Thursday, February 12, 2015

കേരളത്തിലെ കായിക താരങ്ങൾ
സഹന കുമാരി.
 ഹൈ ജമ്പിൽ സ്വർണം നേടിയ കർണാടക താരം. ഇവരുടെ വസ്ത്രം മാറുന്ന കളർ ഫോട്ടോ ആണ് മനോരമ പത്രം ഇട്ടത്. ചാടുന്നതോ മെഡൽ വാങ്ങുന്നതോ അല്ല. അതിനു മുൻപ്  ചാടാൻ വേണ്ടി വസ്ത്രം മാറുന്നത്. അത് മന പൂർവം ആയിരുന്നു എന്നറിയാം. പൈങ്കിളി സംസ്ക്കാരം ആണല്ലോ അവരുടേത്.ആ പടം ഇവിടെ  ഇടുന്നില്ല.  എത്ര മണിയ്ക്കൂർ ആണ് ഈ കളിക്കാർ  ദിവസവും പരിശീലനം നടത്തുന്നത്. ചോര നീരാക്കി കളിക്കളത്തിൽ ഇറങ്ങുന്ന,  സ്വർണവും വെള്ളിയും നേടുന്ന,നമ്മുടെ അഭിമാനം ആയ ആ   കായിക താരങ്ങളെ ഇങ്ങിനെ  ആക്ഷേപിയ്ക്കുന്നത് മഹാ കഷ്ട്ടം. 

 "ക്ഷീര മുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു  കൌതുകം."

കായിക മത്സരത്തിനിടയിലും ഇക്കിളി തന്നെ മനോരമയ്ക്ക് കൌതുകം.

"ചൊട്ടയിലെ ശീലം ചുടല വരെ"
"ജാത്യാലുള്ളതു തൂത്താൽ പോവില്ല"
"നായ കടലിൽ ചെന്നാലും നക്കിയേ കുടിയ്ക്കൂ"

മനോരമയെ വിശേഷിപ്പിയ്ക്കാൻ ഇനിയും അനേകം. പറഞ്ഞ് നമ്മുടെ വായ ചീത്തയാക്കണ്ട. .

ഇവരുടെ ചാട്ടവും ഓട്ടവും മത്സരങ്ങൾ ഞാൻ കണ്ടിരുന്നു. കാണികൾ പതിനായിരങ്ങൾ. താരങ്ങൾ ആകട്ടെ  കാണികളെ ഒന്നും  കാണുന്നില്ല.  നിക്കറിന്റെയോ ബനിയന്റെയോ ഇടയിലൂടെ ഒളിഞ്ഞു നോക്കുന്ന ക്യാമറ കണ്ണുകളെ അവർ കാണുന്നില്ല. അവസാന പോയിന്റ് എന്ന ലക്ഷ്യം മാത്രം മുന്നിൽ.കൂടുതൽ വേഗത-കൂടുതൽ ഉയരം. അത് മാത്രം അവരുടെ മുന്നിൽ. കാണികളുടെ  കാതടപ്പിയ്ക്കുന്ന    കരഘോഷം അവർക്ക് കൂടുതൽ പ്രചോദനം നൽകുന്നു. 

പബ്ലിസിറ്റിയ്ക്ക് പത്തു കോടി എന്ന ആരോപണവും കർണാടക ചാട്ടം താരം സഹന കുമാരിയുടെ പല പോസ് ഫോട്ടോ ഇട്ടെന്നും മറ്റുമുള്ള ആരോപണങ്ങൾ  നില നിൽക്കെ ത്തന്നെ  കേരളത്തിലെ കായിക കളികളുടെ വളർച്ചയ്ക്കും കളിക്കാരുടെ ഭാവിയ്ക്കും വേണ്ടി മനോരമ നടത്തിയ  ഒരു സേവനം പറയേണ്ടതുണ്ട്. കേരളത്തിലെ കായിക താരങ്ങൾ അനുഭവിയ്ക്കുന്ന ബുദ്ധി മുട്ടുകളും അവരോട് സർക്കാരിന്റെ അവഗണനാ മനോഭാവവും തെളിവ് സഹിതം നിരത്തി  അതിന് മാന്യവും അനുകൂലവും ആയ നടപടി എടുക്കാം എന്ന് കേരളത്തിലെ കായിക കളി മന്ത്രിയെ കൊണ്ട് സമ്മതിപ്പിയ്ക്കുകയാണ് മനോരമ ചെയ്തത്.

