2016, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

നിത്യ ഹരിത ഗാനം



മധുരമായ ശബ്ദത്തിലൂടെ മലയാളി മനസ്സിനെ കീഴടക്കിയ എസ്. ജാനകി എന്ന മഹാ പ്രതിഭ പാട്ടു നിർത്താൻ തീരുമാനിച്ചു എന്ന് കേട്ടപ്പോൾ ദുഃഖം തോന്നി. സിനിമാ ഗാന രംഗത്തോ പൊതു ഗാന മേള രംഗത്തോ അവരിന്ന് സജീവമായി ഇല്ല, 78 വയസ്സായി, ഇനി പാട്ടുകൾ പ്രതീക്ഷിക്കേണ്ട എന്നൊക്കെ അറിയാമെന്നിരിക്കിലും  ഒരു ചെറിയ ദുഃഖം. ജാനകിയുടെ പാട്ടുകൾ ഇന്നും മനസ്സിൽ നിത്യ ഹരിതമായി നിൽക്കുന്നതായിരിക്കും  അതിനു കാരണം.   

   "ഞാൻ ആവശ്യത്തിന് പാട്ടുകൾ പാടിക്കഴിഞ്ഞു" ഇതാണ് ജാനകി പാട്ടു നിർത്താൻ കാരണമായി പറഞ്ഞത്. കഴിഞ്ഞ 60 വർഷത്തോളം മലയാളം സിനിമയിൽ  നിറഞ്ഞു നിന്ന എസ്. ജാനകിയുടെ   മധുര മനോഹര ശബ്ദത്തിലുള്ള ഗാനങ്ങൾ ഇന്നും മലയാളിയുടെ മനസ്സിൽ വസന്തം ആയി പൂത്തുലഞ്ഞു നിൽക്കുന്നു. അന്യ ഭാഷയിൽ നിന്നും മലയാളത്തിൽ വന്ന് മലയാളത്തിന്റെ സ്വന്തമായ ശ്രീമതി ജാനകി മലയാള സിനിമയിൽ തന്നെയാണ് തന്റെ അവസാന ഗാനം പാടിയത്.മനോഹരങ്ങളായ 1300 ഓളം  ഗാനങ്ങളാണ് ജാനകി മലയാളത്തിന് സംഭാവന നൽകിയത്. എല്ലാം ഒരേ പോലെ മധുരവും മനോഹരവും. ഏതു "റേഞ്ചിലും" പാടാൻ ഉള്ള അവരുടെ കഴിവ് ആണ് പാട്ടുകളുടെ ഭംഗി. അതാണ് ആറു പതിറ്റാണ്ട്    സിനിമാ ഗാന രംഗത്ത് നിൽക്കാൻ കഴിഞ്ഞത്. തെലുങ്കിലും തമിഴിലും കന്നടയിലും ഒക്കെ പാടി, ഓരോ ഭാഷയിലും ആയിരത്തിലധികം ഗാനങ്ങൾ.കൂടാതെ ഒറിയയിലും ഹിന്ദിയിലും.  എല്ലാം കൂടി അയ്യായിരത്തിൽ അധികം പാട്ടുകൾ.

ഇത്തരം പാട്ടുകാരുടെ സ്വര മാധുരി ഭംഗിയായി ഉപയോഗപ്പെടുത്താൻ അന്നത്തെ സിനിമാ രംഗത്തുള്ളവർ തയ്യാറായി തയ്യാറായി എന്നതാണ് ഇത്രയും സുന്ദരമായ പാട്ടുകൾ ഉണ്ടാകാൻ കാരണം. അർത്ഥസമ്പുഷ്ടമായ ഗാനങ്ങൾ എഴുതുന്ന കവികളായ ഗാനരചയിതാക്കൾ. ആ അർത്ഥം ഉൾക്കൊണ്ടുകൊണ്ട് അതിന് അനുയോജ്യമായ രാഗവും താളവും നൽകുന്ന സംഗീത സംവിധായകർ. അതിന്റെ ഭാവങ്ങൾ പൂർണമായും തങ്ങളുടെ ശബ്ദത്തിലൂടെ നൽകിയ ഗായകർ. ഇവരെല്ലാം ഒത്തു ചേർന്നപ്പോഴാണ്  മനോഹരങ്ങളായ ഗാനങ്ങൾ മലയാള സിനിമയിൽ പിറന്നത്. അന്നത്തെ സിനിമാ നിർമാതാക്കളും സിനിമയേക്കുറിച്ചു നല്ല ബോധം ഉള്ളവരായിരുന്നു. ഇന്നത്തെ പ്പോലെ പണം മാത്രമായിരുന്നില്ല അന്ന് നിർമാതാവിന്റെ യോഗ്യത.  ഇതൊക്കെ മനസ്സിലാക്കാനും ആസ്വദിക്കാനും കഴിയുന്നവരായിരുന്നു അന്ന് സിനിമാ നിർമാതാക്കൾ.
അങ്ങിനെ മനോഹരങ്ങളായ, ചുണ്ടിലും മനസ്സിലും തങ്ങിനിൽക്കുന്ന ഒരു പിടി ഗാനങ്ങൾ മലയാളിയ്ക്ക് കിട്ടി.

