2013, ഒക്‌ടോബർ 26, ശനിയാഴ്‌ച

Great Backwaters of Kerala

കടലോരവും കായലോരവും കൈയ്യേറി, തീര ദേശ നിയമങ്ങളെയും മറ്റ് പരിസ്ഥിതി നിയമങ്ങളെയും കാറ്റിൽ പറത്തി, രാഷ്ട്രീയക്കാരുടെയും അധികാരികളുടെയും ഒത്താശയോടെ റിസോർട്ടുകൾ പണിതുയർത്തിയിരിക്കുകയാണ്   കുത്തക മുതലാളിമാർ.  പ്രകൃതിയെയും ഭൂമിയെയും, ജനങ്ങളെയും രക്ഷിക്കാനായി ഇത്തരം അനധികൃത കെട്ടിടങ്ങൾ ഇടിച്ചു കളയണം എന്ന  സുപ്രീം കോടതി വിധിക്കെതിരെ, റിസോർട്ട് ഉടമകൾക്ക് സപ്പോർട്ടും ആയി   ആദ്യം വന്നത്   കക്ഷി രാഷ്ട്രീയ ഭേദമെന്യേ       നമ്മുടെ എം.എൽ .എ. മാർ ആയിരുന്നു എന്നത് കുത്തക മുതലാളിമാർക്ക്  രാഷ്ട്രീയക്കാർ   എത്ര കണ്ട് അടിമപ്പെട്ടിരിക്കുന്നു എന്നതിന് തെളിവാണ്.

ടൂറിസം എന്ന പേരിൽ നടക്കുന്ന അഭാസം കൊണ്ട് കേരളത്തിലെ ജലാശയങ്ങൾ വൻതോതിൽ നശിച്ചു കൊണ്ടിരിക്കുകയാണ്. ജല ടൂറിസത്തിന്റെ പ്രധാന ഘടകം ഇന്ന് ഹൌസ് ബോട്ട് ആയി മാറിയിരിക്കുകയാണ്.ഭീമാകാരങ്ങൾ ആണീ ഹൌസ് ബോട്ടുകൾ. ഡീസൽ എഞ്ചിൻ ഘടിപ്പിച്ച ബോട്ടുകൾ. വലിയ  24 മണിക്കൂറും പ്രവർത്തിക്കുന്ന ജെനരേറ്ററുകൾ ഉപയോഗിച്ച്  എയർ കണ്ടീഷൻ ചെയ്ത കിടപ്പ് മുറികളും, ഡ്രായിംഗ് റൂമുകൾ, ഡൈനിങ്ങ്‌ റൂമുകൾ,കുളിമുറികൾ തുടങ്ങി പഞ്ച നക്ഷത്ര സൌകര്യങ്ങൾ ആണ് ഈ ഹൌസ് ബോട്ടുകളിൽ ഒരുക്കിയിരിക്കുന്നത്. ഇത്തരം 3000 ത്തിൽ അധികം ബോട്ടുകൾ ആണ്, വേമ്പനാട്, ശാസ്താംകോട്ട, അഷ്ട്ടമുടി എന്നീ ജലാശയങ്ങളിൽ നാശം വിതച്ചു കൊണ്ട് സഞ്ചരിക്കുന്നത്. ഇവയിൽ നിന്നും ഒഴുകിയിറങ്ങുന്ന ഡീസലും, ഓയിലും ജലത്തിൽ കലരുന്നു. ജല ജീവജാലങ്ങൾക്ക് ഭീഷണി ആകുന്നു.   മനുഷ്യ വിസർജ്യങ്ങളും, ഭക്ഷ്യാവശിഷ്ടങ്ങളും ബോട്ടിൽ നിന്നും നേരിട്ട് കായലിലെക്കാണ് തള്ളുന്നത്. ഇവയെല്ലാം കായലുകളെയും നദികളെയും വൻ തോതിൽ മലീമസം ആക്കുന്നു. മനുഷ്യ വിസർജ്യത്തിൽ നിന്നും ഉണ്ടാകുന്ന കോളിഫോം ബാക്ടീരിയ  ഇവിടങ്ങളിലെ ജലത്തിൽ വളരെ കൂടിയ  തോതിൽ കാണുന്നുണ്ട്.

ഹൌസ് ബോട്ടുകൾ ഈ ജലാശയങ്ങളിലെ ആവാസ വ്യവസ്ഥയെ സാരമായി ബാധിക്കുന്നു. മത്സ്യ സമ്പത്ത് ഇവിടങ്ങളിൽ വളരെ കുറവായി കാണുന്നു. കൂടാതെ കുളിക്കാനും കുടിക്കാനും മറ്റു ജീവിതാവശ്യങ്ങൾക്കുമായി ഈ ജലാശയങ്ങളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിനു തീര  ദേശ വാസികളായ  ജനങ്ങളെ ഇത് ദോഷകരമായി ബാധിക്കുന്നു. ടൂറിസ്റ്റുകളുടെ കാശ് റിസോർട്ട് ഉടമകൾ കൈക്കലാക്കുമ്പോൾ സായിപ്പിൻറെ  വിസർജ്യമാണ് തദ്ദേശ വാസികൾക്ക് സമ്മാനമായി കിട്ടുന്നത്.

