2015, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

കപ്പൽ

ഇതാ ഉമ്മൻ ചാണ്ടി സർക്കാരിന്റെ വക മറ്റൊരു പ്രഖ്യാപനം. 

തിരുവനന്തപുരത്ത് നിന്നും കൊച്ചിക്കും കോഴിക്കോട്ടെയ്ക്കും കപ്പൽ സർവീസ്. 

കേൾക്കാൻ നല്ല സുഖം. കൊച്ചിക്ക്‌ 300 രൂപ. ടെണ്ടർ നടപടി തുടങ്ങിക്കഴിഞ്ഞു. ഇനി ആൾക്കാർ മുഴുവൻ ട്രെയിനും ബസും എല്ലാം ഉപേക്ഷിച്ചു കപ്പൽ യാത്ര തുടങ്ങും. 

പണ്ട് തുഗ്ലക്ക് ഉണ്ടായിരുന്നു. അയാളുടെ ബുദ്ധി ആണ് നമ്മുടെ ഭരണാധികാരികൾക്ക്. ഒരു  ദിവസം രാവിലെ തുഗ്ലഖ് തലസ്ഥാനം ഡൽഹിയിൽ   നിന്നും  ദൌലത്താബാദിലേക്ക് മാറ്റി.  അസൌകര്യം ആയതിനാൽ  വീണ്ടും ഡൽഹിയിലേക്കു മാറ്റി. അങ്ങേര് സൗകര്യം നോക്കിയാണ് ഈ ഭരണ പരിഷ്ക്കാരങ്ങൾ നടത്തിയത്. നല്ല ഉദ്ദേശത്തോടെ. പക്ഷെ നമ്മുടെ ഭരണാധികാരികളുടെ "സദുദ്ദേശം"  പത്തു കാശ് ഉണ്ടാക്കുക എന്നതാണ്.

ഈ കപ്പൽ സർവീസിനെ കുറിച്ച് ആരെങ്കിലും പഠനം നടത്തിയിട്ടുണ്ടോ? അത് വയബിൾ ആണോ എന്ന് നോക്കിയിട്ടുണ്ടോ? എത്ര പേർ യാത്ര ചെയ്യാൻ കാണും എന്ന്  പഠിച്ചോ ? ഒന്നും ഇല്ല. ഏതോ വമ്പൻ സ്രാവുകൾ വന്നു വീണു. അതിൽ നിന്നും കുറച്ചു പണം ഉണ്ടാക്കാം. കുറെ ഖജനാവിനെയും നഷ്ട്ടപെടുത്താം. അത്ര തന്നെ ഇവരുടെ ഉദ്ദേശം.

22 വർഷം മുൻപ് തുടങ്ങിയ ഒരു പദ്ധതി ഇപ്പോൾ ഉമ്മൻ ചാണ്ടിക്ക് ഓർമ്മയുണ്ടോ ആവോ? കൊല്ലം-കോട്ടപ്പുറം ജല പാത. 1993 ൽ തുടങ്ങിയതാണ്‌. കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള 205 കിലോ മീറ്റർ ദൂരം നിലവിലുള്ള തോട് യാത്രാ യോഗ്യമാക്കാനുള്ള 65 കോടിയുടെ പദ്ധതി. അത് നീണ്ടു നീണ്ടു ഇഴഞ്ഞ് പൂർത്തിയാവാതെ 22 കൊല്ലം പൂർത്തിയാക്കുന്നു.പണം ഇത് വരെ എത്ര ചെലവഴിച്ചു എന്നറിയാമോ? 200 കോടി രൂപ. പണം മറ്റെങ്ങും നിന്നല്ല. ഖജനാവിൽ നിന്നും. നമ്മൾ കൊടുക്കുന്ന നികുതി പ്പണം.

ആ ജലപാത പൂർത്തിയായാൽ  കേരളത്തിലെ തെക്ക്-വടക്ക് ചരക്കു നീക്കം മുഴുവൻ അതിലൂടെ നടത്താം. ഇതിനു ഗുണം പലതാണ്.  ജലമാർഗം ഉള്ള യാത്ര വളരെ ചെലവ് കുറഞ്ഞതാണ്. അതിനാൽ  ചരക്കു കടത്ത് കൂലി ഗണ്യമായി കുറയും.  സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താവിന് കിട്ടും. രണ്ടാമത്തെ ഗുണം നിരത്തിലെ ട്രാഫിക് ഗണ്യമായി കുറയും. പെട്രോളും ഡീസലും പാചക വാതകവും മറ്റു നിത്യോപയോഗ സാധനങ്ങളും മറ്റും    കയറ്റിയ വലിയ ലോറികൾ നിരത്തിൽ നിന്നും ഒഴിവാകും. അത് നിരത്തിലെ   ട്രാഫിക് വളരെയേറെ  കുറയ്ക്കും. കൂടാതെ  ധാരാളം ഇന്ധനവും ലാഭിക്കാം.