മലയാള സിനിമാ ഗായകനായ  ജി. വേണുഗോപാൽ എസ് ജാനകിയുടെ  തീരുമാനത്തെ കുറിച്ച് പറഞ്ഞത്  "ജാനകിയമ്മ പാട്ട് നിർത്തുന്നുവെന്ന വാർത്ത ശരിയാണെങ്കിൽ അതൊരു നല്ല തീരുമാനമാണ്" എന്നാണ്. ഏകദേശം പാട്ടു നിർത്തിയ മട്ടിലായിരുന്നു ജാനകി. ആരുടേയും അവസരം കളയാൻ എങ്ങും ഇടിച്ചു കയറാറില്ല. ജാനകി , പഴയ കാല  പാട്ടുകാരായ സുശീല, മാധുരി,വാണി ജയറാം, യേശുദാസ്, ജയചന്ദ്രൻ എന്നിവരെ പ്പോലെ  ഒതുങ്ങി കഴിയുകയായിരുന്നു. ഇടയ്ക്കിടെ ചില റിയാലിറ്റി ഷോ കളിൽ വരുന്നു എന്ന് മാത്രം.അല്ലെങ്കിലും എങ്ങിനെ ഇവരൊക്കെ അവസരങ്ങൾ നഷ്ടപ്പെടുത്തും? അവരുടെ പാട്ടിന്റെ ആവശ്യം ഇപ്പോൾ ഇല്ല. ഒരു പരാതിയും പറയാതെ ഒതുങ്ങി കഴിഞ്ഞു. അങ്ങിനെ ഒരവസരത്തിൽ വേണുഗോപാൽ ഇത്തരം ഒരഭിപ്രായം എന്തിനാണ് പറഞ്ഞത് എന്നറിയില്ല.

മോഹ ഭംഗമോ നിരാശയോ ഒക്കെ ആയിരിക്കാം വേണുഗോപാലിന്.ഉദ്ദേശിച്ച രീതിയിൽ ധാരാളം പാട്ടുകളൊന്നും സിനിമയിൽ കിട്ടിയില്ല. ആദ്യ കാലത്തു യേശുദാസ് എല്ലാം കയ്യടക്കി വച്ചു. അത് കഴിഞ്ഞു എം.ജി. ശ്രീകുമാർ രംഗം കയ്യടക്കി. ഇപ്പോഴാകട്ടെ  ഇവരുടെ രീതിയിലുള്ള പാട്ടുകൾ ആവശ്യമില്ലാതായി തുടങ്ങി എന്തെങ്കിലും ശബ്ദമുണ്ടാക്കിയാൽ പുതിയ കാല സിനിമാ പാട്ടായി. പാട്ടു തന്നെ മേളങ്ങളുടെ ശബ്ദത്തിൽ കേൾക്കാൻ വയ്യാതായി. കേൾക്കാത്തത് ഭാഗ്യം. അർത്ഥവും ഒന്നുമില്ലാത്ത കുറെ ശബ്ദങ്ങൾ ആണല്ലോ ഗാനം. 

നിരാശ ബാധിച്ച വേണുഗോപാലിന്റെ പറച്ചിൽ കേൾക്കുമ്പോൾ നമ്മുടെ മഹാനായ ഗായകൻ യേശുദാസ് ഇത്തരത്തിൽ പറഞ്ഞതാണ് ഓർമ വരുന്നത്. വളരെ  വർഷങ്ങൾക്കു മുൻപ് ലതാ മങ്കേഷ്‌കർ പാട്ട്  നിർത്തണം  എന്ന്  അദ്ദേഹം പറഞ്ഞു.  അങ്ങേരുടെ ശബ്ദത്തിൽ വെള്ളി വീണു കൊണ്ടിരുന്ന സമയത്താണ് ലതയെ കുറിച്ച് അങ്ങിനെ പറഞ്ഞത്. അതൊരു പ്രശസ്തി കിട്ടാൻ വേണ്ടി പറഞ്ഞത് ആയിരിക്കാം. പിന്നെ അൽപ്പം അസൂയയും. ലതാ മങ്കേഷ്‌ക്കറിന് അത്രയും പ്രശസ്തി ആണല്ലോ ലോകം എമ്പാടും. 

