2017, സെപ്റ്റംബർ 3, ഞായറാഴ്‌ച

ബാറുകൾ അടുത്ത്





ബാറുകൾക്ക് 200 മീറ്ററിൽ  നിന്നും ദൂര പരിധി  50 മീറ്റർ ആക്കി കുറച്ചു. 150 അടി. ( ബാറിൽ കേറി  150  അടിക്കാനല്ല. - 150 feet ) ഒരു വീടിന് അപ്പുറത്ത്. അമ്പലം, പള്ളി, പള്ളിക്കൂടം എന്നവയുടെ അടുത്ത് ബാർ ഉണ്ടായാൽ എന്താണ് കുഴപ്പം?

അല്ല ഈ ദൂര പരിധി തന്നെ എന്തിനാ?? ബാറുകളിൽ എന്തെങ്കിലും അനാശാസ്യം നടക്കുന്നോ? ഇല്ല. സർക്കാർ കൊടുത്ത ലൈസൻസ് വച്ച് അവർ മദ്യം കച്ചവടം ചെയ്യുന്നു. അവിടെ നിന്നും എന്തെങ്കിലും ഒച്ചയും ബഹളവും പുറത്തു കേൾക്കുന്നുണ്ടോ? അതുമില്ല. സംഭവം 4 സ്റ്റാർ  5 സ്റ്റാറാ. 300 -400 രൂപ പെഗ് വില. പിന്നെ ഒരു സ്‌പെഷ്യൽ കൗണ്ടർ തുടങ്ങും. അത്  പാവങ്ങൾക്ക് വേണ്ടി യാണ്.  എല്ലാവരും പാവങ്ങൾക്ക് വേണ്ടിയല്ലേ പണിയുന്നത്? പിന്നെ ബാർ മുതലാളിമാർക്ക് പാവങ്ങളോട് സ്നേഹം തോന്നുമ്പോൾ മാത്രം എന്താണ് കുഴപ്പം?

സ്‌കൂൾ പിള്ളാര് ഇടയ്ക്കു പോയി രണ്ടു അടിക്കുമെന്നാണോ പേടി ? അതോ അധ്യാപകരോ? ബാർ അവർക്കൊരു പ്രചോദനം ആകും. പഠിക്കാനും പഠിപ്പിക്കാനും. പ്രായോഗിക പരിശീലനം. അതോ ദൈവത്തെ ഒന്ന് തൊഴുതിട്ടു രണ്ടു വീശും എന്നാണോ? ദൈവം പരിഗണന നൽകാത്ത ദുഃഖം പങ്കു വയ്ക്കാനും ദൈവം അനുവദിച്ച സന്തോഷം ആഘോഷിക്കാനും തൊട്ടടുത്ത് തന്നെ ഒരു ബാർ ഉള്ളതല്ലേ നല്ലത്?


കോടികൾ മുടക്കിയാണ് കള്ളു ബിസിനസ്സ് തുടങ്ങുന്നത്. ഏതെങ്കിലും ഓണം കേറാ മൂലയിൽ കൊണ്ട് ബാർ ഉണ്ടാക്കിയാൽ ആള് കയറുമോ? അത് പ്രധാന സ്ഥലത്തു തന്നെ വേണം. എന്നാലേ കാശ് കിട്ടൂ. ഇടതു മുന്നണിയുടെ പ്രകടന പത്രികയിൽ വ്യക്തമായി പറയുന്നുണ്ടല്ലോ. അവർക്കു പ്രത്യേകം നയം ഉണ്ടെന്ന്.ഇതാണ് ആ നയം. പ്രതിപക്ഷത്തിനും ഈ നയം തന്നെയാണ് ഇഷ്ട്ടം. പേര് ദോഷം കേൾക്കാതെ പ്രതിപക്ഷത്തിന്റെ നയവും ഭരണ പക്ഷം തന്നെ നടപ്പിലാക്കി കൊടുത്തു. സംഭാവനയാണ് നയത്തിന് പിറകിൽ. ഒരു ഫോൺ കോൾ. ഒരു ബാർ മുതലാളിക്ക്. അയാൾ മറ്റു ബാർ മുതലാളിമാരെ കോണ്ടാക്റ്റ് ചെയ്യുന്നു. അഞ്ചോ പത്തോ കോടി മണിക്കൂറുകൾക്കകം റെഡി. മാണിയുടെ കാലത്തു ഇത്തരം പിരിവിനെ പറ്റി നമ്മൾ കേട്ടതാണല്ലോ.മറ്റേതു കച്ചവടത്തിൽ ഇത്ര പണം കിട്ടും? പിന്നെ നയം ഇതല്ലേ പറ്റൂ.കൂടുതൽ സമയം ബാറുകളിൽ ചിലവഴിച്ചു കൂടുതൽ പണം അവർക്കു നൽകുകയാണ് ജനം ചെയ്യേണ്ടത്. അല്ലാതെ കണ്ണടച്ച് എതിർക്കുകയല്ല.
കർമ ഫലം. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ പ്രബുദ്ധരായ ജനം ചെയ്തത്തിന്റെ ഫലം.  

1 അഭിപ്രായം:

  1. കൂടുതൽ സമയം ബാറുകളിൽ ചിലവഴിച്ചു കൂടുതൽ പണം അവർക്കു നൽകുകയാണ്
    ജനം ചെയ്യേണ്ടത്. അല്ലാതെ കണ്ണടച്ച് എതിർക്കുകയല്ല...
    കർമ ഫലം. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ
    പ്രബുദ്ധരായ ജനം ചെയ്തത്തിന്റെ ഫലം.

    മറുപടിഇല്ലാതാക്കൂ