Thursday, October 17, 2013

HIGH COURT BENCH-TRIVANDRUM

കോഴിക്ക് മുല വരുന്നു എന്നൊരു ചൊല്ലുണ്ട്.അതാണ്‌ തിരുവനന്തപുരത്തെ ഹൈ ക്കോടതി ബെഞ്ചിന്റെ ഗതി. കഴിഞ്ഞ പത്തു പതിനഞ്ചു വർഷമായി തിരുവനന്തപുരത്തു കാരും കേരളത്തിലെ തെക്കൻ ജില്ലകളിലെ ജനങ്ങളും നിരന്തരമായി ഉന്നയിക്കുന്ന ഒരു ആവശ്യമാണ്‌ ഹൈക്കോടതി ബെഞ്ച്‌ എന്നുള്ളത്. പക്ഷെ മുല കുടിക്കാൻ കാത്തിരിക്കുന്ന കോഴിക്കുഞ്ഞുങ്ങളെ പ്പോലെ പതിറ്റാണ്ടുകളായി  കാത്തിരിക്കുകയാണ് പാവം ജനങ്ങൾ.

എല്ലാ ഭരണാധികാരികളും നേതാക്കളും തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ചിന്റെ ആവശ്യകതയെപ്പറ്റി വാ തോരാതെ സംസാരിക്കുകയാണ്.പക്ഷെ കാര്യം മാത്രം നടക്കുന്നില്ല. പല രീതിയിലുള്ള സമരങ്ങൾ  നടന്നു. മൂന്നാല് വർഷങ്ങളായി അനിശ്ചിത കാല സമരം തുടരുകയാണ്.മുഖ്യ മന്ത്രി പറയുന്നു ഇവിടെ ബെഞ്ച്‌ വേണമെന്ന്. മന്ത്രിമാർ എല്ലാവരും അത് തന്നെ പറയുന്നു. കേന്ദ്ര മന്ത്രി ശശി തരൂർ തീർത്തും പറയുന്നു  ഇത് കൊണ്ട് വരും എന്ന്.അദ്ദേഹം തിരുവനന്തപുരത്തെ പാർലമെൻറ് അംഗം കൂടിയാണ്.പ്രധാന മന്ത്രി പറയുന്നു ഇതാവശ്യമാണ് അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന്. കേന്ദ്ര നിയമ  മന്ത്രി കബിൽ സിബാളും അത് തന്നെ പറയുന്നു.

"ഇ..പ്പം ...  ശരിയാക്കിത്തരാം".  ഇവർ എല്ലാവരും ഒരേ പോലെ കാലാ കാലങ്ങളായി  പറയുന്നത് ഇതാണ്.  കുതിരവട്ടം പപ്പു  പറഞ്ഞത് പോലെ. പക്ഷെ ഇടയ്ക്കിടെ ഇവരെല്ലാവരും ഇതും കൂടി പറയും.   "ആ ചെറീ ീ ീ.. .യേ  സ്ക്രൂ ഡ്രൈവർ ഇങ്ങെടുക്കിൻ", "ആ ചെറീ ീ ീ.. ..യേ    സ്പാനർ  ഇങ്ങെടുക്കിൻ" എന്ന്. പക്ഷെ ഈ ചെറീയേ  സ്ക്രൂ ഡ്രൈവറും,  ചെറീയേ സ്പാനറും  മൈദീന്റെ    കയ്യിലല്ല  ഇരിക്കുന്നത്. ഇവിടെ  അത് കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ കയ്യിൽ ആണ് ഇരിക്കുന്നത്. അതെടുത്തു കൊണ്ട് വരാനാണ് ഇവർ  നമ്മളോട് പറയുന്നത്. എങ്ങിനെ നടക്കും? ചീഫ് ജസ്റ്റീസ് ആണെങ്കിൽ നമ്മൾ ചോദിച്ചാൽ അത്  തരുകയുമില്ല.

തിരുവനന്തപുരത്തെ ബെഞ്ചിനു വേണ്ടി   അനേകം അനുകൂല വാദമുഖങ്ങൾ ആണ് ഈ നേതാക്കളെല്ലാം ഉയർത്തുന്നത്.
1. തലസ്ഥാനം ആണ്
2.ഏറണാകുളത്തു കേസിന് പോകാനായി ഓരോ വർഷവും 3 കോടി രൂപയാണ് സർക്കാരിന് വണ്ടിക്കൂലിയും ചിലവും ആയി നഷ്ട്ടം ആകുന്നത്.
3.തെക്കൻ ജില്ലകളിലെ ജനങ്ങൾക്ക്‌ ഇത് വളരെ സഹായകം ആണ്.
4. തൊട്ടടുത്ത സംസ്ഥാനങ്ങളിൽ, തമിഴ് നാട്ടിൽ മദുരയിലും കർണാടകത്തിൽ ധർവാദിലും ബെഞ്ചുകൾ ഉണ്ട്.

ഇങ്ങിനെ പലതും. പക്ഷെ കാര്യം മാത്രം നടക്കുന്നില്ല. കാര്യത്തോട് അടുക്കുമ്പോൾ അവർ പറയും ആ ചെറീയേ  സ്ക്രൂ ഡ്രൈവറും സ്പാനറും കൊണ്ട് വരാൻ.