വാഗ്ദാനങ്ങൾ ആണല്ലോ ഉമ്മൻ ചാണ്ടി തൊട്ട് എല്ലാ മന്ത്രിമാരും നിർ ലോഭം നൽകുന്നത്. അഴിമതി യൊക്കെ എന്തായാലും സ്പോര്ട്സിന്റെയും താരങ്ങളുടെയും വളർച്ചയ്ക്ക് വേണ്ടി ജീവൻ പോലും പണയം വയ്ക്കും എന്ന് പറയുന്ന സ്പോർട്സ് മന്ത്രി ആണ് തിരുവഞ്ചൂർ. ഇതെല്ലാം വെറും വാചകമടി ആണെന്നും സ്പോർട്സ് താരങ്ങൾക്ക് വേണ്ടി സർക്കാർ ഒരു ചുക്കും ചെയ്യുന്നില്ല എന്നും പകരമായി,  കിട്ടുന്ന അവസരം ഉപയോഗിച്ച് അവരെ ശല്യം ചെയ്യുകയും നിരന്തരമായി അവരെ ബുദ്ധിമുട്ടിയ്ക്കുകയും ആണ് ചെയ്യുന്നത് എന്ന് മനോരമ ചാനൽ   തെളിവ് നിരത്തി തിരുവഞ്ചൂരിനെ വെട്ടിൽ ആക്കുകയായിരുന്നു. ( ഒരാഴ്ചയ്ക്ക് മുൻപ് ഈ മന്ത്രി ദ്വേഷ്യം കാണിച്ചതും ഇതേ അവതാരികയുടെ മുന്നിൽ ആയിരുന്നു). 

ഈ ഗെയിംസിലെ സൈക്കിൾ മത്സരങ്ങളിലെ സ്വർണ മെഡൽ ജേതാക്കളായ രജനിയും മഹിതയും ആണ് സർക്കാരിന്റെ അവഗണനയും പീഡനവും മൂലം  കായിക രംഗം വിടുവാൻ പോകുന്നു എന്ന് കളിക്കളത്തിൽ പ്രഖ്യാപിച്ചത്. 10 വർഷമായി കേരള സർക്കാർ സർവീസിൽ ഒരു പ്രൊമോഷനും കിട്ടാതെ ജോലി ചെയ്യുകയാണ് രജനി. അവധി കൊടുക്കുന്നില്ല എന്ന് മാത്രമല്ല, ശമ്പളം തടയുന്നു,പ്രൊമോഷൻ തടയുന്നു തുടങ്ങി പലതും. ഇതാണ് കേരള സർക്കാർ കായിക താരങ്ങൾക്ക് നൽകുന്ന പ്രോത്സാഹനം.