അത് പോലെ അൽപ്പം അസൂയ ആയിരിക്കും വേണുഗോപാലിനും. പിന്നെ മറ്റൊരു കാര്യം കൂടി. ഇത് യേശുദാസിനെ മനസ്സിൽ വച്ച് കൊണ്ട് പറഞ്ഞതാണ് എന്നൊരു വ്യാഖ്യാനം കൂടി വേണമെങ്കിൽ ആകാം. "ദാനേ പെ ലിഖാ ഹെ ഖാനേ വാലേ കീ നാം" എന്ന് ഇടയ്ക്കിടെ യേശുദാസ് പറയാറുണ്ട്. ഓരോ ധാന്യത്തിലും  എഴുതിയിട്ടുണ്ട് അത് ആർക്കാണെന്ന്. അതായത് ദൈവം ഓരോരുത്തർക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്. ഇത് പറയുന്ന യേശുദാസ് ആണ് ലതയെ കുറിച്ച് പറഞ്ഞത്. യേശുദാസ് ഉണ്ടായിട്ടോ ശ്രീകുമാർ ഉണ്ടായിട്ടോ അല്ല വേണുഗോപാലിന് പാട്ടുകൾ കുറഞ്ഞത്. അവരില്ലായിരുന്നവെങ്കിൽ മറ്റാരെങ്കിലും ആയിരുന്നേനെ. ഹിന്ദി ചലച്ചിത്രങ്ങളിൽ  സുന്ദരമായ ഗാനങ്ങൾ ആലപിച്ച യേശുദാസിനു എന്ത് സംഭവിച്ചു? കിഷോർ കുമാർ ഉളളത് കൊണ്ടെന്നു പറയാം. അതൊക്കെ ശരിയാകാം.  പക്ഷെ യേശുദാസിന് വച്ച ഗാനങ്ങൾ യേശുദാസ് തന്നെ പാടി. അതാണ് സത്യം. 

5 അഭിപ്രായങ്ങൾ:

  1. ഇന്നത്തെ കാലം ആവശ്യപ്പെടുന്നതു കൊണ്ടൊന്നുമല്ല പഴയ തലമുറയിലെ ഗായകരുടെ പാട്ടിന് ആവശ്യക്കാരില്ലാതാകുന്നത്. പാട്ടുകളുടെ വേദിയായ സിനിമയിൽ 'നല്ല' ഗാനങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കാത്ത പ്രവർത്തകരാണ് അതിന്റെ ഒന്നാമത്തെ കാരണക്കാർ. ഒരു പ്രേക്ഷകനും മുൻകൂർ ആവശ്യപ്പെടുന്നില്ല എനിക്കൊരു റോക്ക് സോങ് വേണം, അടിച്ചുപൊളി പാട്ടു വേണം , ഐറ്റം സോങ് വേണം എന്നൊന്നും. ഇതെല്ലാം തീരുമാനിക്കുന്ന തും മെലഡിയും ക്ലാസിക്കലും ബഹളവും എല്ലാം ഉണ്ടാക്കുന്നതും സിനിമക്കാർ തന്നെ. അല്ലെങ്കിൽ അതിനിടയിൽ 1983 ലെ ഓലേഞ്ഞാലി കുരുവിയും ആക്ഷൻ ഹീറോ ബിജുവിലെ പൂക്കൾ പനിനീർപൂക്കളും ഉണ്ടാവില്ലായിരുന്നല്ലോ.

    നഷ്ടമാണെങ്കിലും ജാനകിയമ്മയുടെ തീരുമാനം വ്യക്തിപരവും വളരെ ആലോചിച്ചുള്ളതുമാണെന്നു വേണം കരുതാൻ. മനോരമയിലെ ഫീച്ചർ വായിച്ചപ്പോൾ അങ്ങനെയാണു തോന്നിയത്. ജി. വേണുഗോപാൽ പറഞ്ഞതിനോടും മുൻകാലത്ത് യേശുദാസ് അഭിപ്രായപ്പെട്ടതിനോടും ഇതുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ല. ഓരോരുത്തർക്കും ഓരോ ഈഗോയും നിരാശയും വിഡ്ഢിത്തവും ഉണ്ട്. അതങ്ങനെ തന്നെ കിടക്കട്ടെ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. "സിനിമാ ഗാന രംഗത്തോ പൊതു ഗാന മേള രംഗത്തോ അവരിന്ന് സജീവമായി ഇല്ല, 78 വയസ്സായി, ഇനി പാട്ടുകൾ പ്രതീക്ഷിക്കേണ്ട."
      ഏകദേശം പാട്ടു നിർത്തിയ മട്ടിലായിരുന്നു ജാനകി. ആരുടേയും അവസരം കളയാൻ എങ്ങും ഇടിച്ചു കയറാറില്ല. ജാനകി , പഴയ കാല പാട്ടുകാരായ സുശീല, മാധുരി,വാണി ജയറാം, യേശുദാസ്, ജയചന്ദ്രൻ എന്നിവരെ പ്പോലെ ഒതുങ്ങി കഴിയുകയായിരുന്നു."
      അവർ പാട്ടു നിർത്തിയത് കൊണ്ട് ആർക്കു എന്ത് ഗുണം? അതാണ് ഞാൻ പറഞ്ഞത് രാജ്

