Tuesday, February 24, 2015

പ്ലീനം

മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനം ആയിരുന്നു രണ്ടു മൂന്നു ദിവസം ടെലി വിഷൻ ചാനലുകാർക്ക് വിഷയം.  24 മണിയ്ക്കൂർ നിർത്തില്ലാതെ സംപ്രേക്ഷണം ചെയ്യാനുള്ള വിഷയം . പ്രാധാന്യം ഉള്ള കാര്യങ്ങൾ ഒന്നുംതന്നെ  ഈ സമ്മേളനങ്ങളിൽ   ഒരിയ്ക്കലും  നടക്കാറില്ല. കാര്യങ്ങളെ  വിശകലനം  ചെയ്യുക, തെറ്റിനെ വിമർശിക്കുക,പുതിയ പ്രതിനിധികളെ തെരഞ്ഞെടുക്കുക എന്നിവയാണ് ഈ സമ്മേളനങ്ങളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ. പക്ഷെ  പ്രത്യേകിച്ച് ഒന്നും തീരുമാനിയ്ക്കാനുള്ള വേദി അല്ലാതായിരിക്കുന്നു ഇന്ന് ഈ  സമ്മേളനങ്ങൾ. നന്നായി റി ഹെഴ് സൽ  നടത്തിയ ഒരു നാടകം പോലെ തീരുമാനിച്ചുറച്ച കാര്യങ്ങൾ അവിടെ നടത്തുന്നു. പലർക്കും പ്രസംഗിക്കാനും പ്രമേയം അവതരിപ്പിയ്ക്കാനും ഉള്ള അവസരം നൽകുന്നു. ഔദ്യോഗിക  പക്ഷത്തിന് അലസോരം ഉണ്ടാക്കാത്ത രീതിയിൽ ഇങ്ങിനെ അവസരം കിട്ടിയവർ വളരെ മൃദുവായി, കാര്യങ്ങളിലേയ്ക്ക് ഒന്നും കടക്കാതെ, എന്തെങ്കിലും ഒക്കെ മൈക്കിനു മുൻപിൽ പ്രസംഗിച്ചു പിരിയുന്നു. അത്ര തന്നെ.  വിമതരോ, അനഭിമതരോ ആയ ആരെയെങ്കിലും ഭത്സിയ്ക്കണമെങ്കിൽ അതും ഇവരിലൂടെ നേതൃത്വം നടത്തിയെടുക്കും. പിന്നെ ബാക്കി ഭത്സനം   സെക്രട്ടറിയും നടത്തിക്കൊള്ളും.

 ഈ വലിയ നാടകം  തുടങ്ങുന്നതിന് മുൻപ് ചെറിയ ഏകാങ്ക നാടകങ്ങൾ ബ്രാഞ്ച് സമ്മേളനങ്ങൾ എന്ന പേരിൽ നടക്കും. അതും റിഹേഴ്സൽ നടത്തിയ പരിപാടികൾ തന്നെ. പിന്നെ നാടകത്തിന് ഒരു പിരി മുറുക്കവും രസവും ഒക്കെ വരുത്തുവാൻ വേണ്ടി തിരക്കഥയിൽ ചില  വില്ലൻ  കഥാ പാത്രങ്ങളെ   ഉണ്ടാക്കും.  നേതൃത്വത്തിനെതിരെ ചില ഗോഗ്വാ വിളികൾ നടത്തി  അവർ അവർക്ക് നൽകിയ വേഷം അവതരിപ്പിച്ച് പിരിയും. ബ്രാഞ്ച് കമ്മിറ്റി തെരഞ്ഞെടുപ്പിൽ 'ചില അപസ്വരങ്ങൾ, നേതൃത്വത്തിന് വെല്ലു വിളി' എന്നൊക്കെ മാധ്യമങ്ങൾ എഴുതാറുണ്ടല്ലോ. അതാണ്‌ സാധനം. എന്നിട്ട് നേരത്തെ നിശ്ചയിച്ചു വച്ച   ബ്രാഞ്ച് സെക്രട്ടറി യെയും  മറ്റു  ഭാരവാഹികളെയും തെരഞ്ഞെടുത്തു സമ്മേളനം പിരിയും.  അത് കഴിഞ്ഞ്   അടുത്ത ലെവൽ ആണ് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് എന്ന നാടകം. അവിടെയും തിരക്കഥയിൽ എഴുതിയ  പോലെ ചില വില്ലൻ കഥാപാത്രങ്ങളെ  അവതരിപ്പ്യ്ക്കും. അവരും നേതൃത്വത്തെ വിമർശിച്ച്  അവർക്കെഴുതി ക്കൊടുത്ത സംഭാഷണം അതേ പോലെ ഉരുവിട്ട്  അവരുടെ വേഷം ഭംഗിയായി   ചെയ്യും. പക്ഷേ ചില അവസരങ്ങളിൽ തിരക്കഥയിൽ ഇല്ലാത്ത ചില വില്ലൻ വേഷങ്ങൾ രംഗ പ്രവേശം  ചെയ്യും. അത്തരം ഒരു സാഹചര്യവും നാടക കൃത്ത് മുൻ കൂട്ടി കണ്ടിരിയ്ക്കും.  അങ്ങിനെ രംഗത്ത് വരുന്നവർ ആരൊക്കെയാണ് എന്നും  നേതൃത്വത്തിന് വ്യക്തമായ ധാരണയും  ഉണ്ടായിരിയ്ക്കും. അതനുസരിച്ച് മാറ്റം വരുത്തിയ മറ്റൊരു തിരക്കഥ കൂടി നാടക കൃത്ത് കീശയിൽ കരുതിയിട്ടുണ്ടാകും. അതുടൻ പുറത്തെടുക്കും.  പിന്നീടുള്ള നാടകം പുതിയ തിരക്കഥ അനുസരിച്ചാണ് നടത്തുന്നത്. സമവായം എന്നൊരു സങ്കേതത്തിലൂടെ കഥ മുന്നോട്ടു കൊണ്ടു പോവുകയും ഇടഞ്ഞവർക്ക്  എന്തെങ്കിലും സ്ഥാന മാനങ്ങൾ നൽകി നാടകം ശുഭ പര്യവസായി  ആക്കുകയും ചെയ്യും.

