2016, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

സവാള വില

സവാള വില കിലോയ്ക്ക് 40 രൂപ. ഇക്കഴിഞ്ഞ ജൂണിൽ നാം വാങ്ങിയ വില. മധ്യ പ്രദേശിൽ 50 പൈസ. അതിനു മുന്നിലത്തെ മാസം,മെയിൽ,മധ്യ പ്രദേശിൽ സവാള വില കുത്തനെ ഇടിഞ്ഞു. കർഷകന് കിലോയ്ക്ക് വെറും 50 പൈസ മാത്രം വില കിട്ടുന്നു. കർഷകരെ രക്ഷിക്കാനായി മധ്യ പ്രദേശ് സർക്കാർ കിലോയ്ക്ക് 6 രൂപ നൽകി സവാള വാങ്ങി. അങ്ങിനെ വാങ്ങിയ  9 ലക്ഷം ക്വിന്റൽ സവാള വിൽക്കാൻ   ജൂണിൽ ടെൻഡർ വിളിച്ചു. വാങ്ങാൻ ആളില്ലാതെ സർക്കാർ സംഭരിച്ചതിൽ 7 ലക്ഷം ക്വിന്റൽ സവാള ആണ് നശിച്ചു പോയത്.  



ഇങ്ങിനെ മധ്യപ്രദേശിൽ സവാള നശിക്കുമ്പോഴും കേരളത്തിൽ സർക്കാർ സ്ഥാപനമായ  ഹോർട്ടി കോർപ്പിൽ നിന്ന് പോലും  വലിയ വില കൊടുത്താണ് ജനങ്ങൾ  വാങ്ങിയത്.  പൊതു വിപണിയിൽ അതിലും വലിയ വില.എന്ത് കൊണ്ട് കേരളത്തിലെ സർക്കാർ സംഭരണ ഏജൻസികൾ മധ്യ പ്രദേശ് സർക്കാരിൽ നിന്നും സവാള വാങ്ങാൻ നടപടി എടുത്തില്ല എന്നത് അന്വേഷിക്കേണ്ടി ഇരിക്കുന്നു. ഹോർട്ടി കോർപ്പ് ഒക്കെ സ്വകാര്യ മൊത്ത വ്യാപാരികളിൽ നിന്നും ആണ് വാങ്ങുന്നത്. വില കൂട്ടി വാങ്ങി ലാഭം ഉദ്യോഗസ്ഥർ പോക്കറ്റിൽ ആക്കുന്നു. അതാണ് മധ്യ പ്രദേശിൽ നിന്നും വാങ്ങാൻ തയ്യാറാകാഞ്ഞത്. 

മധ്യ പ്രദേശ് ആകട്ടെ സംഭരണ വിലയായ 6 രൂപയിലോ അതിലും കുറച്ചോ നൽകുമായിരുന്നു. അവർക്കു സൂക്ഷിച്ചു വയ്ക്കാൻ സ്ഥലം ഇല്ല എന്നത് വലിയൊരു പ്രശ്നം. അവിടന്നുള്ള ട്രാൻസ്‌പോർട്ടേഷൻ കിലോയ്ക്ക് രണ്ടോ മൂന്നോ രൂപയായാലും 10 രൂപയ്ക്കു താഴെ കേരളത്തിൽ കിട്ടിയേനെ. നശിച്ചു പോയ 7  ലക്ഷം ക്വിന്റൽ സവാള ഡിസ്പോസ് ചെയ്യാൻ മധ്യ പ്രദേശ് സർക്കാർ ചെലവാക്കിയത് എത്രയെന്നോ? 6 കോടി രൂപ! കേരളം വാങ്ങാൻ സമീപിച്ചിരുന്നു എങ്കിൽ ഈ 6 കോടി രൂപയെങ്കിലും സേവ് ചെയ്യാൻ വേണ്ടി പണം വാങ്ങാതെ അവർ വെറുതെ നൽകാനുള്ള സാധ്യത പോലും ഉണ്ടായിരുന്നു.