      ഇല്ലാതാക്കൂ
  2. അല്ല സർ വേണുഗോപാലിനെ ഫീൽഡിൽ നിന്ന് മാറ്റിനിറുത്താൻ എം .ജി ശ്രീകുമാറും കോക്കസും ശ്രമിച്ചിരുന്നത് ആ ഫീൽഡിൽ ഉള്ള എല്ലാവർക്കും അറിവുള്ള കാര്യം ആണ് ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പുനലൂരാൻ ശരിയാണ്. കിഷോർ കുമാർ വന്നപ്പോൾ റാഫിയ്ക്കു അവസരം കുറഞ്ഞതും യേശുദാസിനെ ഹിന്ദി ചലച്ചിത്ര ,രംഗം എങ്ങിനെ കൈകാര്യം ചെയ്തു എന്നുമൊക്കെ നമുക്കറിയാം. യേസുദാസ് തന്നെ മലയാള സിനിമയിൽ നില നില്പിനു് വേണ്ടി പലതും ചെയ്തു കാണും. അത് പോലെ രംഗം പിടിച്ചടക്കാൻ ശ്രീകുമാറും പലതും ചെയ്തു കാണും.അതൊക്കെ എല്ലാവർക്കും അറിയാം.കിട മ ത്സരങ്ങൾ. എല്ലാ രംഗത്തും ഉണ്ട്.

      ഒരിക്കൽ അവാർഡ് മോഹൻലാലിന് ശുപാർശ ചെയ്തതിനു മമ്മൂട്ടി വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്നു എന്ന് ശ്രീകുമാരൻ തമ്പി കഴിഞ്ഞ തവണ കണ്ടപ്പോൾ സംസാര മദ്ധ്യേ പറയുകയുണ്ടായി.

      ഇല്ലാതാക്കൂ
  3. പാട്ടുകാരുടെ സ്വര മാധുരി
    ഭംഗിയായി ഉപയോഗപ്പെടുത്താൻ
    അന്നത്തെ സിനിമാ രംഗത്തുള്ളവർ
    തയ്യാറായി തയ്യാറായി എന്നതാണ് ഇത്രയും
    സുന്ദരമായ പാട്ടുകൾ ഉണ്ടാകാൻ കാരണം. അർത്ഥസമ്പുഷ്ടമായ ഗാനങ്ങൾ എഴുതുന്ന
    കവികളായ ഗാനരചയിതാക്കൾ. ആ അർത്ഥം
    ഉൾക്കൊണ്ടുകൊണ്ട് അതിന് അനുയോജ്യമായ
    രാഗവും താളവും നൽകുന്ന സംഗീത സംവിധായകർ.
    അതിന്റെ ഭാവങ്ങൾ പൂർണമായും തങ്ങളുടെ ശബ്ദത്തിലൂടെ
    നൽകിയ ഗായകർ. ഇവരെല്ലാം ഒത്തു ചേർന്നപ്പോഴാണ്
    മനോഹരങ്ങളായ ഗാനങ്ങൾ മലയാള സിനിമയിൽ പിറന്നത്. അന്നത്തെ സിനിമാ നിർമാതാക്കളും സിനിമയേക്കുറിച്ചു നല്ല ബോധം ഉള്ളവരായിരുന്നു. ഇന്നത്തെ പ്പോലെ പണം മാത്രമായിരുന്നില്ല അന്ന് നിർമാതാവിന്റെ യോഗ്യത. ഇതൊക്കെ മനസ്സിലാക്കാനും ആസ്വദിക്കാനും കഴിയുന്നവരായിരുന്നു അന്ന് സിനിമാ നിർമാതാക്കൾ.
    അങ്ങിനെ മനോഹരങ്ങളായ, ചുണ്ടിലും മനസ്സിലും തങ്ങിനിൽക്കുന്ന ഒരു പിടി ഗാനങ്ങൾ മലയാളിയ്ക്ക് കിട്ടി.

    മറുപടിഇല്ലാതാക്കൂ