്പോഴും  സാമൂഹ്യക്ഷേമ   വകുപ്പിൽ  ഉണ്ടെന്നു   നളിനി നെറ്റോ പറയുന്നു. നമ്മുടെ മുനീർ ആണല്ലോ  സാമൂഹ്യ നീതി വകുപ്പ് മന്ത്രി. കഴിവതും സ്ത്രീകൾ പുറത്തു വരാതെ പർദ്ദയ്ക്കകത്ത്‌ തന്നെ കഴിയട്ടെ എന്ന് പറയുന്ന ഒരു പാർട്ടി ആയ മുസ്ലിം ലീഗിന്റെ മന്ത്രി ആണല്ലോ മുനീർ.  ആ പാർട്ടിയിൽ നിന്നും മന്ത്രി പോയിട്ട് ഒരു MLA പോലും ഒരു സ്ത്രീ ആയിട്ടില്ല. വനിതാ ലീഗിന്റെ മീറ്റിങ്ങിനു പോലും വേദിയിൽ ഇരിക്കാൻ ഒരു സ്ത്രീയെ അവർ അനുവദിച്ചില്ലല്ലോ.

സ്ത്രീകളെ നിങ്ങൾ വീട്ടിൽ ഒളിച്ചിരിക്കുക. തല കൂടി മൂടുക. ഭാഗ്യമുണ്ടെങ്കിൽ ആരും ബലാസംഗം ചെയ്യാതെ രക്ഷപ്പെടാം. ആരും കൊല്ലാതെ രക്ഷപ്പെടാം. ഭാഗ്യം അതൊന്നു മാത്രമാണ് കേരളത്തിൽ ഇന്നു സ്ത്രീകളെ രക്ഷപെടുത്തുന്നത്. ദൈവ വിശ്വാസികൾ ദൈവത്തെ വിളിക്കുക. അല്ലാത്തവർ രഹസ്യമായി എങ്കിലും പ്രാർഥിക്കുക.  

പുരുഷന്മാരെ, സ്വന്തം പെങ്ങൾക്ക്, മകൾക്ക്  ഇങ്ങിനെ  ഒരു ദുസ്ഥിതി വരുന്നത് വരെ മാളത്തിൽ ഒളിച്ചിരുന്നോളൂ. ഇടതിനും വലതിനും പുറകെ നടന്നോളൂ.

9 comments:

 1. ഇപ്പോഴും കേരളം നിർഭയ കേരളം തന്നെയാണ് സർ. പക്ഷെ ഇവിടെ ഭയമില്ലാത്തത് കള്ളന്മാർക്കും കൊലപാതകികൾക്കും കഞ്ചാവ് വിൽപ്പനക്കാർക്കും മറ്റെല്ലാ തരം കുറ്റവാളികൾക്കും ആണെന്ന് മാത്രം. അവർക്ക് കേരളത്തിൽ ജീവിതം വളരെ സുരക്ഷിതമായിരിക്കും എന്ന വാഗ്ദാനം മാറി മാറി വരുന്ന സർക്കാരുകൾ തെറ്റാതെ പാലിക്കുന്നുണ്ടല്ലോ. ഇത്ര വെറുപ്പ് തോന്നുന്ന രാഷ്ട്രീയം നമ്മുടെ നാട്ടിൽ മാത്രമേയുള്ളൂ എന്ന് തോന്നുന്നു. സ്വന്തം അമ്മയെ ആരെങ്കിലും തല്ലി കൊന്നാലും അതിനെയും പാർട്ടി രാഷ്ട്രീയത്തിൻറെ അടിസ്ഥാനത്തിൽ ന്യായീകരിക്കുന്ന വൃത്തി കെട്ട രാഷ്ട്രീയം.

  ReplyDelete
  Replies
  1. അതെ ഗിരിജ. അവർക്കാണ് ഇന്ന് നിർഭയം ഇവിടെ ജീവിക്കാൻ കഴിയുന്നത്‌. ഈ ദുർഭരണം മടുത്തു.

   Delete
 2. ഫണ്ട് കുറച്ചു മാണി സാറിനോട് ചോദിച്ചാൽ കിട്ടുമായിരിക്കും. ബാർ മുതലാളിമാരുടെ പൈസയുണ്ടല്ലോ.......

  സ്ത്രീകൾ ഈ നിലയിൽ അക്രമിക്കപ്പെടുകയാണെങ്കിൽ മുനീറിന്റെ പാർട്ടി പറയുന്നത് പോലെ അവർ വീട്ടിൽ അടങ്ങി, ഒതുങ്ങി കഴിയൽ തന്നെയായിരിക്കും നല്ലത്.

  ReplyDelete
  Replies
  1. പണം ഇല്ലാത്ത മാണിയുടെ പ്രയാസം അങ്ങേർക്കു അറിയാം. വീട്ടിൽ അടങ്ങി ഒതുങ്ങി കഴിഞ്ഞാലും രക്ഷയില്ലല്ലോ യുനൈസെ. വീട്ടിൽ കയറി അല്ലേ ബലാത്സംഗവും കൊലപാതകവും.

   Delete
 3. വനിതാ ലീഗിന്റെ മീറ്റിങ്ങിനു പോലും വേദിയിൽ ഇരിക്കാൻ ഒരു സ്ത്രീയെ അവർ അനുവദിച്ചില്ലല്ലോ....

  വനിതാ ലീഗെന്നൊരു സംഘടനയുണ്ടോ??

  ReplyDelete
  Replies
  1. അങ്ങിനെ പേരിൽ ഒരു സാധനമുണ്ട്.

   Delete
 4. നമ്മുടെ നാട്ടിൽ സ്ത്രീ പീഡനങ്ങൾ
  മാധ്യമങ്ങൾക്കും രാഷ്ട്രീയക്കാർക്കും ഇന്നൊരു ചാകരയാണ്...

  ഒരു പക്ഷേ ലോകത്തിൽ ഏറ്റവും കൂടുതൽ
  പെൺ വേട്ടകൾ നടക്കുന്ന രാജ്യം ഇന്ത്യയായിരിക്കാം.
  സാംസ്കാരിക സമ്പന്നരാണെന്ന് പറയുന്ന കേരളവും
  ഇന്ത്യയുടെ ഈ പേരിന് ഇപ്പോൾ തിളക്കം കൂട്ടി തുടങ്ങി..

  ഇത്തരം കുറ്റവാളിക്ക് മറ്റെല്ലാ രാജ്യങ്ങളിലും കൊടുക്കുന്ന
  രീതിയിൽ രൂക്ഷമായ ശിക്ഷ നൽകിയാൽ ഇനിയെങ്കിലും
  ഇത്തരം പ്രവണതകൾ കുറഞ്ഞ് കിട്ടും..!

  ഇവിടെ പാശ്ചാത്യ രാജ്യങ്ങളിൽ പോലും കൊലപാതകകുറ്റത്തെക്കാൾ കൂടുതൽ ശിക്ഷ
  ഒരു പെണ്ണിനെ അപമാനിക്കുന്നവർക്ക് കിട്ടും ..!

  ReplyDelete
  Replies
  1. നമ്മുടെ സിസ്റ്റം മാറണം. നമ്മുടെ കാഴ്ചപ്പാടും.

   Delete
 5. തിരഞ്ഞെടുപ്പ് കഴിഞ്ഞു.
  മന്ത്രിസഭയും വരുന്നു.
  'നിര്‍ഭയ കേരളം സുരക്ഷിത കേരളം'സാക്ഷാത്കരിക്കുമോ?
  ആശംസകള്‍ ബിപിന്‍ സാര്‍

  ReplyDelete