Friday, February 6, 2015

കണ്‍ -ഫ്യുഷൻ

ഒരു കല്യാണത്തിന് എത്രത്തോളം ധൂർത്ത് ആകാമെന്നുള്ളതിനു റിസേർച്ച്  നടത്തിക്കൊണ്ടിരിയ്ക്കുകയാണ് മലയാളികൾ. കഴുത്തിൽ അണിയിയ്ക്കുന്ന പവൻ 101 ഒക്കെ പണ്ടേ കഴിഞ്ഞു. ഇപ്പോൾ 201 ആണ്. കുറച്ചു പേർ അതിലും മുന്നോട്ടു പോയി. അടുത്തിടെ ഒരു വലിയ കോണ്ട്രാക്ടറുടെ മകളുടെ കല്യാണത്തിന് പോയി. സ്വന്തം സ്ഥലത്ത് സ്വന്തം മണ്ഡപം കെട്ടി ആയിരുന്നു കല്യാണം. എന്താണ്ട് 5000 പേർക്ക് ഇരിയ്ക്കാവുന്ന പന്തൽ. 500 വീതം പേർക്കുള്ള 5 സദ്യാലയങ്ങൾ ( അപ്പോൾ ഒരേ സമയം 2500 പേർക്ക് സദ്യ). എന്നിട്ടും നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടം. ഈ  ആർഭാടത്തിന് അനുസരിച്ച് ഒരു രണ്ടായിരം പവൻ സ്വർണം വേണം പെണ്ണിൻറെ കഴുത്തിൽ. പക്ഷെ  മാല ബാഹുല്യം അൽപ്പം കുറവ് പോലെ. കാര്യം എന്താണ്?  എല്ലാം ഡയമണ്ട്.

നമ്മുടെ അംബാസഡർ ആയ മഞ്ജു വാരിയർ വരെ പറയുന്നത്    ഡയമണ്ട് വാങ്ങി ഇടാനല്ലേ? ആനയുടെ നെറ്റിപ്പട്ടം സൈസിൽ ഒരെണ്ണം സ്വർണത്തിൽ ഉണ്ടാക്കി ഡയമണ്ട് പതിച്ച് കഴുത്തിൽ കെട്ടണം. അതാ എളുപ്പം.

കല്യാണത്തിന് ഏതാണ്ട് പത്ത് രണ്ടായിരം പേരെ വിളിയ്ക്കും. വിളിയ്ക്കുന്നവർ എല്ലാവരും പറയും "നമ്മുടെ കുട്ടിയുടെ കല്യാണം അല്ലേ,വരാതിരിയ്ക്കാൻ കഴിയില്ലല്ലോ..  തീർച്ചയായും വരും". അത്രയും പേർക്ക്  സദ്യയും ഒരുക്കും.  പക്ഷേ ആളുകൾ അത്രയൊന്നും എത്തുകില്ല. അത്രയും ആഹാര സാധനങ്ങൾ വാരി കുപ്പക്കുഴിയിൽ.  അതു പോലെ തലേന്നു വൈകുന്നേരം. പ്ലാസ്റ്റിക് പാത്രങ്ങൾ പൊതിഞ്ഞു കെട്ടി മിനുക്ക്‌ കടലാസിൽ മൂടി വച്ച്  സംഭാവന എന്ന കാര്യത്തെ മനസ്സാ ശപിച്ചു കൊണ്ട്  വരുന്നവർക്ക്, സംഭാവനയ്ക്ക്‌  പകരം കൊടുക്കാനായി വീട്ടുകാർ    ലാവിഷ്  പാർട്ടി . ഇപ്പോൾ മിയ്ക്കവാറും അതും വീട്ടിൽ നിന്നും മാറ്റി ഹാളിലോ ഹോട്ടലിലോ ആക്കി. അതും എത്ര പേർ  വരുമെന്നറിയാതെ രാത്രി ബാക്കി ഭക്ഷണം കുപ്പ ത്തൊട്ടിയിൽ.
 
പിതാവ്  വി.ഐ.പി.(കള്ള പ്പണ ക്കാരൻ ആയാലും മതി) ആണെങ്കിൽ അടുത്ത ദിവസം പ്രധാന പ്പെട്ട പത്രങ്ങളിൽ എല്ലാം വധൂ വരന്മാരുടെ വർണ ചിത്രം. അതിന് താഴെ ഒരു രണ്ടു കിലോ മീറ്റർ നീളത്തിൽ പേരുകൾ . ക്രിസ്ത്യാനി  ആണെങ്കിൽ മറ്റേ ടോപ്‌ ആളിന്റെ (ബിഷപ്പ് തൊട്ട് ) കാർമികത്വത്തിൽ നടന്നു എന്ന്. പിന്നെ പങ്കെടുത്തവരുടെ പേര് വിവരങ്ങൾ ആണ്. അന്യ സംസ്ഥാനത്ത് നിന്ന് പറന്നു വന്ന മലയാളി  ഗവർണർ മാർ. കേരള മന്ത്രി സഭയിലെ മന്ത്രിമാർ എല്ലാം, 140 എം.എൽ.എ. മാർ,എം.പി. മാർ ( M P യ്ക്ക് മുൻപേ MLA എഴുതി പ്രോടോകോൾ തെറ്റിയോ?)  കോർപറേഷൻ മേധാവികൾ,എല്ലാ പാർട്ടി നേതാക്കളും, ഗൾഫിലെ പണക്കാർ  അങ്ങിനെ ഒരു നീണ്ട നിര. കല്യാണത്തേക്കാൾ പ്രാധാന്യം അതിൽ പങ്കെടുത്ത പ്രമുഖർ ആണ്.  