ഇനിയാണ് സംസ്ഥാന സമ്മേളനം എന്ന അവസാന നാടകം വരുന്നത്. ബ്രാഞ്ചിലും ജില്ലയിലും നടന്നതിൻറെ ഒരു വലിയ പതിപ്പ്. അവിടെയും കാര്യങ്ങൾ മുൻ കൂട്ടി തീരുമാനിച്ചത് പോലെ നടക്കും. സംസ്ഥാന സമിതിയിൽ ആരൊക്കെ വേണം, എങ്ങിനെയൊക്കെ വേണം എന്നതൊക്കെ കുത്തും കോമയും സഹിതം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചു വച്ചതാണ്. അവിടെയും ചില  വേഷങ്ങളെ ഇറക്കി ചില വിമർശനങ്ങൾ എന്ന ചടങ്ങ് നടത്തി നാടകത്തിന് ഒരു കൊഴുപ്പ് നൽകും. അത്ര തന്നെ. അതിനു ശേഷം നേരത്തെ തയ്യാറാക്കിയ ലിസ്റ്റ് വായിച്ച്   സംസ്ഥാന സമിതി പ്രഖ്യാപിയ്ക്കും. വെട്ടേണ്ടവരെ വെട്ടി,  തള്ളേണ്ടവരെ തള്ളി  തലപ്പത്തിരിക്കുന്നവരുടെ പാദ സേവകരെയും ആശ്രിതരെയും, പിന്നെ പിണക്കാതിരിയ്ക്കാൻ വേണ്ടി വിമതരിൽ ശക്തി കുറഞ്ഞവരെ ആരെയെങ്കിലും കൂടെ  ഉൾപ്പെടുത്തിയുള്ള ഒരു സമിതി. എ.കെ.ജി. ഭവനിൽ വച്ചുണ്ടാക്കുന്ന ലിസ്റ്റ്. അവിടെ വച്ച് തന്നെ പുറത്തിറക്കാവുന്ന ലിസ്റ്റ്.  അതിനു വേണ്ടിയാണ് ഇത്രയും പണം മുടക്കി  ഈ നാടകം ഒക്കെ അരങ്ങേറുന്നത്. "ആൾ ദി വേൾഡ് ഈസ്‌ എ സ്റ്റെജ്" എന്ന്  ഷേക്സ്പിയർ പറഞ്ഞ പോലെ  "ഈ സമ്മേളനങ്ങൾ ഒരു നാടകം ആണ്. എല്ലാവരും വെറും അഭിനേതാക്കൾ മാത്രം. ഓരോരുത്തർക്കും ഓരോ വേഷം."

 ബ്രാഞ്ച് - ജില്ലാ സമ്മേളനങ്ങളിൽ വിമർശനം ഉയർന്നു എന്നെല്ലാം പത്രങ്ങളിൽ വരാറുണ്ടല്ലോ. അതിൽ എന്തെങ്കിലും ഒരെണ്ണം എങ്കിലും ഇന്ന് വരെ ചർച്ച ചെയ്യപ്പെട്ടിട്ടു ണ്ടോ? ഇല്ല. കാതലായ കാര്യങ്ങളെയൊക്കെ അധികാരം എന്ന ശക്തി കൊണ്ട് ചവിട്ടി അരയ്ക്കുകയാണ് ചെയ്യുന്നത്. നേതൃത്വം നിശ്ചയിച്ച കാര്യങ്ങൾ  നടപ്പാക്കാൻ ഇങ്ങിനെ ആളുകളെ വിളിച്ചു ചേർക്കുന്നു എന്ന് മാത്രം. ഇവിടെങ്ങും പ്രത്യയ ശാസ്ത്ര സംവാദങ്ങളോ ബൌദ്ധിക ചർച്ചകളോ ഒന്നും നടത്തുന്നില്ല. പഴയ കാലത്തെ ചില വാക്കുകൾ ഉപയോഗിയ്ക്കുന്നു എന്നത് മാത്രമാണ് കമ്മ്യൂണിസവും ആയി ഈ പാർട്ടി ക്ക് ഇന്ന് ആകെയുള്ള ബന്ധം. ഫാസിസം,ബൂർഷ്വാ, റീയാക്ഷനറി, റിവിഷനിസ്റ്റ്, സ്റ്റാലിനിസ്റ്റ്   എന്നൊക്കയുള്ള പ്രയോഗങ്ങളിൽ ഒതുങ്ങി നിൽക്കുകയാണ്   ഇന്ന്  കമ്മ്യൂണിസം. 