അത് തന്നെയാണ് ഈ പദ്ധതി നടക്കാതെ പോകുന്നതിന്റെ കാരണവും. ഇൻലാന്റ് നാവിഗേഷൻ കോർപറേഷൻ മുൻ ചെയർമാൻ റിയർ അഡ്മിറൽ  ബി.ആർ. മേനോൻ പറയുന്നത്   ലോറി ക്കാരുടെ എതിർപ്പ് ആണ് ഇത് നടക്കാതെ പോകുന്നതിനു കാരണം എന്നാണ്. അവർ ഭരണാധികാരികൾക്ക് പണവും മറ്റും നൽകി ഇതിനെ തടസ്സപ്പെടുത്തുന്നു. ഇത് നടപ്പാക്കാനുള്ള കമ്പനിയുടെ മുൻ ചെയർമാൻ കള്ളം പറയേണ്ട കാര്യമില്ലല്ലോ.

നാടിനു ഇത്രയും ഗുണം ഉണ്ടാകുന്ന ഈ പദ്ധതി കഴിഞ്ഞ 22 വർഷമായി വലിച്ചു നീട്ടുന്നതിന്റെ കാരണം പറയാൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ബാധ്യസ്ഥനാണ്. അതിനൊന്നും അദ്ദേഹത്തിന് സമയമില്ല. പുതിയ മേച്ചിൽ പ്പുറങ്ങൾ തേടി പ്പോവുകയാണ് അദ്ദേഹം. 

രണ്ടു വരി പ്പാത ഉണ്ടെങ്കിൽ കേരളത്തിൽ റെയിൽ ഗതാഗതം വളരെയേറെ പുരോഗമിക്കും. കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ കഴിയും. പക്ഷെ അതിനുള്ള നടപടികൾ ഒന്നും കേരള സർക്കാർ എടുക്കുന്നില്ല. സ്ഥലം എടുത്തു നൽകിയാൽ റെയിൽ പാത നിർമിക്കാം എന്ന് കേന്ദ്ര സർക്കാർ പറയുന്നു. പക്ഷെ സ്ഥലം എടുത്തു നൽകാൻ കേരളം തയ്യാറല്ല.  

വികസനം എന്ന് മുറവിളി കൂട്ടുന്നതല്ലാതെ ശരിയായ വികസനത്തിന് സർക്കാർ ഒന്നും ചെയ്യുന്നില്ല.  ഈ കപ്പൽ സർവീസും ഒരു ജല രേഖ യായി അവശേഷിക്കും. ഭരണാധികാരികൾക്ക് കിട്ടാനുള്ളത് കിട്ടും അത്ര തന്നെ. നാട് എങ്ങിനെ നശിച്ചാലും അവർക്കെന്ത്?  

8 അഭിപ്രായങ്ങൾ:

  1. സമയത്തിനു വില കൽപ്പിക്കുന്ന യാത്രക്കാരാരും ഈ കപ്പലിൽ കയറില്ല; ഉറപ്പ്. വിനോദയാത്രക്ക് ഇത്തരം ഉദ്യമം പ്രയോജനപ്പെട്ടേക്കും...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരു പ്രയോജനവുമില്ല ആൾ രൂപൻ. പൊതു ഖജനാവിൽ നിന്നും പണം അടിച്ചു മാറ്റാനുള്ള മറ്റൊരു ബുദ്ധി.

      ഇല്ലാതാക്കൂ
  2. പ്രഖ്യാപനങ്ങള്‍ അങ്ങനെ പെരുമഴപോലെ....
    ദാ വന്നു,ദേ പോയീീ...
    അടുത്ത................
    ആശംസകള്‍ ബിപിന്‍ സാര്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇതിനിടയിൽ നമ്മുടെ പണം പോകുന്നത് നമ്മൾ അറിയുന്നില്ല

      ഇല്ലാതാക്കൂ
  3. ഈ കപ്പൽ സർവീസിനെ കുറിച്ച് ആരെങ്കിലും പഠനം നടത്തിയിട്ടുണ്ടോ? അത് വയബിൾ ആണോ എന്ന് നോക്കിയിട്ടുണ്ടോ? എത്ര പേർ യാത്ര ചെയ്യാൻ കാണും എന്ന് പഠിച്ചോ ? ഒന്നും ഇല്ല. ഏതോ വമ്പൻ സ്രാവുകൾ വന്നു വീണു. അതിൽ നിന്നും കുറച്ചു പണം ഉണ്ടാക്കാം. കുറെ ഖജനാവിനെയും നഷ്ട്ടപെടുത്താം. അത്ര തന്നെ ഇവരുടെ ഉദ്ദേശം.

    മറുപടിഇല്ലാതാക്കൂ
  4. കാട്ടിലെ തടി
    തേവരുടെ ആന
    വലിയെടാ വലി......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇതൊക്കെ കണ്ടിട്ടും നമ്മൾ പഠിക്കുന്നില്ലല്ലോ വിനൊദെ

      ഇല്ലാതാക്കൂ