ജലാശയ ടൂറിസം പരമാവധി മുതലെടുക്കാനായി  കേരള സർക്കാർ ടൂറിസം വകുപ്പ് വലിയൊരു പരസ്യ കാമ്പൈൻ തുടങ്ങുകയാണ്. റ്റ്വിറ്റ റിലും മറ്റു മീഡിയകളിലും പരസ്യം തുടങ്ങി കഴിഞ്ഞു. ഒരു വിഷൻ ഇല്ലാത്തതിനാൽ "ഗ്രേറ്റ് ബാക്ക് വാട്ടർ" എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ   പ്രസ്ഥാനവും ഹൌസ് ബോട്ടുകളിൽ ആയിരിക്കും അവസാനിക്കാൻ പോകുന്നത്. കൂടുതൽ കൂടുതൽ ആഡംബര ഹൌസ് ബോട്ടുകൾ ഇറക്കുക ആയിരിക്കും ഫലം. ഇത്   ജലാശയങ്ങളെയും ജല സ്രോതസ്സുകളെയും  പൂർണമായും നശിപ്പിക്കും എന്നുള്ളത് തീർച്ചയാണ്.

കേരളം ഇപ്പോൾ നടപ്പാക്കി കൊണ്ടിരിക്കുന്ന ടൂറിസം ഹോട്ടൽ മുതലാളിമാർക്കും മറ്റും പണം ഉണ്ടാക്കി കൊടുക്കുന്ന ഒരു ഏർപ്പാടാണ്. എയർ കണ്ടീഷൻ ചെയ്ത മുറികളുടെ സുഖ ശീതളിമയിൽ ഇരുന്ന് മൃഷ്ടാന്ന ഭോജനവും മദ്യ പാനവുമാണ് ഹൌസ്   ബോട്ടുകളിൽ ടൂറിസം എന്ന  പേരിൽ ഇന്നധികവും നടക്കുന്നത്. വെള്ളത്തിൽ വെള്ളമടി. സർക്കാർ  താരതമ്യം ചെയ്യുന്ന ഗ്രാൻഡ്‌ കാനിയൻ, ചൈനയിലെ വൻ മതിൽ എന്നിവ എയർ കണ്ടീഷൻ ചെയ്ത സ്ഥലങ്ങളിൽ ഇരുന്നാണോ കാണുന്നത്?  കേരളത്തിലെ സുഖകരമായ  കാലാവസ്ഥ, മഴയും ഇളം വെയിലും, ആസ്വദിച്ച്, ചുറ്റുപാടുമുള്ള  പ്രകൃതി രമണീയമായ  മനോഹര  കാഴ്ചകൾ കണ്ട് മനം കുളിർക്കാൻ, തീര ദേശത്ത് താമസിക്കുന്നവരുടെ ജീവിത രീതികൾ കണ്ടു പഠിക്കാൻ ഒക്കെ  ആണ് സന്ദർശകർ ആഗ്രഹിക്കുന്നത്. അതാണ്‌ നമ്മൾ കാട്ടിക്കൊടുക്കേണ്ടതും.  അല്ലാതെ ആർഭാടം  നിറച്ച് പ്രകൃതിയെ നശിപ്പിക്കുന്ന രീതി അല്ല അവരാഗ്രഹിക്കുന്നത്. നമ്മുടെ പ്രകൃതിയെയും പരിസ്ഥിതിയെയും നശിപ്പിച്ചല്ല നാം ടൂറിസത്തെ വളർത്തേണ്ടത്. 

അതിനാൽ നിലവിലുള്ള ഭീമാകാരമായ എഞ്ചിൻ ബോട്ടുകൾ  മാറ്റി  ആൾക്കാർ തുഴയുന്ന ചെറിയ ഹൌസ്  ബോട്ടുകൾ മാത്രം   ഉപയോഗിക്കുക. എയർ കണ്ടീഷൻ പൂർണമായും ഒഴിവാക്കുക. രാത്രി കാല താമസം നിർത്തലാക്കുക,രാവിലെ 6 മുതൽ വൈകുന്നേരം  6 വരെ മാത്രം മതി കാഴ്ച കാണൽ. ഭക്ഷണം പാകം ചെയ്യുന്നത് ഒഴിവാക്കുക. ഭക്ഷണം കൊണ്ട് പോവുകയോ ഭക്ഷണ സമയത്ത് കടവിൽ അടുത്ത് എവിടെ നിന്നെങ്കിലും കഴിക്കുകയോ ആകാമല്ലോ. ബോട്ടുകളിൽ മദ്യപാനം കർശനമായി നിരോധിക്കുക. ഇത്രയുമെങ്കിലും നിയന്ത്രണങ്ങൾ കൊണ്ട് വരാൻ നമ്മുടെ അധികാരികൾ തയ്യാറായാൽ ഇത് പോലെ കാഴ്ച കാണാനായി  കുറെ നാൾ കൂടി നമ്മുടെ കായലുകൾ നില നിൽക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