 ഇന്ത്യയുടെ മൊത്തം ഉൽപ്പാദനത്തിന്റെ 30   ശതമാനം നൽകുന്ന മഹാരാഷ്ട്രയിലും സ്ഥിതി മറിച്ചല്ലായിരുന്നു. കർഷകന്  കിലോ 1 രൂപയ്ക്കു വിൽക്കേണ്ടി വന്നു. നമ്മുടെ തൊട്ടടുത്ത് കിടക്കുന്ന കർണാടക ആണ് 23  ശതമാനം നൽകുന്ന രണ്ടാമത്തെ വലിയ ഉൽപ്പാദകർ. ഇവിടെയൊക്കെ ഉൽപ്പാദനം  അധികമാവുമ്പോൾ വില വൻതോതിൽ കുറയും. കര്ഷകന് ഒന്നും രണ്ടും രൂപ മാത്രം കിലോയ്ക്ക് കിട്ടുന്ന അവസ്ഥ. അപ്പോഴും ഇടനിലക്കാരന് അമിത ലാഭം നൽകി സാധനം വാങ്ങാൻ കേരളക്കാർ നിർബന്ധിതരാകുന്നു.

കേരളത്തിലെ കൃഷിയിലും കാർഷിക വിള സഭരണത്തിലും വലിയ കാര്യങ്ങൾ ചെയ്യും എന്ന് പറയുന്ന, കുറച്ചൊക്കെ ചെയ്തു കൊണ്ടിരിക്കുന്ന നമ്മുടെ കൃഷി മന്ത്രി സുനിൽ കുമാർ ഇതൊന്നും അറിഞ്ഞില്ല എന്ന് കരുതാം. മധ്യപ്രദേശിലേയും മഹാരാഷ്ട്രയിലെയും  കർണാടകയിലെയും  ഇതൊക്കെ കാണിക്കുന്നത് കർഷകന് കിട്ടുന്നതിന്റെ പതിന്മടങ്ങു വിലയ്ക്കാണ് സാധനം സാധാരണക്കാരന് കിട്ടുന്നത് എന്നാണ്. ഹോർട്ടികൾച്ചറൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ആണ് കേരളത്തിലെ സർക്കാർ  സംഭരണഏജൻസി. അവരാകട്ടെ തട്ടിപ്പും വെട്ടിപ്പും ആയി കഴിയുന്നു. അവർക്ക് എന്ത് കൊണ്ട് മറ്റു ഉൽപ്പാദന സംസ്ഥാനങ്ങളിലെ സമാനമായ സർക്കാർ ഏജൻസികളും ആയി നേരിട്ട് ഇടപെട്ട് സംഭരണം നടത്തിക്കൂടാ?  അതിനു ഹോർട്ടി കോർപ്പറേഷനിൽ ഒരു പ്രത്യേക വിങ് തന്നെ തുടങ്ങണം.നമ്മുടെ കൃഷി മന്ത്രി ഇക്കാര്യത്തിൽ ഇടപെടേണ്ട സമയം അതിക്രമിച്ചു.

4 അഭിപ്രായങ്ങൾ:

  1. ഇതൊന്നും അറിയാത്തതുകൊണ്ടല്ല ...

    മറുപടിഇല്ലാതാക്കൂ
  2. ഹോർട്ടികൾച്ചറൽ ഡെവലപ്മെന്റ്
    കോർപ്പറേഷൻ ആണ് കേരളത്തിലെ
    സർക്കാർ സംഭരണഏജൻസി. അവരാകട്ടെ
    തട്ടിപ്പും വെട്ടിപ്പും ആയി കഴിയുന്നു. അവർക്ക്
    എന്ത് കൊണ്ട് മറ്റു ഉൽപ്പാദന സംസ്ഥാനങ്ങളിലെ സമാനമായ സർക്കാർ ഏജൻസികളും ആയി നേരിട്ട് ഇടപെട്ട് സംഭരണം നടത്തിക്കൂടാ? അതിനു ഹോർട്ടി
    കോർപ്പറേഷനിൽ ഒരു പ്രത്യേക വിങ് തന്നെ തുടങ്ങണം.
    നമ്മുടെ കൃഷി മന്ത്രി ഇക്കാര്യത്തിൽ
    ഇടപെടേണ്ട സമയം അതിക്രമിച്ചു...!

    മറുപടിഇല്ലാതാക്കൂ