ഇത് ഇന്നലെ ഉണ്ടായ പ്രശ്നം അല്ല. മുഖ്യ മന്ത്രി തൊട്ടു താഴോട്ടു എല്ലാവരെയും കണ്ട്, സെക്രട്ടറിയെറ്റ് കേറിയിറങ്ങി മടുത്തു എന്നാണ് അന്താരാഷ്‌ട്ര-ദേശീയ മെഡൽ- നാഷണൽ ചാംപിയൻ , 5 തവണ തുടർച്ചയായി ദേശീയ ഗെയിംസ് സ്വർണം  ജേതാവായ രജനി ചാനൽ ഷോയിൽ പറയുന്നത്. മഹിത പറയുന്നത് ഇത് വരെ ഇന്ക്രിമെന്റ് ഒന്നും കിട്ടിയില്ല എന്നാണ്. ഇതൊന്നും അറിയാതെ ഉള്ള  ഒരു സ്പോർട്സ് മന്ത്രിയും. ശാലു മേനോൻറെ വീട് പാല് കാച്ചിനു പോകാൻ മന്ത്രിയ്ക്ക് സമയം ഉണ്ട്.ഈ കായിക താരങ്ങളുടെ ശമ്പളം നൽകാൻ സമയം ഇല്ല. ഇങ്ങിനെ ഉള്ള സർക്കാർ ആണ്, ജീവനും കൊണ്ട് രക്ഷപ്പെട്ട് അന്യ സംസ്ഥാനങ്ങളിലും സർവീസസിലും റെയിൽവേയിലും ജോലി കിട്ടിയ കായിക താരങ്ങളെ, കേരളത്തിലേയ്ക്ക്   തിരിച്ചു വിളിയ്ക്കുന്നത്. ഇവിടെ ജോലിയ്ക്ക് കേറിയ താരങ്ങളെ ഇങ്ങിനെ കഷ്ട്ടപ്പെടുത്തുന്ന കേരള സർക്കാറിന്റെ  ജോലി വാഗ്ദാനം സ്വീകരിച്ച് ഏതെങ്കിലും താരം തിരിച്ചു വരുമോ?   

ജനിച്ച നാടിനോടുള്ള സ്നേഹം കൊണ്ടാണ് ഇവിടെ നിൽക്കാൻ എല്ലാ കായിക താരങ്ങളും താൽപ്പര്യപ്പെടുന്നത്. അവരെ ഇങ്ങിനെ പീഡിപ്പിക്കണോ തിരുവഞ്ചൂരേ?

ഈ പറഞ്ഞത് കൊണ്ട് തൽക്കാലം ഇവർക്ക് ആശ്വാസം കിട്ടി എന്നിരിയ്ക്കാം. ഇവരുടെ മുകളിലുള്ള മൂരാച്ചികളായ ഉദ്യോഗസ്ഥന്മാർ ഇങ്ങിനെ പറഞ്ഞതിന് ഇവരെ ഏതെങ്കിലും രീതിയിൽ ശല്യപ്പെടുത്താനുള്ള സാധ്യത ഉണ്ട്.ഇങ്ങിനെ ധാരാളം താരങ്ങൾ ഇത് പോലെ അവഗണനയും പീഡനവും അനുഭവിയ്ക്കുന്നുണ്ടാകാം. മാത്രമല്ല ഈ ഗെയിംസ് കഴിഞ്ഞാൽ ഇതൊക്കെ മന്ത്രിമാർ മറക്കും. അടുത്ത അഴിമതിക്ക് വേണ്ടി കരു നീക്കം നടത്തുക ആയിരിയ്ക്കും അവർ.  ഈ മന്ത്രി അവിടെ കാണുമോ എന്നും അറിയില്ല. അത് കൊണ്ട് സ്പോർട്സ് ക്വാട്ടയിൽ സംസ്ഥാന സർവീസിൽ ഉള്ളവരുടെ, ഇപ്പോൾ സജീവമായി രംഗത്തുള്ളവരുടെ,  ഒരു പൂർണ വിവരം തയ്യാറാക്കാൻ മനോരമ തയ്യാറാകണം. അവരെ കൂടി രക്ഷിയ്ക്കണം. എന്നാൽ മാത്രമേ ഈ യജ്ഞം  പൂർണമാകുകയുള്ളൂ.  


