2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

Kalyan -100 crore show-room

100 കോടി രൂപയാണ് ഒരു ഷോറൂമിന് വേണ്ടി ചിലവഴിച്ചിരിക്കുന്നത്‌. കല്യാണ്‍ ജുവലറി തിരുവനന്തപുരത്ത് പുതുതായി തുറക്കുന്ന സ്വർണാഭരണ  ഷോറൂമിനാണ് ഇത്രയും കോടികൾ.

1 കോടി      =   100 ലക്ഷം 
10 കോടി    =   1000 ലക്ഷം 
100 കോടി  =  10,000 ലക്ഷം  (പതിനായിരം ലക്ഷം)

ഒരു നേരത്തെ  ആഹാരത്തിനു വകയില്ലാത്തവരും, അർദ്ധ പട്ടിണിക്കാരും ആയ ബഹു ഭൂരി പക്ഷത്തിന് കോടി എന്താണെന്ന്  മനസ്സിലാക്കാനാണ് ഇങ്ങിനെ കോടി രൂപയെ മാറ്റി എഴുതിയത്.

ഒരു ഷോറൂം ഒരുക്കി എടുക്കാനാണ് ഇത്രയും  പണം ചിലവാക്കിയിരിക്കുന്നത്. പരസ്യത്തിൽ വരുന്ന താര പ്രമുഖർക്ക് കൊടുക്കാൻ വേറെ കോടികൾ.ദിവസവും ടിവിയിലും പത്രങ്ങളിലും കൊടുക്കാൻ വേറെ കുറെ കോടികൾ.

ഏതായാലും മോക്ഷത്തിനു ഒന്നും അല്ലല്ലോ മറ്റുള്ളവരെപ്പോലെ തന്നെ കല്യാണും  ബിസിനസ്‌ തുടങ്ങിയത്. ഈ കോടികൾ എല്ലാം തിരിച്ചു പിടിക്കണ്ടേ?   മുടക്ക് മുതൽ മാത്രം പോരല്ലോ, ലാഭവും വേണ്ടേ കുറെ കോടികൾ. അത് മാത്രം പോരല്ലോ. ദിവസവും കറണ്ട് ചാർജും ജോലിക്കാരുടെ ശമ്പളവും കൂടി  2 ലക്ഷം എങ്കിലും വേണ്ടേ? അതെല്ലാം എവിടെ നിന്നാണ്?  സ്വർണം വാങ്ങാൻ പോകുന്ന നമ്മളുടെ കയ്യിൽ നിന്ന്. അപ്പോൾ ഓരോ പവനും വാങ്ങുമ്പോൾ കുറഞ്ഞത്‌25  ശതമാനം എങ്കിലും അധികം നമ്മുടെ കയ്യിൽ നിന്നും വാങ്ങും.

പിന്നെ ഈ തരുന്ന  ഡിസ്ക്കൌണ്ടും മറ്റു സമ്മാനങ്ങളുമോ? അത് ഒരു ടെക്നിക്ക്. ആദ്യം സ്വർണത്തിൻറെ പവന് ഉള്ള വിലയും, അവരുടെ കമ്മീഷനും ( അതായത് ടാഗ് പ്രൈസ് ), സർക്കാരിന് കൊടുക്കേണ്ട നികുതിയും കൂടി കൂട്ടി ഒരു വില  (അതിനു എസ്റ്റിമെറ്റ് എന്ന് ഓമന പ്പേര്)  പറയുന്നു. സ്ഥിരം പരിപാടി അനുസരിച്ച് നമ്മൾ ഡിസ്ക്കൌണ്ട് ചോദിക്കും. മറ്റൊരു സെയിൽസ്മാൻ വന്ന് ടാഗിലെ പ്രൈസിൽ നിന്നും 1 ശതമാനം കുറച്ചൊരു വില പറയും.നമ്മൾ ഹാപ്പി. ഡിസ്ക്കൌണ്ട് കിട്ടിയല്ലോ. ഈ ഒരു ശതമാനം കൂട്ടിയാണ് ടാഗിൽ ഇടുന്നത്  എന്നൊന്നും നമ്മൾ നോക്കില്ല. പിന്നെ ചില സമ്മാനങ്ങൾ. ബാഗ് തുടങ്ങിയവ. നമ്മൾ വീണ്ടും ഹാപ്പി.