കല്യാണ ചടങ്ങിലെയ്ക്ക് തിരികെ വരാം. കല്യാണത്തിന് വിളിച്ചു വരുത്തുന്നവരെ നിരന്തരം ശല്യപ്പെടുത്തുന്ന  അരോചകമായ  മറ്റൊരു സംഗതി അടുത്ത കാലത്തായി തുടങ്ങിയിട്ടുണ്ട്.   മണ്ഡപത്തിൽ നടക്കുന്ന കല്യാണങ്ങൾക്ക്  ആണ് ഈ   വാദ്യ മേള  കച്ചേരി. പണ്ട് താലി കെട്ട് സമയം ആകുമ്പോൾ കൊട്ടും നാദസ്വരവും മാത്രം ആയിരുന്നു. ( കുരവ ഇന്നില്ല വേണമെങ്കിൽ പഴയ കുരവയുടെ സി.ഡി. ഇടണം) ഇത് അതല്ല. കല്യാണത്തിന് ഒന്ന് രണ്ടു മണിയ്ക്കൂർ മുൻപേ മണ്ഡപത്തിന്റെ ഒരറ്റത്ത് കുറെ പേർ കൂടും. ഒരുവയലിൻ, ഒരു ഓടക്കുഴൽ, ഒരു മൃദംഗം, ഒരു തബല ഇത്രയും മിനിമം. ഓരോ സാധനത്തിന്റെയും മുൻപിൽ ഓരോ മൈക്ക് ഫിറ്റ്‌ ചെയ്യും. പ്രത്യേകം വലിയ ഔട്ട്‌ പുട്ട് ഉള്ള സ്പീക്കറുകൾ ഹാളിൽ. പിന്നെ ഒരുത്തൻ ഒരു മിക്സർ (?) കൊണ്ട് കൂടെ. ഇവർ താള വാദ്യം തുടങ്ങുകയായി. ഫ്യൂഷൻ എന്നോക്കെ വിളിയ്ക്കും. എല്ലാം കൂടി ഒരു പ്രയോഗം. ഓരോരുത്തരും അവരവരുടെ വാദ്യം അടിച്ചു കസറും. താനാണ് മിടുക്കൻ എന്ന ഭാവത്തിൽ. ആ മിക്സറും കൊണ്ടിരിയ്ക്കുന്നവൻ ഫുൾ വോളിയത്തിൽ ഇടും. ആ ഹാൾ നിറയെ അതിന്റെ ശബ്ദം മാത്രം.

ഈ കല്യാണങ്ങൾക്ക് കൂടുമ്പോൾ ഉള്ള മറ്റൊരു ഗുണം സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒക്കെ കാണാൻ വല്ലപ്പോഴും ഒരു അവസരം കിട്ടുന്നു എന്നുള്ളതാണ്. അവരുമായി ഒന്ന് കുശലം പറയാനും.  പലരെയും  വളരെ നാളുകളുടെ ഇടവേളയ്ക്കു  ശേഷം ആയിരിയ്ക്കും കാണുന്നത്. അവരോട് വിശേഷം ചോദിയ്ക്കുന്നതിനും അൽപ്പം സംസാരിയ്ക്കുന്നതിനും ഒക്കെ ഈ അവസരം വിനിയോഗിയ്ക്കാം.പക്ഷെ ഇവിടെ അതൊന്നും നടക്കില്ല. ആരും പായുന്നത് ആർക്കും കേൾക്കാനാകില്ല. അത്ര ഉച്ചത്തിൽ ആണ്  ആ മിക്സർ മനുഷ്യൻ   ഹാളിൽ ശബ്ദകോലാഹലം കേൾപ്പിയ്ക്കുന്നത്. ആരെയെങ്കിലും കാണുമ്പോൾ കൈ ഉയർത്തി ഹലോ എന്ന് പറയാം (ചുണ്ടനക്കത്തിൽ   നിന്നും  ആ ആൾ മനസ്സിലാക്കി കൊള്ളും ഹലോ ആണ് പറഞ്ഞത് എന്ന്.) അല്ലെങ്കിൽ ഹസ്ത ദാനം ചെയ്യുക. ഒന്നും മിണ്ടാൻ പറ്റില്ല. മിണ്ടി യാൽ കേൾക്കാനും പറ്റില്ല. കല്യാണം കഴിയുന്നത്‌ വരെ ജനം  മൌനമായി ഇരിയ്ക്കേണ്ടി വരുന്നു. കല്യാണം കഴിഞ്ഞിറങ്ങുമ്പോഴേയ്ക്കും  ചെവിയുടെ കാര്യം  പോക്ക്. തലയ്ക്കകത്താകെ ലവന്മാരുടെ തബല-മൃദംഗ-വയലിൻ-ഓടക്കുഴൽ ഫ്യുഷൻ മുഴങ്ങിക്കൊണ്ടിരിയ്ക്കും. 