  മഹിത - രജനി  
കായിക രംഗം വിടാനുള്ള തീരുമാനം കളിക്കളത്തിൽ പ്രഖ്യാപിയ്ക്കുന്നു.8 comments:

 1. നന്നായി ബിപിൻ മാഷെ, നെറികെട്ട മാധ്യമങ്ങൾ വന്നു ഇത്തരം ബ്ലോഗ്‌ എഴുത്തുകൾ വന്നു വായിച്ചു പഠിക്കട്ടെ മറന്നു പോകുന്ന പത്ര ധര്മം
  പിന്നെ തിരുവഞ്ചൂരിന്റെ പ്രസ്താവനകൾ കേട്ടിരിക്കാൻ പറ്റില്ല അത്രയ്ക്ക് അങ്ങ് നമ്മളെ വെറും സീരിയൽ പ്രേക്ഷകൻ ആക്കിക്കളയും

  ReplyDelete
  Replies
  1. അധികാരത്തി ലുള്ളവരെ ഒട്ടി നിൽക്കുകയാണ് ഇന്നത്തെ പത്ര ധർമം.

   ബൈജു പറഞ്ഞത് പോലെ തിരുവൻ ചോറിന്റെ പ്രസ്താവന കേട്ടാൽ അപ്പോൾ ടോയിലറ്റിൽ പോകാൻ തോന്നും. ആശാൻ നമ്പരിട്ടു കളയും . ചോദ്യത്തിന് മറു പടി ഇങ്ങിനെയാണ്‌. ഒന്ന് ( കുറെ വിവര ദോഷം പറയും ) രണ്ട് ( കുറെ ക്കൂടി വിവര ദോഷം) മൂന്ന് ( വീണ്ടും വിവര ദോഷം) ഇതാണ് അങ്ങേരുടെ ശൈലി. ഇങ്ങിനെ നമ്പര് പറഞ്ഞു കൊണ്ടിരിയ്ക്കും.

   Delete
 2. നല്ല എഴുത്ത് മാഷെ...
  സത്യം പച്ചക്ക് എഴുതിക്കാട്ടി..
  ഈ പരിസരത്ത് ഞാനാദ്യായിട്ടാ എത്തുന്നെ...
  ഇനി ഇവിടെണ്ടാവും..

  ReplyDelete
  Replies
  1. ഓടി ത്തളർന്നു വരുന്ന ആ കുട്ടികളെ കാണുമ്പോൾ കണ്ണ് നിറയും.സങ്കടവും സന്തോഷവും കൊണ്ട്.

   മുബാറക്കിനെ എനിയ്ക്കറിയാം. ആ ഹൈക്കു കവിതയുടെ ആളല്ലേ? ഞാൻ അന്ന് വന്നിരുന്നു. ഇവിടേയ്ക്ക് സ്വാഗതം. ഈ പരിസരത്ത് കറങ്ങി നടക്കും എന്നറിഞ്ഞതിൽ സന്തോഷം മുബാറക്കെ.

   Delete
 3. ഈ മനുഷ്യന്‍ കേരളത്തെ develop ചെയ്തേ അടങ്ങൂ എന്ന വാശിയിലാണോ...? എങ്കില്‍ പ്രിയ ബിബിന്‍ ചേട്ടന് കീ ജയ്‌ വിളിച്ചു മരിക്കും എന്ന വാശിയിലാ ഞാനും...!!! എഴുത്ത് എനിക്കേറെ ഇഷ്ട്ടമാകുന്നുണ്ട് കേട്ടോ....

  ReplyDelete
 4. അന്നൂസേ, എന്തിൽ നിന്നായാലും കാശുണ്ടാക്കും എന്ന ഒരൊറ്റ ചിന്തയെ അയാൾക്കുള്ളൂ.

  ReplyDelete
 5. നല്ല ഉൾക്കാഴ്ച്ചകൾ കേട്ടൊ ഭായ്

  ReplyDelete
  Replies
  1. ഇവരൊക്കെ അവസാനിച്ചാലെ നാട് നന്നാകൂ മുരളീ മുകുന്ദൻ

   Delete