കള്ളനെയും കൊള്ളക്കാരനെയും  കൊലപാതകിയെയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കി കൊണ്ട്  സുപ്രീം കോടതി വിധി വന്നു.  ഉടൻ കൊണ്ടു വന്നു ആ സുപ്രീം കോടതി വിധിയെ മറി കടക്കാനുള്ള ഓർഡിനൻസ്. ഭരണ ഘടനാപരമായി നില നിൽക്കില്ല എന്നിരുന്നിട്ടു കൂടി. പ്രണാബ് മുഖർജി പറഞ്ഞു കൊടുത്തിട്ടായാലും എന്തായാലും രാഹുൽ ഗാന്ധി അത് കീറിക്കളയാൻ പരസ്യമായി പറഞ്ഞത് കൊണ്ട് നാട് രക്ഷപ്പെട്ടു എന്നത് മറ്റൊരു കാര്യം. അത് പോലെ രാഷ്ട്രീയ പാർട്ടികളെ വിവരാകാശ നിയമത്തിൻ കീഴിൽ കൊണ്ട് വരണമെന്ന് മുഖ്യ വിവരാകാശ കമ്മീഷണർ ഉത്തരവിറക്കി. ഇതിനെ ഇല്ലാതാക്കാൻ കേന്ദ്ര മന്ത്രി കബിൽ സിബാൽ നിയമ ഭേദഗതി കൊണ്ട് വന്നു. ഇങ്ങിനെ എന്തെല്ലാം. ഇതെല്ലാം ഈ ജനാധിപത്യ ഇന്ത്യാ മഹാരാജ്യത്ത് നടക്കും. പക്ഷേ തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച്‌ മാത്രം നടക്കില്ല. അതിനു സ്ക്രൂ ഡ്രൈവറും,   സ്പാനറും ഉണ്ടെങ്കിൽ മാത്രമേ നടക്കൂ.

തിരുവനന്തപുരം ബെഞ്ചിനെപ്പറ്റി ഇനി എന്ത് പഠിക്കാനാണ്? എല്ലാവർക്കും എല്ലാം അറിയാം. ഇപ്പോൾ തന്നെ  ബെഞ്ചിനെതിനെതിരെ  കുറെ ആളുകൾ ശക്തമായിരംഗത്ത് വന്നിട്ടുണ്ട്.  ഭരണ ഘടനാപരമായി നില നിൽക്കില്ല എന്ന  വാദം ആണ് പ്രധാനം. ഇതൊക്കെ കുറെ നാളുകൾ ആയി നമ്മൾ കേൾക്കുന്നുണ്ടല്ലോ. ഭരണ ഘടനാപരമായി നിലനിൽക്കാത്ത സാധനം എങ്ങിനെ കേന്ദ്രത്തിൽ  ഓർഡിനൻസ് ആയി വന്നു? ഇവിടെ സത്യം എന്താണെന്ന് എല്ലാവർക്കും  അറിയാം. കക്ഷികളുടെ കയ്യിൽ  നിന്നും ഏറണാകുളം വക്കീലന്മാർക്ക്മാത്രമായി ഇപ്പോൾ കിട്ടുന്ന പണത്തിൽ  കുറവ് വരും. അതായത് തനിപ്പിടി നടിക്കില്ല. കുറെ തിരുവനന്തപുരത്തെ വക്കീലന്മാർ കൂടി കൊണ്ട് പോകും. അതാണ്‌ എതിർപ്പിന്റെ  ഒരേ ഒരു കാരണം. ഏതു വക്കീൽ  കൊണ്ട് പോയാലും ജനത്തിന് തുല്യമാണ്. പക്ഷേ  വണ്ടിക്കൂലിയും സമയവും മറ്റും ലാഭം ആകുമെന്ന് ഒരു മെച്ചം ഉണ്ട് തിരുവനന്തപുരത്തായാൽ. പിന്നെ കൊമ്പറ്റീഷൻ വരുമ്പോൾ റേറ്റ് കുറയും എന്നൊരു ന്യായമായ  സാധ്യതയും. അധികാര വികേന്ദ്രീകരണത്തിന് ജഡ്ജിമാർക്കും താൽപ്പര്യം കാണില്ലായിരിക്കും. കൂടുതൽ കാരണങ്ങൾ   പറഞ്ഞാൽ അത് കോടതി അലക്ഷ്യം ആകും. 

പക്ഷെ ആ ലോബി ശക്തമാണ്. അവരെ മറി കടക്കാൻ കഴിയില്ല എന്നാണു തോന്നുന്നത്. കാരണം ഒന്നേ ഉള്ളൂ.അതിനുള്ള താൽപ്പര്യം അധികാരികൾക്ക് ഇല്ല എന്നുള്ളത്.

ഏതായാലും തിരുവനന്തപുരം ബെഞ്ച്‌ അനുകൂലികൾ സ്ക്രൂ ഡ്രൈവറും,   സ്പാനറും തപ്പി നടക്കട്ടെ.

തിരുവനന്തപുരം കാരൻ  ഒരു സുഹൃത്ത്‌  ഉണ്ട്. രാമഭദ്രൻ ആശാരി.  ഇടയ്ക്കിടെ അവൻ പറയും " ഇനി ഞാൻ തന്നെ ഒരു ബെഞ്ച്‌ പണിഞ്ഞു കൊടുക്കേണ്ടി വരും എന്നാണു തോന്നുന്നത്". അതാകുമോ ദൈവമേ തിരുവനന്തപുരത്തുകാരുടെ ഗതി? 

No comments:

Post a Comment