10 comments:

 1. ഇതു കലക്കി ബിപിൻ ചേട്ടാ!
  ധൂർത്തിൽ മലയാളിയെ വെല്ലാൻ ആരെങ്കിലുമുണ്ടോ?

  ReplyDelete
  Replies
  1. എത്ര കുടുംബങ്ങൾ ആണ് ജ്യുവൽ ഈ നിലവാരത്തിൽ എത്താൻ വേണ്ടി ജീവിതം ഹോമിയ്ക്കുന്നത് ? ഈ ഷോ കാണിയ്ക്കാൻ വേണ്ടി കിടപ്പാടം വരെ പണയം വയ്ക്കും. ബാക്കിയുള്ളവരുടെ ജീവിതം ദുരിതം ആക്കും.

   Delete
 2. കല്യാണം കൂടിയിട്ടു കുറെ ആയി
  ഒരു അനുഭവമാ കല്യാണം
  ദൂർത്തു ശബ്ദം ആയാലും ബഹളം ആയാലും ആഭരണം ആയാലും ആർഭാടം ഭക്ഷണം ഇതൊക്കെ നിയന്ത്രിച്ചാൽ നല്ലത് തന്നെ
  ഇപ്പൊ തീം എവെന്റ്റ്‌ മാനേജ്‌മന്റ്‌ ഒന്നും പറയേണ്ട

  ReplyDelete
  Replies
  1. സത്യം പറഞ്ഞാൽ കല്യാണം ഒരു അനുഭവം തന്നെയാണ്. ദിവസങ്ങൾക്കു മുൻപേ ബന്ധുക്കൾ എത്തും. എന്തൊരു ആഹ്ലാദം ആയിരുന്നു എല്ലാവർക്കും. ഇന്ന് യാന്ത്രികത ഒരുപാട് വന്നു. ഒരു തരം പ്രകടനം. എന്നാലും എല്ലാവരുമായി കാണാനും മറ്റും പറ്റിയ അവസരം. ഏതെങ്കിലും ഒരു കല്യാണത്തിന് ബൈജു നേരത്തെ എത്തൂ. ആസ്വദിയ്ക്കൂ.

   Delete
 3. ഇത്രയെല്ലാം ധൂർത്തടിച്ച് കല്യാണം നടത്തി വിട്ടാലോ, രണ്ടാം പക്കം എന്തെങ്കിലും ഒന്നാന്തി കുറ്റം പറഞ്ഞ് പെണ്ണ് പെണ്ണിൻറെ വീട്ടിലും ചെറുക്കൻ ചെറുക്കന്റെ വീട്ടിലും. മൂന്നാം പക്കം വിവാഹമോചനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങുകയായി!!

  ReplyDelete
  Replies
  1. ഗിരിജ, ആ ആംഗിൾ ഞാൻ അത്ര ശ്രദ്ധിച്ചില്ല. ഗിരിജ പറഞ്ഞത് വളരെ ശരി. അതാണ്‌ ഇപ്പോൾ കൂടുതൽ നടക്കുന്നത്. അതൊന്നും പറഞ്ഞാൽ സർവ സ്വതന്ത്രരായ പുതിയ തലമുറയ്ക്ക് മനസ്സിലാകില്ല.

   Delete
 4. കല്യാണത്തിന്റെ തലേന്നുള്ള പുടവകൊടുക്കൽ, കല്യാണം പോലെതന്നെ വിശേഷമാണ്.വിവാഹമുറപ്പും അടുക്കളകാണലും മിനി മാമാങ്കങ്ങളാണ്.ഇതൊന്നും നടത്താത്തവൻ വെറും ശുംഭൻ ( പ്രകാശിക്കുന്നവൻ എന്ന അർത്ഥമില്ല !)

  ReplyDelete
  Replies
  1. ചടങ്ങുകൾ ഒക്കെ നടക്കട്ടെ. അതിൻറെ ആഡംബരവും ധൂർത്തും ആണ് ശശി കുമാർ പുതുകാലത്തിന്റെ സന്തതികൾ.

   Delete
 5. നമ്മ മലയാളീസിന്റെ പര്യായമാണല്ലോ ‘ധൂർത്ത കോമരം ‘എന്നത് ..!

  ReplyDelete
  Replies
  1. അത് കാശുള്ളവന്റെ തിയറി. കാശി ല്ലാത്ത വന്റെയോ, "കുളിച്ചില്ലെങ്കിലും കോണാൻ പുരപ്പുറത്തു കിടക്കട്ടെ" എന്നത്.

   Delete