ഈ  പ്രൈസ്ടാഗ്  എന്ന് പറയുന്നത്  ഏ തോ പവിത്രമായ ഒരു  പ്രൈസ് ആണെന്ന രീതിയിൽ ഒരു പരസ്യ കാമ്പൈൻ തന്നെ അടുത്ത കാലത്ത് എല്ലാ സ്വർണ കടക്കാരും തുടങ്ങിയിരുന്നല്ലോ. ടാഗ് പ്രൈസ് എന്ന് പറയുന്നത്  അവർ അവരുടെ ലാഭം കണക്കിലാക്കി ഇടുന്ന ഒരു വിലയാണ്. പണിക്കൂലിയും പണിക്കുറവും ലാഭവും ഉൾപ്പെട്ട തുക.ഇതിനിപ്പോൾ വാല്യൂ ആഡഡ് എന്ന് പറയുന്നു.  പണ്ടും ടാഗ് ഇല്ലാതിരുന്ന കാലത്തും അവർ അവരുടെ ലാഭം കണക്കാക്കി ഒരു വില പറയുകയും അതിൽ നിന്നൊരു  ഡിസ്ക്കൌണ്ട് തരികയും ആയിരുന്നു. ഇപ്പോൾ പറയുന്നതിന് പകരം ടാഗിൽ എഴുതി തൂക്കി ഇരിക്കുന്നു എന്ന് മാത്രം. പ്രൈസ്ടാഗ് എന്ന് പറയുന്നത് സത്യ സന്ധതയുടെ പര്യായം ആണെന്ന മട്ടിൽ നടത്തുന്ന പരസ്യങ്ങൾ ശുദ്ധ തട്ടിപ്പ് ആണ്.

കല്യണിനു വേറൊരു തട്ടിപ്പ് കൂടിയുണ്ട്. സെയിൽസ്മാൻ   തുക പറഞ്ഞ് അടയ്ക്കാനായി  കസ്റ്റമറെ  കൌണ്ടറിൽ അയക്കും. അവിടെ ചെല്ലുമ്പോൾ  തുക  കുറച്ചു കൂടിയിരിക്കും. ആരും അത് ശ്രദ്ധിക്കുകയും ഇല്ല. കാരണം പതിനായിരങ്ങൾ/ ലക്ഷങ്ങൾ ആണല്ലോ ബില്ല് . ആ തുകയും കൂടി അടച്ചു കഴിയുമ്പോൾ  മാത്രമാണ്  ബില്ല് തരുന്നത്.  ബില്ലിൽ ആ എക്സ്ട്രാ തുക കാണുകയും ഇല്ല. അത് തമിഴ്നാടിലെ ഏതോ ഒരു കമ്പനി തരുന്ന ഒരു വർഷത്തെ ഇൻഷുറൻസ് ആണ്.

ഇങ്ങിനെ ഒക്കെ ആയാലും നമ്മൾ പോയി പവൻ കണക്കിന് സ്വർണം വാങ്ങുന്നു. കല്യാണിനെ പോലുള്ളവർ കോടികൾ ലാഭം കൊയ്യുന്നു.

ഓരോ ജൂവലറി ക്കാരും ഷോ റൂമുകൾ ക്കായി  മുടക്കുന്ന ഈ കോടികൾ എങ്ങിനെ ഉണ്ടാകുന്നു എന്ന് സർക്കാർ ഏജൻസികൾ നോക്കാറുണ്ടോ? ഈ തുകക്കൊക്കെ വിൽപ്പന നികുതിയും ആദായ നികുതിയും മറ്റു നികുതികളും കൊടുത്തിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ?

വരുന്നവരുടെ വണ്ടികൾ പാർക്ക് ചെയ്യാൻ ആവശ്യമായ സ്ഥലം ഇവർക്കുണ്ടോ എന്ന് നോക്കിയിട്ടുണ്ടോ? അതോ അതും പബ്ലിക്  റോഡിൽ തന്നെ ആയിരിക്കുമോ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