ആശയ സമരങ്ങൾ ഒന്നുമല്ല ഈ സംസ്ഥാന സമ്മേളനത്തിൽ നടന്നത്. നടന്നു കൊണ്ടിരുന്നതും. അതിന് ആശയങ്ങൾ ഒന്നും കയ്യിൽ ഇല്ലല്ലോ. പാർട്ടിയിൽ ഇന്ന് ചിന്തകർ ആരും ഇല്ല. ബുദ്ധിജീവികൾ ആരും ഇല്ല. ഉള്ളവരുടെ ബുദ്ധി യും ചിന്തയും പാർട്ടി നേതൃത്വത്തിന് പണയം വച്ചിരിയ്ക്കുകയാണ്.   നേതൃത്വത്തിന്റെ ചിന്ത ബിസ്സിനസ്സ് മാത്രമാണ്. അധികാരത്തിനു വേണ്ടിയുള്ള രണ്ടു ഗ്രൂപ്പുകളുടെ പോരാട്ടം ആണ് കുറെ നാളുകളായി പാർട്ടിയിൽ നടക്കുന്നത്.   കഴിഞ്ഞ 16 വർഷങ്ങളായി പാർട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയനും പാർലമെന്റരി ഭരണത്തിൽ അധികാരം കയ്യാളിയ  വി.എസ്.അച്ചുതാനന്ദനും തമ്മിൽ പാർട്ടി പിടിച്ചടക്കാനുള്ള വടം വലി   ആണ് നടന്നത്. സംസ്ഥാന സമ്മേളനത്തിൽ വി,.എസ് നെ ഒതുക്കിയതും   വി.എസ്. അതിനെ നേരിട്ടതും ആണ് ഇവിടെ ജനം കണ്ടത്. അതാണ്‌ മാധ്യമങ്ങൾ വലിയ വാർത്തയായി കൊണ്ടാടിയത്.

6 comments:

 1. ചൂഷണം നടക്കുന്ന ബിഹാർ,ഝാർഖണ്ട്,യു.പി ഇവിടങ്ങളിലും വലിയവ്യവസായ മേഖലകളിലും ഇവർക്ക് വിലാസം പോയിട്ട് സ്മാരകശിലപോലുമില്ല.ബംഗാളിൽ അപ്രത്യക്ഷ്മാകുന്നു. നമ്മുടെ നാട്ടിൽ കണ്ണൂർ,കാസറഗോഡ് തുടങ്ങിയ വടക്കൻ ജില്ലയിലേക്ക് ഒതുങ്ങുന്നു.ഇവരിൽ ഒട്ടേറെ പ്രതീക്ഷയർപ്പിച്ച ഒരുതലമുറയെ ചിന്തകൊണ്ടും, പ്രവർത്തനം കൊണ്ടും കബളിപ്പിച്ച ഇവർക്ക് ഇനി ചരിത്രത്തിന്റെ ചവറ്റുകൊട്ട. എങ്ങനെ ചിരിക്കാതിരിക്കാമെന്നും, അക്രമത്തിന് എങ്ങനെ ഭാഷ്യം ചമയ്ക്കാമെന്നും പഠിപ്പിച്ചതും മാത്രമാണ് ഇവരുടെ സമീപകാലനേട്ടം.

  ReplyDelete
  Replies
  1. ശശികുമാർ പറഞ്ഞത് ഒക്കെ ശരി.പക്ഷെ കേരളത്തിൽ വീണ്ടും അധികാരത്തിൽ വരാൻ ഉള്ള സാധ്യത,അതാണ്‌ കഷ്ട്ടം.

   Delete
 2. കമ്മ്യുണിസം മതം ആക്കാനുള്ള ശ്രമം നടത്തി നേതാക്കൾ ദൈവ തുല്യരും

  ReplyDelete
  Replies
  1. അവരെ ഇനി വാഴ്ത്തപ്പെട്ടവർ ആക്കുക കൂടിയേ ബാക്കിയുള്ളൂ ബൈജൂ

   Delete
 3. Replies
  1. എന്നിട്ടും കേടു കൂടാതെ പോകുന്നത് ജനങ്ങൾ വിഡ്ഢികൾ ആയതു കൊണ്ട്.

   Delete